Current Date

Search
Close this search box.
Search
Close this search box.

നാം തന്നെയാണ് യഥാര്‍ത്ഥ ഭീകരവാദികള്‍

ഈ നിയമവിരുദ്ധ കൈയ്യേറ്റത്തിന് ഇരകളായി നിരപരാധികള്‍ മരിച്ച് വീഴാന്‍ ഇടയായതില്‍ അമേരിക്കന്‍ പൗരന്‍മാരായ നമുക്കും പങ്കുണ്ട്. കാരണം നമ്മുടെ പേരിലാണ് ഈ കൂട്ടക്കൊലകളെല്ലാം അരങ്ങേറിയത്. രണ്ടാം ലോക മഹായുദ്ധം തൊട്ട് യുദ്ധങ്ങളില്‍ മരിച്ച് വീഴുന്നവരില്‍ 90 ശതമാനവും നിരായുധരായ സിവിലിയന്‍മാരാണ്. ഇതില്‍ മൂന്നില്‍ ഒരു ഭാഗം കുട്ടികളാണ്. അവരൊന്നും തന്നെ നമ്മളെയൊന്നും ചെയ്തിട്ടില്ല. ഫലസ്തീന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സൊമാലിയ എന്നിവിടങ്ങളിലെ കൊലപാതകങ്ങളൊന്നും തന്നെ ആക്‌സ്മികമായി സംഭവിച്ചതല്ല. ആധുനിക യുദ്ധത്തിന്റെ പ്രകൃതമാണത്. നമ്മുടെ സ്വാതന്ത്ര്യം കാരണമല്ല അവര്‍ നമ്മെ വെറുക്കുന്നത്. മനുഷ്യകുലത്തിനെതിരെ യുദ്ധംപ്രഖ്യാപിക്കുകയും, മാനവികതയെ ആക്രമിക്കാന്‍ ദിനംപ്രതി സമ്പത്ത് വാരിയെറിയുകയും ചെയ്യുന്നത് കൊണ്ടാണ് അവര്‍ നമ്മെ വെറുക്കുന്നത്. പശ്ചിമേഷ്യയിലെ പ്രകൃതി വിഭവങ്ങള്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ നാം നടത്തുന്ന സൈനിക അധിനിവേശത്തെയും അതിക്രമത്തെയും മറച്ചു വെക്കാനുള്ള ഒരു മുഖംമൂടി മാത്രമാണ് ‘ഭീകരവിരുദ്ധ യുദ്ധം’.

അമേരിക്കയിലെ ദരിദ്രജനവിഭാഗത്തെയാണ് മുസ്‌ലിം രാഷ്ട്രങ്ങളിലെ ദരിദ്രജനവിഭാഗത്തെ കൊല്ലാനായി അയക്കുന്നത്. എണ്ണക്ക് പകരം ഈ പാവങ്ങളുടെ രക്തം ചിന്തപ്പെടുന്നു. ഇത് വംശഹത്യയാണ്, ലോകത്തിലെ ഭൂരിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം നമ്മളാണ് ഭീകരവാദികള്‍. ഇക്കാലത്ത്, ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറി നിശബ്ദതപാലിക്കുന്നത് ഒരു കുറ്റകൃത്യം തന്നെയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും മാനുഷ്യരാശിക്കെതിരെ നാം നടത്തിയ കൊടുംകുറ്റകൃത്യങ്ങളുടെയും, അന്താരാഷ്ട്രാ നിയമലംഘനങ്ങളുടെയും വെളിച്ചത്തില്‍, നിയമവിരുദ്ധ അധിനിവേശത്തിനെതിരെ നടക്കുന്ന ചെറുത്ത് നില്‍പ്പ് പോരാട്ടങ്ങളെ വിമര്‍ശിക്കാന്‍ ഒരു അമേരിക്കന്‍ പൗരന് എന്ത് അവകാശമാണുള്ളത്.

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഫലസ്തീന്‍, ലോകത്താകമാനമുള്ള നമ്മുടെ മറ്റു കോളനികള്‍, അമേരിക്കയിലെ തന്നെ ഉള്‍നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടെന്ന് പറയപ്പെടുന്ന നമ്മുടെ ശത്രുക്കളെല്ലാം തന്നെ ഭരണകൂടത്തിന്റെ കരാളഹസ്തത്തിനെതിരെ സമരത്തിലേര്‍പ്പെട്ടിരിക്കുന്നവരാണ്. മനുഷ്യന്റെ അന്തസ്സിനെ മാനിക്കണമെന്ന് മാത്രമാണ് അവരുടെ ആവശ്യം. ബലാത്സംഗവും, വെളുത്തവര്‍ഗാധിപത്യ വാദികളുടെ കവര്‍ച്ചാ ശ്രമങ്ങളും തടഞ്ഞതിനാണ് അവര്‍ ഭീകരവാദികളായും, തീവ്രവാദികളായും മുദ്രകുത്തപ്പെട്ടത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നമ്മുടെ സഹോദരന്‍മാരും സഹോദരിമാരുമാണവര്‍. നമ്മുടെ സൈന്യം ചൂണ്ടുന്ന തോക്കിന്റെ മറുതലക്കല്‍ നില്‍ക്കുന്ന സിവിലിയന് മറ്റു മാര്‍ഗമൊന്നുമില്ല, പക്ഷെ അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടം പോലെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു, ഇന്ന് സത്യം നാം അറിഞ്ഞു കഴിഞ്ഞു. രാഷ്ട്രത്തിന്റെ യശസ്സ് ഉയര്‍ത്തിപിടിക്കാനല്ല നമ്മുടെ സൈനികര്‍ ഇന്ന് ജീവന്‍ ബലിയര്‍പ്പിക്കുന്നത്, മറിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ സ്വജീവന്‍ ബലിനല്‍കുന്നത്.

അവര്‍ അമേരിക്കക്ക് വേണ്ടിയല്ല പോരാടുന്നത്, ഒപ്പമുള്ള സഹപ്രവര്‍ത്തകന്റെയും തന്റെയും ജീവന്‍ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനാണ് യുദ്ധക്കളത്തില്‍ അവര്‍ പോരാടുന്നത്. കാരണം നമ്മളാണ് അവരെ യുദ്ധകളത്തില്‍ എത്തിച്ചത്. നമ്മുടെ സ്വാതന്ത്ര്യത്തെയല്ല അവര്‍ സംരക്ഷിക്കുന്നത്, മറിച്ച് എക്‌സോണ്‍ മോബിലിന്റെയും, ബ്രിട്ടീഷ് പെട്രോളിയത്തിന്റെയും സാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാനായുള്ള 14 സ്ഥിര സൈനികത്താവളങ്ങള്‍ക്ക് അടിത്തറ പാകുന്ന ജോലിയിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ജനാധിപത്യം സ്ഥാപിക്കുകയല്ല അവര്‍ ചെയ്യുന്നത്, മറിച്ച് സൈനിക അധിനിവേശം അവസാനിച്ചതിന് ശേഷം അതിന്റെ തുടര്‍ച്ചയെന്നോണമുള്ള സാമ്പത്തിക അധിനിവേശത്തിനുള്ള കളമൊരുക്കുകയാണ് അവര്‍ ചെയ്യുന്നത്. നിരന്തരമായ വീട് റെയ്ഡ് ചെയ്യല്‍, മരണ സ്‌ക്വാഡുകള്‍, ചെക് പോയിന്റുകള്‍, തടവറകള്‍, കര്‍ഫ്യൂ, രക്തം തളം കെട്ടി നില്‍ക്കുന്ന തെരുവുകള്‍, അക്രമസംഭവങ്ങള്‍ എന്നിങ്ങനെയുള്ള അമേരിക്കന്‍ ‘സഹായത്തിന്’ ഇറാഖ് സമൂഹം ഇന്ന് നന്ദി പറയുന്നുണ്ടാകും. നമ്മുടെ രക്തക്കൊതിയാര്‍ന്ന സാമ്രാജ്യത്വ കുരിശുയുദ്ധത്തിന്റെ ഭീകരതയെ സഹിക്കുകയും ചെറുത്ത് നില്‍ക്കുകയും ചെയ്യുന്ന ഇറാഖ് ജനതയെ പിന്തുണച്ചു കൊണ്ട് സംസാരിക്കാന്‍ നാം ധൈര്യം കാണിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ സൈനിക ഹീറോകളായ അമേരിക്കയിലെ യുദ്ധവിരുദ്ധ പട്ടാളക്കാരെ പിന്തുണച്ച് കൊണ്ടും നാം സംസാരിക്കേണ്ടതുണ്ട്. ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യല്‍ ബ്രാഞ്ചസ് എന്നിങ്ങനെ അറിയപ്പെടുന്ന വാഷിംഗ്ടണ്‍ ഡി.സി-യിലെ ഭീകരവാദികളാല്‍ നിറഞ്ഞ സെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തരവും വൈദേശികവുമായ എല്ലാ ശത്രുക്കളില്‍ നിന്നും അമേരിക്കന്‍ ഭരണഘടനയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നവരാണ് അവര്‍.

‘പോരാട്ടമില്ലെങ്കില്‍ പുരോഗതിയുമില്ല’
ഫ്രെഡറിക് ഡഗ്ലസ്സ് പറയുകയുണ്ടായി, ‘സ്വാതന്ത്ര്യ സംരക്ഷരായി ഭാവിക്കുകയും, പ്രതിഷേധങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, നിലമുഴാതെ വിളവ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. ഇടിയും മിന്നലുമില്ലാത്ത മഴയെയാണ് അവര്‍ക്കിഷ്ടം, ആര്‍ത്തലച്ച് വരുന്ന തിരമാലകളില്ലാത്ത കടലാണ് അവര്‍ക്ക് വേണ്ടത്. ഈ പോരാട്ടം ചിലപ്പോള്‍ ധാര്‍മികമായ ഒന്നായിരിക്കാം, അല്ലെങ്കില്‍ ചിലപ്പോള്‍ കായികമായ ഒന്നായിരിക്കും, ചിലപ്പോള്‍ രണ്ടും കൂടി ചേര്‍ന്നതുമായിരിക്കാം… പക്ഷെ നിര്‍ബന്ധമായും അതൊരു പോരാട്ടമായിരിക്കേണ്ടതുണ്ട്. നമ്മള്‍ ആവശ്യപ്പെടാതെ അധികാരം കൈയ്യാളുന്നവര്‍ ഒന്നും വിട്ടുതരില്ല. അതങ്ങനെയാണ്, അതങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.’

നീതി പുലരുന്നത് വരേക്കും നാമോരുരുത്തരും ആവശ്യപ്പെട്ടു കൊണ്ടേയിരിക്കണം, പോരാട്ടം തുടരണം, ഇടിമിന്നലായ് പെയ്യണം, നിലമുഴുത് മറിച്ച് കൊണ്ടിരിക്കണം, സംസാരിച്ച് കൊണ്ടേയിരിക്കണം. നീതി പുലര്‍ന്നില്ലെങ്കില്‍ സമാധാനവും പുലരില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles