Current Date

Search
Close this search box.
Search
Close this search box.

പ്രായോഗികതയില്‍ തട്ടിമറിഞ്ഞ മദ്യനയം

വളരെയധികം കൊട്ടിഘോഷിച്ച ഒന്നായിരുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം. പത്തുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നൊക്കെ പ്രസ്താവനയിറക്കിയപ്പോള്‍ അത് സാധ്യമാകട്ടെ എന്നു പ്രാര്‍ഥിച്ചവരായിരുന്നു കേരളീയ ജനതയുടെ ബഹുഭൂരിപക്ഷവും. എന്നാല്‍ തീരുമാനമെടുത്തവര്‍ തന്നെ മദ്യനയത്തെ അട്ടിമറിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി പാളയത്തില്‍ നിന്നു തന്നെ ശബ്ദമുയര്‍ന്നിരിക്കുന്നു. ലഹരിമുക്ത കേരളത്തിനായി നടത്തിയ ജനപക്ഷ യാത്രയുടെ ആയുസ്സ് മാത്രമേ മദ്യനയത്തിനും ഉണ്ടായിരുന്നുള്ളൂ എന്ന് ജനങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ബഹുഭൂരിപക്ഷവും മദ്യനയത്തെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോള്‍ തന്നെ അതിന്റെ അപ്രായോഗികതകള്‍ പറഞ്ഞ് എതിര്‍ക്കുന്നവരും രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തിന്റെ നികുതിവരവിനെ ബാധിക്കുമെന്നും ടൂറിസ്റ്റുകളുടെ വരവ് കുറയുമെന്നൊക്കെയായിരുന്നു അന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സര്‍ക്കാറിനുള്ളില്‍ നിന്നു തന്നെയായിരുന്നു ഇത്തരത്തിലുള്ള എതിര്‍ ശബ്ദങ്ങളെന്നതും ശ്രദ്ധേയമാണ്.

മദ്യനിരോധനം സമൂഹത്തിനുണ്ടാക്കുന്ന ഫലങ്ങളെ കുറിച്ച് അവരാരും ചര്‍ച്ച ചെയ്യുന്നില്ല. 418 ബാറുകള്‍ അടച്ചതിനു ശേഷം സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ് പുതിയ തീരുമാനമെന്ന് മദ്യനിരോധനത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കുക എന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് പോലും വിരുദ്ധമാണ്. അടച്ച 418 ബാറുകള്‍ക്ക് ബിയര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം സമൂഹത്തോട് ചെയ്യുന്ന കടുത്ത ദ്രോഹമായിരിക്കും. യുവതലമുറയെ മദ്യപാനത്തിലേക്ക് തള്ളിവിടുക എന്ന ദൗത്യമായിരിക്കും അവ നിര്‍വഹിക്കുക.

നേരത്തെ സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ത്തവര്‍ ഉന്നയിച്ചിരിക്കുന്ന കാരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി ഏറ്റെടുത്തിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നത്. എപ്പോഴും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നും ഭരിക്കുമ്പോള്‍ ഇങ്ങനെ ചില പ്രായോഗിക തീരുമാനങ്ങളും എടുക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സര്‍ക്കാറിന്റെ മദ്യനയത്തെ അഭിനന്ദിച്ചപ്പോള്‍ തന്നെ പല സംഘടനകളും ആവശ്യപ്പെട്ടിരുന്ന ഒന്നാണ് ഈ നയം നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നുള്ളത്. ‘പ്രായോഗികത’യുടെ പേരു പറഞ്ഞ് ആ ഇച്ഛാശക്തി തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. നാട്ടിലെ അധര്‍മങ്ങള്‍ക്കും തിന്മക്കും എതിരെ നടപടിയെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ സര്‍ക്കാറിന് എന്ത് പ്രസക്തിയാണുള്ളത്? നാട്ടില്‍ കള്ളന്‍മാരും പിടിച്ചു പറക്കാരും പെരുകുന്ന ഒരു സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് അവര്‍ക്ക് വഴങ്ങി കൊടുക്കലാണോ സര്‍ക്കാറിന്റെ കടമ? മദ്യപാനം കൊണ്ട് ദുരിതം പേറുന്ന ഒരു സമൂഹത്തെ അതില്‍ നിന്ന് രക്ഷിക്കുക എന്ന ധാര്‍മിക ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്ന ബോധ്യത്തോടെ മുമ്പ് പ്രഖ്യാപിച്ച മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ട് പോകാനുള്ള ഇച്ഛാശക്തിയാണ് ഭരിക്കുന്നവര്‍ക്ക് ആവശ്യം.

ജനഹിതമാണിവിടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ പരമാധികാരം ജനങ്ങള്‍ക്കാണെന്നും അവരുടെ ഹിതമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കേണ്ടതെന്നുമാണ് വെപ്പ്. എന്നാല്‍ പലപ്പോഴും സര്‍ക്കാറുകളെ നിയന്ത്രിക്കുന്നത് അബ്കാരികളും മാഫിയകളുമാണ്. മണല്‍ മാഫിയകളും ക്വാറിമുതലാളിമാരും പരിസ്ഥിതി നയം തീരുമാനിക്കുന്ന നാട്ടില്‍ അബ്കാരി മുതലാളിമാര്‍ മദ്യനയവും തീരുമാനിക്കുന്നു. ഭരണകൂടങ്ങളുടെ അജണ്ടകള്‍ തീരുമാനിക്കുന്നത് ബാഹ്യശക്തികളാണെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകള്‍ ഇത് എത്രത്തോളം ശക്തമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാഫിയകളുടെ അച്ചാരം വാങ്ങി അവര്‍ക്ക് വിടുവേല ചെയ്യുന്ന ഭരണാധികാരികളെ തിരുത്താന്‍ ജനങ്ങളും തയ്യാറാവണം.

Related Articles