Current Date

Search
Close this search box.
Search
Close this search box.

പൊങ്ങച്ചം ഉയരത്തിലെത്താന്‍ കുഞ്ഞുങ്ങളോടെന്തിനീ ക്രൂരത?

ഇക്കഴിഞ്ഞ ബുധനാഴ്ച്ച കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ നടന്ന  ‘പാരാസെയിലിങ്ങ്’ കേരളീയ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കളുടെ തന്നെ പ്രത്യേക താല്‍പര്യപ്രകാരം ജില്ലാ പോലീസ് മേധാവിയുടെയും പ്രത്യേകം ക്ഷണിച്ചുവരുത്തി മാധ്യമപ്രവര്‍ത്തകരുടെയും നൂറുകണക്കിന് കാണികളുടെയും മുന്നില്‍ വെച്ച് പാരച്യൂട്ട് പോലുള്ള കുടയുടെ അറ്റത്ത് കെട്ടി ജീപ്പോടിച്ച് ആകാശത്തേക്ക് പറത്തുകയായിരുന്നു. വാവിട്ടു കരഞ്ഞ കുഞ്ഞിനെ ഒരു മിനിട്ടോളം ആകാശത്ത് പറത്തിയ മാതാപിതാക്കള്‍ അങ്ങേയറ്റത്തെ ആനന്ദലബ്ധിയിലായിരുന്നു! ചുറ്റും കൂടിയിരുന്ന് പ്രോത്സാഹിപ്പിക്കാനും ആര്‍ത്തുല്ലസിക്കാന്‍ ജില്ലാ പോലീസ് മേധിവിയടക്കമുള്ള കാണികളും. കുഞ്ഞിന്റെ കരച്ചില്‍ പോലും മാതാപിതാക്കള്‍ക്ക് ആനന്ദകരമായി തീരുന്ന അവസ്ഥ അതിഭീകരം തന്നെ. പേടിച്ചു കരഞ്ഞ കുഞ്ഞിന്റെ കണ്ണീര് കാണാന്‍ കൂടി നിന്നവരിലും ആരുമുണ്ടായില്ലത്രെ! സംഭവം വിവാദമായതോടെ ബാല നീതി നിയമപ്രകാരം പോലീസിപ്പോള്‍ കേസെടുത്തിരിക്കയാണ്.

മതാപിതാക്കള്‍ പേരിനും പ്രശസ്തിക്കും വേണ്ടി സ്വന്തം മക്കളെ ഉപകരണങ്ങളാക്കി മാറ്റുന്നത് നമ്മുടെ നാട്ടില്‍ അധികരിച്ചു വരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. മക്കള്‍ക്ക് അവരുടെ സ്വാഭാവിക പ്രകൃതിയില്‍ ജീവിക്കാനും അവരുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് വളരാനുള്ള സൗകര്യങ്ങളാണ് മാതാപിതാക്കള്‍ ചെയ്തുകൊടുക്കേണ്ടത്. പകരം മാതാപിതാക്കളുടെ പേരിനും പ്രശസ്തിക്കും വേണ്ടി മക്കളെ ഉപയോഗപ്പെടുത്തുമ്പോള്‍ അത് വരുത്തി വെക്കുന്ന വിനാശങ്ങള്‍ പലതാണ്. ചെറുപ്രായത്തില്‍ മക്കള്‍ക്ക് സ്‌നേഹവും ലാളനയും പരിചരണവും നല്‍കേണ്ട മാതാപിതാക്കള്‍ പകരം ‘പാകമകാത്തതിനെ തല്ലിപ്പഴുപ്പിക്കാന്‍’ നിന്നാല്‍ മക്കള്‍ മുതിര്‍ന്നാല്‍ തിരിച്ചുകൊത്തുമെന്നതിന് കാലം തന്നെയാണ് സാക്ഷി. വൃദ്ധസദനങ്ങള്‍ നാട്ടിന്റെ മുക്കുമൂലകളില്‍ വര്‍ധിച്ചുവരുന്നത് അതിന്റെ ഏറ്റവും വലിയ തെളിവുമാണ്. വിദ്യാര്‍ഥികളായ മക്കളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി അവരുടെ തലയില്‍ അമിതഭാരം വഹിപ്പിച്ച് അവരെ നിര്‍ബന്ധിച്ച് പഠിപ്പിക്കുന്ന മാതാപിതാക്കള്‍ക്ക് വിദ്യാര്‍ഥി ആത്മഹ്യകളില്‍ ചെറുതല്ലാത്ത ഉത്തരവാദിത്വമുണ്ട്. മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും സമൂഹവും ഏല്‍പ്പിക്കുന്ന അമിതഭാരമാണ് പലപ്പോഴും പരാജയഭീതിയില്‍ വിദ്യാര്‍ഥികളെ ആത്മഹത്യകളില്‍ കൊണ്ടെത്തിക്കുന്നത്. അതുപോലെ, സ്‌കൂള്‍ കലോത്സവങ്ങളിലും സിനിമ, സീരിയല്‍ അഭിനയ രംഗത്തും മാതാപിതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ജീവനും മാനവും പണയം വെക്കേണ്ടി വന്ന നിരവധി വിദ്യാര്‍ഥി – വിദ്യാര്‍ഥിനികളുടെ സംഭവ കഥകളും നമുക്ക് മുമ്പില്‍ നിരവധിയുണ്ട്. എന്നിട്ടും എന്താണ് നാം പാഠം പഠിക്കാത്തത്?

പേരിനും പ്രശസ്തിക്കും വേണ്ടി കുട്ടികളെ ഉപകരണങ്ങളാക്കി നടക്കുന്ന ഇത്തരം കാടത്തങ്ങള്‍ ഒരിക്കലും വകവെച്ച് കൊടുക്കാന്‍ പാടില്ലാത്തതാണ്. മാതാപിതാക്കള്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ അവരെ നിരുത്സാഹപ്പെടുത്തേണ്ടതിന്റെയും തടയേണ്ടതിന്റെയും ബാധ്യത സമൂഹത്തിനുമുണ്ട്. ഈ ദൗത്യം നിര്‍വഹിക്കാന്‍ സമൂഹവും തയ്യാറാവേണ്ടതുണ്ട്. കുഞ്ഞുങ്ങളെ പൊരിവെയിലത്ത് ആകാശത്തേക്ക് പറപ്പിച്ചും കലോത്സവ വേദികളില്‍ നൃത്തമാടിച്ചും ട്യൂഷന്‍ സെന്ററുകളിലേക്ക് തള്ളിവിട്ടുമല്ല മാതാപിതാക്കള്‍ അവരെ പ്രശസ്തരാക്കേണ്ടത്. അങ്ങനെ ആരും വളര്‍ന്നുവന്നിട്ടുമില്ല. മറിച്ച് ചെറുപ്പത്തില്‍ അവര്‍ക്ക് നല്‍കേണ്ട സ്‌നേഹവും പരിചരണവും സംരക്ഷണവും നല്‍കി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുത്താണ്. അപ്പോള്‍ മാത്രമേ മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്നും തിരിച്ചും സ്‌നേഹം ലഭിക്കൂ. മറിച്ച് തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചിട്ട് തിരിച്ചു കൊത്തുമ്പോള്‍ പരിതപിച്ചിട്ട് കാര്യമില്ല.

Related Articles