Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ ഉറക്കം കെടുത്തുന്ന ജൂതരാഷ്ട്ര ബില്‍

jewish.jpg

ജൂതമത വിശ്വാസികളുടെ ദേശീയ രാഷ്ട്രമായി ഇസ്രയേലിനെ നിര്‍വചിക്കുന്ന ബില്‍ വളരെ ധൃതിപ്പെട്ട് ഇസ്രയേല്‍ പാസ്സാക്കിയിരിക്കുകയാണ്. ജൂതസ്വത്വത്തിനും ഇസ്രയേലിനുമിടയിലുള്ള ബന്ധത്തിന് ആ രാഷ്ട്ര സ്ഥാപനത്തോളം പഴക്കമുണ്ടെങ്കിലും അവിടെ ജീവിക്കുന്ന രണ്ട് ദശലക്ഷത്തോളം വരുന്ന അറബ് സമൂഹങ്ങള്‍ക്ക് നേരെയുള്ള കടുത്ത വിവേചനം അടങ്ങിയതാണ് പുതിയ നിയമം. വര്‍ഷങ്ങളായി ഇസ്രയേല്‍ രാഷ്ട്രീയ രംഗത്ത് പിടിമുറുക്കിയിട്ടുള്ള തീവ്രവലതുപക്ഷ സയണിസ്റ്റ് കക്ഷികള്‍ ഏറ്റവും അവസാനമായി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്ന ഒന്നാണ് ‘ജൂതരാഷ്ട്ര ബില്‍’. ഇസ്രയേലിലെ ഇടതുപക്ഷം അപ്രസക്തമായി പോവുകയോ അവര്‍ വലതുപക്ഷത്തേക്ക് നീങ്ങുകയോ ചെയ്ത് രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ വലതുപക്ഷക്കാര്‍ക്ക് ആധിപത്യം ലഭിച്ചിരിക്കുകയാണിപ്പോള്‍.

കൃത്യമായി പറഞ്ഞാല്‍ ഇസ്രയേലില്‍ ശരിയായ ജനാധിപത്യം നിലനില്‍ക്കുന്നില്ല, അല്ലെങ്കില്‍ ജൂതന്‍മാര്‍ക്ക് മാത്രമുള്ള ജനാധിപത്യമാണ് നിലനില്‍ക്കുന്നത്. എങ്കില്‍ പോലും മിഡിലീസ്റ്റിലെ ഏക ജനാധിപത്യ രാഷ്ട്രം തങ്ങളാണെന്നാണ് പതിറ്റാണ്ടുകളായി അവര്‍ വാദിക്കുന്നത്. വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും അപ്പുറം മെച്ചപ്പെട്ട ഒരു രാഷ്ട്രീയ ഘടനയോ, വംശവും ജാതിയും മതവും പരിഗണിക്കാതെ മുഴുവന്‍ പൗരന്‍മാരെയും പ്രതിനിധീകരിക്കുന്ന ഒരു സംവിധാനമോ അല്ല അവിടെ നിലനില്‍ക്കുന്നത്. പലപ്പോഴും അറബ് ഫലസ്തീനികള്‍  അവര്‍ മുസ്‌ലിംകളോ ക്രിസ്ത്യാനികളോ ആവാം  എന്നൊരു വിഭാഗം ഇല്ലെന്ന തരത്തിലാണ് ഇസ്രയേല്‍ പെരുമാറുന്നത്. അവര്‍ ഇസ്രയേല്‍ പൗരന്‍മാരാണെങ്കിലും അധിനിവിഷ്ട കിഴക്കന്‍ ഖുദ്‌സിലെയും വെസ്റ്റ്ബാങ്കിലെയും ഉപരോധിക്കപ്പെട്ട ഗസ്സയിലെയും ഫലസ്തീനികളാണെങ്കിലും ഇസ്രയേല്‍ രാഷ്ട്രീയ സംവിധാനത്തിന്റെ കണ്ണില്‍ പെടാത്തവരാണവര്‍.

ഇസ്രയേലി അറബികള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിന് ചെറിയ തോതില്‍ അവകാശങ്ങള്‍ ലഭ്യമാവുന്നുണ്ടെങ്കിലും  യഥാര്‍ഥത്തില്‍ ഇസ്രയേല്‍ തങ്ങളുടെ ജനാധിപത്യത്തിന്റെ തെളിവായി ഇവരെയാണ് എടുത്തുകാണിക്കുന്നത്  ദശലക്ഷക്കണക്കിന് അധിനിവേശത്തിനിരയാക്കപ്പെട്ട ഫലസ്തീനികള്‍ ഈ സംവിധാനത്തിന് പുറത്താണ്. യുദ്ധനിയമങ്ങളും സൈനിക കോടതികള്‍ നിര്‍ണയിച്ച് അധിനിവേശ സൈനികര്‍ നടപ്പാക്കുന്ന നിര്‍ദേശങ്ങളും മാത്രമാണ് അവര്‍ക്ക് മേല്‍ ആകെയുള്ള ഭരണം.

ഇസ്രയേല്‍ ജനസംഖ്യയുടെ അഞ്ചിലൊന്ന്  തദ്ദേശീയരായ ഫലസ്തീനികള്‍ ഒരു കൂട്ടം വിവേചന നയങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നവരാണ്. അവരുടെ മൗലികവും മാനുഷികവുമായ അവകാശങ്ങളെ ഇല്ലാതാക്കുന്നവയാണവ. ഫലസ്തീനികള്‍ക്ക് നേരെ വിവേചനവും അതേസമയം ജൂതന്‍മാര്‍ക്ക് സവിശേഷ അധികാരം നല്‍കുന്നതുമായ പുതിയതും നെസറ്റില്‍ സമര്‍പിക്കപ്പെട്ടതുമായ ബില്ലുകളുടെ ഒരു ഡാറ്റാബേസ് ഇസ്രയേലിലെ അറബ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമവേദിയായ ‘അദാല’ തയ്യാറാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി ബില്ലുകളാണുള്ളത്. ആ വിവേചനത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് അല്‍ജസീറയില്‍ ജൊനാഥന്‍ കുക് വിശദീകരിച്ചിട്ടുണ്ട്. ജൂതരാഷ്ട്ര ബില്‍ നിയമമായി പ്രാബല്യത്തില്‍ വന്നാല്‍ അതിലെ വ്യവസ്ഥ പ്രകാരം അറബി ഭാഷയുടെ ഔദ്യോഗിക ഭാഷയെന്ന പദവി ഇല്ലാതാക്കപ്പെടും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു 60 ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പറഞ്ഞ പ്രസ്തുത ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്രയേല്‍ ഭൂപ്രദേശമായി അവര്‍ എണ്ണുന്ന പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ താമസിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും.

യഥാര്‍ത്ഥത്തില്‍ ഇതൊരു പുതിയ കാര്യമൊന്നുമല്ല. ജന്മസ്ഥലമോ നിലവില്‍ വസിക്കുന്ന നാടോ പരിഗണിക്കാതെ ജൂതന്‍മാര്‍ക്കുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍ ഇസ്രേയല്‍ സ്ഥാപിക്കപ്പെട്ടത് തന്നെ ഫലസ്തീനെ തകര്‍ത്തും അവിടത്തുകാരെ വംശീയ ഉന്മൂലനത്തിന് വിധേയരാക്കിയിട്ടുമാണ്. 1948ല്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് മേല്‍ സംഭവിച്ച ആ ദുരന്തത്തിന്റെ (നക്ബ) പിടിയില്‍ തന്നെയാണ് ഇന്നും ഫലസ്തീനികള്‍ ഉള്ളത്. അന്ന് അഞ്ഞൂറില്‍ പരം ഫലസ്തീന്‍ നഗരങ്ങളും ഗ്രാമങ്ങളും തകര്‍ത്തെറിഞ്ഞ്, ആ രാജ്യത്തിന്റെ അറബ് മുസ്‌ലിം ക്രിസ്ത്യന്‍ സ്വത്വം തുടച്ചുനീക്കിയാണ് ജൂതസ്വത്വം പകരം വെച്ചത്.

നിര്‍ദ്ദിഷ്ട നിയമവും അത്തരത്തിലുള്ള നിരവധി ശ്രങ്ങള്‍ അടങ്ങിയതാണ്. ഫലസ്തീനികളെ അരികുവല്‍കരിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായിട്ടാണവര്‍ ‘ജനാധിപത്യ’ത്തെ ഉപയോഗിക്കുന്നത്. ഇസ്രയേലിന് ഇതുവരെ ഒരു ഭരണഘടന ഉണ്ടായിട്ടില്ല. പകരം അവര്‍ക്കുള്ളത് ഒരു കൂട്ടം അടിസ്ഥാന നിയമങ്ങള്‍ മാത്രമാണ്. ഭരണഘടന പോലുള്ള രേഖയാവുമ്പോള്‍ അതില്‍ അതിര്‍ത്തികളെ കുറിച്ച് കൃത്യമായി നിര്‍വചിക്കേണ്ടത് അനിവാര്യമായതിനാല്‍ അത് വേണ്ടെന്നു വെക്കുകയാണവര്‍ ചെയ്തിരിക്കുന്നത്. ജന്മം കൊണ്ടത് മുതല്‍ നിരന്തരം വിപുലീകരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രമെന്ന നിലയില്‍ ഇസ്രയേല്‍ അതിര്‍ത്തിയെ സംബന്ധിച്ച ചോദ്യം മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

