Current Date

Search
Close this search box.
Search
Close this search box.

നിരപരാധിയാണെങ്കിലും പ്രതിയാണ്, കേസ് നിങ്ങള്‍ക്ക് തീരുമാനിക്കാം!

‘കോഴിക്കോട് വിമാനത്താവളത്തില്‍ ഭീകരവാദികളെ പിടികൂടുന്നതിന്റെ മോക്ഡ്രില്‍ നടത്തി’  എന്ന വാര്‍ത്തയോടൊപ്പം ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റ് ഇങ്ങനെ : ‘അതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നൊ സര്‍?! നമ്മുടെ നാട്ടില്‍ നടക്കുന്ന ‘ഒറിജിനല്‍’ ഫീകരവാദിവേട്ട തന്നെ ഒന്നാന്തരം ‘മോക്ഡ്രില്‍’ അല്ലേ…?’

മോദി പ്രധാനമന്ത്രിയാകുന്നതോടെ ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും ചരിത്ര പുസ്തകങ്ങളിലെ ശേഷിപ്പുകളായി മാറുമെന്ന ആശങ്കക്ക് വകയില്ലെന്നും മോദിക്കാലത്ത് ജനാധിപത്യം കൂടുതല്‍ ‘വിശാലത’ കൈവരിക്കാനാണ് സാധ്യതയെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്. മോദിക്കാലത്ത് ജനാധിപത്യം വിശാലമാകുന്നതെങ്ങനെയെന്ന് പോസ്റ്റ് വിവരിക്കുന്നു : ‘നിന്നെ കൊല്ലണമെന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. എങ്ങനെ കൊല്ലണമെന്ന് നിനക്ക് തീരുമാനിക്കാം.’ (എന്തിന് കൊല്ലണമെന്നും നിനക്കു തന്നെ തീരുമാനിക്കാം.., അക്ഷര്‍ധാം വേണോ ഗോധ്ര വേണോ പാണ്ഡ്യ വേണോ..) എന്തു മനോഹരമായ തീരുമാനാധികാരം!!! എത്ര മഹത്തായ ജനാധിപത്യം!!! മോദികാലത്ത് ജനാധിപത്യം നിലനില്‍ക്കില്ലെന്ന് ആരാ പറഞ്ഞത്?

ഭീകര വേട്ടയുടെ പേരില്‍ ജനാധിപത്യ ഇന്ത്യയില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മുകളില്‍ പറഞ്ഞ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം ഭീകര വേട്ടകളും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജവും സര്‍ക്കാര്‍ – പോലീസ് സ്‌പോണ്‍സേര്‍ഡുമാണെന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്താണ് മേല്‍ പറഞ്ഞ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും ശ്രദ്ധേയമാകുന്നത്. സര്‍ക്കാര്‍ സ്‌പോര്‍ണ്‍സേഡ് ഭീകര വേട്ടയുടെ ഭീഭത്സ മുഖം അഴിഞ്ഞു വീണ ദിവസമായിരുന്നു ഇക്കഴിഞ്ഞ മാസം 16 ാം തീയ്യതി. രാജ്യം കണ്ട ഏറ്റവും വലിയ മുസ്‌ലിം കൂട്ടക്കുരുതിക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് പാര്‍ട്ടി മതേതര ഇന്ത്യയുടെ അധികാര കസേര കൈപിടിയിലൊതുക്കിയ ദിവസം തന്നെയായിരുന്നു മോദിയുടെ ഗുജറാത്തില്‍ നടന്ന വ്യാജ ഭീകര വേട്ട രാജ്യത്തെ പരമോന്നത നീതിപീഠം തുറന്ന് കാണിച്ചതും. 2002 ല്‍ നടന്ന അക്ഷര്‍ധാം ക്ഷേത്ര അക്രമണ കേസില്‍ കുറ്റക്കാരെന്ന് കണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നാലുപേരടക്കം 6 പേരെയാണ് സുപ്രീം കോടതി അന്ന് വെറുതെ വിട്ടത്. 11 വര്‍ഷമാണ് നിരപരാധികളായ ഈ ചെറുപ്പക്കാര്‍ ജയിലില്‍ കഴിഞ്ഞത്.

സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ 6 പേരും ജയില്‍ മോചിതരായ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഗുജറാത്ത് പോലീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ്, അക്ഷര്‍ധാം അക്രമണം, ഹരണ്‍ പാണ്ഡ്യ കൊലപാതക കേസ് ഇതിലേതു കേസും തെരഞ്ഞെടുക്കാമെന്നായിരുന്നു ഗുജറാത്ത് പോലീസ് ഈ ചെറുപ്പക്കാര്‍ക്ക് വെച്ച് നീട്ടിയ ഓഫര്‍! കേസ് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം ‘പ്രതിക്ക്’ തന്നെ നല്‍കുന്ന ഗുജറാത്ത് പോലീസിന്റെ ‘ജനാധിപത്യ ബോധം’ അതിഗംഭീരം തന്നെ. മോദി പ്രധാനമന്ത്രിയാകുന്ന മുറക്ക് ഈ ‘ജനാധിപത്യം’ രാജ്യ വ്യാപകമാക്കാനും മോദിപ്പോലീസിന് പദ്ധതിയുണ്ടോ ആവോ?

നിരപരാധികള്‍ വ്യാജ ഭീകര കേസുകളില്‍ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ് മോചിപ്പിക്കപ്പെടുന്നത് രാജ്യത്ത് ഇത് ആദ്യമല്ല. എന്നാല്‍ ഇപ്പോഴത്തെ സംഭവത്തിലെന്ന് പോലെ മുമ്പും നിരപരാധികളെ പ്രതിചേര്‍ത്ത് കേസ് തട്ടിക്കൂട്ടിയ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇതുവരെയും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. എന്നുമാത്രമല്ല, വ്യാജ വേട്ടകള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും നേതൃത്വം കൊടുത്ത പലരും ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കപ്പെടുകയും വലിയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിരിക്കുന്നു. വ്യാജ വേട്ടകള്‍ വര്‍ധിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണവും അതുതന്നെയാണ്. അതുപോലെ, മീഡിയകളുടെ റോളും ഒട്ടും ചെറുതല്ല. പോലീസ് പറയുന്നതിനപ്പുറം ഭാവനകള്‍ കൂടിചേര്‍ത്ത് ഭീകര കഥകള്‍ മെനയുന്നതിലും നിരപരാധികളെ അന്താരാഷ്ട്ര ‘തീവ്രവാദി’കളാക്കുന്നതിലും മീഡിയകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ എഴുതിവിടുകയും സ്ഥാപിക്കുകയും ചെയ്ത ‘ഭീകരവാദികളെ’ നിരപരാധികളായി കോടതികള്‍ കണ്ടെത്തുമ്പോള്‍ അത് തിരുത്താന്‍ പോലും മാധ്യമങ്ങള്‍ സന്നദ്ധമാവാറില്ല. എന്നു മാത്രമല്ല പുതിയ പുതിയ ഭീകര കഥകള്‍ കണ്ടെത്തുന്നതിലും അത് പ്രചരിപ്പിക്കുന്നതിലുമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘ദ ഹിന്ദു’ പത്രത്തില്‍ ഈ അടുത്ത ദിവസങ്ങളില്‍ വന്ന രണ്ട് വാര്‍ത്തകള്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ ‘ഇന്ത്യന്‍ മുജാഹിദീന്‍’ എന്ന ഭീകര സംഘടന ഉണ്ട് എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് പോലും ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നിരിക്കെ ‘ദ ഹിന്ദു’ ഇന്ത്യന്‍ മുജാഹിദീന് ‘സൗത്ത് ഇന്ത്യന്‍ മുജാഹിദീന്‍’ എന്ന ഉപഘടകവും ഈ അടുത്ത് കണ്ടെത്തുകയുണ്ടായി! അതിനു പിന്നാലെയാണ്, അന്‍സാറുത്തൗഹീദ് (ആര്‍മി ഓഫ് ദ ഒണ്‍ ട്രൂ ഫൈത്ത്) എന്ന പുതിയ ഭീകര സംഘടനയും പാക്കിസ്ഥാനില്‍ രൂപീകരിക്കപ്പെട്ടതായും ഇന്ത്യയെ അക്രമിക്കാന്‍ അവര്‍ പദ്ധതി ഒരുക്കുന്നതായും ‘ദ ഹിന്ദു’വിന്റെ പ്രവീണ്‍ സ്വാമി അന്വേഷണ ഉദ്യോഗസ്ഥരെ ‘ഉദ്ധരിച്ച്’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. തെളിവുകളേതുമില്ലാത്ത ഇത്തരം പോലീസ് ഭാഷ്യങ്ങള്‍ അപ്പടി പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്കും ഈ വ്യാജ ഭീകര വേട്ടകളിലും ഏറ്റുമുട്ടലുകളിലുമുള്ള പങ്ക് ചെറുതല്ല. ഇത് തിരുത്താന്‍ മാധ്യമങ്ങളും തയ്യാറാവണം.
                                               = = = + = = = + = = =
മോദി വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരന്‍ അമരേഷ് മിശ്രക്ക് പുറമെ ഇപ്പോള്‍ ഗോവയിലും മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്നതും അപകടകരവുമായ അഭിപ്രായ പ്രകടനം നടത്തിയതിനാണ് അറസ്റ്റ് വാറന്റെന്ന് പോലീസ് പറയുമ്പോള്‍ തെരഞ്ഞെടുപ്പിനിടെ വര്‍ഗീയ വിഷം തുപ്പുന്ന പ്രസ്താവനകള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ ഏത് ജയിലിലാണെന്ന് ഫേസ്ബുക്കിലെ മറ്റൊരു സുഹൃത്ത് ചോദിക്കുന്നു. മുസ്‌ലിംകള്‍ തങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളാണെന്ന് അംഗീകരിക്കണമെന്നും അല്ലെങ്കില്‍ അവര്‍ക്ക് സമ്മതിദാനവകാശം ഉണ്ടായിരിക്കില്ലെന്നും അഭിപ്രായപ്പെട്ട സുബ്രഹ്മണ്യ സ്വാമിയും ഹിന്ദുമത വിശ്വാസികള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്നും മുസ്‌ലിംകളെ ഒഴിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട പ്രവീണ്‍ തെഗാഡിയയും മുസഫര്‍ നഗറില്‍ നമ്മുടെ സമുദായത്തിനേറ്റ അപമാനത്തിന് മുസ്‌ലിംകള്‍ക്കെതിരെ പ്രതികാരം ചെയ്യേണ്ട സമയമാണിതെന്ന് പറഞ്ഞ അമിത്ഷായും മോദിയെ പിന്തുണക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ ഗിരിരാജ് സിങ്ങും മോശമായി പെരുമാറുന്ന മുസ്‌ലിംകളെ നരേന്ദ്ര മോദി പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ ശിവസേനാ നേതാവ് രാംദാസ് കതമും ഇപ്പോള്‍ ഏത് ജയിലിലാണെന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാമെന്ന് സുഹൃത്ത് തന്റെ പോസ്റ്റില്‍ കുറിക്കുന്നു.

