Current Date

Search
Close this search box.
Search
Close this search box.

പഠനാവകാശത്തിനും വര്‍ഗീയ നിറം നല്‍കുമ്പോള്‍

പത്താം ക്ലാസ്സ് കഴിഞ്ഞ വിദ്യാര്‍ഥികളുടെ ഉപരിപഠന വിഷയം കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വാശ്രയ കോളേജ് വിഷയം പോലെ കഴിഞ്ഞ നാലഞ്ചു കൊല്ലമായി അധ്യയന വര്‍ഷം ആരംഭിക്കുന്ന സന്ദര്‍ഭത്തിലെല്ലാം ചര്‍ച്ചയായി വരാറുള്ള ഒരു വിഷയം എന്നതിലപ്പുറം ഇക്കുറി പ്ലസ്ടു ചര്‍ച്ചക്ക് വേറെയും ചില മാനങ്ങള്‍ കൈവന്നിരിക്കുന്നു. ഒരു ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ പഠനാവകാശത്തെ മതത്തിന്റെ കോളത്തില്‍ ചേര്‍ത്ത് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന മതേതര ജനാധിപത്യ കക്ഷിയായ കോണ്‍ഗ്രസിന്റെ മുഖപത്രം തന്നെ!

സംസ്ഥാനത്ത് ഇക്കുറി എസ്.എസ്.എല്‍.സി പാസായി തുടര്‍ പഠനത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്നത് 4,87,366 വിദ്യാര്‍ഥികളാണ്. ഇത്രയും അപേക്ഷകര്‍ക്കായി സംസ്ഥാനത്തുള്ളത് 3,26,980 സീറ്റുകളും. 20 ശതമാനം സീറ്റുവര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനുള്ള സീറ്റ് ഇപ്പോഴും ആയിട്ടില്ല. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കാന്‍ സീറ്റില്ലാതെ പുറത്തിരിക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കോടതി പുതിയ പ്ലസ്ടു സ്‌കൂളുകള്‍ പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. കോടതി ഉത്തരവിനെ തുടര്‍ന്ന് മന്ത്രിസഭ വിശദമായ ചര്‍ച്ചചെയ്തതിന് ശേഷം 134 പഞ്ചായത്തുകളില്‍ പുതുതായി പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. അതാണിപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വീണ്ടും വര്‍ഗീയ നിറമുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

ചരിത്രപരമായ കാരണങ്ങളാല്‍ ഉത്തര കേരളം, അഥവാ മലബാര്‍, വിദ്യാഭ്യാസ ഭൂപടത്തില്‍ പിന്നാക്കമാണ്. പ്ലസ്ടു സീറ്റിന്റെ കാര്യത്തിലും മലബാര്‍ മേഖലയിലാണ് വമ്പിച്ച കുറവ് അനുഭവപ്പെടുന്നത്. സീറ്റില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ഥികളില്‍ 80 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല മറ്റെല്ലാ മേഖലയിലും മലബാറില്‍ ഈ പിന്നാക്കാവസ്ഥ കാണാന്‍ സാധിക്കും. മാറിമാറി വന്ന സര്‍ക്കാറുകള്‍ ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, കേരളമെന്നാല്‍ തെക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. രൂക്ഷമായ പിന്നാക്കാവസ്ഥക്കെതിരെ മലബാറില്‍ ജനരോഷം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ചെറിയ തോതിലുള്ള പരിഹാര നടപടികള്‍ ഉണ്ടാകുമ്പോഴേക്കും അതിനെ സാമുദായിക സന്തുലിത്വത്തിന്റെയും മതത്തിന്റെയും പേരുപറഞ്ഞ് തടസ്സപ്പെടുത്തുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. മലബാറിനെ ഒരു പ്രത്യേക മതത്തിന്റെ കോളത്തില്‍ ഉള്‍പ്പെടുത്താനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രി അനുവദിച്ചത് മുതല്‍ തുടങ്ങിയ ഈ ‘സാമുദായിക സന്തുലിത’ രാഷ്ട്രീയം ഇന്ന് കേരളത്തിലെ മിക്കവാറും വിഷയങ്ങളെയെല്ലാം ബാധിച്ചു തുടങ്ങിയിരിക്കുന്നു. മാധ്യമങ്ങള്‍ വന്‍തോതില്‍ ഈ നീക്കത്തിന് പിന്തുണ നല്‍കുമ്പോള്‍ മതേതരരെന്ന് മേനി പറയുന്ന സി.പി.എമ്മും കോണ്‍ഗ്രസും ഇത്തരം നീക്കങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ‘പച്ച ബോര്‍ഡ്’ വിഷയത്തില്‍ കേരളത്തില്‍ അനാവശ്യ ചര്‍ച്ചയുണ്ടാക്കി വര്‍ഗീയ വിഷം പരത്താന്‍ ശ്രമിച്ചത് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നല്ലോ.

