Current Date

Search
Close this search box.
Search
Close this search box.

പ്രവാചക സ്‌നേഹത്തില്‍ ആരാണ് നമ്മുടെ മാതൃക?

പ്രവാചക സ്‌നേഹത്തെ കുറിച്ച് മുസ്‌ലിംകളെല്ലാം വാചാലരാകുന്ന മാസമാണ് റബീഉല്‍ അവ്വല്‍. പ്രവാചക ചരിത്രം അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ മഹത്വം മാലോകരെ അറിയിക്കുന്നതിനുമുള്ള സദസ്സുകള്‍ എല്ലായിടത്തും സജീവമാകുന്ന കാലം. നബി(സ)യെ സ്‌നേഹിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യണമെന്നതില്‍ യാതൊരു സംശയവുമില്ല. കാരണം നമ്മുടെ വിശ്വാസത്തിന്റെ പൂര്‍ണതക്ക് അനിവാര്യമായ ഒന്നാണത്. പ്രവാചകനെ സ്‌നേഹിക്കണം എന്നതിലുപരിയായി ഈ ലോകത്ത് ഒരു വിശ്വാസി ഏറ്റവുമധികം സ്‌നേഹിക്കേണ്ടത് അല്ലാഹുവിന്റെ ദൂതനെയായിരിക്കണം എന്നാണ് നമ്മോട് നബി തിരുമേനി(സ) തന്നെ നിര്‍ദേശിച്ചിട്ടുള്ളത്.

സ്വഹാബിമാര്‍ എങ്ങനെയാണ് നബി(സ)യെ സ്‌നേഹിച്ചിരുന്നതെന്ന് ഇസ്‌ലാമിക ചരിത്രം നമ്മോട് പറയുന്നുണ്ട്. തന്റെ ജീവന് പകരം മുഹമ്മദ് നബി(സ)യുടെ ശരീരത്തില്‍ ഒരു മുള്ള് തറക്കുന്നത് പോലും സഹിക്കാന്‍ കഴിയാത്ത സൈദ് ബിന്‍ ദഥ്‌നയുടെ പ്രവാചക സ്‌നേഹം പ്രഭാഷണ സദസ്സുകളെ കോരിത്തരിപ്പിക്കാറുണ്ട്. ഉഹ്ദ് യുദ്ധവേളയില്‍ നബി(സ) കൊല്ലപ്പെട്ടന്ന വാര്‍ത്ത പരന്നു. അത് അന്വേഷിക്കാനായി ഇറങ്ങി തിരിച്ച അന്‍സാരി വനിത തന്റെ ഭര്‍ത്താവും സഹോദരനും രക്തസാക്ഷിയായ വാര്‍ത്തയാണ് അറിയുന്നത്. അപ്പോഴും അവര്‍ അന്വേഷിക്കുന്നത് പ്രവാചകന്‍(സ)ക്ക് എന്തുപറ്റിയെന്നാണ്. പിന്നീട് പ്രവാചകന്‍(സ) നേരില്‍ കാണുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ആശ്വാസമാകുന്നത്. ഇത്തരത്തിലുള്ള പ്രവാചക സ്‌നേഹത്തിന്റെ മാതൃകകള്‍ എത്രയോ കേട്ടവരാണ് നാം. എന്നാല്‍ പ്രവാചകനോടൊപ്പം ജീവിച്ച് തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാത്ത നാമെങ്ങനെ പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കും?

നബി(സ) എന്താണോ കല്‍പിച്ചത് അതിന്റെ അനന്തരഫലമെന്തെന്ന് പോലും ചിന്തിക്കാതെ അനുസരിച്ചായിരുന്നു സഹാബികള്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നതെന്ന് അഹ്‌സാബ് യുദ്ധവേളയിലെ ഹുദൈഫ(റ)ന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അന്ന് വീശിയടിച്ചിരുന്ന ശീതക്കാറ്റില്‍ നിന്ന് രക്ഷയേകുന്ന വസ്ത്രമോ ശത്രുവിനെ പ്രതിരോധിക്കാനാവശ്യമായ ആയുധമോ ഇല്ലാത്ത അവസ്ഥയിലാണ് ഹുദൈഫക്ക് പ്രവാചകന്റെ കല്‍പന കിട്ടുന്നത്. എന്നാല്‍ നബി തിരുമേനിയുടെ കല്‍പനക്ക് മുമ്പില്‍ തന്റെ ജീവനും ആരോഗ്യവുമെല്ലാം നിസ്സാരം എന്ന് മനസ്സിലാക്കിയ ആ സഹാബി അത് നിറവേറ്റാന്‍ പോവുകയാണ് ചെയ്തത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവാചക സ്‌നേഹം നമ്മുടെ ജീവിതത്തില്‍ എത്രത്തോളമുണ്ടെന്ന വിലയിരുത്തിലിന് ഏറെ പ്രസക്തിയുള്ള ഒരു കാലമാണ്. നബി(സ) ഇങ്ങനെ കല്‍പിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ചര്യ ഇതായിരുന്നു എന്നെല്ലാം നാം പറയാറുണ്ട്. അത് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താനുള്ള സന്നദ്ധത നമ്മില്‍ എത്രത്തോളമുണ്ടെന്നതാണ് നമ്മുടെ പ്രവാചക സ്‌നേഹത്തിനെതിരെ നില്‍ക്കുന്ന ഏറ്റവും വലിയ ചോദ്യം. ഖൈബര്‍ യുദ്ധവേളയിലെ കടുത്ത പട്ടിണിയെ അതിജയിക്കാന്‍ തങ്ങള്‍ യാത്രക്കായി കൊണ്ടുവന്ന കഴുതകളെ അറുത്ത് അവയുടെ മാസം വെന്തുകൊണ്ടിരിക്കുമ്പോളാണ് അത് നിഷിദ്ധമാക്കി കൊണ്ടുള്ള കല്‍പന വരുന്നത്. അതില്‍ നിന്ന് ഒരു കഷണം പോലും രുചിച്ചു നോക്കാതെ മറിച്ചു കളയാന്‍ തയ്യാറാവരാണ് സഹാബികള്‍. മദ്യവും പലിശയും ചൂതാട്ടവുമെല്ലാം നിഷിദ്ധമാക്കി കൊണ്ടുള്ള അല്ലാഹുവിന്റെ കല്‍പനകള്‍ ഇറങ്ങിയപ്പോഴും അതിനെ അപ്പടി സ്വീകരിച്ചവരാണ് നമ്മുടെ മാതൃക. അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയ കാര്യങ്ങളോട് നാം എത്രത്തോളം അകലം പാലിക്കുന്നുണ്ടെന്നും അവരുടെ കല്‍പനകള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ളത് ഓരോരുത്തരും സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യമാണ്.

മക്കാ മുശിരിക്കുകള്‍ എങ്ങനെയായിരുന്നു പ്രവാചകന്‍മാരെ സ്‌നേഹിച്ചതെന്നതിന്റെ മാതൃകയും നമ്മുടെ മുന്നിലുണ്ട്. വിഗ്രഹാരാധനയെ ശക്തമായി എതിര്‍ത്ത അവരുടെ വിഗ്രഹങ്ങള്‍ കഅ്ബയില്‍ സ്ഥാപിച്ചായിരുന്നു അവരുടെ സ്‌നേഹ പ്രകടനം. അതായത് മുന്‍ പ്രവാചകന്‍മാരുടെ ഭൗതിക ശേഷിപ്പുകള്‍ ഉണ്ടാക്കി അതിലൂടെ അവര്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചു. മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനായി നിയോഗിതനായപ്പോള്‍ ആ വിഗ്രഹങ്ങളെ നീക്കം ചെയ്താണ് അവരോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. വിശുദ്ധ ഖുര്‍ആന്‍ ഉത്തമ മാതൃകയെന്ന് വിശേഷിപ്പിച്ച അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണോ നമ്മുടെ മാതൃക? അതല്ല മക്കാമുശ്‌രികുകളെയാണോ നാം മാതൃകയാക്കിയിരിക്കുന്നത് എന്ന ആലോചനക്കും ഈ സന്ദര്‍ഭത്തില്‍ പ്രസക്തിയുണ്ട്.

Related Articles