Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുക്കിലും ഉണ്ട് മാംസഭുക്കുകള്‍

ഫേസ്ബുക്കില്‍ ഇരിക്കുമ്പോള്‍ ഒരു പേനയും നോട്ടുപുസ്തകവും കയ്യില്‍ കരുതിയാല്‍ മതി..,
അറിവുകളുടെ ഒരു വലിയ ലോകം തന്നെ നമുക്ക് പകര്‍ത്താനുണ്ടാവും..
ചെറിയ ചെറിയ കഥകള്‍, ആശയങ്ങള്‍,നര്‍മങ്ങള്‍, ഉള്ള് പൊള്ളുന്ന നേരുകള്‍, പലരുടെയും വായനാപരിചയങ്ങള്‍ ….

നമുക്കിത്തവണ മൂന്ന് സെന്‍കഥകള്‍ വായിക്കാം..

ഒന്ന്

കൂട്ടിലടക്കപ്പെട്ടതാണ് ഒരു പുലി. അഴികള്‍ക്കുള്ളില്‍ അത് അക്ഷമനായി വട്ടം ചുറ്റുന്നത് കണ്ട് പുറത്ത് പാറിപ്പറക്കുന്ന കിളി ചോദിച്ചു..
‘നീ എന്താണ് ചെയ്യുന്നത്?’
‘ഞാന്‍ എഴുതുകയാണ്’
‘എഴുതുകയോ എന്ത്’
‘പൂജ്യം’
‘എന്തുകൊണ്ടാണ് നീ പൂജ്യം മാത്രം എഴുതുന്നത്’
‘സ്വാതന്ത്ര്യം നഷ്ടപ്പെട്ടാല്‍ പിന്നെ എല്ലാം പൂജ്യം മാത്രമാണ്’

രണ്ട്

രണ്ട് ഭിക്ഷുക്കള്‍ക്ക് പുഴ കടന്ന് പോണം.. ഒരു യുവതിയും പുഴ കടക്കാന്‍ അവിടെ നില്‍ക്കുന്നുണ്ട്.. എങ്ങനെ പുഴ കടക്കും എന്ന അങ്കലാപ്പിലാണവള്‍..
ഒരു ഭിക്ഷു അവളെ തോളിലേറ്റി അക്കരെയെത്തിച്ചു.
അപരനെ ഇത് വല്ലാതെ അമ്പരപ്പിച്ചു.
അയാള്‍ ചീത്ത പറയാന്‍ തുടങ്ങി.. താനൊരു ഭിക്ഷുവാണെന്നത് മറക്കാമോ..
തനിക്കെങ്ങനെ ഇത് ചെയ്യാന്‍ ധൈര്യം വന്നു..
അയാള്‍ മറുപടി പറഞ്ഞു..
‘സഹോദരാ , ഞാനാ സ്ത്രീയെ അപ്പോള്‍ തന്നെ പുഴക്കരയില്‍ വെച്ചു പോന്നു.  താങ്കളിപ്പോഴും അവളെ ചുമന്ന് നടക്കുകയാണോ..?’

മൂന്ന്

ഒരു വൃദ്ധന്‍ സെന്‍ ഗുരുവിനോട് ചോദിച്ചു…
‘സെന്നിനോടൊപ്പമാകാന്‍ ഒരാള്‍ എന്താണ് അനുഷ്ഠിക്കേണ്ടത്?’
‘തെറ്റു ചെയ്യുന്നതൊഴിവാക്കുക. കഴിയുന്നത്ര നല്ലത് ചെയ്യുക’
മൂന്നു വയസ്സുള്ള കുഞ്ഞിന് പോലും അറിയാവുന്നതല്ലേ ഇത് എന്നായി വൃദ്ധന്‍.
‘അത് നേര് , എന്നാല്‍ 80 വയസ്സായ ഒരാള്‍ പോലും ഇതുചെയ്യാനാകാതെ വീണുപോകുന്നു എന്നതും നേരല്ലേ..’

*************************************************************************

ഉസ്മാന്‍ ഇരിങ്ങാട്ടിരി (Usman Iringattiri) ഫേസ്ബുക്കിലിട്ട സുന്ദരങ്ങളായ ഹൈക്കു കവിതകളാണ് താഴെ..

ഇ മണിക്കടലകള്‍

1
സ്റ്റാറ്റസിനും വേണം
ഒരു സ്റ്റാറ്റസും
സ്റ്റാറ്റിസ്റ്റിക്‌സും

2
മുമ്പ് ചായക്കോപ്പയിലായിരുന്നു
കൊടുങ്കാറ്റ്
ഇന്ന് ഫേസ്ബുക്കിലാണ്

3
ഫേസ്ബുക്കിലും ഉണ്ട്
മാംസഭുക്കുകള്‍

*******************************************************************

കരയിലും കടലിലും അരുതായ്മകള്‍ ചെയ്തുകൂട്ടിയാല്‍ അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കാതെ വയ്യ…. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്..
ചിത്രത്തിലെ വരികള്‍ ഇങ്ങനെ..

നമുക്ക് വയലുകള്‍ വേണ്ട , വിമാനത്താവളം മതി
വഴിയരികില്‍ അടിക്കാടുകള്‍ വേണ്ട, ടാര്‍ റോഡുകള്‍ മതി..
ചുറ്റിനും മണ്ണും പച്ചപ്പും വേണ്ട, ടൈലിട്ട മുറ്റം മതി
കുളങ്ങളും പുഴകളും വേണ്ട, എസി കാറും ലോ ഫ്‌ളോര്‍ ബസും മതി..
മരം നടല്‍ വേണ്ട, അതിവേഗ റെയിലും എക്‌സ്പ്രസ് വേയും മതി..

പക്ഷെ സൂര്യതാപം അരുത്..
കിണര്‍ വറ്റരുത്..
വേനല്‍ ചൂട് അരുത്..
കുടിവെള്ളം മുട്ടരുത്..
കറന്റ് പോകരുത്…
*********************************************************************

എല്ലാത്തിനും വിലകൂടുന്ന കാലത്ത് ഗ്യാസിനു മാത്രമായി കൂടാതിരിക്കാന്‍
വയ്യല്ലോ.. അപ്പോള്‍ പൂമാലയിട്ട് പടമാക്കി വെക്കാം എന്നല്ലാതെ നമ്മളെന്തോന്ന് ചെയ്യാന്‍… ഫേസ്ബുക്കില്‍ പ്രചരിക്കുന്ന രസകരമായ ഒരു കാര്‍ട്ടൂണ്‍ നോക്കൂ…

Related Articles