Current Date

Search
Close this search box.
Search
Close this search box.

പട്ടിയെ പേപട്ടിയാക്കേണ്ടതിന്റെ അനിവാര്യത

കാല് കുത്താന്‍ ഇടമില്ലെന്ന് പറഞ്ഞ് പട്ടികളെ ചുമ്മാതങ്ങ് തല്ലിക്കൊല്ലാനൊക്കുമോ? അവയും കാരുണ്യമര്‍ഹിക്കുന്ന ജന്തു വര്‍ഗമാണല്ലോ. മനസ്സില്‍ എറിഞ്ഞാട്ടുവാനുള്ള കലിപ്പുണ്ടെങ്കിലും നാലാള് നോക്കി നില്‍ക്കെ ആ ജന്തുവിനെ തലോടിയില്ലെങ്കില്‍ പിന്നെങ്ങനെ മനുഷ്യത്വമുള്ളവനാകും? പിന്നെ ആകെയുള്ള മാര്‍ഗം പട്ടികളെ പേപട്ടികളായി പ്രഖ്യാപിക്കലാണ്. പിന്നെ എറിഞ്ഞോ, തല്ലിയോ, വെടിവെച്ചോ പട്ടികളെ  കൂട്ട നശീകരണത്തിന് വിധേയമാക്കി സായൂജ്യമടയാം.

ജനാധിപത്യ ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥ ഏതാണ്ടിതുപോലെയാണ്. കേവലം മുസ്‌ലിംകളായി എന്നുള്ളതുകൊണ്ട് ഹീനരായി പ്രഖ്യാപിച്ച് പാകിസ്ഥാനിലേക്ക് പുറംതള്ളാനൊക്കില്ലല്ലോ. ഇക്കൂട്ടര്‍ മനുഷ്യരായത് കൊണ്ട് പട്ടിയേക്കാള്‍ ഉയര്‍ന്ന വിതാനത്തില്‍ ഇവരെ തലോടേണ്ടതായും വരും. പിന്നെ ആകെയുള്ള മാര്‍ഗം ഇവരെ പേപിടിപ്പിക്കലാണ്. ഭീകരവാദവും, ലൗജിഹാദും, ഗോവധവുമെല്ലാം പരാമൃഷ്ട ന്യൂനപക്ഷത്തില്‍ ആരോപിച്ച് അവരുടെ ഉന്മൂലനത്തിന്റെ ആവശ്യകത വര്‍ഗീയ വാദികള്‍ മതേതര ഭാരതത്തെ അടിക്കടി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

സംഘ്പരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം തലപൊക്കിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഈയൊരു വസ്തുതയിലേക്ക് വെളിച്ചം വീശുന്നവയാണ്. ഇവരുടെ പല്ലും നഖവും മുഖ്യമായും ലക്ഷ്യം വെക്കുന്നത് മുസ്‌ലിംകളും ദലിതുകളും അടക്കമുള്ള ന്യൂനപക്ഷത്തെയാണ്. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഭൂരിപക്ഷത്തിന്റെ വിചാരങ്ങള്‍ക്ക് വൈരുദ്ധ്യമായി ഭവിക്കുവാന്‍ പാടില്ല എന്നാണ് ദാദ്രി സംഭവവും വിളിച്ചോതുന്നത്. കഴിച്ചത് ഗോമാംസമല്ലാതിരിക്കെ ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കാതെ പിതാവ് നഷ്ടപ്പെട്ട മകളുടെ വിലാപത്തില്‍ ആനന്ദം കണ്ടെത്തുന്ന വര്‍ഗീയഭീകരന്‍മാര്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടേണ്ടവരാണെന്ന് പകലില്‍ സൂര്യനെ സാക്ഷിനിര്‍ത്തി ലോകത്തോട് പെരുമ്പറയിടുന്നു.

ഇന്ത്യയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളുടെ കുത്തകയാക്കി ചിത്രീകരിച്ചും, പ്രേമമെന്ന അതിമഹത്തായ ജിഹാദിലൂടെ തങ്ങളുടെ മക്കളെ വഴിപിഴപ്പിക്കുന്നുവെന്നും മുസ്‌ലിംകളുടെ തലയില്‍ കെട്ടിവെച്ച് അതിന് പ്രചാരണവും നല്‍കി തല്ലി കൊല്ലുവാനോ, എറിഞ്ഞാട്ടുവാനോ പാകമായ പേപട്ടികളെ സൃഷ്ടിക്കലാണ് ഈ നാടകത്തിന്റെ ക്ലൈമാക്‌സ്.

( ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയവിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles