Current Date

Search
Close this search box.
Search
Close this search box.

പുഞ്ചിരിയില്‍ തെളിയുന്ന മനസ്സിന്റെ നൈര്‍മല്യം

നവസാമൂഹ്യ മാധ്യമങ്ങളായ വാട്ട്‌സ്ആപ്പും ഫേസ്ബുക്കും തുറന്നാല്‍ ആദ്യം നോക്കുക ചിരിക്കാന്‍ പറ്റിയ ഐററം വല്ലതും ഉണ്ടോയെന്നാണ്. പലപ്പോഴും ഘനഘംഭീര പ്രസംഗങ്ങളോ നെടുങ്കന്‍ ലേഖനങ്ങളോ സ്വാധീനിക്കുന്നതിനെക്കാള്‍ ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചെറിയ ചെറിയ കുറിപ്പുകളാണ് നമുക്കിഷ്ടം.  പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കുന്ന, എന്നോട് പണ്ഡിതനും എഴുത്തുകാരനുമായ എന്നും ഗുണകാംക്ഷിയായ സുഹൃത്ത് ഒരിക്കല്‍ ചോദിച്ചിട്ടുമുണ്ട് ‘നിനക്കെന്താ ജീവിതത്തില്‍ വല്ല പ്രയാസവുമുണ്ടോയന്ന്. അദ്ദേഹം പരിചയിച്ച  എന്നും ചിരിച്ചുമാത്രം കാണുന്ന ഒട്ടേറെപേര്‍ ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളെ നേരിടുന്നവരാണെന്ന് അനുഭവത്തിലൂടെ പറയുകയും ചെയ്തു. സിനിമകളിലും സര്‍ക്കസ്സുകളിലുമൊക്കെ നമ്മെ ഒട്ടേറെ ചിരിപ്പിച്ച കലാകാരന്മാരില്‍ പലരും ജീവിതത്തില്‍ ഞെരുക്കമനുഭവിച്ചവരായിരുന്നല്ലോ. അവര്‍ക്കൊക്കെ സമാധാനം കണ്ടെത്താന്‍  ചിരിയെന്ന മറുമരുന്നായിരുന്നു ഉണ്ടായിരുന്നത്.

എന്നും ജീവിതത്തിന്ന് വേഗം കൂടുതലാണ്. അതുകൊണ്ട് തന്നെ ആ യാത്രയിലുടനീളം തിക്കും തിരക്കും. ആരെയും കാണാനോ കേള്‍ക്കാനോ നേരമില്ലാര്‍ക്കും. അതെല്ലാം പോകട്ടെ, കാണുമ്പോള്‍ ഒന്ന് ചിരിക്കാന്‍ പോലും സമയമില്ല. ആ സമയം പോലും ലക്ഷ്യസ്ഥാനത്തെത്താനുള്ള സമയം കവര്‍ന്നെടുക്കുമോ എന്ന പേടി. എന്നിട്ടോ തിരക്കിട്ട് നാം ഓടിയെത്തുന്നത് വല്ല ഭിഷഗ്വരനെയും അന്വേഷിച്ച്. മസിലുപിടിച്ചോടി നേടിയ പ്രഷറും ഷുഗറും ഹൃദയാഘാതവും പരിശോധിക്കാന്‍. പരീക്ഷിച്ചറിഞ്ഞ ഒരുപാട് ഗുളികയും മരുന്നും ടോണിക്കുമൊക്കെ എഴുതിക്കൊടുത്ത് പറഞ്ഞക്കുന്ന ഡോക്ടര്‍ക്കും തിരക്കുതന്നെ. ഒന്ന് രോഗിയുടെ മുഖത്തുപോലും നോക്കാനാവാത്ത തിരക്കാണയാള്‍ക്കും. എന്നിട്ടും രോഗം മാറുന്നേയില്ല. പക്ഷേ ഇപ്പോഴെല്ലാവരും പറയുന്നു  എല്ലാം മറന്നൊന്നു ചിരിക്കൂ നിങ്ങളുടെ രോഗമെല്ലാം മാറുമെന്ന്.
 
