Current Date

Search
Close this search box.
Search
Close this search box.

നഷ്ടപരിഹാരം കാണാതായ കാശ്മീരിലെ മക്കള്‍ക്ക് പകരമാവില്ല

മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി തെളിഞ്ഞിട്ടും ഇന്ത്യാ-അധീന കാശ്മീരില്‍ വിന്യസിച്ച സൈനികരില്‍ ഒരാളെ പോലും കോടതിക്ക് മുമ്പാകെ ഹാജറാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ഇതു വരെ തയ്യാറായിട്ടില്ല. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞതാണിത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന കഴിഞ്ഞ ബുധനാഴ്ച്ച പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് എന്താണെന്നാല്‍, തര്‍ക്ക മേഖലയില്‍ Armed Forces Special Powers Act (AFSPA) നടപ്പാക്കിയിട്ട് 25 വര്‍ഷം തികയാന്‍ പോകുന്ന ഈ അവസരത്തില്‍, ‘മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയാലും കുറ്റക്കാരെ ശിക്ഷിക്കില്ലെന്ന ധൈര്യമാണ് പ്രസ്തുത നിയമം നല്‍കി കൊണ്ടിരിക്കുന്നത്’ എന്നാണ്.

‘2015 ജൂലൈ 5-ന് ജമ്മു കാശ്മീരില്‍, അഥവാ ഇന്ത്യാ-അധീന കാശ്മീരില്‍ അഫ്‌സ്പ നടപ്പാക്കിയതിന്റെ 25-ാം വാര്‍ഷികമാണ്,’ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സീനിയര്‍ ഡയറക്ടര്‍ ഓഫ് ഗ്ലോബല്‍ ഓപറേഷന്‍സ് മിസ്റ്റര്‍ മിനാര്‍ പിംബ്ള്‍ പറഞ്ഞു. കാശ്മീരില്‍ നിന്നും അഫ്‌സ്പ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇന്നുവരേക്കും, കാശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെട്ട ഒരു സുരക്ഷാ സൈനികനെ പോലും കോടതിയില്‍ വിചാരണക്ക് വിധേയനാക്കിയിട്ടില്ല. ഈ അനാസ്ഥ മറ്റു പല ഗൗരവതരമായ നീചവൃത്തികള്‍ക്കും സൗകര്യമൊരുക്കകയാണ് ചെയ്തത്.’

പൊതുപ്രവര്‍ത്തകര്‍ ‘കരിനിയമം’ എന്ന് വിളിക്കുന്ന അഫ്‌സ്പ ഒരു വിവാദ നിയമം തന്നെയാണ്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും, കാശ്മീര്‍ തര്‍ക്ക ഭൂമിയിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന വിമതര്‍ക്കെതിരെ പോരാടുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടുകയില്ലെ ധൈര്യം നല്‍കുന്ന നിയമമാണിത്. ഹിമാലയന്‍ മേഖലയില്‍ നിന്നും പ്രസ്തുത നിയമം പിന്‍വലിക്കണമെന്ന് പ്രദേശിക രാഷ്ട്രീയ നേതാക്കളും, ആംനസ്റ്റി അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരുപാട് കാലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മേഖലയിലെ വിമത-വിരുദ്ധ ഓപ്പറേഷനുകള്‍ കാര്യക്ഷമമായി നടത്താന്‍ സൈന്യത്തെ പ്രസ്തുത നിയമം അനുവദിക്കുന്നു എന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്.

‘Denied: Failures in accountability for human rights violations by security force personnel in Jammu and Kashmir’ എന്ന തലവാചകത്തോടു കൂടിയ റിപ്പോര്‍ട്ട്, മേഖലയില്‍ നീതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നേരിടേണ്ടി വന്ന തടസ്സങ്ങള്‍ എന്തൊക്കെ ആയിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

‘1990-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അഫ്‌സ്പ പ്രാബല്ല്യത്തില്‍ കൊണ്ടു വന്ന സമയത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദ് ആണ് നിലവിലെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി. ഈ കിരാത നിയമം നീക്കം ചെയ്യുന്നതിനുള്ള ചരിത്രപരമായ അവസരമാണ് അദ്ദേഹത്തിനിപ്പോള്‍ കൈവന്നിരിക്കുന്നത്.’ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മിനാര്‍ പിംബ്ള്‍ പറഞ്ഞു.

അഫ്‌സ്പ പൂര്‍ണ്ണമായോ അല്ലെങ്കില്‍ ഭാഗികമായോ പിന്‍വലിക്കുമെന്നായിരുന്നു 2014-ല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാറിന് രൂപം കൊടുത്ത സമയത്ത് പ്രദേശിക പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി.ഡി.പി) മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം. പക്ഷെ പ്രസ്തുത വിഷയത്തില്‍ പിന്നീട് യാതൊരു പുരോഗതിയുമുണ്ടായില്ല. വിഷയത്തെ സംബന്ധിച്ച അവസാന വാക്ക് സൈന്യത്തിന്റേതായിരിക്കുമെന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ന്യൂഡല്‍ഹിയില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്.

‘ഈ വിഷയത്തെ സംബന്ധിച്ച അവസാന വാക്ക് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നല്ല ഉണ്ടാവേണ്ടത് എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. സുരക്ഷാ വിദഗ്ദരും, സുരക്ഷാ ഏജന്‍സികളുമാണ് അവസാന വാക്ക് പറയേണ്ടത്,’ മുതിര്‍ന്ന ബി.ജെ.പി നേതാവ് ജിതേന്ദ്ര സിംങ് പറഞ്ഞു.

പ്രാദേശിക-കേന്ദ്ര ഗവണ്‍മെന്റുകള്‍ മാത്രമാണ് കാശ്മീരില്‍ നിന്നും അഫ്‌സ്പ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നാണ് ഇന്ത്യന്‍ ആര്‍മി വക്താവ് കേണല്‍ നിതിന്‍ നിഹാര്‍ ജോഷി പറഞ്ഞത്. ‘ഞങ്ങള്‍ക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ല. ഞങ്ങളല്ല നയരൂപീകരണങ്ങള്‍ നടത്തുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ എന്താണോ തീരുമാനിക്കുന്നത് അത് അനുസരിക്കുക മാത്രമാണ് സൈന്യം ചെയ്യുന്നത്,’ അദ്ദേഹം വ്യക്തമാക്കി.

‘ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ അഫ്‌സ്പ നിലനില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഞങ്ങളുടെ നിലപാട്. കാശ്മീരില്‍ ജനാധിപത്യ നിര്‍വഹണത്തിനും, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും, ഞെരുക്കത്തില്‍ നിന്ന് മോചനം നേടുന്നതിനും പ്രസ്തുത നിയമം ഭാഗികമായി പിന്‍വലിക്കേണ്ടത് അനിവാര്യമാണ്,’ പി.ഡി.പി നേതാവും മന്ത്രിയുമായ നഈം അഖ്തര്‍ പറഞ്ഞു.

ഇന്ത്യന്‍ പട്ടാളക്കാരും, സ്വാതന്ത്ര്യത്തിന് വേണ്ടി അല്ലെങ്കില്‍ മേഖലയെ പൂര്‍ണ്ണമായി പാകിസ്ഥാനില്‍ ലയിപ്പിക്കുന്നതിന് വേണ്ടി പോരാടുന്ന ഒരു ഡസണ്‍ വരുന്ന വിമത ഗ്രൂപ്പുകളും തമ്മിലുള്ള 26 വര്‍ഷത്തെ സായുധ സംഘട്ടനത്തില്‍ തളര്‍ന്നു പോയ പ്രദേശത്തെ പ്രസ്തുത നിയമം സംവാദ മണ്ഡലത്തില്‍ നിലനിര്‍ത്തുന്നത് തുടരുകയാണ്. ഏഷ്യയിലെ രണ്ട് ന്യൂക്ലിയര്‍ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, 2003 മുതല്‍ക്ക് സായുധ ആക്രമണങ്ങള്‍ കുറഞ്ഞ് വന്നു. എന്നാലും ഇടക്കിടെ ഉണ്ടാവുന്ന വെടിവെപ്പുകളും, പ്രതിഷേധ പ്രകടനങ്ങളും കാശ്മീരിലെ വിയോജിപ്പുകളെ തുറന്ന് കാട്ടി.

അഫ്‌സ്പയിലെ 7-ാം വകുപ്പ് പ്രകാരം സൈനികര്‍ക്കെതിരെ കുറ്റം ചുമത്തുന്നതിന് അനുവാദം നല്‍കുന്നത് ന്യൂഡല്‍ഹി തടഞ്ഞതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. ചുരുക്കം ചില കേസുകളില്‍ തീരുമാനമെടുക്കുന്നത് വര്‍ഷങ്ങളോളം നീട്ടി വെച്ച സംഭവവും ഉണ്ടായി. 2003 ഏപ്രില്‍ മാസത്തില്‍ സൈനികര്‍ കൊലപ്പെടുത്തിയ 17 വയസ്സുകാരന്‍ ജവേദ് അഹ്മദ് മഗ്‌റേയുടെ അമ്മാവന്‍ മുഹമ്മദ് അമീന്‍ മഗ്‌റേയുടെ വാക്കുകള്‍ റിപ്പോര്‍ട്ടില്‍ ഉദ്ദരിക്കുന്നുണ്ട്. ‘കുറ്റം ചുമത്തപ്പെടുമെന്നും, കോടതിയില്‍ ഹാജറായി വിചാരണ നേടിടേണ്ടി വരുമെന്നും ഇന്ത്യന്‍ സൈന്യം അറിഞ്ഞിരുന്നെങ്കില്‍, ഒരു നിരപരാധിക്ക് നേരെ തോക്ക് ചൂണ്ടി കാഞ്ചി വലിക്കുന്നതിന് മുമ്പ് അവര്‍ പത്ത് പ്രാവശ്യം ചിന്തിക്കുമെന്ന് ഉറപ്പാണ്… എന്റെ അനന്തരവനെ പോലെയുള്ള നിരപരാധികളെ കൊല്ലാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ബ്ലാങ്ക് ചെക്ക് പോലെയാണ് അഫ്‌സ്പ.’ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സൈനിക കോടതികള്‍ ‘വിശ്വസിക്കാന്‍ കൊള്ളാത്തവയാണ്’ എന്നാണ് 2005-ലെ സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പര്‍വീണ അഹന്‍ഗെറിനെ പോലെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

‘കാശ്മീരില്‍ 1 ലക്ഷം ആളുകളെയാണ് ഇന്ത്യ രക്തസാക്ഷികളാക്കിയത്. സൈന്യത്തിന്റെയും, സംസ്ഥാന പോലിസിന്റെയും കസ്റ്റഡിയില്‍ നിന്ന് 8000-ത്തിലധികം പേരെ കാണാതായി. ഇതുവരെ അവരിലാരും തന്നെ മടങ്ങി വന്നിട്ടില്ല. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സൈനികരെ പ്രാദേശിക കോടതികളില്‍ വിചാരണ ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ സൈനിക കോടതികളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല.’ 1990-ലാണ് പര്‍വീണയുടെ 16 വയസ്സുകാരന്‍ മകന്‍ ജാവേദ് അഹ്മദിനെ ഇന്ത്യന്‍ സൈന്യം കൊണ്ടു പോയത്. അന്ന് മുതല്‍ക്ക് അവര്‍, കാണാതായ കാശ്മീരികളെ സംബന്ധിച്ച കേസുകളില്‍ സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധങ്ങള്‍ നയിച്ചു കൊണ്ടിരിക്കുകയാണ്.

‘കാണാതായ തങ്ങളുടെ ആണ്‍മക്കളെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുന്നതിനിടിയിലാണ് ഒരുപാട് വാപ്പമാര്‍ മരണപ്പെട്ടത്… ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന് പണമോ നഷ്ടപരിഹാരമോ പകരമാവുകയില്ല,’ പര്‍വീണ പറഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ Association of Parents of Disappeared Persons (APDP)-ന്റെ ഒരു ചാപ്റ്റര്‍ നയിക്കുന്നത് അവരാണ്.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : അല്‍ജസീറ

Related Articles