Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ ഒന്നിക്കുന്നതില്‍ അസ്വസ്ഥപ്പെടുന്നതെന്തിന്?

പരസ്പരം ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് 2007-ല്‍ രണ്ട് ഭരണകൂടങ്ങളായി വേര്‍പിരിഞ്ഞ ഹമാസും ഫതഹും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് ആഴ്ച്ചക്കുള്ളില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്‌ലാമിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷവാര്‍ത്തയാണ്. എന്നാല്‍ ഇസ്രയേലിനും അമേരിക്കക്കും ഇത് തീരെ രസിച്ചിട്ടില്ല. ഇസ്രയേലില്‍ നിന്ന് ഫലസ്തീന്‍ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹമാസുമായി ഫതഹ് കൈകോര്‍ക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ താല്‍പര്യങ്ങളാണെന്ന് അധിനിവേശ ശക്തികള്‍ക്ക് നല്ല ബോധ്യമുണ്ട്.

ഫതഹും ഹമാസും ഒന്നിക്കാനുള്ള തീരുമാനം അമേരിക്കയെ നിരാശയിലാക്കിയിരിക്കുകയാണ്. മേഖലയില്‍ തങ്ങള്‍ നടത്തിയ സമാധാന ശ്രമങ്ങളെ ഇത് ബാധിക്കുമെന്നാണ് അതിന് ന്യായം. കഴിഞ്ഞ ജൂലൈയില്‍ അമേരിക്കയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച സമാധാന ചര്‍ച്ചകള്‍ക്ക് നിശ്ചയിച്ചിരുന്ന കാലാവാധി ഈ മാസം അവസാനിക്കാനിരിക്കുകയാണ്. കഴിഞ്ഞ ഒമ്പതു മാസത്തോളം നടന്ന ചര്‍ച്ചകള്‍ എവിടെയാണ് എത്തിനില്‍ക്കുന്നത്? ഇസ്രയേലിന്റെ ആവശ്യങ്ങള്‍ അപ്പാടെ അംഗീകരിക്കുന്നതിന് ഫലസ്തീനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ചര്‍ച്ചകളാണ് ഇതുവരെ നടന്നിട്ടുള്ളതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നിര്‍ദേശിച്ച കാലാവധി അടുത്തിരിക്കെ അത് പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാക്കില്ലെന്നതും വ്യക്തമായിരിക്കുകയാണ്. പിന്നെ എന്ത് ‘സമാധാന ശ്രമങ്ങളാണ്’ തകരാന്‍ പോകുന്നത്… ഫലസ്തീന്‍ വിഷയത്തില്‍ വളരെയധികം അവഹേളിക്കപ്പെട്ട ഒരു പദമാണ് ‘സമാധാന ശ്രമങ്ങള്‍’ എന്നത്. ഇസ്രയേലിനും ഫലസ്തീനും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1993-ല്‍ ഒപ്പുവെച്ച ഓസ്‌ലോ കരാറിനെ തുടര്‍ന്നാണ് ആ പ്രയോഗം വ്യാപകമായത്. കരാര്‍ ഒപ്പുവെച്ചിട്ട് ഇരുപതിലേറെ വര്‍ഷം പിന്നിട്ടിട്ടും അതിന്റെ യാതൊരു ഫലവും ഫലസ്തീനികള്‍ക്ക് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇസ്രയേലുമായി ഉണ്ടാക്കുന്ന ഏത് കരാറിലും ഇതിലപ്പുറം പ്രതീക്ഷിക്കാന്‍ എന്ത് ന്യായമുണ്ട്?

സമാധാന ശ്രമങ്ങള്‍ തകരും എന്ന് പറയുന്നതിന് പകരം ഇസ്രയേല്‍ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടും എന്ന് പറയുന്നതാണ് ശരി. ഇസ്രയേല്‍ അധിനിവേശത്തില്‍ നിന്നും ഫല്‌സതീന്‍ മണ്ണിനെ മോചിപ്പിച്ച് 1948-ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് മടക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുമായിട്ടാണ് ഫതഹ് പാര്‍ട്ടി കൈകോര്‍ത്തിരിക്കുന്നത്. തങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഒരു ഫലസ്തീന്‍ ഭരണകൂടത്തെ ഇനി അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ട് ഇസ്രയേലിന് വേണ്ടി ‘സമാധാന ശ്രമ’ങ്ങള്‍ നടത്തിയിരുന്ന അമേരിക്കക്കും ഇതില്‍ അതൃപ്തിയുണ്ടാവുക സ്വാഭാവികം. ഒന്നിക്കാനുള്ള നീക്കം ഫലസ്തീന്‍ വിമോചനത്തിന് ഒരു പുതുജീവന്‍ നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Related Articles