Current Date

Search
Close this search box.
Search
Close this search box.

നാഗരികത വില്‍ക്കാനുള്ളതല്ല!

മനുഷ്യചരിത്രത്തെ കുറിച്ച് പഠനം നടത്തുകയാണെങ്കില്‍ ക്രോഢീകരിക്കപ്പെട്ടതും പ്രശസ്തവുമായ ചരിത്രം ഇസ്‌ലാമിക ചരിത്രം മാത്രമാണെന്ന് നമുക്ക് മനസ്സിലാക്കാം. സങ്കുചിതമായ ചിന്താഗതികള്‍ മാറ്റിവെച്ച് ചരിത്രത്തെ സമീപിക്കുന്ന മുഴുവനാളുകളും ഇത് പലതരത്തില്‍ അംഗീകരിച്ചിട്ടുള്ളതാണ്.
ചരിത്രത്തില്‍ മനുഷ്യത്വവും നീതിയും നന്മയും നിറഞ്ഞുനിന്ന കാലം പ്രവാചകന്റെയും സച്ചരിതരായ ഖലീഫമാരുടെയുമാണെന്ന് നിഷ്പക്ഷമായി അന്വേഷിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം. മുഹമ്മദ് നബി(സ)ക്ക് ലഭിച്ചത്ര അനുയായിവൃന്ദം മറ്റൊരു പ്രവാചകനും ചരിത്രത്തില്‍ ലഭിച്ചിട്ടില്ല. മാത്രമല്ല നബി(സ)യുടെ അനുയായികള്‍ പടുത്തുയര്‍ത്തിയ നാഗരികതയെ വെല്ലുന്ന ഒരു നാഗരികതയും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
 
സച്ചരിതരായ ഖലീഫമാര്‍ക്ക് ശേഷം അമവികള്‍ ഭരണത്തിലേറിയപ്പോഴും ഈ അവസ്ഥ തുടര്‍ന്നു. കാരണം ഭരണം രാജാധിപത്യത്തിലേക്ക് നീങ്ങിയെങ്കിലും പരിശുദ്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ സ്വഹാബികള്‍ അവര്‍ക്കിടയില്‍ ജീവിച്ചിരുന്നിരുന്നു. അവരുടെ ഉന്നത സ്വഭാവഗുണങ്ങള്‍കൊണ്ട് സാധാരണജനങ്ങള്‍ പ്രവാചകപാരമ്പര്യം കണ്ടും കേട്ടും അറിയുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. അപ്രകാരം ഇസ്‌ലാമിന്റെ മഹിതമായ നാഗരികത സജീവമായി തന്നെ നിലനിന്നു. ഭരണത്തിലും രാഷ്ട്രീയത്തിലും മാത്രമാണ് ചെറിയ ജീര്‍ണതകള്‍ പ്രത്യക്ഷപ്പെട്ടത്. സാമൂഹികവും മതപരവുമായ ജീവിതം അതിന്റെ തിളക്കത്തോടെ അവശേഷിച്ചിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു മുസ്‌ലിങ്ങള്‍ സുപ്രധാന വിജയങ്ങള്‍ നേടിയെടുത്തത്.

പിന്നീട് അബ്ബാസികളുടെ കാലം വന്നു. സാമൂഹികവും സാമ്പത്തികവും മതപരവുമായ മേഖലകളില്‍ മുസ്‌ലിം സമുദായത്തെ അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ പ്രവാചകന്റെ അനുയായികള്‍ക്ക് സാധിച്ചിരുന്നു. രാഷ്ട്രം നിലവില്‍ വരുന്നതും തകരുന്നതുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നങ്ങളൊന്നും നാഗരികതയുടെ നിര്‍മാണത്തിന്റെ ഒഴുക്കിന് തടസ്സമായിരുന്നില്ല.

അബ്ബാസികള്‍ക്ക് പ്രധാനമായും രണ്ട് വീഴ്ചകളാണ് സംഭവിച്ചത്.
ഒന്ന്: വിദേശ സാഹിത്യങ്ങള്‍ വേണ്ടത്ര സൂക്ഷ്മതയില്ലാതെ അറബിയിലേക്ക് പരാവര്‍ത്തനം ചെയ്തു. എന്നാല്‍ ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശവും മറ്റും അറബിയില്‍ നിന്ന് ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അവര്‍ ശ്രമിച്ചതുമില്ല.
രണ്ട്: ഖുര്‍ആന്‍ സൃഷ്ടിയാണോ അല്ലേ എന്ന അനാവശ്യ ചര്‍ച്ചകളില്‍ മുഴുകി സമയം കളഞ്ഞു. അതിന് വേണ്ടി ബലപ്രയോഗം നടത്തി. ഒരു ഉപകാരവുമില്ലാത്ത ഫിലോസഫിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുഴുകി കാലം കഴിച്ചു.

പക്ഷെ ഇസ്‌ലാമിക നാഗരികതയെ ലോകത്ത് വ്യാപിപ്പിക്കുന്നതില്‍ അബ്ബാസികള്‍ വിജയിച്ചു. ഇസ്‌ലാമിന്റെ സമാധാനപൂര്‍വ്വമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെട്ടതും ഇക്കാലത്താണ്. അമവികളുടെ വിജയങ്ങള്‍ ജനങ്ങള്‍ പെട്ടെന്ന് ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ കാരണമായിരുന്നില്ല. കാരണം ഇസ്‌ലാം ബലാല്‍ക്കാരം കൊണ്ട് പ്രചരിക്കില്ല. അബ്ബാസികളുടെ കാലത്ത് ഇസ്‌ലാം പ്രചരിച്ചത് ആധിപത്യമുള്ള രാഷ്ട്രം കൊണ്ടായിരുന്നില്ല. മറിച്ച്, ആത്മാര്‍ത്ഥരായ പ്രബോധകര്‍ വഴിയായിരുന്നു. അബ്ബാസികള്‍ വിഘടനവാദികളെയും പുത്തന്‍ വാദികളെയും അടിച്ചമര്‍ത്തിയിരുന്നു. ഇസ്‌ലാമിനോട് ശത്രുതയുണ്ടായിരുന്ന വലിയൊരു സംഘത്തെ അവര്‍ ഇല്ലായ്മ ചെയ്തു.

കാലക്രമത്തില്‍ വീണ്ടും ധാരാളം ഭരണകൂടങ്ങള്‍ ലോകത്ത് നിലവില്‍ വന്നു. സന്‍കികളും അയ്യൂബികളും അടിമരാജവംശവും ഭരണത്തില്‍ വന്നു. പിന്നീട് ഉസ്മാനികള്‍ ഭരണത്തിലേറി. 1924-ല്‍ ഭരണമവസാനിക്കുന്നതുവരെ അഞ്ച് നൂറ്റാണ്ട് അവര്‍ ഭരണം നടത്തി. ഇവരുടെ കാലത്തെല്ലാം നിസ്സാരമായ ചില പ്രശ്‌നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അവരെല്ലാം ഇസ്‌ലാമിന് വേണ്ടി മഹത്തായ സേവനങ്ങളര്‍പ്പിച്ചു. എല്ലാ അക്രമങ്ങളില്‍ നിന്നും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മുന്‍ഗാമികളുടെ ഈ മഹത്തായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇസ്‌ലാം ഇന്നും ജീവനോടെ നിലനില്‍ക്കുന്നു. എല്ലാ ഗൂഢാലോചനകളെയും ശത്രുതയെയും മറികടന്ന്, ഭൗതികവും ബൗദ്ധികവുമായ എല്ലാ അധിനിവേശങ്ങളെയും കവച്ചുവെച്ച് അത് മുന്നേറി. സിയോണിസ്റ്റുകളുടെയും പാശ്ചാത്യരുടെയും സാംസ്‌കാരിക കടന്നുകയറ്റത്തെ അത് അതിജീവിച്ചു. ഇപ്പോള്‍ എല്ലാ പീഢനങ്ങളുടെയും കാലം താണ്ടി പുതിയൊരു നവോത്ഥാനത്തിന്റെ പ്രഭാതത്തിലെത്തിയിരിക്കുന്നു ഇസ്‌ലാം. ഇപ്പോഴും ഗൂഢാലോചനകളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുകയാണത്.  

പ്രബോധന സംഘങ്ങളുടെ ശ്രേഷ്ടതകൊണ്ട് ഇസ്‌ലാം ഭൂഖണ്ഡങ്ങളില്‍ പ്രചരിച്ചു. സൈനികവും രാഷ്ട്രീയവുമായ പരാജയം നേരിട്ടപ്പോള്‍ പോലും ജനമനസ്സുകളില്‍ അത് വിജയം നേടിക്കൊണ്ടിരുന്നു. താര്‍ത്താരികളുടെ കാലത്തെ അത് അതിജയിച്ചു. അപ്രകാരം മുസ്‌ലിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പുതിയ വഴികള്‍ വെട്ടിത്തെളിക്കുകതന്നെ ചെയ്യും. അന്തരീക്ഷം എത്രതന്നെ പ്രക്ഷുബ്ദമാണെങ്കിലും ഇസ്‌ലാമിന്റെ പതാക വാനില്‍ പാറിപ്പറക്കും. മനുഷ്യത്വത്തിന്റെ പ്രശ്‌ന പരിഹാരത്തിനുള്ള ഏകമാര്‍ഗം അത് ഇസ്‌ലാമാണ്. ഇസ്‌ലാം മുസ്‌ലിങ്ങളുടേത് മാത്രമല്ല. മനുഷ്യ വര്‍ഗത്തിന്റെ മൊത്തം പ്രതീക്ഷയും പ്രത്യാശയുമാണ്.
ഇതാണ് അതുല്ല്യമായ ചരിത്രം. എല്ലാറ്റിനെയും അതിജയിക്കുന്ന ഇസ്‌ലാമുമാണിത്. മനുഷ്യമനസ്സുകളെയും ബുദ്ധിയെയും ആത്മാവിനെയും വ്യക്തിത്വത്തെയും സാമൂഹത്തെയും ഒരുപോലെ സ്വാധീനിച്ച നാഗരികതയാണിത്. മനുഷ്യന്‍ മനുഷ്യത്വം പൂര്‍ത്തീകരിച്ചത് ഇതുകൊണ്ടാണ്. പ്രകാശത്തിന്റെ ഉത്ഭവസ്ഥാനമാണത്. ഇരുലോകജീവിതത്തിന്റെയും ആത്മാവും കാമ്പുമാണത്.

ഈ ചരിത്രം, ഈ നാഗരികത… ഇവയെല്ലാം തുച്ചമായവിലക്ക് വില്‍ക്കാന്‍ നമ്മുക്കാവുമോ! നമ്മുടേതല്ലാത്ത പലതിനെയും നമ്മുടെ ചരിത്രവും നാഗരികതയുമായി  തെറ്റിധരിക്കാന്‍ നമുക്കാകുമോ!… വഴിപിഴച്ച സംഘങ്ങളുടെയും ഒറ്റപ്പെട്ട തര്‍ക്കങ്ങളിലേര്‍പെടുന്നവരുടെയും ആരോപണങ്ങള്‍ക്ക് വിധേയരായി കഴിയണോ നമ്മള്‍!
നമ്മുടെ പൂര്‍വ്വികര്‍ നമ്മുടെ പിതാമഹന്മാരാണ്. അവരാണ് നമ്മുടെ വഴികാട്ടികള്‍. നമ്മുടെ അസ്ഥിത്വം മറക്കാന്‍ തീരുമാനിച്ചാലേ നമുക്ക് അവരുടെ പാരമ്പര്യത്തില്‍ നിന്ന് വിട്ടുപോരാനൊക്കൂ. അപ്പോള്‍ നമ്മുടെ പേരുകൊണ്ടുമാത്രം നമുക്കൊന്നും ചെയ്യാനാകില്ല. ചരിത്രത്തിന്റെ താളുകളില്‍ നിന്ന് നമ്മള്‍ പുറത്താക്കപ്പെടും.

