Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ജീവിതത്തിന്റെ പ്രതീകമാണ് ഇസ്രയേല്‍ ജയിലുകള്‍

west-bank-check-point.jpg

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസ്സ. വെസ്റ്റ്ബാങ്കും അതെ – വാര്‍ഡ് A, വാര്‍ഡ് B, വാര്‍ഡ് C, എന്നൊക്കെ പേരിട്ട് ഓരോ മേഖലകളായി തിരിച്ച ഒരു തുറന്ന ജയില്‍. ഫലസ്തീനികളൊന്നടങ്കം ഏതെങ്കിലും തരത്തിലുള്ള സൈനിക നിയന്ത്രണങ്ങളുടെ നുകത്തില്‍ തന്നെയാണ് എപ്പോഴും. അവരെല്ലാവരും തടവുപുള്ളികള്‍ തന്നെ. കിഴക്കന്‍ ജറുസലേമിലെയും വെസ്റ്റ്ബാങ്കിലെയും ജനങ്ങള്‍ തമ്മിലും, വെസ്റ്റ്ബാങ്കിനുള്ളിലുള്ളവര്‍ തന്നെ പരസ്പരവും ബന്ധപ്പെടാനാവാത്ത അവസ്ഥയാണവിടെയുള്ളത്. അധിനിവേശ ഫലസ്തീനിലെ ജനങ്ങളേക്കാളും അല്പം ഭേദമാണ് ഇസ്രയേലിനകത്തുള്ള ഫലസ്തീനികളുടെ കാര്യങ്ങള്‍. പക്ഷേ, തങ്ങളുടെ വംശമഹിമയുടെ പേരില്‍ മാത്രം ഫസ്റ്റ് ക്ലാസ്സ് പദവി നല്‍കപ്പെട്ടിരിക്കുന്ന ഇസ്രയേലിലുള്ള ജൂതന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇസ്രയേലിനകത്തുള്ള ഫലസ്തീനികളും അധഃകൃതരെ പോലെ തന്നെ.

കൈയ്യാമങ്ങളില്‍ നിന്നും ചങ്ങലകളില്‍ നിന്നും രക്ഷപ്പെടാന്‍ ‘ഭാഗ്യം’ ലഭിച്ച ഫലസ്തീനികളൊക്കെയും പലവിധ കുരുക്കുകളില്‍ ബന്ധിതരായിക്കൊണ്ട് തന്നെയാണ് ജീവിക്കുന്നത്. പലനാടുകളിലായി ചിതറിപ്പോയ ലക്ഷക്കണക്കിന് മറ്റ് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടേത് പോലെ ദുരിതമയമാണ് ലബനാനിലെ ഐനുല്‍ ഹില്‍വയിലെ അഭയാര്‍ഥി ക്യാമ്പിലുള്ള ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥയും. യാത്രക്കും തൊഴിലിനുമൊക്കെ നേരിടുന്ന വിലക്കുകള്‍ ഫലത്തില്‍ അവരെ ക്യാമ്പുകളിലെ തടവുകാരാക്കുന്നു. അവരുടെ തിരിച്ചറിയല്‍ രേഖകളൊക്കെ വെറും കടലാസുകളല്ലാതെന്ത്? എഴുപത് വര്‍ഷങ്ങളായി അവരുടെ മുന്‍തലമുറക്കാര്‍ ചെയ്ത കാര്യം ഇപ്പോളവരും ചെയ്യുന്നു – ജീവിതം അല്പമൊന്ന് മുന്നോട്ട് നീങ്ങിക്കിട്ടാനുള്ള അനന്തമായ കാത്തിരിപ്പ്.

ഫലസ്തീന്‍ ജനതക്കൊന്നടങ്കം തടവുകാരുടെ കാര്യം ഒരു വൈകാരിക വിഷയമായതിന്റെ കാരണവും മറ്റൊന്നല്ല. അവരിലെ ഓരോ ആളുടെയും ജീവിതം തന്നെയാണത്. അവരുടെ ദുരിതങ്ങളുടെ ജീവനുള്ള ചിത്രീകരണവും പ്രതീകവുവാണ് ഓരോ തടവുകാരനും. ജയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആവശ്യവുമായി 1500 തടവുകാര്‍ തുടങ്ങിയിട്ടുള്ള പട്ടിണി സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് അധിനിവിഷ്ട ഫലസ്തീനില്‍ അങ്ങോളമിങ്ങോളം കത്തിപ്പടരുന്ന സമരങ്ങളൊന്നും, ഇസ്രയേലിലെ ജയിലുകളില്‍ ബന്ധിതരായി പീഡിക്കപ്പെടുന്ന അവരുടെ സ്ത്രീ-പുരുഷന്മാരോട് കാണിക്കുന്ന വെറും ഐക്യദാര്‍ഡ്യമല്ല. ഏത് ദിവസവും, ഏത് സമയവും, ഫലസ്തീനിലെ ഏതൊരാളും എത്തിപ്പെടാവുന്ന താവളമാണ് ഇസ്രയേല്‍ ജയിലുകള്‍. ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ജറുസലേമിലെയും മതിലുകള്‍ക്ക് പിന്നിലും, ചെക്‌പോസ്റ്റുകളിലും, അഭയാര്‍ത്ഥി ക്യാമ്പുകളിലും, അകത്ത് കയറാനും പുറത്ത് കടക്കാനുമായി അനന്തമായി കാത്തിരിക്കേണ്ടിവരുന്ന നിസ്സഹായരായ ഓരോ ഫലസ്തീനിയുടെയും പ്രതീകമാണ് ഇസ്രയേല്‍ ജയിലുകളിലെ തടവുകാര്‍.

നൂറ് കണക്കിന് കുട്ടികളും, സ്ത്രീകളും, ജനപ്രധിനിധികളും, പത്രപ്രവര്‍ത്തകരും, കുറ്റപത്രം പോലും ലഭിക്കാതെ അകത്ത് കിടക്കുന്ന വിചാരണാ തടവുകാരുമൊക്കെയായി 6500 തടുകാര്‍ ഇപ്പോള്‍ ഇസ്രയേല്‍ ജയിലുകളിലുണ്ടെന്ന് പറയുമ്പോള്‍, 1967 മുതല്‍ ഇസ്രയേല്‍ അധിനിവേശ നുകത്തിന് കീഴില്‍ അമര്‍ന്നുപോയ ഒരു ജനത അനുഭവിച്ച ദുരിതത്തിന്റെ ഒരു നേര്‍ചിത്രമല്ല നമുക്ക് ലഭിക്കുക. എട്ട് ലക്ഷം ഫലസ്തീനികളാണ് അന്ന് മുതലിങ്ങോട്ട് തടവറക്കുള്ളിലായത്. അതായത് പുരുഷ ജനസംഖ്യയുടെ 40 ശതമാനം!

വലിയ ഒരു ജയിലിനുള്ളിലെ ചെറിയ ജയിലുകള്‍ എന്ന് ഇസ്രയേല്‍ തടവറകളെ നമുക്ക് വിളിക്കാം. സമരങ്ങളും പ്രധിഷേധങ്ങളും അലയടിക്കുമ്പോള്‍, 1987-1993 കളിലും, 2000-2005 കളിലും നടന്ന ഇന്‍തിഫാദ കാലത്ത് പ്രത്യേകിച്ചും, ലക്ഷക്കണക്കിനുള്ള ഫലസ്തീനികളൊന്നടങ്കം, ആഴ്ചകളും മാസങ്ങളും നീണ്ട നിരോധനാജ്ഞ നേരിടേണ്ടി വന്നു. പട്ടാളം നടപ്പിലാക്കിയ നിരോധനാജ്ഞ എന്നാല്‍, വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവാതെയും ഭക്ഷണം വാങ്ങാനുള്ള ഇടവേളകള്‍ പോലും ലഭിക്കാതെയും ജീവിക്കുക എന്നാണര്‍ത്ഥം. ഇത്തരം ദുരിതങ്ങള്‍ അനുഭവിക്കാത്തവരായി, അധിനിവേശ നുകത്തിലമര്‍ന്ന് ജീവിച്ച, ഇന്ന് ജീവിക്കുന്ന, ഫലസ്തീനിലെ ഒരാള്‍ പോലുമില്ല!

പക്ഷേ, മിതവാദികളെന്ന് വിളിക്കപ്പെടുന്ന ചിലര്‍ക്ക്, ഫലസ്തീനെന്ന തുറന്ന ജയിലില്‍ നിന്ന് ഇഷ്ടംപോലെ പുറത്ത് കടക്കാനും അകത്തേക്ക് വരാനുമുള്ള, ഇസ്രയേല്‍ പട്ടാളത്തിന്റെ വി.ഐ.പി. പാസ്സ് ലഭിച്ചിരിക്കുന്നു. 2004 നവംബറില്‍ അദ്ദേഹം മരിക്കുന്നത് വരെ, വര്‍ഷങ്ങളോളം, റാമല്ലയിലുള്ള തന്റെ ഓഫീസില്‍ കുടുങ്ങിക്കിടപ്പായിരുന്നു യാസര്‍ അറഫാത്. എന്നാല്‍, ഇപ്പോഴത്തെ ഫലസ്തീനിയന്‍ അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന് സഞ്ചാര സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം ഇടക്കൊക്കെ ഇസ്രയേലിന്റെ വിമര്‍ശനത്തിന് പാത്രമാകാറുണ്ടെങ്കിലും, ഇസ്രയേല്‍ ഭരണാധിപന്മാര്‍ നിശ്ചയിച്ച പരിധിവിട്ട് അധിക ദൂരം പോകുന്ന ശീലമൊന്നും അദ്ദേഹത്തിനില്ല. അബ്ബാസ് സ്വതന്ത്രനായി പുറത്തും, ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂഥിയും ആയിരക്കണക്കിന് അനുയായികളും ജയിലിനകത്തുമാകാന്‍ അതാണ് കാരണം.

ഫലസ്തീന്‍ തടവുകാരുടെ ദിനമായി എല്ലാ വര്‍ഷവും ആചരിക്കപ്പെടുന്ന ഏപ്രില്‍ 17 നാണ് തടവുകാരുടെ നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരത്തിന്റെ എട്ടാമത്തെ ദിവസം, ആരോഗ്യസ്ഥിതി മോശമായി മര്‍വാന്‍ ബര്‍ഗൂഥി ജയിലില്‍ കിടക്കുമ്പോള്‍, മാദകമായ ഉടയാടകളുമായി മുന്നില്‍ നില്‍ക്കുന്ന എമിരേറ്റ്‌സ് പാട്ടുകാരിയുടെ കരം ഗ്രഹിച്ച് നര്‍മ്മഭാഷണം നടത്തുകയായിരുന്നു കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തിയ മഹ്മൂദ് അബ്ബാസ്. സഫാ ന്യൂസ് ഏജന്‍സിയും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവമറിഞ്ഞ പലരും സോഷ്യല്‍ മീഡിയയില്‍ അബ്ബാസിനെതിരെ രോഷം കൊള്ളുകയും ചെയ്തു. നിഷേധിക്കാനാവാത്ത ഒരു ദുരന്തമാണ് ഫലസ്തീന്‍ ജീവിതത്തിന്റെ ഈ രണ്ട് മുഖങ്ങള്‍.

ഫലസ്തീനിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നായ ഫതഹിന്റെ അനുയായികളില്‍ ഏറ്റവും ജനസമ്മതിയുള്ള നേതാവാണ് മര്‍വാന്‍ ബര്‍ഗൂഥി. സത്യത്തില്‍, ഫലസ്തീനിലെ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും സുസമ്മതനായ നേതാവാണദ്ദേഹം.

ഫതഹിന്റെ ഏറ്റവും ജനപ്രിയനായ നേതാവിന്റെയും മറ്റ് തടവുകാരുടെയും കാര്യത്തില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ നേതാക്കള്‍ക്ക് അല്പമെങ്കിലും ഗുണകാംക്ഷയുണ്ടായിരുന്നെങ്കില്‍, നിരാഹാര സമരത്തിലുള്ള തടവുകാരുടെയും അവരെ പിന്തുണച്ച് കൊണ്ട് രംഗത്തുള്ള ലക്ഷക്കണക്കിന് ആളുകളുടെയും സമരവീര്യം ക്രിയാത്മകമാക്കാനുള്ള ശ്രമങ്ങളില്‍ മുഴുകണമായിരുന്നു മഹ്മൂദ് അബ്ബാസ്. പക്ഷേ, ബഹുജന പ്രക്ഷോഭങ്ങളെ എപ്പോഴും ഭയത്തോടെ നോക്കിക്കാണുന്ന ആളാണദ്ദേഹം. തനിക്ക് ലഭിച്ചിരിക്കുന്ന ചില സൗകര്യങ്ങളും അധികാരങ്ങളും ബഹുജന പ്രക്ഷോഭങ്ങള്‍ വഴി നഷ്ടപ്പെടാനിടയുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഭയത്തിന് കാരണം.

ഫതഹിനുള്ളിലെ വിള്ളലുകളെ കുറിച്ച് ഫലസ്തീന്‍ മാധ്യമങ്ങള്‍ മൗനത്തിലാണ്. പക്ഷേ, ഇസ്രയേല്‍ മാധ്യമങ്ങള്‍, വിശാല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് അത് ചൂഷണം ചെയ്യുകയാണ്. മെയ് മൂന്നിന് അബ്ബാസ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുന്നു. ലോകത്തിലെ പല സ്ഥലങ്ങളിലും അമേരിക്കയുടെ വിദേശ സഹായങ്ങള്‍ കുറച്ച് കൊണ്ടിരിക്കയാണെങ്കിലും, ഫലസ്തീന്‍ അതോറിറ്റിക്കുള്ള അമേരിക്കന്‍ സഹായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്ത ട്രംപിന് തന്നെക്കുറിച്ച് മതിപ്പുണ്ടാവണമെന്ന് അബ്ബാസ് ആഗ്രഹിക്കുന്നു. ഇസ്രയേലിന്റെ സുരക്ഷയുടെ കാര്യത്തില്‍ അബ്ബാസിനെയും ഫലസ്തീന്‍ അതോറിറ്റിയെയും ആശ്രയിക്കാമെന്ന പൂര്‍ണ്ണവിശ്വാസം അമേരിക്കന്‍ ഭരണാധികള്‍ക്കുണ്ടെന്ന് തെളിയിക്കുന്നതാണ് സഹായം വര്‍ദ്ധിപ്പിച്ച ഈ നടപടി.

ഫതഹിന്റെ അനുയായികളില്‍ പലരും അബ്ബാസിന്റെ ഇസ്രയേല്‍-അമേരിക്കന്‍ പാദസേവയില്‍ സന്തുഷ്ടരല്ല. ബഹുജന പ്രക്ഷോഭങ്ങങ്ങളിലൂടെ ഫലസ്തീന്‍ ശബ്ദം ശക്തമായി ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഫതഹിന്റെ യുവജന വിഭാഗം. അബ്ബാസാകട്ടെ ശാന്തസുന്ദരമായ നിശ്ശബ്ദതയാണ് ആഗ്രഹിക്കുന്നത്.

അബ്ബാസിനെ ഒതുക്കാനും ട്രംപിന്റെ സമാധാന പദ്ധതിയെ പൊളിക്കാനുമാണ് മര്‍വാന്‍ ബര്‍ഗൂഥി നേരിട്ട് ആഹ്വാനം ചെയ്ത പട്ടിണി സമരം തുടങ്ങിയതെന്ന് ഹാരെറ്റ്‌സില്‍ എഴുതിയ ലേഖനത്തില്‍ അമോസ് ഹാരെല്‍ വാദിക്കുന്നു. പക്ഷേ, ട്രംപിന്റെ പക്കല്‍ സമാധാന പദ്ധതിയൊന്നുമില്ല. ഇഷ്ടം പോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ബെന്യമിന്‍ നെതന്യാഹുവിന് നല്‍കുകയാണ് ട്രംപ് ചെയ്തത്. ഒരു രാഷ്ട്രം, അതല്ലെങ്കില്‍ രണ്ട് രാഷ്ട്രങ്ങള്‍, ഫലസ്തീനും ഇസ്രയേലിനും എന്താണോ ഇഷ്ടം അങ്ങനെയാവട്ടെ, എന്ന രീതിയിലാണ് ട്രംപിന്റെ ഭാവം. പക്ഷേ, ബലാബലങ്ങളുടെ കാര്യത്തില്‍ രണ്ട് കൂട്ടരും ഒരു പോലെയല്ലല്ലോ. ഇസ്രയേലിന് ന്യൂക്ലിയര്‍ ആയുധങ്ങളും സുസജ്ജരായ സൈന്യവുമുണ്ട്. അധിനിവഷ്ട ഫലസ്തീന് പുറത്ത് കടക്കണമെങ്കില്‍ അനുവാദം ചോദിക്കേണ്ട ഗതികേടിലാണ് അബ്ബാസ്. അസന്തുലിതമായ ഈ അവസ്ഥയില്‍, ഫലസ്തീന്‍ ജനതയുടെ സര്‍വ്വകാര്യങ്ങളും തീരുമാനിക്കുന്നത് ഇസ്രയേല്‍ മാത്രമാണ്.

ഈയടുത്ത് അമേരിക്കന്‍ പര്യടനത്തിനിടെ നെതന്യാഹു തന്റെ ഭാവി സങ്കല്‍പങ്ങളെ കുറിച്ച് പറയുകയുണ്ടായി. ജോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറ് വരെയുള്ള പ്രദേശം മുഴുവന്‍ ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരിക്കണം എന്നാണദ്ദേഹം പറഞ്ഞത്.

നേഷന്‍ വാരികയിലെഴുതിയ ലേഖനത്തില്‍, നെതന്യാഹു പറഞ്ഞതിന്റെ പൊരുളെന്തെന്ന് അന്വേഷിക്കുന്നുണ്ട് പ്രൊഫ. റാശിദ് ഖാലിദി. സ്വതന്ത്രരാഷ്ട്രവും സ്വയംഭരണവുമൊക്ക, അധിനിവേശമെന്ന ക്രൂര യാഥാര്‍ത്ഥ്യത്തെ ഒളിപ്പിക്കാനുള്ള വെറും ഒരു ഭാവനയായിരുന്നുവെങ്കിലും, അങ്ങനെയുള്ള ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്പം പോലും തള്ളിക്കളഞ്ഞ്, ശാശ്വതമായ അധിനിവേശവും കോളനിവത്കരണവുമാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഫലസ്തീന്‍ ജനതയുടെ ശാശ്വതമായ അടിമത്തത്തിനും കുടിയിറക്കലിനും വഴിവെക്കുന്ന ജുഗുപ്‌സാവഹമായ ഈ ലക്ഷ്യത്തിന് അമേരിക്ക നല്‍കുന്ന മൗനസമ്മതമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് ശേഷം ട്രംപ് കൈക്കണ്ട മൗനം സൂചിപ്പിക്കുന്നത്.

പിന്നെന്തിന് ഫലസ്തീന്‍ ജനത നിശ്ശബ്ദരായിരിക്കണം? അവരുടെ നേതാക്കള്‍ക്ക് ഇസ്രയേലിന്റെ അംഗീകാരവും, അമേരിക്കയുടെ കൂടുതല്‍ ധനസഹായങ്ങളും ലഭിക്കുകയും, ജനത ഒന്നടങ്കം അധിനിവേശത്തിന്റെ തടവറയില്‍ ജീവിക്കുകയും ചെയ്യുന്ന നിലവിലെ ദുരന്തം തുടരാന്‍ മാത്രമേ അവരുടെ മൗനം ഉപകരിക്കൂ.

അതുകൊണ്ടാണ്, നിരാഹാര സമരത്തിന്റെ ലക്ഷ്യം, തടവറയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതിനേക്കാളും ഗൗരവമേറിയതാകുന്നത്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നേതാക്കള്‍ക്കെതിരെ ഫതഹിനുള്ളിലെ കലഹവും, വര്‍ഷങ്ങളായി കാര്യങ്ങളുടെ കടിഞ്ഞാണ്‍ കയ്യിലേന്തിയ ഇസ്രയേല്‍-അമേരിക്കന്‍-ഫലസ്തീന്‍ അതോറിറ്റി ത്രയത്തെ അസ്ഥിരപ്പെടുത്താനുള്ള ത്രാണി തങ്ങള്‍ക്ക് ഇനിയുമുണ്ടെന്ന് തെളിയിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ഗംഭീര പ്രയത്‌നവുമാണ് ഇപ്പോള്‍ നടക്കുന്ന പട്ടിണി സമരം.

നിരാഹാര സമരം ആരംഭിച്ച ദിവസം മര്‍വാന്‍ ബര്‍ഗൂഥി ജയിലില്‍ നിന്നെഴുതി. മര്‍ദ്ദകന്റെ സമ്മാനങ്ങളല്ല അവകാശങ്ങള്‍. അബ്ബാസിന്റെയും കൂട്ടരുടെയും നേരെ മാത്രമല്ല, ഇസ്രയേലിനെ കൂടി ഉന്നംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

അവലംബം: മിഡില്‍ ഈസ്റ്റ് മോണിറ്റര്‍

Related Articles