Current Date

Search
Close this search box.
Search
Close this search box.

ബാറുകളുടെ നിലവാരം ഉയര്‍ത്തിയാല്‍ കേരളം രക്ഷപ്പെടുമോ?

ബാറുകള്‍ വീണ്ടും കേരള രാഷ്ട്രീയത്തിലെ ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഭരണകക്ഷിക്കിടയില്‍ തന്നെ അതിലുള്ള അഭിപ്രായ ഭിന്നതയും ഉയര്‍ന്നു വന്നിരിക്കുകയാണ്. മദ്യത്തിന്റെ ലഭ്യത കുറക്കുക എന്നതാണ് ഭരണം നടത്തുന്ന യു.ഡി.എഫിന്റെ നിലപാടെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തന്റെ മദ്യവിരുദ്ധ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് പ്രശംസനീയം തന്നെ. സുധീരന്റെ നിലപാടിനെ പരസ്യമായി പിന്തുണച്ച് മുസ്‌ലിം ലീഗും രംഗത്തുണ്ടെന്നത് നല്ല ഒരു മാറ്റത്തിന്റെ തുടക്കമായി നമുക്ക് കാണാം. കേരളത്തില്‍ ലഹരി വിരുദ്ധ അന്തരീക്ഷം ശക്തമാണെന്നും അത് നന്നായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നുമെല്ലാം അദ്ദേഹത്തിന് അഭിപ്രായവുമുണ്ട്. എന്നാല്‍ മദ്യം സമൂഹത്തിലുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് വാചാലരാകുന്ന പല നേതാക്കളുടെയും സംസാരം അടച്ചു പൂട്ടി കിടക്കുന്ന 418 ബാറുകളില്‍ പരിമിതപ്പെട്ടിരിക്കുന്നത് ഖേദകരമാണ്. അവയുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനെയും വീണ്ടും തുറക്കാന്‍ അനുവാദം നല്‍കുന്നതിനെയും കുറിച്ചാണ് ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്നത്.

മദ്യം ഉണ്ടാക്കുന്ന സാമൂഹ്യ വിപത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചു പൂട്ടിയതു കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അടച്ചു പൂട്ടിയ ബാറുകളുടെ അനേകമിരട്ടി ബീവറേജ് ഔറ്റ്‌ലെറ്റുകളും ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ വാറ്റു കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ഉള്ള നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തലിലൂടെ മാത്രമേ മദ്യമുണ്ടാക്കുന്ന അപകടങ്ങള്‍ ഇല്ലാതാക്കാനാവൂ. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അണികളെ സംഘടിപ്പിക്കാന്‍ ഒഴിച്ചു കൂടാത്ത ഒന്നായി മദ്യം മാറിയിരിക്കുന്നു എന്നതാണ് വസ്തുത. അവര്‍ക്ക് എങ്ങനെ സമ്പൂര്‍ണ മദ്യനിരോധനത്തിന് വേണ്ടി ശബ്ദിക്കാനാകും? ശബ്ദിച്ചാല്‍ തന്നെ എത്രത്തോളം ആത്മാര്‍ത്ഥമായിരിക്കും ആ വാദം? സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയാല്‍ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്നാണ് മറ്റൊരു വാദം. സംസ്ഥാനത്തിന് ലഭിക്കുന്ന നികുതിയുടെ വലിയൊരു പങ്ക് മദ്യവില്‍പനയില്‍ നിന്നാണെന്നത് ശരിയായിരിക്കാം, എന്നാല്‍ മദ്യത്തിന്റെ ഉപയോഗം ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ ഒരിക്കലും വിലയിരുത്തപ്പെടുന്നില്ല. മദ്യമുണ്ടാക്കുന്ന അലസതയും നിഷ്‌ക്രിയത്വവും കുറ്റകൃത്യങ്ങളും സമൂഹത്തിന് വലിയ നഷ്ടം തന്നെയാണ് വരുത്തുന്നത്. അതുപോലെ ഉന്നയിക്കപ്പെടുന്ന മറ്റൊരു ന്യായമാണ് ടൂറിസം മേഖല തകരുമെന്നുള്ളത്. കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ടൂറിസ്റ്റുകളെ മദ്യത്തിന്റെ പ്രധാന ഉപഭോക്താക്കളായി കാണുന്നതും ശരിയല്ല. ഇതെല്ലാം വ്യക്തമാക്കുന്നത് രാഷ്ട്രീയ നേതാക്കളുടെയും ഭരണകൂടത്തിന്റെയും ഇച്ഛാശക്തിയില്ലായ്മ മാത്രമാണ് കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിന് തടസ്സമെന്നാണ്. ഇന്ത്യയില്‍ മദ്യത്തിന്റെ ഉല്‍പാദനവും വിപണനവും ഉപയോഗവും സംസ്ഥാനങ്ങളുടെ നിയമ പരിധിക്കുള്ളില്‍ വരുന്ന കാര്യങ്ങളാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ പരിധിയില്‍ വരുന്ന ഒന്നുകൂടിയാണിത്. ഇതുപയോഗപ്പെടുത്തിയാണ് ഗുജറാത്ത്, നാഗാലാന്റ്, മിസോറാം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയിട്ടുള്ളത്.

കേവലം നിയമങ്ങളിലൂടെ ഒരു തിന്മയെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്നതാണ് വസ്തുത. പ്രത്യേകിച്ചും മദ്യത്തിന് അടിമപ്പെട്ട ഒരു വിഭാഗം ആളുകള്‍ സമൂഹത്തില്‍ ഉണ്ടായിരിക്കെ നടത്തുന്ന മദ്യനിരോധനം നിയമവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കും. ശക്തമായ കാമ്പയിനുകളിലൂടെയും ഡി അഡിക്ഷന്‍ ക്യാമ്പുകളിലൂടെയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് നടത്തേണ്ടതുണ്ട്. അതുപോലെ ഇക്കാര്യത്തില്‍ കാര്യമായ പങ്ക് നിര്‍വഹിക്കാന്‍ സാധിക്കുന്നവരാണ് മതനേതൃത്വം. കര്‍ശനവും യുക്തവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് സാധിച്ചാല്‍ തന്നെ ഇതില്‍ വലിയൊരു മാറ്റം സാധ്യമാവും. ഇത്തരത്തില്‍ സമൂഹത്തില്‍ എല്ലാവരുടെയും കൂട്ടായ ഒരു ശ്രമത്തിലൂടെ മദ്യത്തെയും മയക്കുമരുന്നിനെയും സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നമുക്കിന്ന് ആവശ്യം.

Related Articles