Current Date

Search
Close this search box.
Search
Close this search box.

നൂറ് തികഞ്ഞ നിര്‍ണായക കൊടുങ്കാറ്റ്

വിശുദ്ധ റമദാനിന്റെ നാളുകള്‍ അവസാനത്തിലേക്ക് നീങ്ങികൊണ്ടിരിക്കെ യമനിലെ ‘നിര്‍ണായ കൊടുങ്കാറ്റ്’ നൂറ് ദിവസം പൂര്‍ത്തിയായിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്‍ വലദുശ്ശൈഖ് അഹ്മദ് യമന്‍ കടുത്ത പട്ടിണിയുടെ വക്കിലാണെന്ന ദുരന്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഒരു വെടിനിര്‍ത്തലിലോ യുദ്ധം അവസാനിപ്പിക്കുന്നതിലോ എത്താന്‍ കഴിഞ്ഞിട്ടില്ല. അവിടെ 20 ദശലക്ഷം യമനികള്‍ അടിയന്തിര മാനുഷിക സഹായം ആവശ്യമുള്ളവരാണ്. വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ മരുന്നുകളോ ആശുപത്രി സൗകര്യമോ ലഭ്യമല്ലാത്തവിധം ഉപരോധത്തിലാണവര്‍.

ജാഹിലിയാ കാലഘട്ടത്തില്‍ പോലും ഗോത്രങ്ങള്‍ തമ്മിലുണ്ടായിരുന്ന യുദ്ധങ്ങള്‍ ‘വിശുദ്ധ മാസങ്ങളില്‍’ നിര്‍ത്തിവെക്കാറുണ്ടായിരുന്നു. അലിഖിത ഉടമ്പടി പ്രകാരമായിരുന്നു അതെങ്കിലും മുഴുവന്‍ കക്ഷികളും അംഗീകരിച്ചിരുന്ന ഒന്നായിരുന്നു അത്. അത്യാധുനിക വിമാനങ്ങളും മിസൈലുകളും ഉടമപ്പെടുത്തിയിട്ടുള്ള, യാതൊരു കരുണയും ദാക്ഷിണ്യവുമില്ലാതെ കൊലനടത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗോത്രങ്ങളേക്കാള്‍ കരുണയുള്ളവയായിരുന്നു ജാഹിലിയാ കാലത്തെ ഗോത്രങ്ങള്‍ എന്നാണിന്ന് വ്യക്തമാവുന്നത്.

എണ്ണ ശേഖരമോ സ്വര്‍ണ നിക്ഷേപമോ ഇല്ലാത്ത, ഏതെങ്കിലും ഏകാധിപതിയുടെ ഉരുക്കുമുഷ്ടിയില്‍ അകപ്പെട്ടു കിടക്കുന്നതോ അല്ലാത്ത യമനിന് നേരെ നടക്കുന്ന യുദ്ധത്തിന്റെ ഒരു വശം ആരും ശ്രദ്ധിക്കുന്നേയില്ല. ഓരോ ദിവസവും ഇരുപക്ഷത്തുമായി ഇരകളാക്കപ്പെടുന്നവരുടെ ദുരിതത്തിന്റെ ആഴവും പരപ്പും ആര്‍ക്കും വിഷയമായിട്ടില്ല.

യുദ്ധത്തിന്റെ തുടക്കത്തില്‍ തങ്ങളുടെ ശക്തിയിലും അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുടെ പേരിലും പെരുമ നടിക്കുന്നവരായിരുന്നു അറബ് സഖ്യം. ഓരോ രാത്രിയിലും അതിന്റെ വക്താവ് യുദ്ധത്തിന്റെ പുരോഗതി വിവരിച്ച് ടെലിവിഷന്‍ ചാനലുകളില്‍ തലകാണിച്ചിരുന്നു. മുമ്പത്തെ ദിവസത്തെ ആക്രമണത്തില്‍ തകര്‍ത്ത ലക്ഷ്യങ്ങളും അദ്ദേഹം വിവരിച്ചു. ഇറാഖില്‍ അമേരിക്ക നടത്തിയ ‘മരുഭൂമിയിലെ കൊടുങ്കാറ്റി’നെയാണത് ഓര്‍മയില്‍ കൊണ്ടുവരുന്നത്. അല്ലെങ്കില്‍ അര്‍ജന്റീനിയയിലെ ബ്രിട്ടന്റെ ഫോള്‍ക്‌ലാന്റ് യുദ്ധത്തെയോ ഇതോര്‍മപ്പെടുത്തുന്നു. എതിര്‍സഖ്യത്തിന്റെ മുന്നേറ്റമോ അവര്‍ നഗരങ്ങള്‍ പിടിച്ചെടുക്കുന്നതോ ആരും അറിയുന്നില്ല. ഐസിസിന്റെ വേരറുക്കുന്നതിന് ഏകദേശം ഒരു വര്‍ഷം മുമ്പ് അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച യുദ്ധത്തിലും ഇതേ അവസ്ഥ തന്നെയാണ് ആവര്‍ത്തിച്ചത്. അറബ് ഭരണകൂടങ്ങളും ആ സഖ്യത്തിന്റെ ഭാഗമായിരുന്നു.

