Current Date

Search
Close this search box.
Search
Close this search box.

ബശാറുല്‍ അസദ് പടിഞ്ഞാറിന് നല്ലപിള്ളയാകുമ്പോള്‍

2011 ല്‍ അറബ് ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ വീശിയടിച്ച വിപ്ലവ വസന്തത്തില്‍ മേഖലയിലെ നിരവധി ഏകാധിപത്യ ഭരണകൂടങ്ങളാണ് തകര്‍ന്ന് വീണത്. എന്നാല്‍ അറബ് വസന്തം സൃഷ്ടിച്ച കൊടുങ്കാറ്റിലും ഏകാധിപത്യത്തിന്റെ ഉരുക്കു മുഷ്ടികൊണ്ട് വിപ്ലവത്തെ അടിച്ചമര്‍ത്തുന്നതില്‍ ഏറെക്കുറെ വിജയിച്ചയാളാണ് സിറിയയിലെ ബശാറുല്‍ അസദ്. വിപ്ലവത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്ന് പ്രക്ഷോഭകരെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുകയാണ് സിറിയയില്‍ അസദ് ഭരണകൂടം. രണ്ട് വര്‍ഷം കൊണ്ട് ലക്ഷത്തിലധികം പേരെ അസദ് ഭരണകൂടം കൊന്നൊടുക്കിയപ്പോള്‍ പോലും ഇളകാതിരുന്ന ലോക ശക്തികള്‍ പ്രക്ഷോഭകര്‍ക്കു നേരെ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചപ്പോള്‍ മാത്രമാണ് അല്‍പ്പമെങ്കിലും പ്രതികരിക്കാന്‍ തയ്യാറായത്. അസദിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തി സിറിയയില്‍ പുതിയ ഭരണം സ്ഥാപിക്കണമെന്ന സിറിയന്‍ പ്രതിപക്ഷത്തിന്റെ നീണ്ടകാലത്തെ ആവശ്യത്തിനോട് അമേരിക്കയും മറ്റു പടിഞ്ഞാറന്‍ ശക്തികളും യോജിച്ചപ്പോള്‍ സിറിയന്‍ ജനതയുടെ ദുരിതത്തിന് അറുതിയായെന്ന് കരുതിയവര്‍ക്ക് തെറ്റിയിരിക്കുന്നു എന്നു തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മൂന്ന് വര്‍ഷമായി തുടരുന്ന സിറിയന്‍ ജനകീയ പ്രക്ഷോഭത്തിനു പിന്തുണ നല്‍കിയിരുന്ന പാശ്ചാത്യന്‍ ശക്തികളിപ്പോള്‍ പ്രതിപക്ഷ നിരയില്‍ അല്‍ ഖ്വാഇദ സാന്നിദ്ധ്യം ശക്തമാകുന്നുവെന്ന ന്യായം പറഞ്ഞ് സിറിയയില്‍ അസദിനെ തന്നെ സഹായിക്കാന്‍ തയ്യാറെടുക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ പോരാളികളെ നേരിടാന്‍ സഹായ വാഗ്ദാനവുമായി ഏതാനും പാശ്ചാത്യ രഹസ്യന്വേഷണ ഏജന്‍സികള്‍ അസദിനെ സന്ദര്‍ശിച്ചതായി സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ മെഹ്ദാദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ബ്രിട്ടനുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇത്തരത്തില്‍ അസദിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയും ഇതേവഴിയില്‍ ചിന്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച്ച ജനീവയില്‍ ചേരുന്ന സമ്മേളനത്തില്‍ അസദിനെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യില്ലെന്ന് പാശ്ചാത്യ ശക്തികള്‍ക്കിടയില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. ചുരുക്കത്തില്‍, പ്രതിപക്ഷത്തിനിടയില്‍ ഭീകര സാന്നിദ്ധ്യമുണ്ടെന്ന ന്യായം പറഞ്ഞ് മൂന്ന് വര്‍ഷത്തിനിടയില്‍ ഒന്നര ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ, രണ്ട് മില്യണ്‍ ജനങ്ങളെ അഭയാര്‍ഥികളാക്കിയ അസദ് എന്ന ഏകാധിപതിയെ എല്ലാവിധ സഹായത്തോടും കൂടി വീണ്ടും അധികാരത്തിലേറ്റാനാണ് പാശ്ചാത്യന്‍ രാഷ്ട്രങ്ങള്‍ ലക്ഷ്യം വെക്കുന്നത്.