നാഗരികതയാണ് നമ്മുടെ വ്യതിരിക്തത. മനുഷ്യത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആധുനിക സാങ്കേതികവിദ്യയെ ഉള്‍കൊള്ളുന്ന ഒരു പുതിയ നാഗരികത കെട്ടിപ്പടുക്കണം. അത് നമ്മെ പ്രതിനിധീകരിക്കണം. നാം മനുഷ്യരിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രത്യേക വിഭാഗമാണെന്ന് ജനങ്ങള്‍ക്ക് അനുഭവപ്പെടണം. ലക്ഷ്യം നഷ്ടപ്പെട്ട ദിവാസ്വപ്‌നക്കാരല്ലെന്ന്  പ്രായോഗികമായി നാം തെളിയിക്കണം.

മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിച്ച പ്രവാചകന്‍മാര്‍, മഹാന്മാരും സച്ചരിതരുമായ ഖലീഫമാര്‍, ഇവരാണ് നമ്മുടെ നേതാക്കളും മാതൃകകളും. അവര്‍ക്കുശേഷം വന്ന മഹാന്മാരായ സ്വഹാബികളും താബിഉകളും, അവരെ പിന്തുടര്‍ന്ന് ഇസ്‌ലാമിക നാഗരികതയെ കെട്ടിപ്പെടുക്കാന്‍ ശരീരംകൊണ്ടും ബുദ്ധികൊണ്ടും സേവനമനുഷ്ടിച്ച മഹാന്മാരായ സച്ചരിതര്‍. ഇവരെല്ലാമാണ് നമ്മുടെ മുന്‍ഗാമികള്‍. അവരുടെ ഉന്നത മാതൃകകളെയാണ് നാം പിന്‍പറ്റുന്നത്. ഭിന്നതകളെ നാം ക്രിയാത്മകമായി ഉള്‍കൊള്ളണം. നബി(സ)ക്ക് ശേഷം ആരും തെറ്റുപറ്റാത്തവരല്ലെന്ന് അടിയുറച്ച് വിശ്വസിക്കണം. നാഗരികതയുടെയും സംസ്‌കാരത്തിന്റെയും സ്ഥാപകരും നിര്‍മാതാക്കളുമായ മുന്‍ഗാമികളുടെ അന്തസ്സുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നാം വ്യാപൃതരാകണം. ഇവരുടെ പാരമ്പര്യത്തെ ഒരിക്കലും തുച്ഛമായ വിലക്ക് നാം വില്‍ക്കരുത്.

ചരിത്രവും പാരമ്പര്യവും പറഞ്ഞ് അഹങ്കരിക്കുകയും വമ്പ് പറയുകയും ചെയ്യുന്ന നമ്മള്‍ ചരിത്രത്തില്‍ മഹാന്മാര്‍ പടുത്തുയര്‍ത്തിയ നാഗരികതയുടെ ആശയവും ആവേശവും ഉള്‍കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറല്ല! പിന്നെ എങ്ങിനെ നാം നമ്മുടെ നാഗരികപ്രതാപം തിരിച്ച് പിടിക്കും! നിശ്ചയമായും പ്രയാസത്തോടൊപ്പമാണ് എളുപ്പം.

ഇപ്പോള്‍ നമ്മുക്ക് കാണാനാകുന്നത് വഴിതെറ്റിയ, അലഞ്ഞ് നടക്കുന്ന, അശ്രദ്ധരായൊരു സമൂഹത്തെയാണ്. ഇവര്‍ക്ക് നമ്മുടെ നാഗരികതയെ കച്ചവടം ചെയ്യാനല്ലാതെ അതിന്റെ പുനര്‍നിര്‍മിതിക്ക് ഒന്നും ചെയ്യാനാകില്ല. നമ്മുടെ ചരിത്രവും നാഗരികതയും വില്‍ക്കാനുള്ളതല്ല. അവയില്‍ നിന്ന് ആവേശമുള്‍കൊണ്ട് പുതിയ നാഗരികതകള്‍ പടുത്തുയര്‍ത്താനുള്ളതാണ്.

വിവ: ജുമൈല്‍ കൊടിഞ്ഞി         

      

Related Articles