Current Date

Search
Close this search box.
Search
Close this search box.

ബഹുഭാര്യത്വവും ചടങ്ങു കല്യാണവും പിന്നെ…

SupremeCoaurt.jpg

വഴിവാണിഭക്കാരന്‍ പിടിച്ചു നില്‍ക്കുക പലപ്പോഴും വാചക കസര്‍ത്തു കൊണ്ടാണ്. നല്ലതിന്റെ കൂടെ ചീത്തയും കൂടി ചേര്‍ത്താണ് പലപ്പോഴും കച്ചവടം നടക്കുക. സത്യവും അസത്യവും തമ്മില്‍ കൂട്ടിച്ചേര്‍ക്കുക എന്നത് ചിലരുടെ നിലപാടായി ഖുര്‍ആന്‍ പറയുന്നു. ഒരു അസത്യം പ്രചരിപ്പിക്കാന്‍ ഒരു സത്യത്തെ കൂടി കൂട്ട് പിടിക്കുക എന്നത് ഇന്നത്തെ വിഷയമല്ല അതിനു മനുഷ്യനോളം പഴക്കം കാണും.

ബഹുഭാര്യത്വവും ചടങ്ങു കല്യാണവും ഒന്നിച്ചു പറയുക വഴി അതാണ് തല്‍പരകക്ഷികള്‍ ആഗ്രഹിക്കുന്നതും. കല്യാണം എന്നത് ഒരു ചടങ്ങിന്റെ പേരല്ല. മനുഷ്യര്‍ ആദ്യ കാലം മുതല്‍ തുടര്‍ന്നു വരുന്ന ഒരു നടപടിയാണ്. മതമുള്ളവരും ഇല്ലാത്തവരും ചെയ്യുന്ന കാര്യം. ചടങ്ങു കല്യാണം എന്നത് കല്യാണമായി ഇസ്‌ലാം അംഗീകരിച്ചിട്ടില്ല. പകരം അത്തരം ആളുകളെ ഇസ്‌ലാം ശാപം കിട്ടിയവരുടെ കൂട്ടത്തിലാണ് എണ്ണുന്നതും. മൂന്ന് ത്വലാഖിലൂടെ ബന്ധം ഒഴിവായ സ്ത്രീയും പുരുഷനും  വീണ്ടും ഒന്നിക്കാന്‍ സ്ത്രീയെ സ്വാഭാവികമായ രീതിയില്‍  മറ്റൊരാള്‍ വിവാഹം ചെയ്തു സ്വാഭാവിക രീതിയില്‍ തന്നെ ആ വിവാഹം അവസാനിച്ചാല്‍ മാത്രമാണ് സാധ്യമാകുക. അതിനു സാധ്യമാക്കുക എന്ന കുരുട്ടു ബുദ്ധിയുടെ പേരാണ് ചടങ്ങു വിവാഹം. വിവാഹം പോലെ ചിന്തിച്ചും കാര്യ ഗൗരവത്തോടെയും നടക്കേണ്ട ഒന്നാണ് വിവാഹ മോചനവും. ഒറ്റയിരുപ്പില്‍ മൊഴിഞ്ഞു തീര്‍ക്കേണ്ട ഒന്നല്ല. മൂന്നു ഘട്ടമായാണ് ഇസ്‌ലാമിലെ വിവാഹ മോചനം നടക്കേണ്ടത്. രണ്ടു പേര്‍ക്കും ചിന്തിക്കുവാനും ഭവിഷ്യത്തുകള്‍ മനസ്സിലാവാനും കൂടുതല്‍ സമയം ലഭിക്കും. ഒരിക്കലും ചേര്‍ന്ന് പോകില്ല എന്ന് വരികില്‍ അവസാനമായി സംഭവിക്കേണ്ട ഒന്നാണ് മൂന്നാം ത്വലാഖ്. ഇവര്‍ക്ക് പിന്നെയും ഒന്നിച്ചു ജീവിക്കാന്‍ കഴിയുക എന്നത് സ്വാഭാവികമായും സാധ്യമല്ല. അതെ സമയം മറ്റൊരാള്‍ വിവാഹം കഴിച്ചു ഒഴിവാക്കി എന്ന കടമ്പ കടക്കാന്‍ ചിലര്‍ കണ്ടെത്തിയ വളഞ്ഞ വഴിയാണ് ചടങ്ങു വിവാഹം. വിവാഹം ചെയ്തയാള്‍ അപ്പോള്‍ തന്നെ വിവാഹ മോചനം നടത്തി ആദ്യത്തെയാള്‍ക്കു വഴി തുറന്നു കൊടുക്കുക എന്ന രീതി. ഇത് വിവാഹം എന്ന പവിത്രതക്ക് എതിരാണ്. വിവാഹം ഒരു ചടങ്ങല്ല എന്നതിന്റെ കൂടി തെളിവാണ്.

