Current Date

Search
Close this search box.
Search
Close this search box.

പാഠം ഒന്ന് : ദാരിദ്ര്യ നിര്‍മാര്‍ജ്ജനം അഥവാ ദരിദ്രജന ഉന്മൂലനം

വ്യക്തി, സ്ഥാപനം, സംഘടന എന്നിവയൊക്കെ തന്നെ പലതരത്തിലുള്ള തകര്‍ച്ചകളെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കാറുണ്ട്. തകര്‍ച്ചക്ക് കാരണമായി ഭവിച്ച സംഗതികളില്‍ തനിക്കുള്ള പങ്ക് തുറന്ന് സമ്മതിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വിവേകമതികളുടെ രീതി. നേരെ മറിച്ച് കുറ്റവും കുറവും മറ്റുള്ളവരില്‍ ചാര്‍ത്തി ‘ഞാനപ്പഴും പറഞ്ഞില്ലേ’ എന്ന ലൈനില്‍ തടിതപ്പുന്ന എരണംകെട്ട ഏര്‍പ്പാട് ചെയ്യുന്നവരെ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കുന്നത് അക്ഷരങ്ങളോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്.

അമളിത്തരങ്ങള്‍ വ്യക്തിയുടെ പേരിനോട് ചേര്‍ത്ത് വിശേഷിപ്പിക്കപ്പെടുന്ന കാലമാണിന്ന്. അങ്ങനെയാണ് എങ്ങാണ്ടോ ഉള്ള ശശിക്ക് ഒരിക്കല്‍ ഒരു അമളി പറ്റിയത്. പിന്നീടങ്ങോട്ട് ആര്‍ക്ക് എന്ത് അമളിപറ്റിയാലും അവന്‍ ‘ശശി’ ആയി. അതു പോലെ വെക്കപ്പെടാന്‍ പറ്റുന്ന ഒരു പേര് കേരളം ഇന്ന് ഭരിച്ചു മുടിച്ച് കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിസഭയിലെ ഒരു മാന്യദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ തിരുവായ് ചര്‍ദ്ദിച്ച ഒരു പ്രസ്താവന കേട്ടാല്‍ തോന്നും അട്ടപ്പാടി കേരളത്തിലല്ല അങ്ങ് സൊമാലിയയിലാണെന്ന്. കേരള സര്‍ക്കാര്‍ ഇന്ന് സാമ്പത്തിക പ്രതിന്ധിയിലാണ്. കാരണം അദ്ദേഹം തന്നെ കണ്ടുപിടിച്ചു. മൂപ്പരുടെ സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വാരിക്കോരി കൊടുത്തത് കൊണ്ടാണത്രെ ഖജനാവ് കാലിയായത്.

അട്ടപ്പാടിയിലെ പട്ടിണി മാറ്റിയത് കൊണ്ടാണോ ഖജനാവ് കാലിയായത്? മലബാറിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളും ബെഞ്ചും ഡെസ്‌കും ഉണ്ടാക്കി കൊടുത്തത് കൊണ്ടാണോ ഖജനാവില്‍ കാറ്റ് നിറഞ്ഞത്? എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ ഒന്നൊഴിയാതെ പരിഹരിച്ച് കൊടുത്തത് മൂലമാണോ സാമ്പത്തിക പ്രതിസന്ധിയുണ്ടായത്? ഇക്കാരണങ്ങള്‍ കൊണ്ടാണ് ഖജനാവ് കാലിയായതെങ്കില്‍ മന്ത്രി സൂചിപ്പിച്ച സാമ്പത്തിക പ്രതിസന്ധിക്ക് ഒരു മഹത്വമുണ്ടാകുമായിരുന്നു. അത് മനസ്സിലാക്കി ഉള്‍ക്കൊണ്ട് സര്‍ക്കാറിനൊപ്പം നില്‍ക്കാന്‍ ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്ന പൊതുജനങ്ങള്‍ തയ്യാറാവുമായിരുന്നു.