ഇസ്രയേലിന്റെ നിയമത്തില്‍ തന്നെ അതിനെ ഒരു ജൂതരാഷ്ട്രമായിട്ടാണ് നിര്‍വചിക്കുന്നത്. കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ മാറിമാറി വന്ന വലതും ഇടതും മധ്യമവുമായ സര്‍ക്കാറുകളെല്ലാം അറബ് ഫലസ്തീനികള്‍ക്ക് നേരെയുള്ള വിവേചനത്തിന് അത്തരം നിര്‍വചനങ്ങളെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അവര്‍ക്ക് വിലക്കാണ്. അവര്‍ ഒരു സമൂഹമായി ജീവിക്കുന്നതും ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയമായി സംഘടിക്കുന്നതും ഇസ്രയേലിന്റെ ജൂതസ്വത്വത്തിന് വെല്ലുവിളിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിന് വിരുദ്ധമായി നിലകൊള്ളുന്നവരെ ദേശദ്രോഹികളായിട്ടാണ് പരിഗണിക്കുക. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ മൂന്നാം കിട പൗരന്‍മാരായിട്ടാണ് അറബ് ഫലസ്തീന്‍ പൗരന്‍മാരെ കാണുന്നത്.

എന്തൊക്കെയാണെങ്കിലും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസ്രയേല്‍ വലതുപക്ഷ കക്ഷികള്‍ക്കും തീവ്രദേശീയവാദികള്‍ക്കും ഉണ്ടായിട്ടുള്ള വളര്‍ച്ച ഫലസ്തീന്‍ സമൂഹങ്ങള്‍ക്ക് നേരെയുള്ള വിവേചനത്തിന്റെ തോത് വളരെയേറെ വര്‍ധിച്ചിരിക്കുകയാണ്. ഭൂരിപക്ഷാഭിപ്രായത്തിന് എതിര് നില്‍ക്കുന്ന അംഗങ്ങളെ പുറത്താക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കുന്ന ബില്ലിനെ അനുകൂലിച്ച് കഴിഞ്ഞ ജൂലൈയില്‍ ഇസ്രയേല്‍ പാര്‍ലെന്റിലെ ഭൂരിഭാഗം മെമ്പര്‍മാരും വോട്ട് ചെയ്യുകയുണ്ടായി.

ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാനമായ വോട്ട് ചെയ്യാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള മൗലികാവകാശത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാണ് ഈ ബില്ലെന്ന് ‘അദാല’ അന്ന് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറഞ്ഞിരുന്നു. മുന്‍ നിയമങ്ങളെ പോലെ ഇസ്രയേലികളായ ജൂത ഭൂരിപക്ഷം നിര്‍ണയിച്ചു കൊടുക്കുന്ന അതിരുകള്‍ ലംഘിക്കാന്‍ ധൈര്യപ്പെടുന്ന അറബികളായ നെസറ്റ് അംഗങ്ങളെ പുറത്താക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ‘പുറത്താക്കല്‍ നിയമം’. ഫലസ്തീനികളായ അറബികളെ നിശബ്ദരാക്കുകയാണ് അതിലൂടെ ചെയ്യുന്നത്.

ചിലര്‍ക്കെങ്കിലും ഇതൊരു മതവിഷയമാണെങ്കിലും, ഇസ്രയേല്‍ രാഷ്ട്രത്തിന്റെ ജൂതസ്വത്വത്തിന് ലഭിക്കുന്ന പ്രാമുഖ്യം, ഒരിക്കലും ഒരു മതവിഷയമായിരുന്നില്ല, മറിച്ച് വെറുമൊരു വര്‍ഗ-വംശീയ വിഷയം മാത്രമായിരുന്നു. സയണിസത്തിന്റെ പിതാവായ തിയോഡര്‍ ഹെല്‍സലും ഇസ്രയേലിന്റെ സ്ഥാപക പിതാവായി അറിയപ്പെടുന്ന ബെന്‍ ഗോറിയോനും കടുത്ത നിരീശ്വരവാദികളായിരുന്നു എന്നതാണ് വസ്തുത. അവരെ പോലെ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളായ മറ്റുള്ളവരും ജൂതമതത്തെ കണ്ടിട്ടുള്ളത് ലോകത്തുള്ള ജൂതസമൂഹങ്ങളെ ഒരുമിച്ചു കൂട്ടി ‘മാതൃരാജ്യത്തേക്ക്’ മടക്കികൊണ്ടു വരുന്നതിനുള്ള കുറുക്കുവഴി മാത്രമായാണ്. അന്നത്തെയോ ഇന്നത്തെയോ മറ്റേതൊരു ജൂത രാഷ്ട്രീയ നേതാവിനേക്കാളുമധികം, ബൈബിള്‍ ഉദ്ധരണികള്‍ തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും ബെന്‍ ഗൂരിയോണ്‍ ഉപയോഗിക്കുമായിരുന്നുവെങ്കിലും, അവസാന കാലങ്ങളില്‍ പോലും പാരമ്പര്യ ജൂതമതത്തോട് അദ്ദേഹത്തിന് വലിയ മമതയൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ഡേവിഡ് ഹ്യൂം നിരീക്ഷിക്കുന്നത്.

ഇസ്രയേലിന്റെ ഫലസ്തീനികള്‍ക്കെതിരെയുള്ള സമീപനത്തില്‍ വംശീയവും മതപരവുമായ ഈ വേര്‍തിരിവ് ഇപ്പോഴും തുടരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മതത്തെ ഉപയോഗപ്പെടുത്തുന്ന ബെന്‍ ഗോറിയോന്റെ ദേശീയ സയണിസത്തിന്റെ സ്ഥാനത്ത് തീര്‍ത്തും മതപരമായ സയണിസത്തിന്റെ പുതിയ വിത്തുകള്‍ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഫലസ്തീന്‍ അറബികള്‍ക്ക് മേല്‍ പൂര്‍ണ മേധാവിത്വം ഉറപ്പാക്കാനാണ് പുതിയ സയണിസ്റ്റുകള്‍ തീരുമാനിച്ചിരിക്കുന്നത്.

ഫലസ്തീന്‍ ജനതയെ സംബന്ധിച്ച് വളരെ അപകടകരമായ ഒരു നിയമമാണ് പഴയ കരിനിയമങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന പുതിയ ജൂതരാഷ്ട്ര ബില്‍. ഇസ്രയേലിന്റെ ജൂതസ്വത്വത്തിന് അടിവരയിടുന്ന നിയമം ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരികുവല്‍കരിക്കുകയാണ് ചെയ്യുക. ഇസ്രയേലിന്റെ വംശീയതക്ക് ഔദ്യോഗിക മുഖം നല്‍കുകയും വംശീയവിവേചനത്തെ ശക്തിപ്പെടുത്തുകയുമാണത് ചെയ്യുക.

എല്ലാ പൗരന്‍മാര്‍ക്കും തുല്ല്യാവകാശം എന്നതിനും ഈ ബില്ലിനും ഇടയില്‍ വൈര്യദ്ധ്യമൊന്നുമില്ലെന്ന് നെതന്യാഹു ആവര്‍ത്തിച്ചു പറയുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഇസ്രയേല്‍ രാഷ്ട്രത്തിന്റെ വിചിത്രമായ ജനാധിപത്യ വാദങ്ങളെയോ, വംശീയ വിവേചനവും ജനാധിപത്യവും ഒന്നിപ്പിക്കാനുള്ള അവിശ്രമ പ്രയത്‌നങ്ങളെയോ, അവരുടെ അമേരിക്കന്‍-യൂറോപ്യന്‍ കൂട്ടുകാര്‍ വിമര്‍ശിക്കുന്നത് നാം ഒരിക്കലും കാണുന്നില്ല. മറുവശത്ത്, വംശീയതയുടെ നൊമ്പരങ്ങള്‍ എന്നത്തേക്കാളും കൂടുതലായി ഏറ്റുവാങ്ങുകയാണ് ഫലസ്തീന്‍ ജനത. ഇസ്രയേല്‍ രാഷ്ട്രത്തിന്റെ ജൂത സ്വപ്‌നങ്ങള്‍ അവരുടെ ഉറക്കം കെടുത്തുകയും ജീവിതം തകര്‍ക്കുകയും ചെയ്യുന്ന പേടിസ്വപ്‌നമായി മാറിയിരിക്കുന്നു.

വിവ: നസീഫ്‌

Related Articles