Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ കുഞ്ഞുങ്ങളെ കൊന്ന് തള്ളാനുള്ള ഇസ്രായേല്‍ ന്യായങ്ങള്‍

israel-pal-children.jpg

യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചുണ്ടാക്കിയ കെട്ടുക്കഥകള്‍ക്ക് മേലാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം കെട്ടിപടുത്തിരിക്കുന്നത്: ഈകെട്ടുകഥകള്‍ പച്ചക്കള്ളങ്ങളാണെന്നതിനും, യുക്തിക്ക് നിരക്കാത്തതാണെന്നതിനും ഒരുപാട് തെളിവുകള്‍ ഉണ്ടായിരിക്കെ തന്നെയാണ് ഇസ്രായേലികളല്ലാത്ത സയണിസ്റ്റുകളായ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും, അമേരിക്കന്‍ പ്രസിഡന്റുമാരും അവ വിശ്വസിച്ച് പോരുന്നത്.

ഇസ്രായേലിനെ താങ്ങിനിര്‍ത്തുന്ന കെട്ടുകഥകളില്‍ ഒന്നാണ് ‘ബൈബിളാണ് ഞങ്ങളുടെ കര്‍മ്മരേഖ’ എന്ന ഡേവിഡ് ബെന്‍ഗൂരിയന്റെ വാദം. സയണിസത്തിന്റെ കേന്ദ്രബിന്ദുവാണിത്. എന്നാല്‍ ബെന്‍ഗൂരിയനും, സയണിസത്തിന്റെ സ്ഥാപക പൂര്‍വ്വപിതാക്കളും ദൈവവിശ്വാസികള്‍ അല്ലായിരുന്നു എന്നതാണ് വസ്തുത. ‘ജനതയില്ലാത്ത ഭൂമി, ഭൂമിയില്ലാത്ത ജനതക്ക്’ എന്നത് ഫലസ്തീനെ കുറിച്ചുള്ള മറ്റൊരു സയണിസ്റ്റ് നുണയാണ്. ഇസ്രായേലിന്റെ നാശം ആഗ്രഹിക്കുന്ന അറബ് ‘നാടോടികളാണ്’ ഇന്ന് ഇസ്രായേല്‍ അഭിമുഖീകരിക്കുന്ന എറ്റവും വലിയ ഭീഷണിയത്രെ. തീര്‍ച്ചയായും, ഇസ്രായേലിന്റെ കൈവശം ആണവായുധങ്ങളുണ്ട്.

ഈ ആഴ്ച്ച, തെല്‍അവീവില്‍ വെച്ച് ലോക സയണിസ്റ്റ് ഓര്‍ഗനൈസേഷനെ അഭിമുഖീകരിച്ച് കൊണ്ട് സംസാരിച്ചപ്പോള്‍ ഇസ്രായേല്‍ പ്രതിരോധമന്ത്രി മോശെ യാലോണ്‍ പഴയൊരു കെട്ടുക്കഥ വീണ്ടും ആവര്‍ത്തിക്കുകയുണ്ടായി. ‘ഫലസ്തീനികള്‍ അവരുടെ കുഞ്ഞുങ്ങളെ ഇസ്രായേലിനെതിരെ തിരിച്ച് വിടുന്നത് തുടരുന്ന കാലത്തോളം, ഫലസ്തീന്‍ അറബികളുമായുള്ള സംഘട്ടനത്തിന് ഒരു പരിഹാരം കാണാന്‍ കഴിയില്ല.’

തന്റെ രാജ്യത്തിന്റെ ക്രൂരമായ സൈനിക അധിനിവേശമാണ് ഫലസ്തീനികളെ ഇസ്രായേലിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്ന വസ്തുത അംഗീകരിക്കാന്‍ മറ്റു സയണിസ്റ്റുകളെ പോലെ തന്നെ യാലോണും തയ്യാറാവുകയില്ല. കഴിഞ്ഞ ഓക്ടോബര്‍ മുതല്‍ക്കുള്ള കണക്ക് എടുത്ത് നോക്കിയാല്‍ അധിനിവിഷ്ഠ വെസ്റ്റ്ബാങ്കില്‍ മാത്രം 164 ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം കൊന്ന് തള്ളിയത്. ഇതില്‍ 31 പേര്‍ കുട്ടികളായിരുന്നു. അധിനിവേശത്തിന്റെ ഇരകളെന്ന നലയില്‍ ചെറുത്ത് നില്‍പ്പിന് എന്ത് മാര്‍ഗവും സ്വീകരിക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ട്. ചെറുത്ത് നില്‍പ്പിനെ ക്രൂരമായി അടിച്ചര്‍ത്തുന്ന ഇസ്രായേലിന് തങ്ങള്‍ ‘സ്വയം പ്രതിരോധിക്കുക’ മാത്രമാണ് ചെയ്യുന്നതെന്ന് അവകാശപ്പെടാന്‍ യാതൊരു അര്‍ഹതയുമില്ല.