ബഹുഭാര്യത്വം മുസ്‌ലിംകളുടെ മാത്രം കുത്തകയല്ല. കണക്കു  പ്രകാരം ഇന്ത്യയില്‍ ഹിന്ദു സമുദായം തന്നെയാണ് അതിലും മുന്നില്‍. ഇസ്‌ലാമിലെ ബഹുഭാര്യത്വം ഇഷ്ടമുള്ളത്ര കെട്ടുക എന്നതല്ല. നാല് കെട്ടലുമല്ല. അത് ഇസ്‌ലാമി നല്‍കിയ ഒരു അനുവാദം മാത്രം. അതിനു കഴിവും സാഹചര്യവുമായി ബന്ധമുണ്ട്. ഭാര്യയുമായി പിണങ്ങിയാണ് പലപ്പോഴും മറ്റൊരു വിവാഹത്തിലേക്ക് പലരും പോകുന്നത്. അതല്ല ഇസ്‌ലാമിലെ രീതി. രണ്ടു പേരോടും തുല്യ നീതി എന്നതാണ് ആദ്യ നിബന്ധന. അത് പൂര്‍ണമായി സാധ്യമായില്ലെങ്കിലും ഒരാളെ പൂര്‍ണമായി അവഗണിക്കുക എന്നത് ഇസ്‌ലാം വെറുക്കുന്നു. ഇന്ത്യയിലെ മുസ്‌ലിംകളില്‍ ശതമാനത്തില്‍ വളരെ കുറവാണ് ബഹുഭാര്യത്വം. അത് മതം നല്‍കിയ അനുമതിയാണ് എന്ന് മാത്രം.

ബഹുഭാര്യത്വമാണ് വിഷയം എന്ന് നാം മനസ്സിലാക്കുന്നില്ല. അതിലൂടെ അവര്‍ ഉന്നം വെക്കുന്നത് മറ്റു പലതുമാണ്. ഏക സിവില്‍കോഡ് തന്നെയാണ് അവരുടെ ഉന്നം. ആരാധന കാര്യങ്ങള്‍ എന്നതിലപ്പുറം ഇസ്‌ലാം വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും മാര്‍ഗ രേഖ നല്‍കുന്നു. മുസ്‌ലിം സമുദായം നാല് കെട്ടി കൂടുതല്‍ സന്താനങ്ങള്‍ ഉണ്ടാകുമോ എന്ന ഭയമാകും ഇപ്പോള്‍ ഭരണ ഘടന ബഞ്ചിനു നല്‍കിയ പരാതിയുടെ ഒരു ലക്ഷ്യം.  അതൊരിക്കലും ഇന്ത്യയില്‍ സാധ്യമായ ഒന്നല്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു. പേരിനെങ്കിലും നില നില്‍ക്കുന്ന വ്യക്തി നിയമങ്ങളെ ഇല്ലാതാക്കുക വഴി ഒരു വിഭാഗത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ആശങ്കയാണ് കേസ് കൊടുത്തവര്‍ ആഗ്രഹിക്കുന്നതും.

അത് കൊണ്ടാണ് ചടങ്ങു വിവാഹവും ബഹുഭാര്യാത്വവും ഒന്നല്ല എന്ന് പറയുന്നത്. രണ്ടും ഒരേ പോലെ എന്ന് വരുത്തി തീര്‍ക്കല്‍ ചിലരുടെ മാത്രം ആഗ്രഹവും.

 

Related Articles