Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ക്ക് കോടീശ്വരനാവേണ്ടേ?

വാര്‍ത്താ മാധ്യമങ്ങള്‍ തട്ടിപ്പിന്റെയും കബളിപ്പിക്കലിന്റെയും കഥകള്‍ നമുക്ക് എത്തിച്ചു തരാത്ത ഒരു ദിവസവും ഇല്ലെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയപ്പെടാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. പറമ്പിലെ നിധിയെടുത്ത് തരാമെന്ന് മോഹിപ്പിച്ച് സ്വര്‍ണാഭരണങ്ങളുമായി മുങ്ങുവര്‍ മുതല്‍ ആധുനിക സൗകര്യങ്ങളുപയോഗപ്പെടുത്തി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ അക്കൂട്ടത്തിലുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിരന്തരം കാണുകയും വായിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് ഇത്തരം കബളിപ്പിക്കലുകള്‍ക്ക് ഇരയാക്കപ്പെടുന്നതെന്നതാണ് ഏറെ ആശ്ചര്യം. കോടികള്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ഐവറികോസ്റ്റ് സ്വദേശിയുടേത് ഇത്തരത്തിലെ അവസാന ഉദാഹരണം മാത്രം.

ഒരു അമേരിക്കന്‍ കോടീശ്വരന്‍ മരിച്ചുവെന്നും അയാളുടെ സ്വത്തുകള്‍ക്ക് അവകാശികളില്ലാത്തതിനാല്‍ അത് നിങ്ങളെ ഏല്‍പ്പിക്കുകയാണെന്നും ഒരു മെസ്സേജോ മെയിലോ കിട്ടുമ്പോഴേക്ക് ആളുകള്‍ അതില്‍ വീണു പോകുന്നു. മൊബൈല്‍ ഫോണും ഇ-മെയില്‍ സംവിധാനങ്ങളും ഉപയോഗിക്കുന്ന മിക്കവര്‍ക്കും ഒരിക്കലലെങ്കിലും സമാനമായ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ടാവും. പലരും അതിനെ അവഗണിക്കാറാണ് പതിവെങ്കിലും അത് വിശ്വസിച്ച് അതിനെ പുറകെ പോകുന്നവര്‍ ഉണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് അത്തരം സന്ദേശങ്ങള്‍ ഇന്നും പലര്‍ക്കും കിട്ടിക്കൊണ്ടിരിക്കുന്നുവെന്നത്.

മനുഷ്യനിലുള്ള ആര്‍ത്തിയാണ് ഇത്തരം തട്ടിപ്പുകാരുടെ പ്രധാന മൂലധനം. പ്രവാചകന്‍ മുഹമ്മദ്(സ) വളരെ വ്യക്തമായിട്ട് തന്നെ അതിനെ കുറിച്ച് താക്കീത് നല്‍കിയിരിക്കുന്നത് നമുക്ക് കാണാം : ‘ഒരു മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വരയുണ്ടെങ്കില്‍ രണ്ടാമതൊന്നു കൂടി ലഭിക്കാന്‍ അവന്‍ ആഗ്രഹിക്കും. രണ്ടെണ്ണം കിട്ടിയാല്‍ മൂന്നാമത്തേതിനായി അവന്‍ കൊതിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല.’ ഒന്ന് കിട്ടിയാല്‍ അത് രണ്ടാക്കാനും നാലാക്കാനും നടക്കുന്ന ആര്‍ത്തി പിടിച്ച മനുഷ്യന്‍ ഉള്ള കാലത്തോളം ഇത്തരം തട്ടിപ്പുകാരും ഉണ്ടാകും. അതുകൊണ്ട് തന്നെ ഇതിന് അടിസ്ഥാനപരമായ ചികിത്സ വേണ്ടത് മനുഷ്യനമനസ്സുകളിലാണ്. ആട്ടിന്‍ കൂട്ടത്തില്‍ പ്രവേശിച്ച വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന വിനയേക്കാള്‍ വിനാശകാരിയാണ് ധനത്തോടും ഔന്നത്യത്തോടുമുള്ള മനുഷ്യന്റെ ആര്‍ത്തിയെന്ന പ്രവാചകന്റെ(സ) മുന്നറിയിപ്പിന്റെ പ്രസക്തി അവിടെയാണ്. സമ്പത്തിനോടും സ്ഥാനമാനങ്ങളോടുമുള്ള മനുഷ്യന്റെ ആര്‍ത്തി കാരണം അവന്‍ കബളിപ്പിക്കപ്പെടുക മാത്രമല്ല ചെയ്യുന്നത്. മനുഷ്യനിലെ മൂല്യങ്ങളെയും സല്‍ഗുണങ്ങളെയും അത് കാര്‍ന്നു തിന്നുന്നു. ഈ ലോക ജീവിതം ശാശ്വതമല്ല, നൈമിഷികമാണെന്ന ഒരു ബോധത്തിന് മാത്രമേ ആര്‍ത്തിയെ ചികിത്സിക്കാനാവൂ.

Related Articles