Current Date

Search
Close this search box.
Search
Close this search box.

നരോദാപാട്ടിയ കോടതിവിധി: പൊരുതി നേടിയ വിജയം

gujarat.jpg

കഴിഞ്ഞ വെള്ളിയാഴ്ച്ച നരോദാപാട്ടിയ കൂട്ടക്കൊല കേസില്‍ 32 പേരെ ശിക്ഷിക്കാന്‍ വിധിച്ച കോടതി വിധിയെ രാജ്യം സ്വാഗതം ചെയ്യുകയുണ്ടായി. രാജ്യത്ത് ഇപ്പെഴും അക്രമങ്ങളും കലാപങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നതിനാല്‍ വളരെ നിര്‍ണായകമായൊരു വിധിയാണിത്. പ്രമുഖനായ രാഷ്ട്രീയ നേതാവ് ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമായാണ്. വിധി വരുന്നതുവരെ തങ്ങളുടെ സാക്ഷിമൊഴിയില്‍ ഉറച്ചുനിന്ന സാക്ഷികള്‍ക്കും അവരെ സഹായിച്ച സന്നദ്ധ സംഘടനകള്‍ക്കുമാണ് ഈ വിധി നേടിയെടുത്തതിന്റെ എല്ലാ ക്രെഡിറ്റും.

2002 ഗുജറാത്ത് കലാപത്തില്‍ മരണങ്ങളുടെയും സാമ്പത്തിക നഷ്ടങ്ങളുടെയും കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട കലാപമായിരുന്നു നരോദാപാട്ടിയയിലേത്. അതുകൊണ്ടുതന്നെ ഗുജറാത്തില്‍ റിലീഫിനും പുനരധിവാസത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഇസ്‌ലാമി റിലീഫ് കമ്മിറ്റി ഗുജറാത്ത്(IRCG), ആക്ഷന്‍ ഐഡ്, സന്റ് സേവ്യര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഗുജറാത്ത് സാര്‍വജനിക് റിലീഫ് കമ്മിറ്റി തുടങ്ങിയ സന്നദ്ധസംഘടനകള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കേസാണിത്. ഇതിന് വേണ്ടി നാല്‍പതിലധികം എന്‍.ജി.ഒകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വീതിച്ച് നല്‍കുകയും ചെയ്തിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും നിയമസഹായങ്ങളിലും സേവനം ചെയ്തിരുന്നത് IRCG ആയിരുന്നു. അതുപോലെ തന്നെ നരോദാപാട്ടിയയില്‍ 550-ലധികം വീടുകള്‍ പുനര്‍ നിര്‍മിച്ച് നല്‍കുകയും ഒരു കമ്മ്യൂണിറ്റി സെന്ററും പള്ളിയും മദ്രസയും നിര്‍മ്മിച്ചുകൊടുക്കുകയും ചെയ്തു. 75 അമുസ്‌ലിംങ്ങളും ഇതില്‍ ഉള്‍പെടും. ഇതിന് പുറമേ നരോദാഗാമില്‍ 35 വീടുകളും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
ഒരു കേസിന്റെ വിജയത്തിന് വളരെ പ്രധാനപ്പെട്ടത് അതിന്റെ സാക്ഷികളുടെ നിര്‍ഭയത്വം ഉറപ്പുവരുത്തുകയെന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ സംരക്ഷണത്തിനും സുരക്ഷക്കും വേണ്ടി സന്നദ്ധസംഘടനകള്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചിരുന്നു. ഇവരുടെ പുനരധിവാസത്തിന്റെ കാര്യങ്ങളും പരമാവധി ശ്രദ്ധിച്ചിരുന്നു.
നരോദ കേസന്വേഷണത്തിലെ പോലീസിന്റെ ചലനങ്ങളും അന്വേഷണങ്ങളും വിലയിരുത്തിയിരുന്നത് അഡ്വ. സോമനാദ് വത്സയുടെ മേല്‍നോട്ടത്തില്‍ ആക്ഷന്‍ ഐഡായിരുന്നു. ചാര്‍ജ് ഷീറ്റിനെകുറിച്ച് അദ്ദേഹം സൂക്ഷമമായ പഠനം നടത്തിയിരുന്നു. ഇരകളെയും സാക്ഷികളെയും ദൈനന്തിനം പിന്തുടരാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. സംഭവം നടന്ന ഉടനെതന്നെ പോലീസ് കേസന്വേഷണത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും സത്യം പുറത്തുവരില്ലെന്നും തോന്നലുണ്ടാക്കിയിരുന്നു. നരോദകേസ് മാത്രമല്ല മറ്റ് പ്രധാനകേസുകളായ വിസ്‌നഗര്‍, സര്‍ദാര്‍പുര, ദിപ്താദര്‍വാജ എന്നീ കേസുകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. 2007-ല്‍ തഹല്‍ക്ക അന്വേഷണ ഉദ്യോഗസ്ഥരുടെ കേസിന്റെ കാര്യങ്ങളിലെ അനാസ്തയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കൈക്കൂലി-അഴിമതിയും വെളിവാക്കുന്ന തരത്തില്‍ രഹസ്യ കാമറ ഓപറേഷന്‍ നടത്തിയിരുന്നു. തെഹല്‍ക്കയെ ഇതിന് സഹായിച്ചതും അഡ്വ. സോമനാഥായിരുന്നു.
ഈ കാര്യങ്ങള്‍ മുന്നില്‍വെച്ച് പ്രസ്തുത കേസുകളില്‍ പുനരന്വേഷണമാവശ്യപ്പെട്ടും പ്രധാനകേസുകള്‍ ഗുജറാത്തിന് പുറത്തെ കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് IRCG-യും NHRC-യും സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഫലമായി 2008-ല്‍ ഗോദ്ര, നരോദപാട്ടിയ, ദീപ്താദര്‍വാജ തുടങ്ങീ ഗുജറാത്തിലെ 9 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാന്‍ സുപ്രീം കോടതി വിധിച്ചിരുന്നു.
2008-09 മുതല്‍ സിറ്റീസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് (CJP) ഗുജറാത്ത് കേസുകളില്‍ താല്‍പര്യമെടുക്കാന്‍ തുടങ്ങി. അവരുടെ പരിശ്രമങ്ങള്‍ കാരണം ധാരാളം ഉപകാരങ്ങള്‍ ലഭിക്കുകയുണ്ടായി. പിന്നീട് CJP തന്നെയാണ് കാര്യമായി കേസുകളില്‍ ഇടപെട്ടത്. മറ്റു സംഘടകള്‍ മറക്ക് പിന്നിലാവുകയായിരുന്നു.
നരോദപാട്ടിയകേസിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുകയാണെങ്കില്‍ രണ്ട് പ്രധാന സംഭവങ്ങളാണ് മറക്കാനാവാത്തത്. അതിലൊന്ന്, പ്രശസ്തയായ ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തകയുടെ ഔചിത്യമില്ലാത്ത ഇടപെടല്‍ കാരണം കേസിലെ ചില സാക്ഷികള്‍ അഹമദാബാദില്‍ അറസ്റ്റ് ചെയ്യപ്പെട്ടതാണ്. ബുദ്ധിപൂര്‍വ്വമായ ചില ഇടപെടലുകളിലൂടെ ആ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞു. അവരെ പോലീസ് കസ്റ്റഡിയില്‍ നിന്ന് മുക്തരാക്കാനും സാധിച്ചു. രണ്ടാമത്തെ സംഭവം CJP യില്‍ അഭ്യന്തരഭിന്നതയുണ്ടാകുകയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരസ്പരം ആരോപിക്കുകയും ചെയ്ത സംഭവമാണ്. ബെസ്റ്റ് ബേക്കറി കേസിലെ പോലെ സാക്ഷി അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള അവസ്ഥയില്‍ നിന്ന് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടാണ് നരോദപാട്ടിയ കേസില്‍ വിധിയുണ്ടായത്.
ഇത്തരം സന്നദ്ധ സംഘങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് നരോദാപാട്ടിയ കേസില്‍ ഇരകള്‍ക്ക് ചെറിയൊരു നീതിയെങ്കിലും നേടിക്കൊടുക്കാനായത്. ഭാവിയില്‍ മറ്റ് കേസുകളിലും നീതി ലഭിക്കുമെന്ന ചെറിയ പ്രതീക്ഷയും ഈ വിധി നല്‍കുന്നുണ്ട്.
ഈ വിധിയുടെ മറുവശം കാണാതിരിക്കാനാവില്ല. സാക്ഷിമൊഴികളില്‍ പരാമര്‍ശിക്കപ്പെട്ട കലാപങ്ങളില്‍ സഹായിച്ച പോലീസുകാരും, കൈകൂലി വാങ്ങിയ ഉദ്യോഗസ്ഥരും ഇതില്‍ ചെറിയ തോതില്‍ പങ്കുവഹിച്ച ജയ്ദീപ് പട്ടേലിനെ പോലുള്ള രാഷട്രീയ നേതാക്കളും കുറ്റക്കാരായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നതാണത്. രാഷ്ട്രീയവും സ്വാധീനവുമുള്ളവര്‍ എന്ത് വലിയ കുറ്റം ചെയ്താലും രക്ഷപ്പെടാമെന്നാണ് ഇത് നല്‍കുന്ന സന്ദേശം.
ഈ വിധിയില്‍ നിന്ന് നമ്മുക്ക് ലഭിക്കുന്ന പ്രധാന പാഠം, ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു കേസില്‍ നീതി ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായ നിയമസഹായവും ഒപ്പം സാക്ഷികള്‍ക്ക് സംരക്ഷണവും സഹായവും ധൈര്യവും നല്‍കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നാണ്.
(ഗുജറാത്ത് വംശഹത്യയുടെ ഇരകളില്‍ ഒരാളായ ഹാരിഥ് അന്‍സാരിയുമായി ഇസ്‌ലാമി റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഷക്കീല്‍ അഹ്മദ് നടത്തിയ സംഭാഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയ ലേഖനം)

അവലംബം: www.radianceweekly

വിവ: ജൂമൈല്‍ കൊടിഞ്ഞി

Related Articles