Current Date

Search
Close this search box.
Search
Close this search box.

പ്രാക്യത വല്‍ക്കരണത്തിലെ ആത്മരതി

കേരളത്തില്‍ വിവാദങ്ങള്‍ക്കെന്നും പതിനാറാണ്. അറബിക്കല്യാണം മുതല്‍ വിവാഹ പ്രായം വരെയാണ് കഴിഞ്ഞ വാരങ്ങളില്‍ കത്തിപ്പടര്‍ന്നത്. ചാനലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കിലുമായി നിറഞ്ഞു തുളുമ്പിയ സംവാദങ്ങള്‍  സംഗ്രഹിച്ചാല്‍, നന്മയുള്ളവര്‍ പറഞ്ഞ് വെച്ചത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന്, വധുവിന്റെ സമ്മതമില്ലാത്ത അന്യായങ്ങള്‍ അറബിത്തട്ടമിട്ടത് കൊണ്ട് ന്യായമായി മാറില്ല. രണ്ട്, പാഠ പുസ്തകം വലിച്ചെറിഞ്ഞ് പതിനാറില്‍ തന്നെ വിവാഹത്തിന് പന്തലിടേണ്ടതില്ല. ക്രിയാത്മകമായ ഈ അഭിപ്രായ പ്രകടനങ്ങളില്‍ മതങ്ങള്‍ക്കപ്പുറത്ത് മനുഷ്യനന്മയാഗ്രഹിക്കുന്ന മലയാളിയുടെ മനസാക്ഷി പ്രകടമായിരുന്നു. പക്ഷേ പൊതുനന്മ ലക്ഷ്യം വെച്ചുള്ള ഈ രണ്ട് ജാഗ്രതകള്‍ മാത്രമാണോ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ വാദ കോലാഹലങ്ങളിലെന്ന് ചികഞ്ഞു നോക്കുക. അത്ര നിര്‍ദോഷമല്ലാത്ത ചിലത് കൂടി തെളിഞ്ഞു കാണാം. അപകടകരമായ കുറെ സാമാന്യവല്‍ക്കരണങ്ങളും നമ്മുടെ പൊതുബോധത്തിലെ ചില വ്യാജ സായൂജ്യങ്ങളും.

വിവാഹ പ്രായ വിഷയത്തില്‍ സമുദായ സംഘടനാ നേതാക്കള്‍ നടത്തിയ പത്ര സമ്മേളനത്തിന്റെ ചുവടു പിടിച്ചാണ് ചര്‍ച്ചകള്‍ സജീവമായത്. വിഷയത്തിന്റെ സത്യസന്ധമായ അവലോകനങ്ങളും നിരൂപണങ്ങളും ചിലയിടങ്ങളില്‍ നടന്നു. എന്നാല്‍ പതിവു പോലെ ഇത്തവണയും എഴുതാപ്പുറം വായിച്ച് പുരോഗമനത്തിന്റെ മേല്‍ത്തട്ടില്‍ കയറി നില്‍ക്കാനും മറ്റുള്ളവരെ അപരിഷ്‌ക്യതത്വത്തിന്റെ കീഴ്ത്തട്ടില്‍ ചവിട്ടിത്തേക്കാനുമായിരുന്നു ചില സ്യൂഡോ സെക്യുലറിസ്റ്റുകളുടെ വ്യഗ്രത. ഇളം പ്രായത്തിലുള്ള  പെണ്‍ മേനിക്ക് വലയെറിയുന്ന കാമക്കൊതിയനായ വ്യദ്ധന്റെ രൂപകം സ്യഷ്ടിച്ച് അതിനെ ഒരു സമൂഹത്തിന്റെ രേഖാചിത്രമായിത്തന്നെ വരച്ചെടുക്കാനായിരുന്നു  ശ്രമം. ഇത് മുസ് ലിം സമുദായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പുത്തരി പ്രയോഗമല്ല. രതിയെ മതപരിസരവുമായി ബന്ധിപ്പിക്കാന്‍ ഒരുക്കിവെച്ച കപട ലൈംഗികതയുടെ സ്റ്റിക്കറാണ് വിവാദങ്ങള്‍ക്കിടയിലൂടെ ഒരു മതസമൂഹത്തിന്റെ നെറ്റിയിലൊട്ടിക്കാന്‍ ശ്രമിച്ചു നോക്കിയത്. ഇതിനായി, വിവാഹ പ്രായം വിഷയമാക്കി എഴുതിയ ലേഖനങ്ങളുടെ തലക്കെട്ടുകളിലും വാക്യങ്ങളിലൊളിപ്പിച്ച ദ്വയാര്‍ഥ സൂചകങ്ങളിലും ലൈംഗിക ദാഹമുള്ള ഒരു ആള്‍ക്കൂട്ടത്തെ ഇവര്‍ സമര്‍ഥമായി ബിംബവല്‍ക്കരിച്ചു. ഒട്ടേറെ സാമൂഹിക മാനങ്ങളുള്ള ഒരു വിഷയത്തില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിലെ പ്രധാന സംഘടനകളുടെ നേതാക്കളെടുത്ത ഒരു തീരുമാനത്തിന്റെ തീര്‍ത്തും വിലക്ഷണമായ വായനയായിരുന്നു ഇത്. കെട്ടിച്ചമച്ച മുന്‍ വിധികള്‍ കൊണ്ട് മുഴുവന്‍ സമുദായ നേത്യത്വത്തെയും അത് വഴി ഒരു സമൂഹത്തെ തന്നെയും പ്രാക്യത വല്‍ക്കരിക്കുന്നതിലുള്ള ആത്മരതിയാണ് ഇവര്‍ പ്രകടമാക്കിയത്.

