Current Date

Search
Close this search box.
Search
Close this search box.

‘ഭാരത് മാതാ’യുടെ പ്രായം

bharat.jpg

‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം രാജ്യസ്‌നേഹത്തിന്റെ അളവുകോലായി മാറുകയും അതിനോട് വിമുഖത കാട്ടുന്നവര്‍ സംഘ്പരിവാരത്തിന്റെ അപ്രീതിക്ക് പാത്രമാവുകയും ചെയ്യുന്ന ഇക്കാലത്ത് ‘ഭാരതം’ എന്ന ദീര്‍ഘ ചരിത്രപാരമ്പര്യം അവകാശപ്പെടാനില്ലാത്ത ദേശസങ്കല്‍പത്തെ കുറിച്ച് മനസ്സിലാക്കുന്നത് ഉചിതമായിരിക്കും.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ‘സപ്തസിന്ധു’ എന്നറിയപ്പെട്ട പ്രദേശത്താണ് ആര്യന്മാര്‍ അധിവസിച്ചിരുന്നത്. ‘ഭാരതം’ എന്നൊരു ദേശത്തെ കുറിച്ച് വേദങ്ങളില്‍ നിന്ന് സൂചനകളൊന്നും ലഭിക്കുന്നില്ലെങ്കിലും ‘ഭരതന്മാര്‍’ എന്ന ഗോത്രവര്‍ഗത്തെ പല സ്ഥലങ്ങളിലായി വേദങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. വടക്കിനും കിഴക്കിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ‘പ്രാച്യ ഭാരതം’ എന്ന ജനപദത്തെ കുറിച്ച് പാണിനിയുടെ അഷ്ടാധ്യായി (ബി.സി 500)യില്‍ പറയുന്നുണ്ട്. ഭരത ഗോത്രത്തിന് കീഴിലുണ്ടായിരുന്ന പ്രദേശമാകാം ഇത്. അല്ലാതെ, ഹിന്ദുത്വവാദികളുടെ ഭാരതത്തെയോ അഖണ്ഡഭാരത സങ്കല്‍പത്തെയോ അല്ല ഇത് കുറിക്കുന്നത്.

ഒഢീഷ രാജാവായിരുന്ന ഖരവേലയുടെ ലിഖിതങ്ങളില്‍ താന്‍ കീഴടക്കിയ പ്രദേശങ്ങളുടെ കൂട്ടത്തില്‍ ‘ഭരതവര്‍ഷ’ എന്ന പ്രദേശത്തെ എണ്ണിയിട്ടുണ്ട്. ഇത് ഉത്തരേന്ത്യന്‍ പ്രദേശങ്ങളെ കുറിക്കാന്‍ ഉപയോഗിച്ചതായിരിക്കാം. എന്നാല്‍ മഗധയെ പ്രത്യേകം പേരെടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. മഹാഭാരത കാലഘട്ടത്തിലെ (ബി.സി 200 മുതല്‍ ഏ.ഡി 300) മഹാഭാരതം എന്ന പദപ്രയോഗവും ഉത്തരേന്ത്യന്‍ പ്രദേശങ്ങളെ കുറിക്കാനാണ് ഉപയോഗിച്ചതെന്ന് വ്യക്തമാണ്. കാരണം, ഡെക്കാനിലെയോ ദക്ഷിണേന്ത്യയിലെയോ പ്രദേശങ്ങള്‍ മഹാഭാരതത്തില്‍ കടന്നുവരുന്നില്ല. ഏഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ബാണഭട്ടന്റെ കാദംബരിയില്‍ ഭരതവര്‍ഷം ഭരിച്ചത് താരാപിഡ ആയിരുന്നു എന്നു കാണുന്നു. ‘നാല് സമുദ്രങ്ങളില്‍ ആധിപത്യമുള്ളവന്‍’ എന്നാണ് അദ്ദേഹത്തെ കുറിച്ച് ബാണഭട്ടന്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇതിലാകട്ടെ ഉജ്ജയിനിയെ പ്രത്യേക രാഷ്ട്രമായി ഉള്‍പെടുത്തിയിട്ടുമുണ്ട്. അതിനാല്‍ ‘ഭാരതം’ എന്ന് പ്രാചീന കാലങ്ങളില്‍ പ്രതിപാദിക്കപ്പെട്ട നാമങ്ങളെല്ലാം നിശ്ചിത അതിര്‍ത്തികളുളള ഉപഭൂഖണ്ഡത്തിലെ തന്നെ ചെറു പ്രദേശങ്ങള്‍ ആയിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.

