Current Date

Search
Close this search box.
Search
Close this search box.

നമ്മളൊരു സംക്രമകാലത്തിന്റെ വക്കത്തായത് കൊണ്ടാണീ വെപ്രാളം

നമ്മള്‍ നമ്മെ എമ്പാടും പരിഹസിക്കാറുണ്ട്..
നമ്മുടെയും നമ്മെ ഭരിക്കുന്നവരുടെയും അനാസ്ഥകളും
കൊള്ളരുതായ്മകളും പറഞ്ഞ് ആക്ഷേപം ചൊരിയാറും ഉണ്ട്..
അപ്പോഴും നമ്മളത്ര മോശക്കാരൊന്നുമല്ല
എന്നൊരു ഉള്‍ബോധവും നമ്മിലുണ്ട്.

ആത്മവിമര്‍ശനമെന്നത് ഉയര്‍ന്ന ബൗദ്ധിക നിലവരാമുള്ളവര്‍ക്ക്
മാത്രം കഴിയുന്ന ഒന്നാണ്..
ദേശീയതയും പ്രാദേശികവാദവും അതിര് കടക്കുന്ന കാലത്ത്
സ്വയം വിമര്‍ശിച്ച് ചിരിക്കുന്നവര്‍ എന്തുമാത്രം അല്‍ഭുതമല്ല..
സിനിമകളിലും ചാനല്‍ പ്രോഗ്രാമുകളിലും ഓണ്‍ലൈന്‍ ലോകത്തുമെല്ലാം
ഇങ്ങനെ സ്വയം പരിഹസിച്ച് ചിരി വിരിയിക്കുന്ന മലയാളികളുടെ
അത്ര ബൗദ്ധിക നിലവാരമുള്ളവര്‍ അധികം കാണില്ല..

വാക്കുകളെ പ്രണയിക്കുന്ന മലയാളികളെ പറ്റി പ്രമുഖ
എഴുത്തുകാരി അനിതാ നായര്‍ക്ക് പറയാന്‍ നൂറുനാവ്..
അവരുടെ വാക്കുകളില്‍ നിന്ന്..

‘കേരളം എന്നെ പ്രചോദിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്..
ഒരുപക്ഷേ അത് നിറങ്ങളുടെയും ഗന്ധങ്ങളുടെയും പ്രകൃതിയുടെയും ആളുകളുടെയും അവരുടെ വിട്ടുവീഴ്ചയില്ലായ്മയുടെയും നര്‍മ്മബോധത്തിന്റെയുമെല്ലാം ആകെത്തുകയായിരിക്കും..
ഇവിടുത്തെ കടകളുടെ വരാന്തകള്‍ വാര്‍ത്താമുറികളാണ്..
അവിടെ പത്രം വായിക്കുകയല്ല.. വായനകൊണ്ട് ശസ്ത്രക്രിയ നടത്തുകയാണ്.. അറിവിന്റെ ഈ ഭാരമാണ് ശരാശരി മലയാളിയെ കടുംപിടുത്തക്കാരനും എതിരഭിപ്രായക്കാരനും സൂര്യന് കീഴിലുള്ള എന്തിനെയും വിമര്‍ശിക്കുന്നവനും ആക്കി മാറ്റുന്നത്…

സാഹചര്യങ്ങളാണ് മനുഷ്യനെ രൂപപ്പെടുത്തുന്നതെന്ന് സാഹിത്യം പറയുന്നു..
മലയാളിയെ സംബന്ധിച്ച് ഭൂപ്രകൃതിയാണ് അവന്റെ മനസ്സിനെ രൂപപ്പെടുത്തിയത്..
ഒരു വശത്ത് കടലും മറുവശത്ത് മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു ചെറിയ ഭൂ പ്രദേശമാണ് കേരളം… അതിന്റെ ഓരോ അടി ഭൂമിയും പാടവും കാടുകളും ജല പാതകളും കുന്നുകളും എല്ലാം അതിന്റെ പരമാവധി ഗുണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്’

*********************************************************

ഫേസ്ബുക്കിലെ അംഗസംഖ്യ ഇപ്പോള്‍ 115 കോടിയും
കവിഞ്ഞിരിക്കുന്നു… ഇന്ത്യക്ക് ശേഷമുള്ള ഏറ്റവും വലിയ രാജ്യം..
ഒമ്പത് കോടിയാണ് ഇന്ത്യയിലെ സജീവ ഉപയോക്താക്കള്‍ ….

