Current Date

Search
Close this search box.
Search
Close this search box.

പുസ്തകം കാര്‍ന്നു തിന്നുന്ന കാവിപ്പുഴു

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയരേഖയുമായി ബന്ധപ്പെട്ട് അപകടകരമായ ചില കാര്യങ്ങള്‍ വെളിച്ചത്തു വന്നു കഴിഞ്ഞു. ബഹുജാതി മത/മതരഹിത വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ നിഷ്‌കളങ്ക ഹൈന്ദവ വിശ്വാസസംഹിതകളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ആര്‍.എസ്.എസ് എന്ന വസ്തുത നമ്മുടെ മതേതര കക്ഷികള്‍ വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ലാ എന്നാണ് തോന്നുന്നത്. അവര്‍ കളി തുടങ്ങിയിട്ട് കാലം കുറേ ആയെങ്കിലും കളത്തിന്റെ ഓരത്തു നിന്ന് കളി കാണുകയല്ലാതെ നിവൃത്തിയൊന്നുമില്ലായെന്ന നിഷ്‌ക്രിയ ചിന്ത ജനാധിപത്യ വിശ്വാസികളെ ഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എഴുപതാളുകള്‍ ഏഴായി തിരിഞ്ഞ് തമ്മിലടിച്ചപ്പോള്‍, മുപ്പതാളുകള്‍ ഒരുമെയ്യായ് നിന്ന് നേടിയെടുത്തതാണ് ബി.ജെ.പി യുടെ കേന്ദ്രഭരണം.

അറിവ് അധികാരം തന്നെയാണ്. ഒന്നുകില്‍ അറിവ് വേണം അല്ലെങ്കില്‍ അറിവ് ഉല്‍പാദിപ്പിക്കുന്ന സംവിധാനങ്ങളുടെ ഉടമസ്ഥനാവണം. ഇത് രണ്ടുമിപ്പോള്‍ ആര്‍.എസ്.എസ് ന്റെ കോര്‍ട്ടിലാണ്. അവര്‍ കളിക്കും നാം കൈയ്യടിക്കും. നിലവിലുള്ള പഠനരീതിയെ ഉന്മൂലനം ചെയ്ത് പാഠ്യപദ്ധതിയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭാരതവത്കരിക്കാനാണ് സംഘ്പരിവാര്‍ സംഘടനകള്‍ രാത്രിയും പകലും മോദിയുടെ പോസ്റ്ററുകളൊട്ടിച്ച് നടക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഭാഷ ഒഴിവാക്കി പകരം സംസ്‌കൃത പഠനം ഉള്‍പ്പെടുത്തിയിരുന്നു. സംഭവം വിവാദമായി പ്രതിഷേധമുയര്‍ന്നു. സംസ്‌കൃത പഠനം ഉള്‍പ്പെടുത്തിയതല്ല ഇവിടെ പ്രശ്‌നം, മറിച്ച് സംസ്‌കൃതവുമായി ചുറ്റിപ്പിണഞ്ഞ് നില്‍ക്കുന്ന ഒരു സംസ്‌കാരത്തെ മാത്രം നോക്കിയാല്‍ മതി, കേട്ടാല്‍ മതി, അനുഭവിച്ചാല്‍ മതിയെന്ന സംഘ്പരിവാറിന്റെ ബലാല്‍സംഗ രാഷ്ട്രീയത്തെയാണ് പ്രതിഷേധം പരിമിതമായ അര്‍ത്ഥത്തിലാണെങ്കിലും ചോദ്യം ചെയ്യുന്നത്.

സയന്‍സ്, കണക്ക് എന്നിവയുടെ പഠനത്തിന് പുതിയ ഇന്ത്യന്‍ രീതി സ്വീകരിക്കുമെന്നാണ് കേന്ദ്ര മാനവശേഷി മന്ത്രാലയം തയ്യാറാക്കിയ കരട് രേഖയില്‍ പറയുന്നത്. ഇതിന്റെ മുന്നോടിയെന്നോണം സംഘ്പരിവാര ശിങ്കിടികളില്‍ ചിലര്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ ചില ആധുനിക കണ്ടുപിടുത്തങ്ങളുടെ പൗരാണിക ഹൈന്ദവ പിതൃത്വത്തെ കുറിച്ച് നടത്തിയ പരസ്യപ്രസ്തവനകളിലൂടെ ഒന്നു കണ്ണോടിക്കുകയാണെങ്കില്‍ കാര്യങ്ങളുടെ ഗതി എങ്ങോട്ടാണെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും. ലളിതമായി പറഞ്ഞാല്‍ വിമാനം ‘കണ്ടുപിടിച്ച’ വേദ കാലഘട്ടത്തിലെ ഋഷിമാര്‍ക്ക് മരണാനന്തര നൊബേല്‍ പുരസ്‌കാരം നല്‍കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ സാധ്യത ഏറെയാണ്. തിരുവായ്ക്ക് എതിര്‍വായ് പറയാതെ നാം നിശബ്ദരായി ഇരിക്കാന്‍ തന്നെയാണ് നമ്മുടെ തീരുമാനമെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യും.

Related Articles