Current Date

Search
Close this search box.
Search
Close this search box.

ബോകോ ഹറാം പ്രതിനിധീകരിക്കുന്നത് ഏത് ഇസ്‌ലാമിനെ?

നൈജീരിയയിലെ ബോകോ ഹറാം തീവ്രവാദികള്‍ വീണ്ടും അന്താരാഷ്ട്രീയ വാര്‍ത്തകളില്‍ സജീവമായിരിക്കുകയാണ്. മുന്നൂറോളം കൗമാരക്കാരായ പെണ്‍കുട്ടികളെ തട്ടികൊണ്ടു പോയി വിലപേശി കൊണ്ടിരിക്കുകയാണവര്‍. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെ ആഗോളതലത്തില്‍ തന്നെ ശക്തമായ പ്രചാണങ്ങള്‍ നടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ ലേബല്‍ ഒട്ടിച്ച് രംഗത്ത് വരുന്ന ഇത്തരം സംഘടനകള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഏല്‍പ്പിക്കുന്ന പരിക്ക് അത്ര നിസ്സാരമൊന്നുമല്ല.

‘ജമാഅത്തു അഹ്‌ലുസ്സുന്ന ലിദ്ദഅ്‌വത്തി വല്‍-ജിഹാദ്’ എന്ന സംഘടനയാണ് ബോകോ ഹറാം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്‌ലാമിന്റെ പേരിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ പാലിക്കാത്തവരാണ് അവരെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ വിളിച്ചു പറയുന്നു. അറിവ് നേടുന്നതിന് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ദര്‍ശനമാണ് ഇസ്‌ലാം എന്നിരിക്കെ ബോകോ ഹറാമിന്റെ പ്രധാന ഊന്നല്‍ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുക എന്നതാണ്. അവരുടെ പ്രാദേശിക ഭാഷയായ ‘ഹൗസാ’യില്‍ പാശ്ചാത്യവിദ്യാഭ്യാസം വിലക്കപ്പെട്ടത് എന്നര്‍ഥമുള്ള പദമാണ് ‘ബോകോ ഹറാം’. വിദ്യാഭ്യാസത്തിന് യാതൊരു പ്രധാന്യവും നല്‍കാത്ത അവരെങ്ങനെയാണ് വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ് പോയ സ്വത്താണെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികളാവുക? ഒരു ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് പറയുന്നു. എന്നാല്‍ ആളുകളെ തട്ടിക്കൊണ്ടു പോയും കൊലപ്പെടുത്തിയും ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിച്ചതിന് ഇസ്‌ലാമിക ചരിത്രത്തില്‍ തെളിവുകളുണ്ടോ? ആളുകളുടെ മനസ്സുമായി സംവദിച്ച് ആദ്യം അതില്‍ ഒരു ഇസ്‌ലാമിക ചിന്ത ഉണ്ടാക്കി അതിലൂടെ ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിച്ചാണ് പ്രവാചകന്‍ മാതൃക കാണിച്ചു തന്നിട്ടുള്ളത്.

നൈജീരിയന്‍ ഭരണകൂടത്തിനെതിരെ അവര്‍ക്ക് ന്യായങ്ങള്‍ നിരത്താനുണ്ടാവാം. അത് പറയാന്‍ അവര്‍ക്ക് അവകാശവുമുണ്ട്. എന്നാല്‍ അതിന് സമാധാനത്തിന്റെ രീതിയായിരുന്നു അവര്‍ തെരെഞ്ഞെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം അവര്‍ സ്വീകരിച്ചിരിക്കുന്നത് അക്രമത്തിന്റെയും കൊലപാതകത്തിന്റെ പെണ്‍കുട്ടികളെ തട്ടികൊണ്ടു പോകലിന്റെയും മാര്‍ഗമാണ്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്ക് ഒട്ടും നിരക്കാത്ത കാര്യങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ മുസ്‌ലിം ലോകം അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും നിലകൊള്ളുകയും ചെയ്യണമെന്നതില്‍ യാതൊരു സംശയവുമില്ല.

സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥിനികളെ തട്ടികൊണ്ടു പോയി അവരെ അടിമചന്തകളില്‍ വിലപേശി വില്‍ക്കുമെന്ന് പറയുന്നത് സമത്വത്തിനും വിട്ടുവീഴ്ച്ചക്കും ഉയര്‍ന്ന സ്ഥാനം വകവെച്ചു നല്‍കുന്ന ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ക്കോ അധ്യാനപങ്ങള്‍ക്കോ നിരക്കാത്ത കാര്യമാണ്. ഇതെല്ലാം ഇസ്‌ലാമിന്റെ പേരിലാണ് അവര്‍ ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ അപകടം.

നൈജീരിയയിലെയോ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെയോ മുസ്‌ലിംകള്‍ മാത്രമല്ല ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക. ലോകത്തെല്ലായിടത്തുമുള്ള മുസ്‌ലിംകള്‍ ഇതിന്റെ പേരില്‍ പഴിചാരപ്പെടും. കത്തികൊണ്ടിരിക്കുന്ന ‘ഇസ്‌ലാമോഫോബിയ’യുടെ തീയിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുകയാണ് ഇത്തരം സംഭവങ്ങള്‍. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെ ശക്തമായ കാമ്പയിന്‍ നടത്തി കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ സംഘങ്ങളാണ് ഇതില്‍ സന്തോഷിക്കുന്നത്. കാരണം ഇസ്‌ലാമിനെ അടിക്കാന്‍ അവര്‍ക്ക് ഒരു വടി കൂടി കിട്ടിയിരിക്കുന്നു.

നമ്മുടെ ദീനിനെയും ആദര്‍ശത്തെയും വികൃതമായി ചിത്രീകരിക്കുന്ന ഇത്തരം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ തള്ളിപ്പറയാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കണം. അതോടൊപ്പം ഇസ്‌ലാമിനെ കുറിച്ച തെറ്റിധാരണകളകറ്റി അതിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുമ്പില്‍ തുറന്നു കാണിക്കാനും പ്രചരിപ്പിക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ വിശ്വാസികള്‍ നടത്തുകയും വേണം.

Related Articles