യാതൊരു വിധത്തിലുള്ള വിചാരണയും കൂടാതെയാണ് യാലോണിന്റെ സൈനികര്‍ മിലിറ്ററി ചെക്‌പോയിന്റുകളില്‍ വെച്ച് ഫലസ്തീന്‍ യുവാക്കളെ പച്ചക്ക് കൊന്ന് തള്ളുന്നത്. ഫലസ്തീനികളെ അറസ്റ്റ് ചെയ്യാനും, അവരെ നിരായുധരാക്കാനും, അവരെ വിചാരണ ചെയ്യാനും തക്കതായ ന്യായങ്ങള്‍ ഇല്ലാത്തത് കൊണ്ട് തന്നെയാണ് അവര്‍ ആദ്യം വെടിവെക്കുന്നത്. ഫലസ്തീനികളെ കൊന്ന് തള്ളുന്നതിന്റെ പേരില്‍ ഒരു ഇസ്രായേല്‍ പട്ടാളക്കാരനും വിചാരണ നേരിടേണ്ടി വരുന്നില്ല. കാരണം ‘സ്വയം പ്രതിരോധത്തിന്റെ’ പേരിലാണ് ഈ അരുംകൊലകള്‍ അരങ്ങേറുന്നത്.

ഇസ്രായേല്‍ അധിനിവേശകരാണ് നമ്മുടെ ഭൂമി കവര്‍ന്നെടുത്തത്, അവര്‍ നമ്മെ നിരന്തരം അപമാനിച്ച് കൊണ്ടിരിക്കുകയാണ്, ഫലസ്തീനികളെ പീഢിപ്പിക്കുകയും, മര്‍ദ്ദിക്കുകയും അവസാനം കൊന്ന് കളയുകയും ചെയ്യുന്നത് അവരാണ്. പക്ഷെ അതിന്റെ പേരില്‍ അവര്‍ ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല, തുടങ്ങിയ വസ്തുതകള്‍ ഓരോ ഫലസ്തീനിയും തങ്ങളുടെ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കുന്നുണ്ട്. ഇതിനെയാണ് ഇസ്രായേലിനെതിരെ തിരിയാന്‍ ഫലസ്തീനികള്‍ അവരുടെ കുട്ടികളെ പ്രേരിപ്പിക്കുകയാണ് എന്ന് സയണിസ്റ്റുകള്‍ പറയുന്നത്. സയണിസ്റ്റ് ഭീകരതയുടെ പുതിയ ഇരയാണ് കഴിഞ്ഞ ശനിയാഴ്ച്ച അധിനിവിഷ്ഠ ജറൂസലേമില്‍ വെച്ച് ഇസ്രായേലി സുരക്ഷാ ഗാര്‍ഡുകള്‍ വെടിവെച്ച് കൊന്ന 13 വയസ്സുകാരിയായ ഫലസ്തീന്‍ പെണ്‍കുട്ടി. തങ്ങള്‍ തന്നെ സൃഷ്ടിച്ച ഇസ്രായേല്‍ എന്ന ഭീകരരാഷ്ട്രത്തിന് കടിഞ്ഞാണിടാന്‍ അന്താരാഷ്ട്രാ സമൂഹം എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എത്ര ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന് കണ്ടറിയുക തന്നെ വേണം.

‘മിഡിലീസ്റ്റിലെ ഏകജനാധിപത്യ രാഷ്ട്രമായ’ ഇസ്രായേലിനെ വിമര്‍ശിക്കാന്‍ സെമിറ്റിക്ക് വിരുദ്ധര്‍ക്ക് മാത്രമേ കഴിയൂ എന്നതാണ് സയണിസ്റ്റുകളുടെ മറ്റൊരു വാദം. ‘സ്വയം പ്രതിരോധത്തിന്റെ’ പേരില്‍ ഫലസ്തീനികളെ കൊന്ന് തള്ളാനുള്ള ഇസ്രായേലിന്റെ ‘അവകാശത്തെ’ ചോദ്യം ചെയ്യുകയും, വിമര്‍ശിക്കുകയും ചെയ്യുന്ന എല്ലാവരെയും സെമിറ്റിക്ക് വിരുദ്ധരായാണ് അവര്‍ ചിത്രീകരിക്കുന്നത്. ഇന്ന് ഇസ്രായേലിന് ഉണ്ടെന്ന് അത് സ്വയം അവകാശപ്പെടുന്ന നിയമസാധുത 1948-ല്‍ ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചത് മുതല്‍ക്ക് നടത്തിയ വരുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങളിലൂടെയാണ് അത് നേടിയെടുത്തത്. സ്റ്റേണ്‍ ഗ്യാങ്, ഇര്‍ഗുണ്‍, ഹാഗനാഹ് തുടങ്ങി ഭീകരവാദസംഘങ്ങളുടെ പിന്‍ബലത്തില്‍ കെട്ടിപടുത്ത ഒരു രാഷ്ട്രത്തിന്റെ നിയമസാധുത ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

ആരായാലും, എന്തിന്റെ പേരിലായാലും പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നത് ഗുരുതരമായ തെറ്റുതന്നെയാണ്. ഇസ്രായേലിന്റെ അയല്‍രാജ്യങ്ങളായ സിറിയയിലും ഇറാഖിലുമുള്ള ഭീകരര്‍ക്കെതിരെ ലോകം എത്രപെട്ടന്നാണ് ഒന്നിച്ചത്. ഇസ്രായേലി യൂണിഫോമണിഞ്ഞ ഭീകരര്‍ക്കെതിരെയും ലോകം ഒന്നിക്കേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശം ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്കുമുണ്ട്. ഇസ്രായേലിന്റെ ‘സുരക്ഷാ പരിഗണനകളേക്കാള്‍’ പവിത്രത ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ ജീവന് തന്നെയാണ്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles