Current Date

Search
Close this search box.
Search
Close this search box.

ബാബരി ധ്വംസനം മറക്കാനുള്ളതല്ല

ചരിത്രത്തിന് വലിയ പ്രാധാന്യം നല്‍കുകയും ചരിത്രപഠന-രചനാ മേഖലകളുടെ വികസനത്തിനായി പണമൊഴുക്കുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. ചരിത്രം ആവര്‍ത്തിക്കാനുള്ളതാണെന്നും; അതിനാല്‍ ഗവേഷങ്ങളിലൂടെയും രചനകളിലൂടെയും ആ ഓര്‍മ്മകള്‍ നിലനിര്‍ത്തണമെന്നും നാം ആഗ്രഹിക്കുന്നു. ചരിത്ര വസ്തുതളില്‍ നിന്നും ഗുണപാഠങ്ങളുള്‍കൊണ്ട് പുതിയ സമൂഹത്തിന്റെ നിര്‍മ്മിതിക്ക് ശ്രമിക്കണമെന്ന് ഇവ നമ്മോട് ആഹ്വനം ചെയ്യുന്നു. എന്നാല്‍ ഇത്തരം ചരിത്ര പഠനങ്ങളെ ഫാസിസ്റ്റ് വല്‍ക്കരിക്കുന്ന കാഴ്ചകളാണ് ഇന്ന് നാം കാണുന്നത്.  ചരിത്രത്തെ തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് വളച്ചൊടിക്കലും, എന്നാല്‍ തങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന ചരിത്രവസ്തുതകള്‍ മറന്നു കളയണമെന്ന് ആഹ്വാനം ചെയ്യലും ഇതിന്റെ ഭാഗമാണ്. സംഘ്പരിവാര്‍ നിര്‍മ്മിക്കുന്ന കള്ള ചരിത്രങ്ങളും, ബാബരിസംഭവം മറക്കണമെന്ന ആഹ്വാനങ്ങളും ഇതിന്റെ ഉദാഹരണം മാത്രം. എന്നാല്‍ ഇന്ത്യയിലെ ഏതൊരു രാജ്യസ്‌നേഹിക്കും ബാബരി മസ്ജിദ് ധ്വംസനം ഒരിക്കലും മറക്കാനുള്ളതല്ല. മറിച്ച് അത് നിരന്തരമായി ഓര്‍മ്മപ്പെടുത്തപ്പെട്ടു കൊണ്ടേയിരിക്കണം. ഇന്ത്യന്‍ ജനാധിപത്യ-മതേതരത്വ സങ്കല്‍പങ്ങളുടെ നിലനില്‍പിന് അത് ഗുണകരമാണ്. എന്നാല്‍ ഏതുവിധത്തിലാണ് അത് ഓര്‍മ്മിക്കപ്പെടേണ്ടത് എന്നതിനെക്കുറിച്ച് നാം വിചിന്തനം ചെയ്യേണ്ടതുണ്ട്.

ബാബരി ധ്വംസനത്തിലൂടെ കേവലം ഒരു പള്ളി എന്നതിലുപരി ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യമൂല്യങ്ങളുയും താഴികക്കുടങ്ങളാണ് തകര്‍ക്കപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയിലെ കല്ലുകളാണ് 1992 ഡിസംബര്‍ 6ന് കര്‍സേവകര്‍ ഇളക്കി മാറ്റിയത്. ഇന്ത്യന്‍ ഭരണഘടനയും ഭരണഘടനാ ശില്‍പികളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ ഇവ നമ്മെ ബോധ്യപ്പെടുത്തുന്നു. നമ്മുടെ ഭരണഘടനയുടെ ആമുഖം തന്നെ തന്നെ ഇത് സ്പഷ്ഠമാക്കുന്നുണ്ട്. ‘നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള  സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായ്ത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.‘ എന്നതാണ് ഇതിന്റെ ഉള്ളടക്കം. ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഈ പ്രൗഢമായ ആമുഖം എഴുതിയത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയായും  അതിന്റെ ശില്‍പികളുടെ മനസ്സിന്റെ താക്കോലായും ഈ ആമുഖം ഗണിക്കപ്പടുന്നു. അതിനാല്‍ ഇത്തരം മൂല്യങ്ങളുടെ നിലനില്‍പിന് വേണ്ടി പോരാടല്‍ രാജ്യസ്‌നേഹത്തിന്റെയും ദേശക്കൂറിന്റെയും ഭാഗവും, അതിന് വിരുദ്ധമായി നിലകൊള്ളല്‍ രാജ്യദ്രോഹവും തികഞ്ഞ വഞ്ചനയുമാണ്.

ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളുടെ നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടത്തിന്റ ഭാഗമാണ് ബാബരിയുടെ ഓര്‍മ്മ പുതുക്കലുകള്‍. കാരണം, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ മതേതര സങ്കല്‍പങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന ദാരുണസംഭവമായിരുന്നു ബാബരിധ്വംസനം. ഗാന്ധിവധം പോലെ സ്വതന്ത്രഇന്ത്യ കണ്ട ധാരുണ സംഭവങ്ങളിലൊന്ന്. 1949 ഡിസംബര്‍ 22 ന് ബാബരി മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠിച്ച വാര്‍ത്ത കേട്ടപാടെ പള്ളിയില്‍ നിന്ന് അതെടുത്തുമാറ്റാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തരവിട്ടത് ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നു. ബാബരിയിലെ വിഗ്രഹ പ്രതിഷ്ഠയെപ്പോലും എതിര്‍ത്ത ആ നേതാവിന്റെ പിന്മുറക്കാരെന്ന് വാദിക്കുന്നവര്‍ അതിന്റെ തകര്‍ച്ചക്ക് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് 1992 ല്‍ നാം കണ്ടത്.

മസ്ജിദ് തകര്‍ത്തവര്‍ പുണ്യാളന്മാരാവുകയും അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ വര്‍ഗീയവാദികളും മതമൗലിക വാദികളാവുകയും ചെയ്യുന്ന കാഴ്ചയും പിന്നീട് ഭാരതം കണ്ടു. ഈ സംഭവത്തില്‍ ആരാണ് കുറ്റക്കാരെന്ന് രാജ്യത്തെ ബുദ്ധിയുള്ള ഏതൊരു പൗരനും പകല്‍വെളിച്ചം പോലെ വ്യക്തമായ കാര്യമായിരുന്നു. പക്ഷെ, ഈ കുറ്റവാളികളിലൊരാളെയും ശിക്ഷിക്കാനോ, തുറങ്കിലടക്കാനോ ആര്‍ക്കും സാധിച്ചില്ല. കുറ്റവാളികള്‍ക്ക് ശുദ്ധിപത്രം നല്‍കാനായിരുന്നു ഭരണകൂടങ്ങളുടെയും, അന്വേഷണ സംഘങ്ങളുടെയും ശ്രമം. സംഭവവുമായി ബന്ധപ്പെട്ട കോടതിവിധികളും അപ്രകാരമായിരുന്നു. വഖഫ് സ്വത്തിന്റെ ഉടമാവകാശം സംബന്ധിച്ച വിധി തികച്ചും വിചിത്രമായിരുന്നു. ബാബരിയുടെ ഭൂമി ഉടമക്കും കൈയേറ്റക്കാരനും കാഴ്ചക്കാരനുമിടയില്‍ മൂന്നായി പകുത്തു നല്‍കിയ തികഞ്ഞ അനീതി.

ബാബരി ധ്വംസകര്‍ ഇന്ത്യയുടെ ഭരണസാരധികളായ ഈ വേളയിലുള്ള ഇത്തരം ഓര്‍മ്മ പുതുക്കലുകള്‍ ഏതൊരു രാജ്യസ്‌നേഹിയുടെയും,  മതേതരവിശ്വാസിയുടെയും ബാധ്യതയാണ്. എന്നാല്‍ ഈ സംഭവത്തെ സാമുദായിക പ്രശ്‌നമായി മാത്രം അവതരിപ്പിച്ച് വര്‍ഗീയമായ രീതിയില്‍ ഇടപെടുന്നത് ദോഷം മാത്രമേ സൃഷ്ടിക്കൂ. പോസിറ്റീവായ ഇടപെടലുകളാണ് നമുക്ക് ആവശ്യം. രാജ്യത്തിന്റെ അന്തസത്തയായ മതനിരപേക്ഷ സങ്കല്‍പങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഫാസിസ്റ്റ് വല്‍ക്കരണങ്ങളെ ചെറുക്കാനും നമ്മുടെ ഇടപെടലുകളിലൂടെ സാധ്യമാകേണ്ടതുണ്ട്.

Related Articles