ആഘോഷിക്കാന്‍ കലണ്ടറുകളില്‍ ഒരുപാട് ദിനങ്ങള്‍ എഴുതിച്ചേര്‍ത്തവര്‍ ചിരിക്കാനും ഒരുദിവസം മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബര്‍മാസത്തിലെ ആദ്യ വെള്ളിയാഴ്ച. അന്ന് ചിരിക്കാനുള്ള ദിനമാണ്. കുഞ്ഞുമക്കള്‍ ആശിച്ചത് കിട്ടിയത് കണ്ടാല്‍ ചിരിക്കുന്നപോലെ പൊട്ടിച്ചിരിക്കാനൊരു കൂട്ടായ്മ. പണ്ടുകാലത്ത് പാര്‍ട്ടികള്‍ ക്ലബ്ബുകളും വായനശാലകളും നടത്തിയപോലെ. അവിടം കൂടിയിരുന്ന് പൊട്ടിച്ചിരിച്ച് തമാശപറഞ്ഞവരും ചിന്തിച്ചവരുമൊക്കെ ഓരോ പാര്‍ട്ടിയുടെയും വലിയൊരു അനുയായി വൃന്ദവും വോട്ടുബാങ്കുമൊക്കെയായിരുന്നു. നേതാക്കന്മാരുടെ മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞപ്പോള്‍ കൂടെ നടന്നവരൊക്കെ പിന്നോട്ട് പോയി. ഇന്ന് പാവം ജനങ്ങളോട് വെളുക്കെ പുഞ്ചിരിച്ചുകൊണ്ട് പഴയപ്രതാപം വീണ്ടെടുക്കണമെന്നാണ് പല പാര്‍ട്ടിക്കാരും അനുയായികളെ ഉപദേശിക്കുന്നതുപോലും.

ഇന്ന് വ്യക്തിത്വവികാസത്തിന്റെ ഭാഗമായി മിടുക്കന്മാരെ വാര്‍ത്തെടുക്കുന്ന കമ്പനികള്‍ക്കും ഉണ്ട് ചിരി പരിശീലന കോഴ്‌സുകള്‍. എല്ലാ തൊറാപ്പിയും പോലെ ചിരി തൊറാപ്പിയും ചിരി ഡിസൈനിംഗ് കോഴ്‌സുകളും ഉണ്ട്. അനേക നാടും അതിലധികം ഭാഷയുമുള്ളൊരു ലോകത്ത് ഏറ്റവും വേഗത്തില്‍ തിരിച്ചറിയപ്പെടുന്ന ഹൃദ്യമായ ശരീര ഭാഷയാണ് പുഞ്ചിരി. ഒന്ന് തൊട്ട് തലോടി ആശ്വസിപ്പിക്കുന്ന ഫലമുണ്ട് ദൂരെനിന്നും ഒന്നു പുഞ്ചിരിച്ചാല്‍. ബാല്യകാലത്തെപ്പോഴോ കൂടെയിരുന്ന് പഠിച്ച സുഹൃത്ത് യാത്രയിലെവിടെയോ വെച്ച് ഒന്ന് കൈവീശി പുഞ്ചിരിച്ചുകൊാണ്ട് പോകുമ്പോള്‍ ഓര്‍മയിലപ്പോള്‍ ഓടിയെത്തുന്നത് അനേകായിരിക്കും മധുരിക്കുന്ന ബാല്യകാല ഓര്‍മകളും കൂടിയല്ലേ.

മുഖം മനസ്സിന്റെ കണ്ണാടിയാണ്. ഒരു പുഞ്ചിരിയിലൂടെ തെളിയുന്നത് മനസ്സിന്റെ നൈര്‍മല്യമാണ്. ബന്ധങ്ങളുടെ ഊഷ്മളതയാണ്. അതുകൊണ്ടാണല്ലോ ചിരി ക്ലബ്ബുകള്‍ ഉണ്ടാകുന്നതിനും കാലമെത്രയോ മുന്നേ ലോകത്തിന്റെ പ്രവാചകന്‍ ജനങ്ങളെ ഉല്‍ബോധിപ്പിച്ചത് ‘നിന്റെ ഒരു പുഞ്ചിരി പോലും നിന്റെ സഹോദരനുള്ള സദഖയാണെന്ന്’ സത്യവിശ്വാസിയുടെ കൈവിളക്കാണീ വചനങ്ങള്‍. അതുമായി നീങ്ങുന്ന  വിശ്വാസ സമൂഹത്തിന് മാത്രമേ കൈവിട്ടുപോകുന്ന ബന്ധങ്ങളെ പെറുക്കിയെടുക്കാനാവൂ.  ഒരു പുഞ്ചിരികൊണ്ട് ഒരാള്‍ക്കൊരു നന്മചെയ്യാനാവുമെനങ്കില്‍ നാമെന്തിന് അത് മാറ്റിവെക്കണം.

അവലംബം: onislam.net

Related Articles