നൂറ് ദിവസം പിന്നിട്ടിട്ടും അറബ് സഖ്യത്തിന് എതിരാളികളെ കീഴ്‌പ്പെടുത്താന്‍ സാധിച്ചിട്ടില്ല. ലോകത്തെ ഏറ്റവും ദരിദ്രരാഷ്ട്രത്തിലാണ് തങ്ങളുടെ ലക്ഷ്യം അവര്‍ക്ക് നേടാന്‍ സാധിക്കാത്തതെന്നതും ശ്രദ്ധേയമാണ്. നാലായിരം വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടും ഐസിസ് വിരുദ്ധ സഖ്യത്തിനും അവരുടെ ലക്ഷ്യം നേടാനായിട്ടില്ല. മാത്രമല്ല, അവര്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയുമാണ്. പുതിയ നഗരങ്ങള്‍ പിടിച്ചെടുക്കുന്നതിലും ആക്രമിക്കുന്നതിലും ഐസിസ് വിജയിച്ചു കൊണ്ടിരിക്കുന്നു. അവരുടെ അടുത്ത ആക്രമണം എവിടെയായിരിക്കുമെന്ന് ദൈവത്തിനറിയാം.

ഓരോ സൈനിക നീക്കവും പരാജയത്തിലാണ് കലാശിക്കുന്നത്. എവിടെയായിരിക്കാം വീഴ്ച്ചപറ്റിയത്? എന്തുകൊണ്ട് പ്രദേശവും നാമും ഈ ദുരന്തത്തിലെത്തി? ശക്തിയും സമ്പത്തുമാണ് വഞ്ചനയിലകപ്പെടുത്തിയതെന്ന് ലളിതമായി നമുക്ക് പറയാം. അതോടൊപ്പം എതിരാളിയുടെ ശക്തിയെ വളരെ വിലകുറച്ച് കാണുകയും ചെയ്തു. കുവൈത്തിന്റെ ഇറാഖ് അധിനിവേശം, ലിബിയയിലെയും സിറിയയിലെയും അഫ്ഗാനിലെയും സൈനിക ഇടപെടലുകളും അടക്കമുള്ള മുന്‍ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും ആരും തയ്യാറായിട്ടില്ല.

നിങ്ങള്‍ അത്ര ബുദ്ധിമാനാണെങ്കില്‍ എന്താണ് ഇതിന് പരിഹാരം എന്നും പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ പുറത്തു കടക്കുമെന്നും നമ്മോട് ചോദിക്കുന്നവര്‍ സ്വാഭാവികമായും ഉണ്ടാവും. ആദ്യമായി അവരോട് സൂചിപ്പിക്കാനുള്ളത് ഞങ്ങള്‍ തോളില്‍ നക്ഷത്രങ്ങള്‍ വഹിക്കുന്നവരോ മാറില്‍ മെഡലുകള്‍ അണിഞ്ഞു നടക്കുന്നവരോ അല്ലെന്നുള്ളതാണ്. ഈ യുദ്ധത്തിലെ ആദ്യ മിസൈല്‍ അയച്ചപ്പോള്‍ ഞങ്ങളോട് സൂചിപ്പിച്ചിട്ടല്ല അവരത് ചെയ്തത്. ഞങ്ങളോട് പരിഹാരം ചോദിക്കാന്‍ ഞങ്ങളുടെ അഭിപ്രായങ്ങള്‍ അവര്‍ കേട്ടിട്ടുമില്ല.

വ്യോമാക്രമണങ്ങളിലും കരയാക്രമണങ്ങളിലും കൊല്ലപ്പെടുന്ന പട്ടിണിപ്പാവങ്ങളായ യമനിലെ ഇരകളുടെ എണ്ണത്തെ കുറിച്ച് ആരും തന്നെ ചിന്തിക്കുന്നില്ല. നൂറോ ആയിരങ്ങളോ ആവാമത്. കൊലയാളികളുടെ കാഴ്ച്ചപ്പാടില്‍ ഒരുപക്ഷെ നിലവിലെ അവസ്ഥയില്‍ നിന്നും അവര്‍ക്ക് മോചനം നല്‍കുന്നതായിരിക്കാം അവരുടെ കൊല.

സൗമത്യയുടെ ഭാഷയിലാണ് ഞാനിതെഴുതുന്നത്. ബുദ്ധിയും യുക്തിയും മറഞ്ഞിരിക്കുന്നു. പരിക്കേറ്റവന്റെ രോദനം കേള്‍ക്കുന്നില്ല എന്നല്ല അത് കേള്‍ക്കുന്നതിന് പോലും വിലക്കാണ്. ജനാസയുടെ ചടങ്ങുകളോ കബറുകള്‍ക്ക് സാക്ഷികളോ ഇല്ലാതെ നിരവധി മരണങ്ങള്‍ നടക്കുന്നു. ഇത്തരത്തില്‍ കൊല നടത്തുന്നവര്‍ എങ്ങനെയാണ് നോമ്പെടുക്കുന്നതെന്ന് നമുക്കറിയില്ല. നിര്‍ഭയത്വമില്ലാതെ, ഒരു റൊട്ടികഷ്ണം പോലും നിഷേധിക്കപ്പെട്ട് തീര്‍ത്തും അനിശ്ചിതാവസ്ഥയില്‍ ജീവിക്കുന്ന ആളുകള്‍ മറുവശത്തുണ്ടെന്ന് അറിഞ്ഞു കൊണ്ട് എങ്ങനെയാണവര്‍ തങ്ങളുടെ സമൃദ്ധമായ ഇഫ്താര്‍ കഴിക്കുന്നത്? ഞാന്‍ യമന്‍ ജനതക്കൊപ്പമാണ്. നല്ല ആതിഥ്യമര്യാദയുടെ ഉടമകളായ യമനികളുടെ വിശ്വാസമോ മദ്ഹബോ നാം നോക്കുന്നില്ല. അതുകൊണ്ട് പറയുന്നു: കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും അവസാന കണികയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ എത്രയും വേഗത്തില്‍ യമനിലെ ഈ യുദ്ധം നിര്‍ത്തൂ.

മൊഴിമാറ്റം: നസീഫ്‌

Related Articles