Current Date

Search
Close this search box.
Search
Close this search box.

പുതുവര്‍ഷം ഓര്‍മപ്പെടുത്തുന്നത്

പുതുവര്‍ഷങ്ങള്‍ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന സമൂഹത്തില്‍ പലപ്പോഴും ആരുമറിയാതെ ഹിജ്‌റ വര്‍ഷവും കടന്ന് പോകുന്നു. രണ്ട് പെരുന്നാളുകള്‍ക്ക് മാത്രം ഹിജ്‌റ കലണ്ടറിനെ ആശ്രയിക്കുന്ന മുസ്‌ലിം സമൂഹം പോലും മിക്കപ്പോഴും ഹിജ്‌റ വര്‍ഷത്തിന്റെ ഈ മാറ്റം അറിയാറില്ലെന്നതാണ് വസ്തുത. എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ പ്രചാരം ഇതില്‍ ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം പുതുവര്‍ഷം ആഘോഷിക്കാനുള്ളതല്ല, മറിച്ച് വിലയിരുത്തലിനുള്ളതാണ്. തന്റെ കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് ഒരു പുനരാലോചനയാണ് അതില്‍ വേണ്ടത്. ഓരോ പകലും അവസാനിച്ച് രാത്രി കിടക്കുന്നതിന് മുമ്പ് തന്റെ ആ ദിവസത്തെ വിലയിരുത്തി പോരായ്മകള്‍ തിരുത്തി അടുത്ത പ്രഭാതത്തെ സ്വീകരിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നവനാണ് ബുദ്ധിമാന്‍. ഒരു മാസത്തിന്റെ അവസാനത്തില്‍ കുറച്ച് കൂടി വിശദമായ ഒരു വിലയിരുത്തലിന് സ്വന്തത്തെ അവന്‍ വിധേയനാക്കും.

‘നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ തന്നെ വിചാരണ നടത്തുക. നിങ്ങളുടെ കര്‍മങ്ങള്‍ തൂക്കപ്പെടുന്നതിന് മുമ്പ് നിങ്ങളത് തൂക്കിനോക്കുക.’ എന്ന ഉമര്‍(റ)ന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. ഉമര്‍(റ)ന്റെ സവിശേഷമായ ജീവിത വിശുദ്ധിക്ക് പിന്നിലെ രഹസ്യവും അതായിരുന്നു. ജീവിതത്തില്‍ വന്നു പോകുന്ന വളരെ നിസ്സാരമായ വീഴ്ച്ചകളെ പോലും വളരെ ഗൗരവത്തിലായിരുന്നു അദ്ദേഹം സമീപിച്ചിരുന്നതെന്ന് ചരിത്രം നമ്മോട് പറയുന്നു. ഇത്തരത്തില്‍ കാര്യമായ ഒരു വിലയിരുത്തലിനുള്ള അവസരമായിട്ടാണ് വിശ്വാസികള്‍ പുതുവര്‍ഷത്തെ കാണേണ്ടത്. ‘അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനോട് ഭക്തിയുള്ളവരാകുവിന്‍; ഓരോ മനുഷ്യനും താന്‍ നാളേക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ളതെന്താണെന്ന് നോക്കിക്കൊള്ളട്ടെ. അല്ലാഹുവിനെ ഭയപ്പെട്ടിരിക്കുവിന്‍. നിശ്ചയം, അല്ലാഹു നിങ്ങള്‍ ചെയ്യുന്ന സകല പ്രവൃത്തികളെക്കുറിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.’ (59 : 18) എന്ന ഖുര്‍ആന്‍ വചനം എപ്പോഴും നമ്മുടെ ഓര്‍മയിലുണ്ടായിരിക്കട്ടെ.

ഖലീഫ ഉമര്‍ ബിന്‍ ഖത്താബിന്റെ ഭരണ കാലത്ത് മുസ്‌ലിംകള്‍ക്ക് സ്വന്തമായി ഒരു കലണ്ടര്‍ വേണമെന്ന ചര്‍ച്ച വന്നു. പല അഭിപ്രായങ്ങളും ഉയര്‍ന്ന് വന്നെങ്കിലും അതിന് അടിസ്ഥാനമായി സ്വീകരിക്കേണ്ടത് ഹിജ്‌റയെയായിരിക്കണമെന്ന അലി(റ)വിന്റെ അഭിപ്രായത്തെ ഉമര്‍(റ)വും മറ്റ് സഹാബികളും അംഗീകരിക്കുകയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഹിജ്‌റക്കുള്ള പ്രാധാന്യമാണത് കുറിക്കുന്നത്. എക്കാലത്തെയും മുസ്‌ലിംകള്‍ക്ക് നിരവധി പാഠങ്ങളുള്ള ഒന്നാണത്. അമുസ്‌ലിം ഭൂരിപക്ഷത്തിനിടയില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് ഹിജ്‌റയില്‍ സവിശേഷമായ പാഠങ്ങളുണ്ട്.

ജന്മനാട് ഉപേക്ഷിച്ച് മദീനയിലെത്തിയ നബിയുടെയും സഹാബികളുടെയും മനസ്സില്‍ നിന്നും മക്കയോടുള്ള സ്‌നേഹം ഒട്ടും കുറഞ്ഞിരുന്നില്ല. അതോടൊപ്പം തന്നെ തങ്ങള്‍ക്ക് അഭയം നല്‍കിയ മദീനയെയും അവര്‍ വളരെയധികം സ്‌നേഹിച്ചു. അതിനെതിരെ വൈദേശികാക്രമങ്ങളുണ്ടായപ്പോള്‍, അത് സ്വന്തം നാട്ടുകാരില്‍ നിന്നും ഗോത്രക്കാരില്‍ നിന്നുമായിരുന്നിട്ട് പോലും അതിനെതിരെ പോരാടി. നാം ജീവിക്കുന്ന രാജ്യത്തോട് സ്‌നേഹവും കൂറും പുലര്‍ത്തണമെന്ന പാഠമാണിത് പഠിപ്പിച്ചു തരുന്നത്. അതായത് ഒരാളുടെ വിശ്വാസം രാജ്യസ്‌നേഹത്തിന് വിലങ്ങു തടിയാവരുതെന്നര്‍ത്ഥം.

മക്കയില്‍ നിന്നും മുസ്‌ലിംകള്‍ മദീനയിലെത്തിയപ്പോള്‍ ഇസ്‌ലാം സ്വീകരിക്കാത്ത ചില അറബ് ഗോത്രങ്ങളും വലിയൊരു ജൂതസമൂഹവും അവിടെയുണ്ടായിരുന്നു. അവരോട് സഹവര്‍ത്തിത്വത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് പ്രവാചകനും അനുയായികളും കാഴ്ച്ച വെച്ചത്. നബി(സ)യുടെ മദീന കരാര്‍ അതിന്റെ മികച്ച മാതൃകകളിലൊന്നാണ്. വിശ്വാസി അവിശ്വാസി ഭേദമന്യേ എല്ലാവരുടെയും ജീവനും സമ്പത്തിനും വിശ്വാസത്തിനും ആരാധനകള്‍ക്കും സംരക്ഷണം ഉറപ്പു നല്‍കുന്ന ഒന്നായിരുന്നു അത്. ഏത് സമൂഹത്തിലാണെങ്കിലും മുസ്‌ലിംകള്‍ സമാധാന പൂര്‍ണമായി ജീവിക്കണമെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് സഹായവും സഹകരണവും നല്‍കിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും അത് പഠിപ്പിക്കുന്നു.

മദീനയുടെ പുരോഗതിയില്‍ നബിയും മക്കയില്‍ നിന്ന് വന്ന മുസ്‌ലിംകളും കാര്യമായ പങ്ക് വഹിച്ചിരുന്നു. അവര്‍ മദീനയിലെത്തുന്ന വേളയില്‍ അങ്ങേയറ്റം മലിനമായ അന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ പലര്‍ക്കും അസുഖകങ്ങള്‍ വന്നു. അവിടത്തെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്ത് നഗരം ശുചിയാക്കാന്‍ നബി(സ) ആവശ്യപ്പെട്ടു. അതുപോലെ മദീനയില്‍ കിണറുകള്‍ കുഴിക്കാന്‍ സഹാബികളോട് നബി തിരുമേനി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ അമ്പതിലേറെ കിണറുകള്‍ കുഴിക്കപ്പെട്ടുവെന്ന് ചരിത്രം പറയുന്നു. അതിലൂടെ എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമായി. അപ്രകാരം തരിശ് ഭൂമി കൃഷിയോഗ്യമാക്കി അവിടെ കൃഷി നടത്തുന്നതിന് പ്രോത്സാഹനം നല്‍കിയതിലൂടെ ഭക്ഷ്യക്ഷാമവും പരിഹരിച്ചു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എവിടെയാണ് ജീവിക്കുന്നതെങ്കിലും സാമൂഹ്യ പുരോഗതിയില്‍ അവര്‍ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ടെന്ന പാഠമാണിത് നല്‍കുന്നത്. ഇസ്‌ലാമിക് സെന്ററുകളും മസ്ജിദുകളും അതിന് സഹായകമാകുന്ന തരത്തില്‍ അവയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തണം.

മദീനയിലെത്തിയ നബിയും അനുയായികളും വിശ്വസ്തതയുടെയും സത്യസന്ധതയുടെയും മികച്ച മാതൃകകളായിരുന്നു. ആളുകളെ അവരുടെ വിശ്വാസത്തിന്റെയോ വര്‍ഗത്തിന്റെയോ വര്‍ണത്തിന്റെയോ പേരില്‍ വേര്‍തിരിക്കാതെ എല്ലാവരോടും നന്മയില്‍ വര്‍ത്തിക്കുയാണവര്‍ ചെയ്തത്. ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ പിന്തുടരേണ്ടതും പ്രവാചകന്റെ ഈ മാതൃക തന്നെയാണ്. തങ്ങളുടെ വ്യക്തി താല്‍പര്യങ്ങളേക്കാള്‍ പൊതു താല്‍പര്യത്തിനും സാമൂഹ്യ ക്ഷേമത്തിനും മുന്‍ഗണന നല്‍കാന്‍ നമുക്ക് സാധിക്കണം. വിശ്വാസ്യതക്കും സത്യസന്ധതക്കും നന്മയിലെ സഹവര്‍ത്തിത്വത്തിനും ഉത്തമ മാതൃകകളാകാന്‍ നമുക്ക് സാധിക്കണം. ഹിജ്‌റയിലൂടെ നബിയും അനുയായികളും കാണിച്ചു തന്ന സമാധാനത്തിന്റെയും സ്‌നേഹത്തിന്‍രെയും മാനവിക സാഹോദര്യത്തിന്റെയും പുരോഗതിയുടെയും ധാര്‍മിക മൂല്യങ്ങളുടെയും സുവര്‍ണ പാഠങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കാനും ജീവിതത്തിന്റെ ഭാഗമാക്കാനുമുള്ള അവസരമായി പുതുവര്‍ഷത്തെ നമുക്ക് കാണാം.

Related Articles