Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനിന്ദയും ആവിഷ്‌കാര സ്വാതന്ത്ര്യവും

ഏതൊരു ആക്രമത്തെയും പോലെ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസികയായ ‘ഷാര്‍ലി എബ്ദോ’ക്ക് നേരെയുണ്ടായ ആക്രമണവും അപകടകരമായ പ്രതിപ്രവര്‍ത്തനങ്ങളുണ്ടാക്കി. കാരണം എല്ലാ ഇസ്‌ലാം-മുസ്‌ലിം വിരോധികള്‍ക്കും തങ്ങളുടെ ഉള്ളിലുള്ള വിഷവും പകയും തുപ്പാനും ദശലക്ഷക്കണക്കിന് യൂറോപ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമണത്തിന് പ്രേരിപ്പിക്കാനുമുള്ള വാതിലുകള്‍ അത് തുറന്നു.

‘നാം ഒരു യുദ്ധത്തെയാണ് അഭിമുഖീകരിക്കുന്നത്’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്റ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആ യുദ്ധത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ‘ഫ്രാന്‍സ് ഭീകരതക്കെതിരെയുള്ള യുദ്ധത്തിലാണ്, ഏതെങ്കിലും മതത്തിനെതിരെയുള്ള യുദ്ധമല്ല’ എന്ന ഫ്രഞ്ച് പ്രധാനമന്ത്രി പറയുമ്പോഴും അതില്‍ ഇസ്‌ലാമിലേക്കുള്ള വ്യംഗ്യമായ ഒരു സൂചനയുണ്ടെന്ന് കാണാം. സെപ്റ്റംബര്‍ 11 ആക്രമണത്തിന് സമാനമായ ആക്രമണമാണ് ഫ്രാന്‍സ് നേരിടുന്നതെന്ന് വരെ ചില ഫ്രഞ്ച് എഴുത്തുകാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ഫ്രാന്‍സില്‍ നടന്നത് കടുത്ത അപരാധം തന്നെയാണ്. അതിനെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള യുദ്ധമാക്കി ചിലര്‍ മാറ്റാന്‍ ശ്രമിക്കുന്നു. അതിന്റെ ഉത്തരവാദിത്വം ഫ്രാന്‍സിലെയും ലോകത്തെയും മുഴുവന്‍ മുസ്‌ലിംകള്‍ക്കും മേല്‍ അവര്‍ കെട്ടിവെക്കുന്നു. അവരുടെ കണക്കില്‍ അതിനെ അപലപിക്കാത്തവും അതിന്റെ പേരില്‍ ക്ഷമാപണം നടത്താത്തവരുമെല്ലാം കുറ്റവാളിയും ഭീകരനുമാണ്.

എന്തുകൊണ്ട് യൂറോപിലെ മുസ്‌ലിംകളായ ഞങ്ങള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നു? ആക്രമണം നടത്തിയവര്‍ക്ക് ഞങ്ങള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. എങ്കിലും ഭീകരതയെ അപലപിക്കുന്ന പ്രകടനങ്ങളില്‍ പങ്കാളികളാകാന്‍ എന്തുകൊണ്ട് ഞങ്ങളോട് ആവശ്യപ്പെടുന്നു? തുല്യ അവകാശമുള്ള പൗരന്‍മാര്‍ എന്ന നിലക്ക് സംശയങ്ങളില്‍ നിന്ന് മോചിതരായി മാന്യമായി ജീവിക്കാന്‍ എന്തുകൊണ്ട് ഇതെല്ലാം ആവശ്യമായി വരുന്നു?

ഞങ്ങള്‍ ഒരിക്കല്‍ കൂടി ചോദിക്കുകയാണ്: അമേരിക്കയുടെ ഇറാഖ് ആക്രമണം ദശലക്ഷം വിധവകളെയും നാല് ദശലക്ഷം അനാഥകളെയുമാണ് സൃഷ്ടിച്ചത്. അതിന്റെ പേരില്‍ 300 ദശലക്ഷം വരുന്ന അമേരിക്കക്കാര്‍ ഓരോരുത്തരും അതിനെ തള്ളിപ്പറയുകയും തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന് വ്യക്തമാക്കുകയും വേണമെന്ന് നാം ആവശ്യപ്പെട്ടിരുന്നോ? വ്യാജവിവരങ്ങളും നീചമായ വളച്ചൊടിക്കലുകളും മാത്രമായിരുന്നല്ലോ ഈ ആക്രമണത്തിന് ന്യായീകരണമായിട്ടുണ്ടായിരുന്നത്.