മൂന്ന് വര്‍ഷമായി തുടരുന്ന അസദിന്റെ കിരാത നടപടികള്‍ സിറിയന്‍ ജനതക്കിടയില്‍ ചെറിയ തോതിലെങ്കിലുമുള്ള തീവ്രവാദ സംഘങ്ങള്‍ വളരുന്നതിന് കാരണമായിട്ടുണ്ടെന്നത് നേരുതന്നെയാണ്. അലപ്പോ, അല്‍ബാബ് തുടങ്ങിയ പട്ടണങ്ങളില്‍ ഇത്തരം തീവ്രവാദ സംഘങ്ങള്‍ നടത്തുന്ന അക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സിറിയന്‍ പ്രതിപക്ഷത്തിനിടയില്‍ ഇവര്‍ക്കുള്ള സ്വാധീനം തുലോം തുച്ഛമാണ് എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഈ ചെറുസംഘങ്ങളുടെ പേരില്‍ അസദെന്ന നരഭോജിയെ അധികാരത്തില്‍ നിലനിര്‍ത്താനും അസദ് ഭരണത്തെ സഹായിക്കാനുമുള്ള പാശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ നീക്കം തനി ഇരട്ടത്താപ്പാണ്. അസദിനെ മാറ്റിയാല്‍ പടിഞ്ഞാറിന്റെ താളത്തിനൊത്ത് തുള്ളുന്നവരായിരിക്കില്ല സിറിയയില്‍ അധികാരത്തില്‍ വരുകയെന്ന തികഞ്ഞ ബോധ്യമുള്ളത് കൊണ്ടാണ് ഇപ്പോള്‍ പാശ്ചാത്യന്‍ രാജ്യങ്ങളുടെ നിലപാട് മാറ്റത്തിനുള്ള കാരണമെന്ന് വ്യക്തം. ഈജിപ്ത് അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്. പടിഞ്ഞാറിന്റെ ഏറാന്‍മൂളിയായി പതിറ്റാണ്ടുകള്‍ ഭരണം നടത്തിയ ഹുസ്‌നി മുബാറക്കിന് പകരം അധികാരത്തില്‍ വന്ന ഇസ്‌ലാമിസ്റ്റുകളെ അട്ടിമറിച്ച സൈന്യത്തെ പിന്തുണക്കാനായിരുന്നല്ലോ അമേരിക്കയും സില്‍ബന്ധികളും തിടുക്കം കൂട്ടിയത്. തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നവര്‍ക്ക് യാതൊരു വിധ ജനാധിപത്യ അവകാശങ്ങളും വകവെച്ചു കൊടുക്കാത്ത പടിഞ്ഞാറിന്റെ കപട ജനാധിപത്യ മുഖം സിറിയന്‍ വിഷയത്തില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.
സിറിയയില്‍ സമാധാനം പുലരണമെന്ന് യു.എന്നും പടിഞ്ഞാറന്‍ ശക്തികളും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അസദിനെ മാറ്റാനും ജനാധിപത്യ പരമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ജനകീയ സര്‍ക്കാറിനെ തെരഞ്ഞെടുക്കാനുള്ള അവകാശം സിറിയന്‍ ജനതക്ക് ഒരുക്കി കൊടുക്കാനുമാണ് അവര്‍ മുന്നോട്ട് വരേണ്ടത്. മറിച്ച് സമാധാന ചര്‍ച്ചയെന്ന പേരില്‍ തങ്ങളുടെ അജണ്ടകള്‍ക്ക് അരുനില്‍ക്കുന്നവരെ തെരഞ്ഞെടുത്ത് അവരെ അധികാരത്തില്‍ കുടിയിരുത്താനാണ് ശ്രമമെങ്കില്‍ സിറിയന്‍ ജനതയെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയായിരിക്കും അത് ചെയ്യുക.  

Related Articles