Current Date

Search
Close this search box.
Search
Close this search box.

നിപ വൈറസ് ഭീതി പടര്‍ത്തുമ്പോള്‍

hy.jpg

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നു എന്നതും പഴവര്‍ഗങ്ങളിലൂടെ പകരുന്നു എന്നതും പുതിയ നിപ വൈറസിന്റെ ഭീതി വര്‍ധിപ്പിക്കുന്നു. കൃത്യമായ ഒരു മരുന്ന് വൈറസിനെതിരെ ഇതുവരെ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും രംഗത്തിന്റെ ഗൗരവം കൂട്ടുന്നു. വടക്കന്‍ കേരളത്തില്‍ പനി ഭീതി അതിന്റ പാരമ്യത്തിലാണ്. മലേഷ്യയിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. Kampung Sungai Nipah എന്ന സ്ഥലത്താണ് ഇതാദ്യം റിപ്പോര്‍ട്ട് ചെയ്തതും. വവ്വാലിലൂടെ ഈ അസുഖം പടരുന്നു എന്നാണ് കണ്ടെത്തല്‍. വവ്വാല്‍ കടിച്ച ഫലങ്ങളിലൂടെ രോഗം പടരാം എന്നും പറയപ്പെടുന്നു.

ഈ വൈറസ് പെട്ടെന്ന് പടരുന്നു എന്നതാണ് അതിന്റെ കടുപ്പവശം. ഇന്നലെ ഇതേ രോഗികളെ ശുശ്രൂഷിച്ച നഴ്‌സ് മരണപ്പെട്ടതും അവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സംസ്‌കരിക്കേണ്ടി വന്നതും കാര്യങ്ങളുടെ തീവ്രത കാണിക്കുന്നു. ജീവിത രീതിയില്‍ വരുന്ന മാറ്റവും വൃത്തിയും രോഗങ്ങളെ വിളിച്ചു വരുത്തും എന്നുറപ്പാണ്. മഴക്കാലം രോഗങ്ങളുടെ കൂടി കാലമായി മാറുന്നു. നമ്മുടെ പട്ടണങ്ങളും ഗ്രാമങ്ങളും മാലിന്യ കൂമ്പാരമായി മാറുമ്പോള്‍ അസുഖങ്ങള്‍ എന്നും നമ്മെ തേടി വരാനാണ് സാധ്യത.

ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത കൂടി വരുന്നു. മൂക്ക് പൊത്തിയല്ലാതെ റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പല സ്ഥലങ്ങളും. കേരളത്തില്‍ ലഭ്യമാകുന്ന പഴ വര്‍ഗങ്ങള്‍ അത്ര വൃത്തിയിലല്ല ലഭിക്കുന്നത് എന്നതും നമുക്ക് സുപരിചിതമാണ്. ആധുനിക കാലത്തും രോഗങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും വന്നു കൊണ്ടിരിക്കുന്നു. കാരണങ്ങള്‍ കണ്ടെത്തുമ്പോഴേക്കും ഒരുപാട് ജീവനുകള്‍ നഷ്ടമായിട്ടുണ്ടാകും.

ആരോഗ്യകരമായ ഒരു ജീവിത രീതിയെ കുറിച്ചും ആരോഗ്യകരമായ ഭക്ഷണ രീതിയെ കുറിച്ചും നാം ചിന്തിക്കേണ്ടി വരുന്നു. ഭക്ഷണം പുറത്തുനിന്നും എത്രമാത്രം വിശ്വസിച്ചു കഴിക്കാന്‍ കഴിയും എന്നതും ഇന്ന് കേരളത്തിന്റെ സാമൂഹിക വിഷയമാണ്. റമദാന്‍ മാസത്തില്‍ വഴിയരികില്‍ ഉണ്ടാക്കി വില്‍ക്കുന്ന ഭക്ഷണങ്ങളുടെ ശുചിത്വവും വലിയ വിഷയമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.

മഴക്കാലത്തോടൊപ്പം എല്ലാ വര്‍ഷവും കേരളത്തില്‍ ഇത്തരം രോഗങ്ങളും കടന്നു വരുന്നു എന്നത് ദുര്യോഗമാണ്. ആരോഗ്യ രംഗത്തു മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ എല്ലാതരം സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന അവസ്ഥ നമുക്ക് ഉണ്ടാവേണ്ടതാണ്. അതെസമയം ഇപ്പോഴത്തെ നിപ പനിക്ക് കൃത്യമായ മരുന്നില്ല എന്നത് കൂടി ചേര്‍ത്ത് വായിക്കണം. താഴെ വീഴുന്ന പഴങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഒരു പ്രതിരോധ മാര്‍ഗമായി പറയുന്നതും.

Related Articles