ഭരതവര്‍ഷം എന്ന ദേശത്തെ കുറിച്ച് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ പല ഭാഗങ്ങളിലും പല ആകൃതിയാണ് ഭരതവര്‍ഷത്തിന് പുരാണങ്ങളില്‍ കാണുന്നത്. അര്‍ധചന്ദ്രാകൃതി ആണെന്നും ത്രികോണാകൃതി ആണെന്നും കുലച്ച വില്ലിന്റെ ആകൃതി ആണെന്നുമൊക്കെ സൂചിപ്പിക്കുന്നു. മാര്‍കണ്ഡേയ പുരാണത്തില്‍ കിഴക്കോട്ട് മുഖം തിരിച്ച് നീന്തുന്ന ആമയുടെ രൂപമാണ് അതിന് എന്നും പറയുന്നു. എന്നാല്‍ അധിക പുരാണങ്ങളിലും ദ്വീപുകളായും ഖണ്ഡങ്ങളായും വേര്‍തിരിക്കപ്പെട്ടതായിരുന്നു ഭരതവര്‍ഷം എന്ന് വ്യക്തമാക്കുന്നുണ്ട്. പുരാതന ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്മാരായ വരാഹ മിഹിരിന്റെയും (ആറാം നൂറ്റാണ്ട്) ഭാസ്‌കരാചാര്യരുടെയും (പതിനൊന്നാം നൂറ്റാണ്ട്) ഭാരത സങ്കല്‍പങ്ങളുമായി ഭരതവര്‍ഷത്തിന് സാമ്യമുണ്ട്. അവരും ഇന്നത്തെ ദക്ഷിണേന്ത്യയെ തങ്ങളുടെ ഭാരത സങ്കല്‍പത്തില്‍ ഉള്‍പെടുത്തിയിരുന്നില്ല. 14-ാം നൂറ്റാണ്ടിലെ ഒരു രേഖയില്‍ ഹിമാലയം മുതല്‍ ദക്ഷിണ സമുദ്രം വരെയുളള ഭാഗത്തെ ഭാരതം എന്നു വിളിക്കുന്നുണ്ട്. എന്നാല്‍ ആധുനിക ഇന്ത്യയെ കുറിക്കുന്നതാണ് ഈ വിവരണമെന്നതിന് ചരിത്രരേഖകളില്‍ യാതൊരു തെളിവുമില്ല.

