Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡിനെ നിരോധിക്കണമെന്ന ഈജിപ്തിന്റെ ആവശ്യം അള്‍ജീരിയ തള്ളി

അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിക്കാനുള്ള ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ അഭ്യര്‍ത്ഥന അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂത്ത്ഫ്‌ലിക നിരാകരിച്ചു. തുനീഷ്യയിലെ മുഖ്യധാരാ പാര്‍ട്ടിയായ അന്നഹ്ദയുടെ തലവന്‍ റാശിദുല്‍ ഗന്നൂശിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ജീരിയന്‍ പത്രം അല്‍ഖബറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ കൂടെ തന്നെ രാഷ്ട്രത്തെ സേവിക്കുന്നവരും ഭീകരവാദത്തിനെതിരെ പോരാടുന്നവരുമാണ് മുസ്‌ലിം ബ്രദര്‍ഹുഡ്. ഭീകരവാദികളുടെ ആക്രമണത്തിലാണ് അവരുടെ 500-ലധികം നേതാക്കള്‍ കൊല്ലപ്പെട്ടത്. അവരെ ഭീകരവാദികള്‍ എന്ന് മുദ്രകുത്താന്‍ ഞങ്ങള്‍ക്ക് എങ്ങനെ സാധിക്കും?’ എന്നായിരുന്നു ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ അഭ്യാര്‍ത്ഥനക്ക് അള്‍ജീരിയന്‍ പ്രസിഡന്റിന്റെ മറുപടി.
ഈജിപ്ഷ്യന്‍ ഭരണകൂടത്തിനും, മുസ്‌ലിം ബ്രദര്‍ഹുഡിനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനോട് ആവശ്യപ്പെട്ടതായി ഗന്നൂശി പറഞ്ഞു. ഈജിപ്തില്‍ പട്ടാളമില്ലാതെ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രക്രിയയില്‍ ഐക്യത്തോടെ പങ്കുചേരാന്‍ ഇസ്‌ലാമിസ്റ്റുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
മറ്റൊരു വിഷയത്തില്‍, ഒരു അള്‍ജീരിയന്‍-തുനീഷ്യന്‍-ഈജിപ്ഷ്യന്‍ സംയുക്തനീക്കം ലിബിയന്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും, അയല്‍രാഷ്ട്രങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലാണ് ഈജിപ്തിന്റെ താല്‍പര്യമെന്നും ഗന്നൂശി പറഞ്ഞിരുന്നു.

Related Articles