Current Date

Search
Close this search box.
Search
Close this search box.

നെല്‍സണ്‍ ബങ്കറുടെ ദാരുണമരണം ഉണര്‍ത്തുന്ന ചിന്തകള്‍

Nelson-bankar.jpg

1970 കാലഘട്ടത്തില്‍ ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയായിരുന്ന നെല്‍സണ്‍ ബങ്കര്‍ഹണ്ട് വൃദ്ധസദനത്തില്‍ മരണപ്പെട്ടത് ഏതൊരു വ്യക്തിക്കും ഗുണപാഠമാകേണ്ടതാണ്. 1600 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന ബങ്കര്‍ ഹണ്ടിന് ലിബിയയില്‍ 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടം സ്വന്തമായുണ്ടായിരുന്നു. ഇതിനു പുറമേ ലോകമൊട്ടാകെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരവും ആയിരക്കണക്കിന് പന്തയക്കുതിരകള്‍ തുടങ്ങിയവയും അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് വ്യാപാര തകര്‍ച്ച നേരിട്ട അദ്ദേഹം പാപ്പരാവുകയും ദാരിദ്രത്തിലേക്ക് തള്ളി വിടപ്പെടുകയുമായിരുന്നു. അവസാന കാലത്ത് അള്‍ഷിമേഴ്‌സ് ബാധിച്ച അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.

ധനസമ്പാദനം ജീവിതലക്ഷ്യമാക്കുകയും അതിന് പുറമേ നെട്ടോട്ടമോടുകയും ചെയ്യുന്ന ഒരു ജനസമൂഹത്തെയാണ് ലോകമിന്ന് കണ്ടുകൊണ്ടിരുക്കുന്നത്.  അതിന് വേണ്ടി എന്തു ദുഷ്‌കൃത്യം ചെയ്യാനും അവര്‍ തയ്യാറാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല കൊലപാതകങ്ങളുടെയും അക്രമപ്രവര്‍ത്തനങ്ങളുടെയും പിന്നിലെ യഥാര്‍ത്ഥ കാരണം പരിശോധിക്കുമ്പോള്‍ ധനത്തോടുള്ള മനുഷ്യന്റെ അത്യാര്‍ത്ഥിയിലാണ് നമ്മള്‍ എത്തിച്ചേരുക. ഏറ്റവും പ്രധാന സാമൂഹിക സ്ഥാപനമായ കുടുംബത്തിലുണ്ടായിത്തീരുന്ന സംഘര്‍ഷങ്ങളുടെയും പരസ്പരവൈരാഗ്യങ്ങളുടെയുടെയുമെല്ലാം മുഖ്യകാരണം ധനത്തോടുള്ള അതിരുകവിഞ്ഞ സ്‌നേഹമാണെന്നത് സുവ്യക്തമായ കാര്യമാണ്. മനുഷ്യജീവിതത്തിലെ പ്രധാനവും ശ്രേഷഠകരവുമായ കര്‍മ്മമാണ് വിവാഹം. എന്നാല്‍ ഇത്തരം വിവാഹങ്ങളുടെയും ദമ്പതികളുടെ മുന്നോട്ടുള്ള ജീവിതത്തിന്റെയും മുഖ്യഘടകമായി ധനം മാറിയിരിക്കുകയാണ്. സ്ത്രീധനവും വിവാഹധൂര്‍ത്തുമെല്ലാം സമൂഹത്തെ ബാധിച്ച മാറാരോഗമായി മാറിയിരിക്കുന്നു.

രാഷ്ട്രത്തിന്റെയും, രാജ്യത്തെ പൗരന്മാരുടെയും ക്ഷേമം ഉറപ്പു വരുത്തേണ്ട ഭരണാധികാരികളും ധനപൂജകരായി മാറിയിരിക്കുന്ന ഭീതിതമായ സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ പൗരന്മാരുടെ ധനം കൊള്ളയടിച്ച് സ്വന്തം പോക്കറ്റ്് വീര്‍പ്പിച്ചു കൊണ്ടിരിക്കുകയാണവര്‍. ജയലളിതയും, ഡി.രാജയുമെല്ലാം ഇത്തരം അഴിമതിക്കാരുടെ ചില പ്രതീകങ്ങള്‍ മാത്രം. സ്വിസ് ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ച ചര്‍ച്ചകളും നമ്മെ ഓര്‍മിപ്പിക്കുന്നത് മറ്റൊന്നല്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യക്കാരായ അംബാനിമാരും, മിത്തല്‍മാരും ലോകത്തെ ഏറ്റവും വലിയ ധനാഢ്യരുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നതും എന്തു കൊണ്ടാണെന്ന് നാം തിരിച്ചറിയണം. ദരിദ്രപൗരന്മാരെ മറന്ന് കോര്‍പ്പറേറ്റ് സേവനടത്തുന്ന പ്രധാനമന്ത്രിയും ഓടുന്നത് ധനത്തിന് പുറകെ തന്നെയാണ്

