Current Date

Search
Close this search box.
Search
Close this search box.

പ്രകോപനത്തിന്റെ കെണി

എതിരാളിയെ പ്രകോപിതനാക്കി ലക്ഷ്യം നേടുകയെന്നത് എക്കാലത്തും ശത്രുക്കള്‍ സ്വീകരിച്ചിരുന്ന രീതിയാണ്. നേര്‍ക്കുനേരെ ആശയങ്ങളിലൂടെ നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍ പലപ്പോഴും അവരെ തുണക്കുന്നതും ഈ തന്ത്രം തന്നെയാണ്. ഏതൊരു വിഭാഗത്തിലുമെന്നത് പോലെ മുസ്‌ലിംകള്‍ക്കിടയിലും വിചാരങ്ങളേക്കാള്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു വിഭാഗമുണ്ട്. അവരെ പ്രകോപിക്കുകയെന്നത് വളരെ എളുപ്പമായിരിക്കും. പ്രകോപനത്തില്‍ നിന്നുണ്ടാവുന്ന അവരുടെ ചിന്തകൂടാതെയുള്ള പ്രതികരണം മിക്കപ്പോഴും അവരെ മാത്രമല്ല ബാധിക്കുക. അത്തരത്തില്‍ മുസ്‌ലിംകളെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്നിട്ടുള്ള ഒന്നാണ് സുബ്ഹ് ബാങ്ക് നിരോധിക്കണമെന്ന ആവശ്യവുമായി മംഗലാപുരത്ത് രംഗത്ത് വന്നിരിക്കുന്ന സംഘടനയും. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് നിരോധിക്കണെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് പ്രഭാത സമയത്ത് ക്ഷേത്രങ്ങളില്‍ നിന്ന് ഉയരുന്ന പ്രാര്‍ഥനാ ഗീതങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംകള്‍ മാര്‍ച്ച് നടത്തണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതാണ് അവരുടെ പ്രതിഷേധത്തിന്റെ വിജയം. അതിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായിരിക്കാം അത്തരക്കാര്‍ ഉദ്ദേശിക്കുന്നത്.

സമാധാന തല്‍പരരായ ഇസ്‌ലാമിന്റെ അനുയായികള്‍ നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ അടക്കം നിര്‍ത്തി വെക്കാന്‍ ഇത്തരം പ്രകോപനങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ അത്തരം തന്ത്രങ്ങളുടെ കെണിയില്‍ വീഴാതെ പക്വമായി പ്രതികരിച്ച ചരിത്രമാണ് കേരളീയ മുസ്‌ലിംകള്‍ കാണിച്ചിട്ടുള്ളത്. അവക്ക് പിന്നിലെ കുതന്ത്രം മനസ്സിലാക്കാതെ വികാരത്തിനടിമപ്പെട്ട് എപ്പോഴെല്ലാം എടുത്തു ചാടിയിട്ടുണ്ടോ, അപ്പോഴെല്ലാം പ്രതിക്കൂട്ടില്‍ കയറ്റപ്പെട്ടത് ഇസ്‌ലാമും മുസ്‌ലിംകളുമായിരുന്നു എന്ന് നാം മറക്കരുത്. അധ്യാപകന്റെ കൈവെട്ടിയ സംഭവം അതിനൊരു ഉദാഹരണം മാത്രം. ആളുകളെ തമ്മില്‍ തല്ലിച്ച് ചോരകുടിച്ച് കൊഴുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കുള്ള വടി കൊടുക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഹൈന്ദവ സമൂഹത്തിന്റെ ലേബലില്‍ ഇത്തരം തീവ്രവാദവുമായി വരുന്നത് ചെറിയൊരു ന്യൂനപക്ഷം മാത്രമാണെന്ന് തിരിച്ചറിവ് നമുക്കുണ്ടാകണം. എന്നാല്‍ അതിനെതിരിയുള്ള അപക്വമായ പ്രതികരണങ്ങള്‍ നിഷ്പക്ഷരെ പോലും മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കും.

ഇത്തരം പ്രകോപനങ്ങളുണ്ടാകുമ്പോള്‍ ക്ഷമിക്കാനും സഹിക്കാനുമാണ് വിശ്വാസികള്‍ക്ക് സാധിക്കേണ്ടത്. സഹനം കൈകൊള്ളാനുള്ള കഴിവ് അല്ലാഹു സവിശേഷമായി നല്‍കിയ അനുഗ്രഹമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘പ്രവാചകന്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചുകൊള്ളേണം നിന്റെ ഈ സഹനശീലം അല്ലാഹുവിന്റെ ഉതവിയാല്‍ മാത്രം ലഭിച്ചതാകുന്നു അവരുടെ നീക്കങ്ങളെച്ചൊല്ലി വിഷമിക്കാതിരിക്കുക. അവരുടെ കുതന്ത്രങ്ങളോര്‍ത്തും മനക്ലേശം വേണ്ട. നിശ്ചയം, ഭക്തി കൈക്കൊളളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവരുടെ കൂടെ അല്ലാഹുവുണ്ട്.’ (16: 127-128) മക്കയിലെ പീഡനം സഹിക്കവയ്യാതെ താഇഫിലേക്ക് പോയ നബിതിരുമേനിക്ക് അവിടെ നിന്നും ക്രൂരമായ മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്. എന്നിട്ടും അവരുടെ നന്മക്കായി പ്രാര്‍ഥിച്ചതാണ് പ്രവാചക മാതൃക. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് പ്രവാചക ജീവിതത്തില്‍ കാണാന്‍ സാധിക്കും. ആ പ്രവാചകന്റെ മാതൃക പിന്‍പറ്റി ഏറ്റവും ഉത്തമായ രീതിയില്‍ പ്രതികരിക്കാനാണ് മുസ്‌ലിംകള്‍ ശ്രമിക്കേണ്ടത്.

Related Articles