ഞങ്ങള്‍ ഒരിക്കല്‍ കൂടി ചോദിക്കുന്നു: ലിബിയയിലെ സൈനികരെയും പൗരന്‍മാരെയും ഇല്ലാതാക്കുന്നതിന് ഫ്രഞ്ച് ഭരണകൂടം അവിടേക്ക് വിമാനങ്ങള്‍ അയച്ചില്ലേ, ഇപ്പോള്‍ സിറിയയിലേക്കും ഇറാഖിലേക്കും അയക്കുന്നില്ലേ? അതിന്റെ പേരില്‍ ക്ഷമാപണം നടത്താന്‍ ഫ്രഞ്ച് ജനതയോട് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്താനോ, ‘ഞങ്ങളെല്ലാം ഉമറാണ്’ ‘ഞങ്ങളെല്ലാം ഖാലിദാണ്’ എന്നൊക്കെ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രകടനം നടത്താന്‍ ആവശ്യപ്പെട്ടിരുന്നോ? തങ്ങളുടെ വ്യോമാക്രമണങ്ങളില്‍ നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന നാല് ദിവസം മുമ്പാണ് അമേരിക്ക അംഗീകരിച്ചത്.

ഫ്രാന്‍സിലെ മസ്ജിദുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായിരിക്കുന്നു. ചിലതിന്റെ കവാടങ്ങളില്‍ പന്നിയുടെ തലയും കുടലുകളും കെട്ടിത്തൂക്കി. ഒരു മസ്ജിദിന്റെ ചുമരില്‍ കുറിച്ചിരിക്കുന്നത് അറബികള്‍ക്ക് മരണം എന്നാണ്. തീവ്രവലതുപക്ഷക്കാര്‍ പ്രതികാരത്തിനായി പല്ലുകള്‍ മൂര്‍ച്ച കൂട്ടുകയാണ്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെയും യൂറോപിലെയും മുസ്‌ലിം സമൂഹങ്ങള്‍ ഉത്കണ്ഠയിലും ഭയത്തിലുമാണുള്ളത്.

ആക്രമണം നടത്തിയ മൂന്ന് പേരും ഫ്രഞ്ച് സുരക്ഷാ വിഭാഗത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. അവരോടൊപ്പമുണ്ടായിരുന്ന രഹസ്യങ്ങളും അവര്‍ക്കൊപ്പം കുഴിച്ചു മൂടപ്പെട്ടു. പൂര്‍ണ വിശദാംശങ്ങളറിയാന്‍ അവരില്‍ ഒരാളെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. മുന്‍ധാരണകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അറുതി വരുത്തി അവര്‍ ഇസ്‌ലാമിനെയാണോ പ്രതിനിധീകരിക്കുന്നത് അല്ലെങ്കില്‍ എന്തിനെ പ്രതിനിധീകരിക്കുന്നവരാണെന്ന് അതിലൂടെ നമുക്കറിയാമായിരുന്നല്ലോ. 2012-ല്‍ ദക്ഷിണ ഫ്രാന്‍സില്‍ ജൂത സ്‌കൂളിന് നേരെ ആക്രമണം നടത്തിയ മുഹമ്മദ് മറാഹും ഇത്തരത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്.

ഏതവസ്ഥയിലാണെങ്കിലും ആ മൂന്ന് പേര്‍ ആറ് ദശലക്ഷത്തോളം വരുന്ന ഫ്രഞ്ച് മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നവരല്ല. അതുകൊണ്ട് അവരുടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഫ്രഞ്ച് മുസ്‌ലിംകള്‍ക്ക് മേല്‍ ചുമത്തി അവരെ പ്രതികൂട്ടില്‍ നിര്‍ത്തുകയും വേണ്ട. കാരണം അങ്ങനെ ചെയ്യുന്നത് ഭീകരതക്ക് എതിരെയുള്ള യുദ്ധമല്ല, മറിച്ച് സാമൂഹ്യ സുരക്ഷിതത്വത്തിനും സഹവര്‍ത്തിത്തനും സുസ്ഥിരതക്കും എതിരെയുള്ള യുദ്ധമായിരിക്കും. ആ യുദ്ധത്തില്‍ ഇന്ധനമാക്കപ്പെടാതെ ആരും ഒഴിച്ചു നിര്‍ത്തപ്പെടുകയില്ല.

ആക്രമണത്തിനും കൊലപാതകത്തിനും എതിരെ ‘ഞങ്ങളെല്ലാം ഷാര്‍ലി എബ്ദോയാണ്’ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി നില്‍ക്കുന്നതിന് പകരം സമാധാന പരമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ചര്‍ച്ചയായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് നബിയെ നിന്ദിക്കുകയും കോടിക്കണക്കിന് മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുകയും അവര്‍ക്കെതിരെ ആക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അതിന്റെ നിലപാട് ഗുരുതരമാണെന്ന് തന്നെ ഞങ്ങള്‍ പറയും.

തങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രമുണ്ടാക്കിയ പ്രതിഷേധത്തില്‍ 500-ല്‍ പരം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആ മാസികയുടെ ചീഫ് എഡിറ്റര്‍ക്കും അതിലെ ചിത്രകാരന്‍മാര്‍ക്കും നന്നായി അറിയാമായിരുന്നു. എന്നിട്ടും ഒരു വെല്ലുവിളെയെന്നോണം അത് പുനപ്രസിദ്ധീകരിക്കുകയാണവര്‍ ചെയ്തത്. അത് വരച്ച ചിത്രകാരനെ പൊതുപരിപാടിയില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആദരിച്ചതിനും നമ്മള്‍ സാക്ഷികളാണ്.

പ്രതിഷേധങ്ങള്‍ വകവെക്കാതെ 2006 മുതല്‍ പലപ്പോഴും ആ ചിത്രങ്ങള്‍ മാസിക പുനപ്രസിദ്ധീകരിച്ചു. ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം? ഒന്നോ രണ്ടോ തവണയാണിതെങ്കില്‍ നമുക്ക് മനസ്സിലാക്കാം. എന്നാലത് നിന്ദയുടെയും അവഹേളനത്തിന്റെയും പരമ്പരകളായി മാറുന്നത് ഒരു നിലക്കും അംഗീകരിക്കാനാവാത്ത കാര്യമാണ്. എന്നാല്‍ അതിനോടുള്ള പ്രതികരണം അതിന്റെ എഡിറ്ററെയും ചിത്രകാരന്‍മാരെയും വധിക്കലല്ല എന്നു തന്നെയാണ് ഇപ്പോഴും എന്റെ അഭിപ്രായം.

ഇത് ഒരു ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ലെന്ന് ആയിരം തവണ ഞാന്‍ പറയും. അങ്ങനെയായിരുന്നെങ്കില്‍ നിരവധി പാശ്ചാത്യന്‍ നാടുകളും പത്രങ്ങളും ആ ചിത്രങ്ങള്‍ പുനപ്രസിദ്ധീകരിക്കുമായിരുന്നു. അത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച കാരണം പറഞ്ഞ് അറിയപ്പെടുന്ന ഏതെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങളോ ബി.ബി.സിയെ പോലുള്ള ചാനലുകളോ ഫ്രഞ്ച് മാധ്യമങ്ങളോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടിയിട്ടില്ല.

ഹോളോകോസ്റ്റിനെ നിഷേധിക്കുന്നതും അതില്‍ സംശയം പ്രകടിപ്പിക്കുന്നതും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാവന്ന കുറ്റമാണ്. അതു പ്രകാരമാണ് ബ്രിട്ടീഷ് ചരിത്രകാരനായ ഡേവിഡ് ഇര്‍വിങ് ആസ്‌ത്രേലിയയില്‍ തടവറയില്‍ കഴിയുന്നത്. ലോകത്തെ നൂറ്റി അമ്പത് കോടിയിലേറെ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന പ്രവാചകനേക്കാള്‍ വിശുദ്ധത കല്‍പിക്കപ്പെടുന്ന ഒന്നാണോ ഹോളോകോസ്റ്റ്?

സോമാലിയയിലേക്കും സിറിയയിലേക്കും ഇറാഖിലേക്കുമെല്ലാം ‘ജിഹാദിന്’ പോയതായി ആരോപണമുന്നയിക്കപ്പെട്ട മുസ്‌ലിം പൗരന്‍മാരുടെ പൗരത്വം റദ്ദാക്കാന്‍ യൂറോപിലെ പാര്‍ലമെന്റുകളും ഭരണകൂടങ്ങളും നിയമഭേദഗതി വരുത്തിയിരിക്കുന്നു. സിറിയന്‍ പ്രതിപക്ഷത്തെ പിന്തുണക്കുകയും അവിടത്തെ ഭരണകൂടത്തെ താഴെയിറിക്കാന്‍ ശ്രമിക്കുന്ന പോരാളികളെ പ്രശംസിക്കുകയും ചെയ്ത് നിലപാട് സ്വീകരിച്ചവരാണ് അവര്‍. എന്നിട്ടും എന്തു കൊണ്ട് പ്രവാചകന്‍മാരെ (അവര്‍ക്കിടയില്‍ യാതൊരു വിധ വേര്‍തിരിവും ഇല്ലാതെ) നിന്ദിക്കുന്നത് കുറ്റകരമാക്കി കൊണ്ട് നിയമം രൂപീകരിക്കുന്നില്ല? അതിലൂടെ ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്ന രക്തംചിന്തലിന് അറുതി വരുത്തിക്കൂടെ? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പ്രവാചകന്‍മാരുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു നിയന്ത്രണം വെച്ചാല്‍ എന്ത് ദുരന്തമാണ് സംഭവിക്കാനുള്ളത്… ഒരുപക്ഷേ കുറേയേറെ രക്തചൊരിച്ചില്‍ അതിലൂടെ ഇല്ലാതാക്കാനായേക്കും. എല്ലാ മതങ്ങളുടെയും പ്രവാചകന്‍മാരുടെയും അധ്യാപനങ്ങളില്‍ പെട്ട സഹവര്‍ത്തിത്തവും സാഹോദര്യവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ അത് കാരണവുമായേക്കും.

മറ്റ് പൗരന്‍മാര്‍ക്കുള്ള എല്ലാ അവകാശങ്ങളുമുള്ള പൗരന്‍മാരാണ് യൂറോപിലെ മുസ്‌ലിംകളും. അവര്‍ക്ക് നേരെയുണ്ടാകുന്ന കയ്യേറ്റങ്ങള്‍ അവര്‍ക്കിടയിലെ തീവ്രവാദികള്‍ക്കാണ് ഗുണം ചെയ്യുക. തീവ്ര മുസ്‌ലിം ഗ്രൂപ്പുകള്‍ കൊലചെയ്തിട്ടുള്ള മുസ്‌ലിംകളുടെ എണ്ണം അവര്‍ കൊലചെയ്ത പാശ്ചാത്യരുടെ എണ്ണത്തിന്റെ എത്രയോ അനേകായിരം ഇരട്ടിയാണ്. കൊല്ലുന്നതിലും ഭീകരാക്രമണം നടത്തുന്നതിലും വര്‍ഗം നോക്കുന്നവരല്ല അവര്‍ എന്നാണിത് കാണിക്കുന്നത്. എന്നാല്‍ യൂറോപില്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നവരുടെ അടിസ്ഥാനം വര്‍ഗീയത മാത്രമാണ്.

ആത്മനിയന്ത്രണം പാലിക്കുകയും അക്രമണത്തെ അപലപിക്കുകയും ചെയ്യണമെന്ന ചില മുസ്‌ലിംകള്‍ ആവശ്യപ്പെടുന്നത് പോലെ പാശ്ചാത്യ മാധ്യമങ്ങളോടും ഭരണകൂടങ്ങളോടും ഞങ്ങളാവശ്യപ്പെടുന്നത് യുക്തിയോടെയും ബുദ്ധിപരമായും വിഷയത്തെ സമീപിക്കണമെന്നാണ്. ഇസ്‌ലാമോഫോബിയ ശക്തമായിരിക്കുന്ന ഇക്കാലത്ത് മുസ്‌ലിം സമൂഹങ്ങളെ ‘ഭീകരരാക്കുന്ന’ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അവയോട് ആവശ്യപ്പെടുകയാണ്. എന്റെ ഈ അഭിപ്രായ പ്രകടനം ‘ആവിഷ്‌കാര സ്വാതന്ത്ര്യ’ത്തോടൊപ്പം നിലകൊള്ളുന്ന ചിലര്‍ക്കെങ്കിലും രസിക്കുന്നുണ്ടാവില്ല. ഏത് സത്യവും മറനീക്കി പുറത്തുവരുമെന്നാണെനിക്ക് പറയാനുള്ളത്.

മൊഴിമാറ്റം: നസീഫ്

Related Articles