                                              = = = + = = = + = = =
മോദി അധികാരത്തിലേറിയതോടെ ജനാധിപത്യ വാദികള്‍ പേടിച്ചിരിക്കുകയാണെന്ന് പറയുന്ന സംഘ്പരിവാര്‍ അനുകൂലികളോട് ‘അതെ പേടിയുണ്ട്, മനുഷ്യരെ മനുഷ്യരായ കാണാനാവാത്ത മലിനവികാരത്തിന്റെ പേരാണ് ഫാസിസമെന്നും അതിന്റെ പിടിയിലേക്ക് ഇനിയൊരു തലമുറയെ എറിഞ്ഞു കൊടുക്കേണ്ടി വരുമോ എന്ന പേടിയുണ്ടെന്ന്’ ചന്ദ്രിക ദിനപത്രത്തില്‍ (24.5.14) ശ്രീചിത്രന്‍ എം.ജെ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഹിറ്റ്‌ലറിന്റെ കാലത്ത് ജര്‍മനിയില്‍ അദ്ദേഹത്തിന്റെ വലംകൈയ്യായിരുന്ന അഡോള്‍ഫ് ഐക്മാന്‍ നടത്തിയ ക്രൂര പ്രവര്‍ത്തനത്തെയും 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ജനങ്ങളുടെ മുമ്പില്‍ വെച്ച് കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജിഫ്രിയെ കത്തിച്ചു കൊന്ന ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെയും പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്തുകൊണ്ട് ഫാഷിസത്തെ എങ്ങനെ ഭയപ്പെടാതിരിക്കുമെന്ന് ശ്രീചിത്രന്‍ ചോദിക്കുന്നു. എന്നാല്‍ രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇസ്രയേല്‍ ജയിലില്‍ വെളിച്ചത്തെ പോലും പേടിച്ച് ചുരുണ്ടുകൂടി കഴിഞ്ഞ അഡോള്‍ഫ് ഐക്മാന്റെ ദുരന്ത ചരിത്രം അനുസ്മരിച്ച് ആ നാണംകെട്ട പേടിയുടെ ക്ലൈമാക്‌സ് തന്നെയായിരിക്കും ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നു.

Related Articles