ഭാരതം ജംബുദ്വീപിന്റെ ഭാഗമായിരുന്നു എന്നു ചില തെളിവുകള്‍ കാണാം. എന്നാല്‍ ജംബൂദ്വീപിന് തന്നെ കൃത്യമായ ഭൂമിശാസ്ത്ര വരമ്പുകള്‍ കല്‍പിക്കപ്പെട്ടിരുന്നില്ല. ജംബു മരം വളര്‍ന്നിരുന്ന ജംബുദ്വീപിനെ കുറിച്ച് ബുദ്ധമത സാഹിത്യങ്ങളിലും കാണാം. സിംഹള ദ്വീപിനെ (ശ്രീലങ്ക) കൂടി ഉള്‍പ്പെടുത്തി തന്റെ സാമ്രാജ്യത്തെയാകെ ജംബുദ്വീപ് എന്നു അശോകന്‍  തന്റെ ലിഖിതങ്ങളില്‍ കുറിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വലിയൊരു ഭാഗവും കീഴടക്കിയ അശോകന്‍ തന്റെ സാമ്രാജ്യത്തെ ഭാരതം എന്നു വിളിക്കാതെ ജംബുദ്വീപ് എന്നാണു വിളിച്ചത്. ജൈനപുരാണങ്ങളിലും മറ്റും സൂചിപ്പിക്കപ്പെടുന്ന ഈ ജംബൂദ്വീപ് അറ്റ്‌ലാന്റിസ് ദ്വീപ് പോലെ ഒരു മിഥ്യയായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. കാരണം, ജംബുദ്വീപിന് കൃത്യമായ അതിര്‍ത്തികള്‍ ഒരു പൗരാണിക രേഖയിലും കാണാനാവില്ല. അതുപോലെ ചിലയിടങ്ങളില്‍ ഭാരതവര്‍ഷം ജംബൂദ്വീപിന്റെ ഭാഗമായാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ രണ്ടും വെവ്വേറെ രാഷ്ട്രങ്ങളായിരുന്നുവെന്നും രേഖപ്പെടുത്തപ്പെട്ട് കാണുന്നു.

എന്നാല്‍ ‘ഭാരതം’ എന്ന പുരാണ സങ്കല്‍പത്തെ ആധുനിക ഇന്ത്യയുമായി ചേര്‍ത്ത് ഭാരത മാതാവായി കണ്ടു തുടങ്ങിയത് കേവലം 19-ാം നൂറ്റാണ്ടില്‍ മാത്രമാണ്. ഉനബിംസപുരാണം(1866), കെ.സി ഭന്ധോപാധ്യയുടെ ഭാരത് മാതാ(1873), ബങ്കിംഗ് ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം(1880) എന്നീ കൃതികളിലാണ് ആദ്യമായി  രാജ്യത്തെ ഭാരതമാതാവ് എന്ന സങ്കല്‍പത്തില്‍ അവതരിപ്പിച്ചത്. അതിന്റെ ദൃശ്യാവിഷ്‌കാരം ആദ്യമായി നടത്തിയത് 1905-ല്‍ അബനീന്ദ്രനാഥ ടാഗോറാണ്. ‘ബംഗമാതാ’ എന്ന പേരില്‍ അദ്ദേഹം വരച്ച ചിത്രം പിന്നീട് ഇന്ത്യന്‍ ദേശീയതയെ പരിഗണിച്ച് ‘ഭാരത് മാതാ’ എന്നാക്കി അവതരിപ്പിക്കുകയായിരുന്നു. അപ്പോള്‍ കേവലം 100 വര്‍ഷം മാത്രം പാരമ്പര്യമുളളതാണ് ഹിന്ദുത്വവാദികള്‍ അവതരിപ്പിക്കുന്ന ‘ഭാരത് മാതാ’ എന്ന സങ്കല്‍പം. ചരിത്ര പിന്‍ബലമില്ലാത്ത പുരാതന ലിഖിതങ്ങളെ ആധാരമാക്കി, രാജ്യസ്‌നേഹത്തിന്റെ മറപിടിച്ച് ഹിന്ദു സാംസ്‌കാരിക ദേശീയത പ്രചരിപ്പക്കാന്‍ സംഘ്പരിവാരം കണ്ടെത്തിയ പുതിയ ആയുധം മാത്രമാണ് ഭാരത് മാതാ സങ്കല്‍പം. അതിന് ഇന്ത്യന്‍ ജനതയുമായോ അവരുടെ ദേശസ്‌നേഹവുമായോ യാതൊരു ബന്ധവുമില്ല. അതിനാല്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ആരുടെയും ദേശസ്‌നേഹത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നില്ല.

വിവ: അനസ് പടന്ന

Related Articles