ഉളളവനില്‍ നിന്നും എന്താണ് സര്‍ക്കാര്‍ ദരിദ്രന് എടുത്തു കൊടുത്തത്. അട്ടപ്പാടിയില്‍ എന്തിനായിരുന്നു കഴിഞ്ഞാഴ്ച്ച മന്ത്രിപുങ്കവന്‍മാര്‍ സന്ദര്‍ശനം നടത്തിയത് എന്ന് ആരും മറന്നിരിക്കാന്‍ ഇടയില്ല. സര്‍ക്കാര്‍ പാസാക്കി കൊടുത്ത ചിക്കന്‍ ബിരിയാണി വെട്ടി വിഴുങ്ങുന്നതിനിടെ എല്ല് തൊണ്ടയില്‍ കുടുങ്ങിയിട്ടല്ല അവിടത്തെ പൈതങ്ങള്‍ മരിച്ച് വീണത്. എന്തിനാണ് ആദിവാസികള്‍ തലസ്ഥാനത്ത് വന്ന് നില്‍പ്പ് സമരം നടത്തുന്നത്. സര്‍ക്കാര്‍ അനുവദിച്ച് കൊടുത്ത പട്ടുമെത്തയില്‍ കിടന്നും, ചാരുകസേരയില്‍ ഇരുന്നും മടുത്തിട്ടാണ് അവര്‍ അവിടെ വന്ന് നില്‍ക്കുന്നത് എന്നാണോ ബഹുമാനപ്പെട്ട മന്ത്രി പറയുന്നത്.

എത്ര തട്ടിപ്പ് കേസുകളിലാണ് മന്ത്രിസഭക്കും, അതിനെ ചുറ്റിപ്പറ്റി നടക്കുന്നവര്‍ക്കും എതിരെ ആരോപണമുയര്‍ന്നത് എന്ന് പൊതുജനങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. സമൂഹത്തിലെ ഒരു വിഭാഗത്തെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ് മന്ത്രി. മന്ത്രിസഭയുടെ കെടുകാര്യസ്ഥതയും, അംഗങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയും, അഴിമതിയും, ധൂര്‍ത്തും അതുവഴിയുണ്ടായ സാമ്പത്തിക നഷ്ടങ്ങളുമെല്ലാം മറച്ച് വെച്ച് ദരിദ്രന് ഔദാര്യം ചെയ്തത് മൂലമാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് എന്നാണ് മന്ത്രിയുടെ പരസ്യപ്രഖ്യാപനം. ഉള്ളവനും ഇല്ലാത്തവനും കൊടുക്കുന്ന നികുതിപ്പണം പിന്നെ എന്തിനുള്ളതാണെന്നാണ് മന്ത്രി പറയുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ ദരിദ്രന്റെ അവകാശമാണ്. ഭരണഘടന പൗരന്‍മാര്‍ക്ക് വകവെച്ചു നല്‍കിയിട്ടുള്ള ജീവിക്കാനുള്ള അവകാശം. ‘ദാനം സമ്പത്തിനെ വര്‍ദ്ധിപ്പിക്കും’, ‘ധനികന്റെ ഔദാര്യമല്ല, മറിച്ച് ദരിദ്രന്റെ അവകാശമാണ് നിര്‍ബന്ധദാനം (സകാത്ത്) ‘ എന്നു തുടങ്ങിയ മഹത്തായ സാമ്പത്തിക തത്വങ്ങള്‍ മാനവകുലത്തിന് പകര്‍ന്നു നല്‍കിയ കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സമുദായത്തില്‍ പേര് കൊണ്ട് പോലും അംഗമാവാന്‍ താന്‍ യോഗ്യനല്ല എന്ന് പ്രിയപ്പെട്ട മന്ത്രിയദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചു കഴിഞ്ഞു.

Related Articles