Current Date

Search
Close this search box.
Search
Close this search box.

ഫാസിസ്റ്റുകള്‍ ഉല്‍പാദിപ്പിക്കുന്നത് ചരിത്രമോ, കള്ളക്കഥയോ?

‘ദലിതുകളുടെയും മറ്റു പിന്നാക്ക ജാതികളുടെയും ഉദ്ഭവം മധ്യ കാലഘട്ടത്തിലെ മുസ്‌ലിം അധിനിവേശത്തിന്റെ ഫലമായാണ്. ഹിന്ദു മതത്തില്‍ നേരത്തെ ജാതികള്‍ ഉണ്ടായിരുന്നില്ല. ഹൈന്ദവ വേദങ്ങള്‍ പ്രകാരം ശൂദ്രര്‍ ഒരിക്കലും തൊട്ടുകൂടാത്തവരായിരിന്നില്ല. തുര്‍ക്കി, മുസ്‌ലിം, മുഗള്‍ കാലഘട്ടത്തിലാണ് ദലിതുകളുടെ ഉത്ഭവം’ തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ച് ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. ബി.ജെ.പി വക്താവ് വിജയ് സോങ്കര്‍ ശാസ്ത്രി രചിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പ്രകാശനം ചെയ്ത ‘ഹിന്ദു ചര്‍മകര്‍ ജാതി’, ‘ഹിന്ദു ഖാതിക് ജാതി’, ‘ഹിന്ദു വാല്മീകി ജാതി’ എന്നീ പുസ്തകങ്ങളും ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

അടുത്ത കാലത്തായി ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഹൈന്ദവവല്‍ക്കരണ പ്രക്രിയകളുടെയും, ഹിന്ദു സ്വത്വം നിര്‍മ്മിക്കാനുള്ള വ്യഗ്രതയുടെയും ഭാഗമായുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം തെറ്റായ ചരിത്ര നിര്‍മ്മിതികള്‍. ഇന്ത്യയുടെ ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്ന ദലിതുകളേയും മറ്റു പിന്നോക്ക വിഭാഗങ്ങളേയും പ്രീണിപ്പിക്കാനും അവരുടെ വോട്ടുബാങ്ക് അധീനപ്പെടുത്താനുള്ള ശ്രമങ്ങളും ഇതിനു പിന്നിലുണ്ട്. നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ചരിത്ര കൗണ്‍സിലില്‍ സംഘ്പരിവാര്‍ ചായ്‌വുള്ളവരെ പ്രതിഷ്ഠിച്ചത് ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. ആര്‍.എസ്.എസ് അനുബന്ധ സംഘടന ഈ ആവശ്യാര്‍ത്ഥം 100 ലധികം ചരിത്രകാരന്മാരുടെ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ എഴുതിക്കൂട്ടുന്നത്.

ഹൈന്ദവ സാമൂഹ്യക്രമം അടിസ്ഥാനപരമായിത്തന്നെ മനുഷ്യരെ നാല് വര്‍ഗ്ഗങ്ങളായി തരം തിരിക്കുന്നുണ്ട്. 1. ബ്രാഹ്മണര്‍, 2. ക്ഷത്രിയര്‍, 3. വൈശ്യര്‍ 4. ശൂദ്രര്‍ എന്നിവരാണത്. ദൈവത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന്  മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടുവെന്ന സിദ്ധാന്തമാണ് ഹൈന്ദവ സാമൂഹിക ക്രമത്തിന്റെ ആധാരമായി വര്‍ത്തിക്കുന്നത്. ബ്രാഹ്മണന്‍ ജനിച്ചത് ദൈവത്തിന്റെ വായില്‍ നിന്നും ക്ഷത്രിയന്‍ ജനിച്ചത് അവന്റെ ബാഹുക്കളില്‍ നിന്നും വൈശ്യന്‍ ജനിച്ചത് അവന്റെ ഊരുക്കളില്‍ നിന്നുമാണ്.  ഇ ത്തരം സിദ്ധാന്തങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥക്കും വര്‍ഗ്ഗപരമായ വേര്‍തിരിവുകളുടെയും പ്രധാനകാരണങ്ങളിലൊന്ന്.  അങ്ങനെ ഇവയുടെ ചുവടു പിടിച്ച് അനേകം ഉപജാതികളും ഉണ്ടായിത്തീര്‍ന്നു.

ഇന്ത്യയിലെ ഹിന്ദു നിയമ(ധര്‍മ്മ-ശാസ്ത്ര)ങ്ങളുടെ ഏറ്റവും വലിയ സ്രോതസ്സായ മനുസ്മൃതിയില്‍ ഇത്തരം ജാതി സമ്പ്രദായങ്ങളേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ജാതിവ്യവസ്ഥ വളരെ രൂക്ഷമായി നിലനിന്നിരുന്ന കാലത്ത് സവര്‍ണ ഹിന്ദുസമൂഹം കീഴാളവര്‍ഗത്തെ അടിച്ചമര്‍ത്താന്‍ കൂട്ടുപിടിച്ച ഗ്രന്ഥമായിരുന്നു മനുസ്മൃതി. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും മനു  ഇത്തരം വിവേചനങ്ങള്‍ കാണിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ പരാമര്‍ശിക്കാം. മാനഹാനിക്കുള്ള ശിക്ഷയെക്കുറിച്ച് മനു പറയുന്നു. ‘ബ്രാഹ്മണനെ നിന്ദിക്കുന്ന ക്ഷത്രിയന് നൂറ് പണം പിഴയിടേണ്ടതാണ്. വൈശ്യനാണ് ബ്രാഹ്മണനെ നിന്ദിക്കുന്നതെങ്കില്‍ അവന് നൂറ്റിയമ്പതോ, ഇരുനൂറോ പണം പിഴയിടണം. ശൂദ്രനാണ് നിന്ദിക്കുന്നതെങ്കില്‍ അവന്‍ ശാരീരികദണ്ഡനം അനുഭവിക്കേണ്ടതാണ്.'(്Vll. 267) വ്യഭിചാരത്തിനുളള ശിക്ഷ : ‘ബ്രാഹ്മണല്ലാത്ത പുരുഷന്‍ വ്യഭിചാരം ചെയ്താല്‍ മരണ ശിക്ഷയനുഭവിക്കണം.'(Vll. 359) ‘കഴിവുണ്ടെങ്കില്‍ പോലും ശൂദ്രന്‍ ധനം സമ്പാദിച്ച് വെക്കാന്‍ പാടില്ല. കാരണം ശൂദ്രന്‍ ധനം സമ്പാദിച്ച് വെക്കുന്നതുതന്നെ ബ്രാഹ്മണനെ മുറിപ്പെടുത്തും.'(x.129) ശൂദ്രന്റെ ജോലിയെക്കുറിച്ച് പറഞ്ഞത്: ബ്രാഹ്മണനേയും ക്ഷത്രിയനേയും, വൈശ്യനേയും സേവിക്കുകയെന്നതാണ്. (l.91).   ഇന്ത്യയില്‍ മുസ്‌ലിം അധിനിവേശം ആരംഭിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ടതും ഹിന്ദുനിയമങ്ങളുടെ പ്രധാന സ്രോതസ്സുമായ ഈ കൃതി സംഘ് പരിവാറിന്റെ തെറ്റായ ജല്‍പനങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. ഇത്തരം സ്പഷ്ടമായ തെളിവുകള്‍ മുമ്പിലിരിക്കെ രാഷ്ട്രീയ ലാഭത്തിനും മുസ്‌ലിംകളെ താറടിച്ചു കാണിക്കാനും നടത്തുന്ന ഇത്തരം നടപടിക്രമങ്ങളെ സാമാന്യ ജനം തിറിച്ചറിയേണ്ടതാണ്.

Related Articles