Current Date

Search
Close this search box.
Search
Close this search box.

പൊതുതെരഞ്ഞെടുപ്പിനൊരുങ്ങി ഇറാഖ്

ബഗ്ദാദ്: മേയ് 12ന് പോളിങ് ബൂത്തിലേക്ക് പോകുന്ന ഇറാഖില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രചാരണം ശക്തമാക്കി. ഐ.എസിന്റെ പിറവിക്കും അതുപോലെ ഐ.എസിനെ ഉന്മൂലനം ചെയ്തതിനും ശേഷം നടക്കുന്ന രാജ്യത്തെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പാണ് ശനിയാഴ്ച നടക്കാന്‍ പോകുന്നത്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം രാജ്യം നേരിടുന്ന കടുത്ത ദാരിദ്ര്യം തന്നെയാണ്.

വര്‍ഷങ്ങളായി തുടരുന്ന യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം രാജ്യത്ത് കനത്ത പട്ടിണിയും ദാരിദ്ര്യവും പിടിപെട്ടിട്ടുണ്ട്. എണ്ണയെ ആശ്രയിച്ചുള്ള രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇറാഖി ജനത തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാജ്യം നേരിടുന്ന പ്രശിനങ്ങള്‍ പരിഹരിക്കാന്‍ തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.

2003 മുതല്‍ ഇറാഖ് ഭരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥക്കെതിരെ 2015ല്‍ രാജ്യത്തുടനീളം വ്യാപിച്ച പ്രക്ഷോഭങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. നിലവിലെ ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണവും ഇറാഖിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്. ആരാകും അടുത്ത പ്രധാനമന്ത്രി എന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ പ്രയാസമാണ്. എന്നാല്‍, ഈ തെരഞ്ഞെടുപ്പിലൂടെ ഇറാഖില്‍ അത്ര പെട്ടെന്ന് രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.
ഇറാഖിലെ പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തീരുമാനിക്കുന്ന 329 അംഗ പ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. 165 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം. 6904 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

 

Related Articles