Current Date

Search
Close this search box.
Search
Close this search box.

നിര്‍ണായക കൊടുങ്കാറ്റും പ്രത്യാശയുടെ വീണ്ടെടുപ്പും

‘നിര്‍ണായക കൊടുങ്കാറ്റ്’ അതിന്റെ ലക്ഷ്യങ്ങളുടെ വലിയൊരു ഭാഗം സാക്ഷാല്‍കരിക്കാനാവാതെ ഒരു മാസം തികഞ്ഞിരിക്കുന്നു. യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ഇപ്പോഴും നാടുകടത്തപ്പെട്ട അവസ്ഥയില്‍ സൗദിയില്‍ തന്നെയാണുള്ളത്. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ഖാലിദ് ബഹാഇലുള്ള പ്രതീക്ഷകളും എങ്ങുമെത്തിയിട്ടില്ല. ദക്ഷിണ ഭാഗങ്ങളില്‍ ഹൂഥി-സാലിഹ് സഖ്യം ഇപ്പോഴും മുന്നേറി കൊണ്ടിരിക്കുകയാണെന്നതാണ് അതിലേറെ പ്രധാനം. സൗദിയുടെ യമനിനോട് ചേരുന്ന അതിര്‍ത്തിയില്‍ പുതിയ വിംഗ് രംഗത്ത് വരികയും ചെയ്തിരിക്കുന്നു. അനുദിനം കൂടുതല്‍ രൂക്ഷമായ കരയുദ്ധത്തിലേക്കത് വഴിമാറുന്നതിന്റെ സൂചനകളാണ് കാണുന്നത്.

ഓപറേഷന്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അസീരിക്ക് തന്റെ പത്രസമ്മേളനങ്ങളില്‍ പോരാട്ടത്തെയും അതിന്റെ ലക്ഷ്യങ്ങളെയും ‘പ്രത്യാശയുടെ വീണ്ടെടുപ്പ്’ എന്ന പുതിയ ഓപറേഷനെയും കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഓപറേഷന്റെ രണ്ടാം ഘട്ടമായിട്ടാണ് ‘പ്രത്യാശയുടെ വീണ്ടെടുപ്പ്’ എങ്കിലും അത് ഇതുവരെ തുടങ്ങിയിട്ടില്ല. അഥവാ തുടങ്ങിയിട്ടുണ്ടെങ്കില്‍ തന്നെ യമനികള്‍ക്കോ സൗദികള്‍ക്കോ അവരുടെ സഖ്യത്തിനോ യമനിലെ ദുരിതപൂര്‍ണമായ ജനങ്ങളുടെ അവസ്ഥക്കോ അത് പ്രതീക്ഷ മടക്കി നല്‍കിയിട്ടില്ല. ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള സന്നദ്ധ സംഘടന പോലും അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. 25 ദശലക്ഷം വരുന്ന യമന്‍ ജനതക്കുള്ള സഹായം കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഇന്ധനമില്ലാത്തതാണ് കാരണം.

ഒരു മാസത്തെ വ്യോമാക്രമണം യമനിനെ ഒരു വലിയ ജയിലാക്കി മാറ്റിയിരിക്കുന്നു. എയര്‍പോര്‍ട്ടുകള്‍ ഉപയോഗശൂന്യമായിരിക്കുന്നു. കരയിലെ അതിര്‍ത്തികള്‍ അടച്ചിട്ടതിന് സമാനവും സുരക്ഷിതമല്ലാത്തതുമായിരിക്കുന്നു. വൈദ്യുതിയും വെള്ളവും നിലച്ചിരിക്കുന്നു. യമന്‍ റിയാലിന്റെ മൂല്യം തകര്‍ന്നിരിക്കുന്നു എന്ന് മാത്രമല്ല ഇറക്കുമതി നിലച്ചതിനാല്‍ നിത്യോപയോഗ വസ്തുക്കളൊന്നും കിട്ടാനില്ലാത്ത അവസ്ഥയുമാണ്.

യുദ്ധം അവസാനിപ്പിച്ച് പരസ്പരം പോരാടുന്ന കക്ഷികള്‍ ഒരു നയതന്ത്ര പരിഹാരത്തിലെത്തിയിരുന്നെങ്കില്‍ അതൊരു പ്രതീക്ഷയായിരുന്നു. അമ്മാനിന്റൈയും അള്‍ജീരിയയുടെയും മധ്യസ്ഥതയെ കുറിച്ച് പറഞ്ഞുകേട്ടത് അനുമാനങ്ങളും ‘പത്രങ്ങളുടെ സംസാരവും’ മാത്രമായി ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന ജിസിസി രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലെ പ്രസ്താവന ആ പ്രതീക്ഷകളെയെല്ലാം തച്ചുടക്കുന്നതാണ്. ചര്‍ച്ച നടക്കാന്‍ അവര്‍ വെച്ചിരിക്കുന്ന ഉപാധികള്‍ യമനിലെ ചില കക്ഷികള്‍ക്ക് പ്രത്യേകിച്ചും ഹൂഥികള്‍ക്ക് ഒരു നിലക്കും അംഗീകരിക്കാന്‍ സാധിക്കാത്തവയാണ്.

യമനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടക്കുന്ന ഏത് ചര്‍ച്ചയും സംഭാഷണവും നടക്കേണ്ടത് റിയാദില്‍ ജിസിസി മേല്‍നോട്ടത്തിലായിരിക്കണമെന്നതാണ് പ്രസ്താവന പറയുന്നത്. അഥവാ നിഷ്പക്ഷത പുലര്‍ത്തുന്ന മറ്റേതെങ്കിലും രാജ്യത്ത് വെച്ച് നടത്താമെന്ന നിര്‍ദേശം പരാജയപ്പെടുമെന്ന് ചുരുക്കം. പ്രതിസന്ധിയിലെ പ്രധാന കക്ഷി സൗദിയായിരിക്കെ സംഭാഷണത്തിനുള്ള വേദിയായി റിയാദ് തെരെഞ്ഞെടുത്തിരിക്കുന്നതിനാല്‍, യമനിലെ കക്ഷികള്‍ അവിടേക്ക് വരുന്നത് ചര്‍ച്ചക്കുള്ള ക്ഷണം സ്വീകരിക്കലായിരിക്കില്ല, മറിച്ച് വാറണ്ടിനുള്ള ഉത്തരം ചെയ്യലായിരിക്കും. ‘നിര്‍ണായക കൊടുങ്കാറ്റി’ന് മുമ്പായിരുന്നെങ്കില്‍ റിയാദിയില്‍ ചര്‍ച്ചക്ക് പോകുന്ന സ്വീകാര്യയോഗ്യമായ ഒരു നിര്‍ദേശമായിരുന്നു. എന്നാല്‍ ആക്രമണത്തിനും അതുണ്ടാക്കിയ ഭീമമായ ഭൗതിക നഷ്ടത്തിനും ആള്‍നാശത്തിനും ശേഷമാണിത്. പരാജയം സമ്മതിക്കലും കീഴടങ്ങലുമായി ആ ക്ഷണത്തെ വിലയിരുത്തുന്നവരും ഉണ്ടാവാം. എന്റെ കാഴ്ച്ചപ്പാടില്‍ ഈ യുദ്ധത്തില്‍ എല്ലാവരും പരാജിതരാണ്.

യമന്റെ ഭാവി തീരുമാനിക്കാനുള്ള ചര്‍ച്ച ജിസിസി മേല്‍നോട്ടത്തിലാവണമെന്ന് പറയാന്‍ അതൊരു ജിസിസി അംഗരാഷ്ട്രമൊന്നുമല്ല. ഐക്യരാഷ്ട്രസഭ, അറബ്‌ലീഗ് പോലുള്ള വേറെയും വേദികള്‍ ഉണ്ടല്ലോ. ജിസിസി തങ്ങളുടെ ‘വരുതി’യിലുള്ള രാഷ്ട്രമായി കണ്ട് പെരുമാറാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ അവര്‍ അതിനോടുള്ള തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. അതിന്റെ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറ്റുന്നതിന് കോടിക്കണക്കിന് ഡോളറിന്റെ സഹായവും നിക്ഷേപവും അവിടേക്ക് ഒഴുക്കാമായിരുന്നു. ജനസംഖ്യയുടെ അറുപത് ശതമാനത്തോളം വരുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംവിധാനങ്ങളും ആവാമായിരുന്നു.