എന്ത് പുതിയ സങ്കേതങ്ങള്‍ വരുമ്പോഴും അതിനെ നെഗറ്റീവ് സമീപനത്തോടെ കാണുന്നതിനെ പറ്റി വി കെ ആദര്‍ശ് എഴുതുന്നുണ്ട്..

‘ഫേസ്ബുക്ക് ബ്ലോഗ് തുടങ്ങിയവയിലെ എഴുത്തിനെയും എന്തിനധികം ഇ ബുക്ക് റീഡറിലെ പുസ്തക വായനയെയും ഒരു നിര്‍ണായക ന്യൂനപക്ഷം എതിര്‍ക്കുന്നത് ഒരു തരം പഴയ മാമൂലുകളെ വിടാതെ കെട്ടിപ്പുണര്‍ന്നുകൊണ്ടിരിക്കുകയും അതേ സമയം വായനയുടെ പുതുവഴികളോട് ഒരു തരം നിഷേധാത്മക സമീപനവും  കൂടി ചേരുംപടി ചേര്‍ത്തല്ലേ..

കടലാസും പേനയും ഉപയോഗിച്ചേ ഞങ്ങള്‍ക്ക് വശമൂള്ളൂ….
അതല്ലാത്ത എല്ലാറ്റിനെയും വെച്ചുപൊറുപ്പിക്കില്ല എന്ന് കരുതുന്നവരുടെ
കാലിന് ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അവര്‍ തന്നെ കാണുന്നല്ല എന്നത് ഈ എതിര്‍പ്പാശാന്‍മാരുടെ മറ്റൊരു വശം..

നമ്മളൊരു സംക്രമ കാലത്തിന്റെ വക്കത്താണ്..
അതിന്റെ വെപ്രാളമാണ് കൂടുതലും ..
ഇന്നാരും താളിയോലകളില്‍ എഴുതുന്നില്ലല്ലോ..
താളിയോല കാലഘട്ടത്തില്‍ നിന്ന് അച്ചടിയിലേക്ക് പിച്ചവെച്ചപ്പോഴും
ഇതിലേറെ ഭയപ്പാട് ഉണ്ടായിരുന്നു.. ‘

*********************************************************

എം എം അനിതയുടെ ക്യൂ എന്ന കവിത സുന്ദരം..

ക്യൂ

ക്യൂ പാലിക്കുക നല്ലതാണു.
അച്ചടക്കമാണു എന്നും സിസ്റ്റര്‍ പഠിപ്പിക്കുന്നത്.
അസംബ്ലിയില്‍ എച്ച് എമ്മും
നിരയുടെ പ്രാധാന്യം പ്രസംഗിച്ചിട്ടുണ്ട്.

റേഷന്‍ കടയില്‍
 സാധനങ്ങള്‍
 ലേശമായപ്പോള്‍ പഠിച്ചതൊന്നും പാലിക്കേണ്ടി വന്നില്ല.

ക്ഷമയുടെ കോര്‍പ്പറേഷനില്‍
ക്യൂ നില്‍ക്കുന്ന ആണുങ്ങളുമുണ്ട്.

സാമ്പത്തികശാസ്ത്രത്തിന്റെ തത്വങ്ങള്‍
കാണാപ്പാഠം പഠിച്ചിട്ടുണ്ട് ഞാന്‍.
‘കുറയുമ്പോള്‍ കൂടു’മെന്ന വാക്യം
തികട്ടി തുപ്പി റോഡ് നിറഞ്ഞിട്ടുണ്ട്.
മാവേലിസ്‌റ്റോറില്‍ വേല ഒപ്പിക്കുന്നവരുമുണ്ട്.

മിന്നുന്ന ചരക്കുകടയ്ക്കു മുന്നില്‍
ദയവു ചെയ്ത് ക്യു യു ഇ യു ഇ പാലിക്കുക എന്നു വായിച്ച്
തലകറക്കി വീണു എന്റെ സ്ഥാനം
മുന്നില്‍ തന്നെ ഉറപ്പിച്ചിട്ടുണ്ട് ഞാന്‍.

Related Articles