പുതിയ പ്ലസ്ടു വിഷയത്തിലും സംഭവിച്ചത് മറിച്ചല്ല. സീറ്റുകള്‍ കുറവുള്ളത് കൂടുതലും മലബാര്‍ മേഖലയിലാണെന്നതിനാല്‍ പുതുതായി അനുവദിക്കുന്ന സ്‌കൂളുകള്‍ മലബാര്‍ മേഖലയിലാകും എന്ന് മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസിന്റെ മുഖപത്രം സര്‍ക്കാറിന്റെ പുതിയ നടപടിയില്‍ വര്‍ഗീയത ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് അര ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന തീര്‍ത്തും തെറ്റായ ആരോപണമാണ് കോണ്‍ഗ്രസ് മുഖപത്രം തങ്ങളുടെ വാദത്തിനുള്ള ന്യായീകരണമായി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. തൊട്ടുപിന്നാലെ സി.പി.എം മുഖപത്രവും ‘വീക്ഷണ’ത്തിന്റെ വീക്ഷണത്തെ പിന്താങ്ങി രംഗത്ത് വന്നിരിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വോട്ട് ബാങ്കിനെ പിടിച്ചു നിര്‍ത്താന്‍ വേണ്ടിയാണ് മതേതര പാര്‍ട്ടികള്‍ പോലും അനാവശ്യ വിവാദങ്ങളുണ്ടാക്കി സംഘ്പരിവാറിന്റെ മെഗാഫോണുകളായി മാറുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ തങ്ങളുണ്ടാക്കുന്ന അനാവശ്യ വിവാദങ്ങളിലൂടെ ലാഭം നേടുന്നത് വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് സമീപകാല ലോക്‌സഭാ തെരുഞ്ഞെടുപ്പിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലെങ്കിലും ഇവര്‍ മനസ്സിലാക്കുന്നത് നന്ന്.

ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസ ഭൂപടത്തില്‍ അരുക്കാക്കപ്പെട്ട ഒരു പ്രദേശത്ത് നിന്നുള്ള വിദ്യാര്‍ഥികളുടെ പഠനാവകാശത്തെ പോലും വര്‍ഗീയ നിറം ചാര്‍ത്തി അരുക്കാക്കാന്‍ ശ്രമിക്കുന്ന പ്രവണത ഒട്ടും ആശ്വാസ്യമല്ല. ദേശീയ രാഷ്ട്രീയത്തില്‍ ആധിപത്യം നേടിയ വര്‍ഗീയ ശക്തികള്‍ മതേതര ജനാധിപത്യ കക്ഷികളുടെ പുറംതോലണിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തിലും ആധിപത്യം നേടുമ്പോള്‍ സാംസ്‌കാരിക കേരളം കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഒപ്പം വര്‍ഗീയ ആരോപണങ്ങളെ പേടിച്ച് കാലങ്ങളായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ജനതക്ക് സാമൂഹിക നീതി ഉറപ്പ് വരുത്തുന്ന നിലപാടില്‍ നിന്ന് പിന്നാക്കം പോകാതിരിക്കാന്‍ സര്‍ക്കാറും ശ്രദ്ധിക്കണം.

Related Articles