യമനിന്റെ ഭാവിയെ കുറിച്ച ചര്‍ച്ചകള്‍ തങ്ങളുടെ മേല്‍നോട്ടത്തില്‍ നടക്കണമെന്ന ഗള്‍ഫ് വിദേശകാര്യ മന്ത്രിമാരുടെ ശാഠ്യത്തെ മുമ്പ് ‘ഗള്‍ഫ് ശ്രമ’മായിരുന്നല്ലോ യമന്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കിയതെന്ന മറുചോദ്യം ഉന്നയിക്കുന്നവരുണ്ടാകും. യമനിലെ പ്രക്ഷോഭങ്ങളും അരാജകത്വവും അവസാനിപ്പിച്ച് അലി അബ്ദുല്ല സാലിഹില്‍ നിന്നും ഹാദി മന്‍സൂറിലേക്ക് സമാധാനപൂര്‍ണമായി അധികാരം കൈമാറിയത് അതിലൂടെയായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ ആ ശ്രമം പൂര്‍ണമായി പരാജയപ്പെട്ടതാണ് നാമിപ്പോള്‍ കണ്ടത്. തലസ്ഥാനമായ സന്‍ആയില്‍ ഹൂഥികള്‍ പിടിമുറുക്കി പ്രസിഡന്റ് ഹാദിയെ തടങ്കലില്‍ വെച്ചത് അതിന് കാരണമായിരിക്കാം. അല്ലെങ്കില്‍ പ്രശ്‌നം ശക്തിഉപയോഗിച്ച് പരിഹരിക്കാന്‍ നടത്തിയ ‘നിര്‍ണായക കൊടുങ്കാറ്റും’ സൗദിയുടെ സൈനിക ഇടപെടലുമായിരിക്കാം അതിന് കാരണം. അല്ലെങ്കില്‍ അതിന് കാരണമായത് അവ രണ്ടും കൂടിയായിരിക്കാം.

അടിച്ചേല്‍പ്പിക്കല്‍ ശൈലിയില്‍ യമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് അതിനെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുക. യമനിനോ അതില്‍ ഭാഗവാക്കാകുന്ന മറ്റ് രാജ്യങ്ങള്‍ക്കോ അത് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല രമ്യമായ പരിഹാരത്തിനുള്ള സാധ്യതകളെയത് ചുരുക്കികളയുകയും ചെയ്യുന്നു.

‘നിര്‍ണായക കൊടുങ്കാറ്റ്’ പ്രത്യാശ വീണ്ടെടുത്ത് സമാധാനവും സുസ്ഥിരതയും നല്‍കുന്ന സമാധാനത്തിന്റെ കാറ്റായി മാറുന്നില്ലെങ്കില്‍ പ്രായോഗികമായി തന്നെ അത് നിര്‍ത്തിവെക്കേണ്ടതുണ്ട്. അത് വാക്കുകളില്‍ ഒതുങ്ങിയാല്‍ പോരാ. ഏറ്റവും ചുരുങ്ങിയത് യമനിനുള്ളിലെ 25 ദശലക്ഷം ആളുകള്‍ക്ക് സാധാരണ ജീവിതം നയിക്കാനെങ്കിലും അതിലൂടെ സാധിക്കേണ്ടതുണ്ട്. ഉള്ളിലുള്ള ആളുകളുടെ എണ്ണത്തിന്റെ മൂന്നിലൊന്നോ അതിലേറെയോ വരുന്ന യമനിന് പുറത്തുള്ള യമനികളില്‍ വലിയൊരു വിഭാഗത്തിന് എല്ലാ വര്‍ഷത്തേയും പോലെ അവധിക്കാലത്ത് തങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

മാനുഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നിടത്തോളം ആക്രമണത്തോടുള്ള യമനികളുടെ നിലപാടിലും മാറ്റം വരും. ഹൂഥി-സാലിഹി സഖ്യത്തിനായിരിക്കും അത് ഫലം ചെയ്യുക. ഇപ്പോള്‍ തന്നെ ഉയര്‍ന്നിരിക്കുന്ന ചില ശബ്ദങ്ങള്‍ അതാണ് ഓര്‍മപ്പെടുത്തുന്നത്. ഐക്യരാഷ്ട്രസഭ തന്നെ യമനിലെ യുദ്ധകുറ്റങ്ങളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിമാനങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ പതിക്കുന്നത് പര്‍വതങ്ങളിലോ ഒഴിഞ്ഞ മരുഭൂമിയിലോ അല്ല. സഖ്യത്തില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങളിലെ ചാനലുകള്‍ എത്രതന്നെ മറയിടാന്‍ ശ്രമിച്ചിട്ടും ആക്രമണത്തിന് ഇരയായ യമനികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും യൂടൂബിലും അതിവേഗം പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

മൊഴിമാറ്റം: നസീഫ്‌

Related Articles