ഏത് സമുദായത്തിന്റെയും കൂട്ടായ്മയുടെയും തീരുമാനങ്ങളെ നിരൂപണം നടത്താനും ചോദ്യം ചെയ്യാനും ജനാധിപത്യ മത നിരപേക്ഷ കേരളത്തില്‍ ആര്‍ക്കും അവകാശമുണ്ട്. ക്രിയാത്മക വിമര്‍ശനങ്ങള്‍ക്കതീതമല്ല ഒരു സമുദായവും അതിന്റെ നേത്യത്വവും. ആ നിലക്ക് മത സംഘടനാ നേതാക്കളെടുത്ത തീരുമാനത്തിന്റെ ഗുണദോഷ വിചാരങ്ങളും തീര്‍ച്ചയായും നടക്കേണ്ടത് തന്നെയായിരുന്നു. എന്നാല്‍ സംഘടനകളുടെത്  തെറ്റായ തീരുമാനമെങ്കില്‍ നേര്‍ക്ക് നേരെ ന്യായങ്ങള്‍ നിരത്തി അതിനെ വിചാരണ ചെയ്യുന്നതിന് പകരം ഇളം മാംസത്തിനോടുള്ള ആര്‍ത്തിയും വ്യദ്ധ കാമനയുമൊക്കെയായി കാര്യങ്ങളെ വക്രീകരിക്കുവാനായിരുന്നു ചില സ്ഥിരം വേഷങ്ങളുടെ ഔല്‍സുക്യം.  പാഠം ഒന്ന് വിലാപം സ്‌റ്റൈല്‍ സമുദായ വിചാരണ പഴഞ്ചനാണെന്ന് മാത്രമല്ല സത്യവിരുദ്ധവുമാണ്. മാറിപ്പോയ കാലത്ത് ഇത് വിരോധാഭാസം മാത്രമല്ല, ഒരു സമൂഹത്തെ അപരവല്‍ക്കരിക്കാനുള്ള ചിലരുടെ ഒളിയജണ്ട തന്നെയാണ്.പതിനെട്ടും ഇരുപതുമൊക്കെ ചാടിക്കടന്ന് നവതലമുറയിലെ പെണ്‍കുട്ടികള്‍ പഠിച്ച് റാങ്കുകള്‍ നേടിയപ്പോള്‍ അത് കോപ്പിയടിച്ചിട്ടായിരിക്കുമെന്ന പഴി കേട്ടത് ഈയടുത്താണല്ലോ. പെണ്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സമുദായം ഒരു പാട് മാറി. പക്ഷേ  ഇതൊന്നുമറിഞ്ഞെന്ന് നടിക്കാതെ പുരോഗമന വേഷം കെട്ടിയാടുന്നവര്‍ക്ക് സമുദായത്തെ മുഴുവന്‍ ചര്‍ച്ചകളില്‍  വിദ്യാരഹിത ശൈശ്വ വിവ്ഹാഹക്കോളത്തില്‍  തന്നെ നില നിര്‍ത്തേണ്ടതുണ്ട്.  അതവരുടെ നില നില്‍പിന്റെയും ഉദരപൂരണത്തിന്റെയും മാത്രം ആവശ്യമാണെന്ന് വ്യക്തം. മുസ്‌ലിം സ്ത്രീകളുടെ വേഷം മുതല്‍ കെട്ടു പ്രായം വരെയുള്ള ഏത് ചര്‍ച്ചകളിലും ഇവര്‍ നടത്തുന്ന ഈ പ്രാക്യത വല്‍ക്കരണം ദ്യശ്യമാണ്. പര്‍ദ   പ്രാക്യത വേഷമാണെന്ന് ഒരു ചാനലിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് അടിക്കുറിപ്പ് നല്‍കിയത് ഈയടുത്തായിരുന്നല്ലോ.

വിദ്യാഭ്യാസ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പെണ്‍ തലമുറയുടെ ഉണര്‍വുള്ള വര്‍ത്തമാനത്തെപ്പോലും ഏതോ വിമോചകനെ കാത്തിരിക്കുന്ന വീര്‍പ്പ് മുട്ടലും തട്ടത്തിന്‍ മറയത്ത് അടക്കിപ്പിടിച്ച തേങ്ങലുകളുമായി ചിത്രീകരിക്കാനുള്ള ഇവരുടെ പരിശ്രമങ്ങള്‍ എത്ര പരിഹാസ്യം! ശൈശവ വിവാഹങ്ങളേ നടക്കുന്നുള്ളൂയെന്നും അറബിക്കല്യാണങ്ങള്‍ തുടര്‍ക്കഥയാണെന്നും തോന്നും ഇവരുടെ സാമാന്യവല്‍ക്കരണങ്ങള്‍ കേട്ടാല്‍. അപരിഷ്‌ക്യതത്വമെന്ന മാറാപ്പ് ചാര്‍ത്താനും കാമമോഹിതമെന്ന ചാപ്പ കുത്തി നല്‍കാനും മാത്രമൊന്നുമുണ്ടായിരുന്നില്ല യോഗ തീരുമാനങ്ങളില്‍. കാടടച്ചായിരുന്നു പലരുടെയും ഉണ്ടയില്ലാ വെടികള്‍. തുടര്‍ന്നുണ്ടായ  തെറ്റിദ്ധാരണകള്‍ ബന്ധപ്പെട്ടവരുടെ  വിശദീകരണങ്ങള്‍ കൊണ്ട്  മാറിയതുമില്ല. മാംസദാഹവും പുരുഷ വന്യതയും പോലുള്ള കറുത്ത പൂച്ചകളെ കൂരിരുട്ടില്‍ കണ്ടെത്താനും എന്നിട്ടതിനെ വ്യാജമായി അഭിസംബോധന ചെയ്യാനുമൊക്കെ ശ്രമിച്ച് ചര്‍ച്ചകള്‍ പലതും പതിവ് പോലെ കാട് കയറി. സമുദായ നേതാക്കളിലാര്‍ക്കുമില്ലാത്ത  പിന്തിരിപ്പന്‍ ആശയങ്ങള്‍ അവരുടെ മേല്‍ വലിച്ചു കെട്ടി തിസീസുകളെഴുതിപ്പിടിപ്പിക്കുന്ന സ്ഥിരം വ്യായാമങ്ങള്‍ ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു. എന്തേ ഇങ്ങിനെ വ്യാജ ഏറ്റുമുട്ടലുകള്‍ എന്ന സംശയത്തിന്  ആര്‍ക്കോ എഴുന്നള്ളാന്‍  പരവതാനികള്‍ വിരിച്ചു വെക്കുന്ന കാലമാണിതെന്നാണ് ഉത്തരം. കാടന്‍ വല്‍ക്കരണത്തിന്റെ കാര്‍പെറ്റുകളിലാണല്ലോ വെറുപ്പ് ഉല്‍പാദിപ്പിക്കപ്പെടുന്നത്, മുസാഫറാബാദുകള്‍ ചുട്ടെടുക്കുന്നതും.

Related Articles