ഇഹലോകത്തെക്കുറിച്ചും അതിന്റെ നശ്വരതയെക്കുറിച്ചും, പരലോകജീവിത്തിലെ വിചാരണയെക്കുറിച്ചും ബോധമില്ലാത്തവരാണ് ഇങ്ങനെ ധനത്തിന് പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നത്. ഇഹലോകത്തെക്കുറിച്ചും ധനത്തിന്റെ ഉടമസ്ഥതതയെക്കുറിച്ചും അതിന്റെ വിനയോഗത്തെക്കുറിച്ചും  ഇസ്‌ലാമിന് വ്യക്തമായ നിലപാടുകളുണ്ട്. ഇഹലോകത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ‘നന്നായറിഞ്ഞുകൊള്ളുക: ഈ ഐഹിക ജീവിതം കേവലം കളിയും തമാശയും പുറംപകിട്ടും, നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചം പറച്ചിലും, സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചുനില്‍ക്കാനുള്ള മല്‍സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു: ഒരു മഴപെയ്തു. അതിനാലുണ്ടായ സസ്യലതാദികള്‍ കണ്ട് കര്‍ഷകര്‍ സന്തുഷ്ടരായി. പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞളിക്കുന്നതായി നിനക്കു കാണാം. പിന്നീടത് വയ്‌ക്കോലായിത്തീരുന്നു. മറിച്ച് പരലോകത്താകട്ടെ, കഠിന ശിക്ഷയുണ്ട്, അല്ലാഹുവിങ്കല്‍നിന്നുള്ള പാപമുക്തിയുണ്ട്, അവന്റെ സംപ്രീതിയുമുണ്ട്. ഐഹികജീവിതമോ, ഒരു ചതിക്കുണ്ടല്ലാതെ മറ്റൊന്നുമല്ല.'(വി.ഖു. 57:20) യാതൊരു വിലയുമില്ലാത്ത ഇത്തരം ഐഹിക വിഭങ്ങള്‍ പുറമെ ഓടുന്ന മനുഷ്യന്‍ യഥാര്‍ത്ഥില്‍ വിഡ്ഢിയാണ്.

ധനത്തിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്. അതിന്റെ കൈകാര്യകര്‍ത്താവ് മാത്രമാണ് മനുഷ്യനെന്നും അത് കെട്ടിപ്പൂട്ടിവെക്കാന്‍ അവന് യാതൊരു അധികാരവുമില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നു.  ‘അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ ധനത്തില്‍നിന്ന് അവര്‍ക്കു നല്‍കുക.’ (വി.ഖു 24:33) ‘ക്ഷേമമുള്ളവന്‍ തന്റെ ക്ഷേമമനുസരിച്ച് ചെലവ് ചെയ്യണം. ധനശേഷികുറഞ്ഞവന്‍, അല്ലാഹു തനിക്കേകിയിട്ടുള്ളതെന്തോ അതില്‍നിന്ന് ചെലവഴിക്കട്ടെ. അല്ലാഹു ഒരു മനുഷ്യനോടും, അയാള്‍ക്ക് നല്‍കിയിട്ടുള്ളതിലുപരി നിര്‍ബന്ധിക്കുന്നതല്ല. ഞെരുക്കത്തിനു പിമ്പെ അല്ലാഹു സമൃദ്ധിയേകിയെന്നും വരാം.'(വി.ഖു 65:7)  ഇസ്‌ലാം സകാത്ത് നിര്‍ബന്ധമാക്കിയതിനു പിന്നിലെ ലക്ഷ്യം ധനത്തിന്റെ ശുദ്ധീകരണവും സമൂഹത്തിലെ പാവങ്ങളുടെ ക്ഷേമകരമായ ജീവിതവുമാണ്. ധനം കെട്ടിപ്പൂട്ടി വെക്കുകയും അത് എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുന്നവന് നാശമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് (വി.ഖു. 104:1-2). ഇങ്ങനെ വിശുദ്ധ ഖുര്‍ആന്‍ വളരെ ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ധനത്തിനു പുറകെ നെട്ടോട്ടമോടുന്നവര്‍ക്കുള്ള ഉണര്‍ത്തുപാട്ടും മുന്നറിയിപ്പുമാകട്ടെ നെല്‍സണ്‍ ബങ്കര്‍ഹണ്ടിന്റെ ജീവിതം.
 

Related Articles