Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുക്ക് ഇസ്രയേല്‍ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്

facebook-israel.jpg

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളുടെ പേരില്‍ 2015നും 2016നും ഇടയില്‍ നാനൂറിലേറെ ഫലസ്തീനികളെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘പ്രകോപനപരമായ ഉള്ളടക്കം’ എന്നാരോപിച്ചാണ് ഈ അറസ്റ്റുകള്‍. ഇതുമായി ബന്ധപ്പെട്ട്  ഇരുനൂറോളം കേസുകളും നിലനില്‍ക്കുന്നു. പ്രസ്തുത കേസുകളില്‍ ഏറെ പ്രസിദ്ധമായതാണ് ഫലസ്തീനിയന്‍ കവയിത്രി ദാരീന്‍ താത്വൂര്‍. 2015ല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയുടെ പേരില്‍ എട്ട് വര്‍ഷത്തെ തടവുശിക്ഷയാണ് അവര്‍ നേരിടുന്നത്.  മാര്‍ച്ച് 28 ന് അവസാനസാക്ഷിയുടെ മൊഴിയും രേഖപ്പെടുത്തിയതോടെ, ഏതാനും മാസങ്ങള്‍ക്കകം കോടതിവിധി വരുമൊണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിന് ഫേസ്ബുക്ക് ഇസ്രയേല്‍ സര്‍ക്കാറുമായി സഹകരിക്കുന്നുമുണ്ട്. മുന്‍കാല ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത് കൈയ്യില്‍ റൈഫിളുമായി നില്‍ക്കുന്ന പഴയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഈയടുത്താണ് രാഷ്ട്രീയ പാര്‍ട്ടിയായ ഫതഹിന്റെ ഫേസ്ബുക്ക് പേജ് നിര്‍ത്തിവെപ്പിച്ചത്. മറുവശത്ത്, ഇസ്രയേല്‍ ഭരണകൂടത്തിലെ അംഗങ്ങളടക്കമുള്ള ഇസ്രയേലികള്‍ ഫലസ്തീനികള്‍ക്കെതിരെ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ പോസ്റ്റു ചെയ്യുന്നു. ഫേസ്ബുക്കോ മറ്റേതെങ്കിലും മീഡിയകളോ അതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ല.

2014ല്‍ ഇസ്രായേല്‍ ഗസ്സയില്‍ ബോംബിടല്‍ ആരംഭിക്കും തൊട്ടുമുമ്പ്, ഇസ്രായേല്‍ പാര്‍ലമെന്റിലെ തീവ്രവലതുപക്ഷ അംഗമായ ഐലറ്റ് ഷാകിഡ് ഫലസ്തീന്‍ പോരാളികളുടെ ഉമ്മമാരെ കൊല്ലാനും, അവരുടെ വീടുകള്‍ നശിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഷാകിഡിനെതിരെ ഇസ്രായേല്‍ ഗവണമെന്റോ, ഫേസ്ബുക്കോ യാതൊരു നടപടിയും എടുത്തില്ല.  ഇസ്രായേലിലെ നീതിന്യായ വകുപ്പ് മന്ത്രിയാണ് അവരിപ്പോള്‍.

കുറ്റകൃത്യങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ
സെന്‍സര്‍ഷിപ്പിന്റെ കാര്യത്തിലോ, ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഗവണ്‍മെന്റുമായി കൈമാറുന്നത് സംബന്ധിച്ചോ ഫേസ്ബുക്ക് തെളിയിച്ച് പറയുന്നില്ല. എന്തൊക്കെയാണെങ്കിലും ഉപഭോക്താക്കളെ സംബന്ധിച്ച വിവരം തേടിക്കൊണ്ടുള്ള ഗവണ്‍മെന്റുകളുടെ അപേക്ഷകള്‍ അത് സ്വീകരിക്കുന്നുണ്ട്. പലപ്പോഴും അവയോട് പ്രതികരിച്ചിട്ടുമുണ്ട്. 2016 ജനുവരി – ജൂണ്‍ കാലയളവില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ തേടികൊണ്ട് ഇസ്രയേല്‍ നല്‍കിയ 432 അപേക്ഷകളില്‍ 70 ശതമാനത്തോടും അനുകൂലമായിട്ടാണ് ഫേസ്ബുക്ക് പ്രതികരിച്ചിട്ടുള്ളത്. പ്രാദേശിക തലത്തിലുള്ള ഒരു താരതമ്യത്തിനായി ജോര്‍ദാന്റെ കാര്യമെടുക്കാം. ജോര്‍ദാന്‍ ഗവണ്‍മെന്റ് 25 ഉപഭോക്തൃ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അതിന്റെ 16 ശതമാനത്തോട് മാത്രമേ അനുകൂലമായി പ്രതികരിച്ചിട്ടുള്ളൂ.

ഇസ്രയേല്‍ ഫേസ്ബുക്കിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമൊന്നുമല്ല. ഇസ്രയേല്‍ ഭരണകൂടം പ്രകോപനപരമായി കണക്കാക്കുന്ന പോസ്റ്റുകളുടെ കാര്യത്തില്‍ ഇസ്രയേലുമായി സഹകരിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കുന്ന തരത്തിലുള്ള നയങ്ങളിലൂടെയാണത്. മാത്രമല്ല, ഫലസ്തീനികളുടെ പ്രകോപനപരമായ പോസ്റ്റുകള്‍ ഫേസ്ബുക്കിനോട് തടയണമെന്നാവശ്യപ്പെട്ട് 20000 ഇസ്രായലികള്‍ നല്‍കിയ കേസ് ന്യൂയോര്‍ക്കിലെ ജില്ലാ കോടതിയില്‍ നിലനില്‍ക്കുന്നുമുണ്ട്. അതേസമയം ഫേസ്ബുക്കിന് ലഭിക്കുന്ന സര്‍ക്കാര്‍ അപേക്ഷകള്‍ റിപോര്‍ട്ട് ചെയ്യുന്ന രാജ്യം തിരിച്ചുള്ള പട്ടികയില്‍ 2014 മുതല്‍ ഫലസ്തീന്‍ കാണുന്നുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ വിദ്വേഷത്തിനും അക്രമത്തിനുമുള്ള ആഹ്വാനം ഇസ്രേയലികള്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു എന്ന് ഞാനര്‍ത്ഥമാക്കുന്നില്ല.

ഞാന്‍ ഡയറക്ടറായി സേവനം ചെയ്യുന്ന അറബ് സെന്റര്‍ ഫോര്‍ സോഷ്യല്‍ മീഡിയ അഡ്വാന്‍സ്‌മെന്റ് (7amleh) ഇസ്രയേല്‍ മാധ്യമങ്ങളിലെ വംശീയതയെയും വിദ്വേഷ പ്രചാരണത്തെയും സംബന്ധിച്ച ഒരു റിപോര്‍ട്ട് ഈയടുത്ത് പുറത്തുവിട്ടിരുന്നു. ഇസ്രയേല്‍ ജൂതന്‍മാരുടെ അറബികള്‍ക്കും ഫലസ്തീനികള്‍ക്കും എതിരെയുള്ള വിഷം വമിക്കുന്ന പോസ്റ്റുകളില്‍ 2015നെ അപേക്ഷിച്ച് 2016ല്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഞങ്ങള്‍ കണ്ടെത്തി. 2016ല്‍ ഇത്തരത്തില്ഡ വന്നിട്ടുള്ള 675,000 പോസ്റ്റുകളില്‍ അധികവും ഫേസ്ബുക്കിലാണ്. ‘അറബികളെ ബലാല്‍സംഗം ചെയ്ത് കടലിലെറിയുക’, ‘അറബികളെ കശാപ്പ് ചെയ്യാന്‍ ഒരു പ്രഭാതം കൂടി’ തുടങ്ങിയവ അത്തരം പോസ്റ്റുകള്‍ക്കുദാഹരങ്ങളാണ്. ഏതെങ്കിലും ഒരു ഇസ്രയേലിയില്‍ നിന്നുണ്ടായ ഒറ്റപ്പെട്ട സംഭവമല്ല ഇത്.

്പ്രാദേശികമായ നിയമങ്ങള്‍ പാലിച്ച് നിഷ്പക്ഷമായ രാഷ്ട്രീയമാണ് തങ്ങള്‍ പിന്തുടരുന്നത്  എന്നാണ് ഫേസ്ബുക്ക് പറയുന്നത്. അധിനിവിഷ്ട പ്രദേശങ്ങളിലെ ഫലസ്തീനികള്‍ക്ക് രാഷ്ട്രീയ അവകാശങ്ങളോ പൗരാവകാശങ്ങളോ അഭിപ്രായ സ്വാതന്ത്ര്യമോ പോലും വകവെച്ചു കൊടുക്കാത്ത ഇസ്രയേല്‍ ഭരണകൂടത്തെ അവര്‍ സഹായിക്കുകയും ചെയ്യുന്നു. അധിനിവേശകര്‍ തങ്ങള്‍ അധിനിവേശം നടത്തിയ ജനതക്ക് മേല്‍ നടത്തുന്ന അടിച്ചമര്‍ത്തലുകളെ പിന്തുണക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്. അതാണ് അവര്‍ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാട്. അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണത്തിലൂടെ അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന ഇസ്രേയലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ഫേസ്ബുക്ക്. വെസ്റ്റ്ബാങ്കിലെ കുടിയേറ്റ ഭവനങ്ങളുടെ പരസ്യങ്ങള്‍ അനുവദിച്ചു കൊണ്ട് ഫേസ്ബുക്ക് പരസ്യമായി തന്നെ അതിന് കൂട്ടുനില്‍ക്കുന്നതാണ് കാണുന്നത്.

ഇസ്രയേലുമായുള്ള സഹകരണത്തെ കുറിച്ച് പുനരാലോചിക്കുന്നതായിരിക്കും ഫേസ്ബുക്കിന് ഉചിതം. അങ്ങനെയൊരു ധീരമായ നടപടിയിലൂടെ, സാമൂഹ്യനീതിക്കായി പോരാടുന്ന അമേരിക്കയിലെ സംഘടനകളുടെ കൂട്ടായ്മ ഈയടുത്തായി ആഹ്വാനം ചെയ്തതുപോലെ, സോഷ്യല്‍ മീഡിയയിലെ അധിക്ഷേപകരവും വംശീയവുമായ ഉള്ളടക്കം ഇല്ലായ്മ ചെയ്യുന്നതോടൊപ്പം സാമൂഹ്യനീതിക്കുവേണ്ടിയുള്ള ശബ്ദങ്ങളെ സെന്‍സര്‍ഷിപ്പ് ചെയ്യുന്നത് ഒഴിവാക്കാനും ഫേസ്ബുക്കിന് സാധിക്കും. അതുമല്ലെങ്കില്‍, സെന്‍ഷര്‍ഷിപ്പിനും വിവരകൈമാറ്റത്തിനുമുള്ള തങ്ങളുടെ പോളിസി പൊതുജനങ്ങളെ അറിയിക്കുക എന്ന കാര്യമെങ്കിലും ഫേസ്ബുക്ക് ചെയ്യണം. ഫേസ്ബുക്ക് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ നേരിടാന്‍ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് ജാഗരൂകരാവാനെങ്കിലും അത് ഉപകരിക്കുമല്ലോ. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ മാത്രമല്ല, ജീവനും കൂടിയാണ് അപകടത്തിലായിരിക്കുന്നത്.

Related Articles