Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ മൗനത്തിന് വലിയ വിലയൊടുക്കേണ്ടി വരും

ഇന്ത്യയില്‍ സുസ്ഥിര ഭരണം വരണം എന്നാഗ്രഹിച്ചിരുന്നവരാന് ഇന്ത്യന്‍ ജനതയുടെ പകുതിയോളം വരുന്ന യുവാക്കാള്‍. കഴിഞ്ഞ രണ്ടു ഭരണകാലത്തും നടന്ന അധികാര വടംവലിയും അതിനോടനുബന്ധിച്ചു നടന്ന അഴിമതി അടക്കമുള്ള കൊള്ളരുതായ്മകളും അവരെ നിരാശരാക്കിയതാണ് കാരണം. ഇതിനിടയിലെ പ്രതീക്ഷയായിരുന്നു ജന്ദര്‍മന്ദറില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍. എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്ന പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ അതിന് ലഭിച്ചത്. ഇന്ത്യയിലെ അധ്വാനിക്കുന്ന, വിദ്യാഭ്യാസമുള്ള യുവത്വം അവരുടെ പിന്തുണയുമായി ഒഴുകിയെത്തി. നേരിട്ട് വരാന്‍ പറ്റുന്നവര്‍ നേരിലും അല്ലാത്തവര്‍ Facebook, Twitter, Google Plus തുടങ്ങിയുള്ള സോഷ്യല്‍ മീഡിയകള്‍ വഴിയും തങ്ങളുടെ പിന്തുണ അറിയിച്ചു.

ഇതിനിടയില്‍ ലോകത്ത് സംഭവിച്ച അറബ് വസന്തവും വാള്‍ സ്ട്രീറ്റ് സമരവും അവരില്‍ ആവേശമുണ്ടാക്കി. ഈ മുന്നേറ്റത്തെ നന്നായി മുതലെടുക്കാന്‍ പറ്റി എന്നുള്ളതായിരുന്നു അണ്ണാ ഹസാരെ ടീമിന്റെ വിജവും. എന്നാല്‍ അവര്‍ക്ക് പിന്നീട് സമവായത്തില്‍ മുന്നോട്ടു പോകാന്‍ പറ്റിയില്ല. പ്രശ്‌നം അവരുടെതായിരുന്നില്ല, പ്രധാനമന്ത്രി കുപ്പായവും തുന്നി നടന്നിരുന്ന മോദിയും ടീമും, പഴയ ബ്രിട്ടീഷുകാരന്റെ വിരുതോടെ ആ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. വിവരമുണ്ടായിട്ടും കാര്യമറിയാതെ കെജ്‌രിവാളും ടീമും അടിക്കാതെ പിരിയുന്നിടത്ത് കാര്യങ്ങളെത്തി. ഡല്‍ഹിയിലെ ഇലക്ഷന്‍ വിജയം ഈ യുവാക്കളുടെ പ്രത്യക്ഷത്തിലുള്ള പ്രതികരണം തന്നെയായിരുന്നു.

വര്‍ഷം ഒന്നര പിന്നിട്ടിട്ടും മോദി യുടെ ‘മോടി’ കുറഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. മോദി എന്നുള്ളത് ഒരു ഐക്കന്‍ ആണ്. ഇത് രണ്ടിനുമിടയില്‍ ജനാധിപത്യ ഇന്ത്യാ രാജ്യത്തിലെ അടിയൊഴുക്കുകള്‍ നാമാരും കാണാതെ പോകുന്നു എന്നുള്ളിടതാണ് പ്രശ്‌നങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത്. മോദിക്ക് അങ്ങനെ ഐക്കന്‍ ആയി ഇരിക്കാനാണ് താല്‍പര്യമെങ്കില്‍ മറ്റു പലര്‍ക്കും അദ്ദേഹത്തെ ഐക്കണായി ഇരുത്തേണ്ടത് അത്യാവശ്യവും.

ജനാധിപത്യ ഇന്ത്യയിലെ ഭരണ ഘടനയില്‍ മാറ്റം വരുത്താന്‍ ഇരുസഭകളിലും പ്രാതിനിധ്യം അത്യാവശ്യമാണ് എന്നുള്ളത് വസ്തുതയാണ്. അത് ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങളുമായിട്ടാണ് മോദിയും കൂട്ടരും ഏറ്റവും കൂടുതല്‍ പ്രതിനിധികളുള്ള ബീഹാറിലേക്ക് ദുബായ് സന്ദര്‍ശനം കഴിഞ്ഞു നേരിട്ട വിമാനമിറങ്ങിയത്.

വിദ്യാഭ്യാസം, വാര്‍ത്താ വിനിമയം, തുടങ്ങി ഒട്ടു മിക്ക കീ പോസ്റ്റുകളിലും തങ്ങളുടെ ആളുകളെ തിരുകി കയറ്റി സംഘ്പരിവാര്‍ അവരുടെ തേരോട്ടം എപ്പോഴേ ആരംഭിച്ചു കഴിഞ്ഞു എന്നുള്ളത് വസ്തുതയാണ്. അതിനിടയില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ പാകിസ്താനിലേക്കുള്ള ടിക്കറ്റുമായി തൊഗാഡിയ, സാക്ഷിയാദി സംഘങ്ങളെ കളത്തിലിറക്കാനും അവര്‍ മറന്നില്ല.

ഇപ്പോള്‍ ക്യാമറ ഫോക്കസ് മോദിയുടെയും സാക്ഷിയുടെയും പിറകെയാണ്. ആയിടക്കാണ് അദ്വാനി യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞത്. ഇന്ത്യ ഒരു അപ്രഖ്യാപിത അടിയന്തിരവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന സത്യം. അവിടെ ലക്ഷം കോടികളുടെ പ്രോജക്റ്റ് ഓഫര്‍ നല്‍കിയത് കൃത്യമായ ഉദ്ദേശ്യങ്ങളോടെ തന്നെ. ബീഹാറിലെ രാജ്യ സഭാ സീറ്റുകളുടെ വിലയാണ് അത്.

ഭരണ ഘടനയാണ് തങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി എന്നത് സംഘ്പരിവാറിന്റെ ഉറക്കം കെടുത്തുന്ന സംഗതിയാണ് എന്നാല്‍ നേരത്തെ സൂചിപ്പിച്ച യുവത്വത്തിനു ഇതൊന്നും വിഷയമല്ല. അവര്‍ ഇന്നും മോദിയുടെ മോടിയുടെ പിന്നിലാണ്. യഥാര്‍ത്ഥ അജണ്ടയിലേക്ക് അവര്‍ എത്തുമ്പോഴേക്കും സമയം വൈകിപ്പോയിട്ടുണ്ടാകും. പിന്നീട നാം ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടെ ജീവിച്ചിരുന്നവര്‍ എന്നത് ചരിത്രം മാത്രമാവും.

സൈബര്‍ ലോകത്തെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കൂച്ചു വിലങ്ങു വീഴുന്നതോടെ തീരും മോദിക്കെതിരെയുള്ള ശബ്ദങ്ങള്‍. അല്ലാത്തവരെയൊക്കെ നേരില്‍ തന്നെ ഒതുക്കാന്‍ ഭരണകൂടം ഇന്ന് ശക്തരാണ്. ഈ വിഷയത്തില്‍ നമ്മുടെ മൗനം ഭയാനകമാണ്, ഇന്നത്തെ മൗനത്തിന്റെ വില ഒരു പക്ഷെ അടിമതത്തെക്കാള്‍ വലുതായിരിക്കും. അത് കൊണ്ട് നിങ്ങള്‍ ശബ്ദിച്ചു കൊണ്ടേ ഇരിക്കുക. അനീതിക്കെതിരെ നീതിക്ക് വേണ്ടി… ജയ് ഹിന്ദ്.

Related Articles