Current Date

Search
Close this search box.
Search
Close this search box.

ബശ്ശാര്‍ : ഇസ്രായേല്‍ പാമ്പും കോണി കളിക്കുമ്പോള്‍

ലോക ചട്ടമ്പിയായ ഇസ്രായേല്‍ പശ്ചിമേഷ്യയിലെ ഏകാധിപത്യത്തിന്റെ അവശിഷ്ടങ്ങളിലൊന്നായ ബശ്ശാറുല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ തിരിയുകയില്ല എന്നത് വര്‍ഷങ്ങളായുള്ള അനുഭവങ്ങളില്‍ നിന്ന് ഏവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന ലളിത കാര്യമാണ്. മാത്രമല്ല, പരമാവധി അഡ്ജസ്റ്റ്‌മെന്റിലൂടെയും ചില ധാരണകളിലൂടെയും മുന്നോട്ടു പോകുക മാത്രമാണ് അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ കാര്യകാരണമൊന്നുമില്ലാതെ ഇസ്രായേലിന്റെ സിറിയന്‍ ആക്രമണവും പിന്‍വാങ്ങലും ഈ ധാരണ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

സിറിയയിലെ വിമതര്‍ക്കും സ്വതന്ത്ര സഖ്യത്തിനും പോരാളികള്‍ക്കും ഇത്തരം മഹത്തായ സേവനങ്ങളര്‍പ്പിക്കുക എന്നത് സയണിസ്റ്റുകള്‍ക്കും പശ്ചാത്യന്‍ രാഷ്ട്രങ്ങള്‍ക്കും ഒരിക്കലും സാധ്യമല്ല. പക്ഷെ, ഇപ്പോഴത്തെ ഇടപെടലുകള്‍ക്ക് വ്യത്യസ്ത വിശകലനങ്ങള്‍ ഉയരുന്നുണ്ട്.

ബശ്ശാറിന്റെ ഭരണകൂടം നിലംപതിച്ചാല്‍ സിയോണിസ്റ്റുകള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും എന്നതാണ് പ്രഥമ ന്യായം. മാത്രമല്ല, വിമത സുന്നി സംഘടനകളുടെ കരങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകളും മറ്റും എത്തുന്നത് ഇതിലൂടെ തടയുകയും ചെയ്യാം. മേഖലയിലെ അമേരിക്കന്‍ അധിനിവേശത്തെയും ഇസ്രായേല്‍ പദ്ധതിയെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബശ്ശാറിന്റെ കീഴില്‍ മുസ്‌ലിം രാഷ്ട്രങ്ങളെയും വിമതരെയും ഒന്നിപ്പിക്കുക എന്ന ഒരു കാഴ്ചപ്പാടും ആസൂത്രണങ്ങളും ഇതിന്റെ പിന്നിലുണ്ടെന്ന് വായിച്ചെടുക്കാം. പെട്ടെന്നുണ്ടായ ആക്രമണ നാടകങ്ങള്‍ക്ക് ശേഷം ഇസ്രായേല്‍ രംഗത്ത് നിന്ന് പിന്തിരിയുകയും സമീപനങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തതില്‍ നിന്നും ബശ്ശാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുക എന്നത് അവരുടെ ലക്ഷ്യമല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കാവുന്നതാണ്. ബശ്ശാര്‍ ഭരണം വിട്ടൊഴിയണമെന്ന ഒരു പ്രസ്താവന പോലും ഇസ്രായേല്‍ പ്രകടിപ്പിച്ചിട്ടുമില്ല.

ഫലം അറിയപ്പെടാത്തതും നിഗൂഢവുമായ ഇസ്രായേലിന്റെ ഈ അക്രമണത്തിലൂടെ ഭരണകൂടത്തിന് സൗജന്യമായ ചില സേവനങ്ങളാണ് യഥാര്‍ഥത്തില്‍ ചെയ്തുകൊടുത്തത്. ഈ ആക്രമണം കൊണ്ട് ബശ്ശാറിന് കാര്യമായ പരിക്കുകളൊന്നും നേരിടേണ്ടി വന്നിട്ടുമില്ല, അതോടൊപ്പം തന്നെ പ്രക്ഷോഭകാരികള്‍ക്ക് പുറത്ത് നിന്നും ലഭിക്കുന്ന ആയുധങ്ങളെ തടയുകയും ചെയ്യാം എന്ന നിഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ രണ്ടവസ്ഥയിലും  ബശ്ശാറിനെ സഹായിക്കുന്ന ഒരു പ്രക്രിയ മാത്രമായിരുന്നു ഈ ആക്രമണം. വ്യത്യസ്ത പ്രദേശങ്ങളില്‍ വിജയം നേടാനിരിക്കുന്ന പ്രതിപക്ഷ പോരാളികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സഹായം ഇല്ലാതാക്കുക എന്നതും  സയണിസ്റ്റ് ആക്രമണം പ്രതിരോധിക്കുക എന്ന ലേബലില്‍ ലോകത്തുള്ള ഇടതുപക്ഷ, നാസിറിസ്റ്റുകളുടെ സഹായം ബശ്ശാറിന് നേടിക്കൊടുത്തുകൊണ്ട് ഭരണകൂടത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ചുരുക്കത്തില്‍, സ്വന്തം രാഷ്ട്രത്തിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ബശ്ശാറുല്‍ അസദിനെ സഹായിക്കനുള്ള മറ്റൊരു കൊലയാളി രാഷ്ട്രത്തിന്റെ ബോധപൂര്‍വമുള്ള പരിശ്രമം മാത്രമായിരുന്നു ഈ നാടകത്തിനു പിന്നിലുള്ളത്.

അവലംബം: almoslim.net
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles