Current Date

Search
Close this search box.
Search
Close this search box.

നമുക്ക് പബ്ലികിനെ റിപബ്ലിക്കിലേക്ക് മടക്കി കൊണ്ടുവരാം

ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആയി ഇന്ത്യ മാറിയതിന്റെയും, ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെയും 65-ാം വാര്‍ഷികം ജനുവരി 26-ന് ആഘോഷിക്കാനിരിക്കെ ‘ഇന്ത്യ ആധുനിക ഇന്ത്യയായി ഇനിയെത്രകാലം കൂടി നിലനില്‍ക്കും?’ എന്ന ചോദ്യം എന്തുകൊണ്ടും പ്രസക്തമാണ്.

ഇത്തരമൊരു അപകടമുന്നറിയിപ്പ് ഉയര്‍ന്നു വരാന്‍ തക്കതായ കാരണങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഡോ. ബി.ആര്‍ അംബേദ്കറുടെ അധ്യക്ഷതയില്‍ തയ്യാറാക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനയും, സ്വാതന്ത്ര്യ പ്രസ്ഥാന നേതാക്കള്‍ ഏതൊരു മഹത്തായ ഇന്ത്യ എന്ന ആശയത്തിന് വേണ്ടിയാണോ പോരാടിയത് ആ ഇന്ത്യയും, ‘ഹിന്ദുത്വ’ എന്ന ബാനറിന് കീഴില്‍ അണിനിരന്ന് ഫ്യൂഡല്‍ പ്രഭുക്കളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന വന്‍കോര്‍പ്പറേറ്റ് സംഘത്തിന്റെ ഭീഷണി നേരിട്ടുക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നമ്മുടെ രാജ്യം അതിക്രൂരമായ നവ-ഉദാരവാദ സാമ്പത്തിക നയങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആ സാമ്പത്തിക നയങ്ങള്‍ കാരണമാണ് രാജ്യത്തെ ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗം അതിസമ്പന്നരും, ജനസംഖ്യയിലെ ഭൂരിഭാഗം ആളുകള്‍ പരിമദരിദ്രരും ആയിത്തീര്‍ന്നത്. ആദിവാസികള്‍, ദലിതുകള്‍, സ്ത്രീകള്‍ പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ പാവങ്ങള്‍ എന്നിവരെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. കടങ്ങളും ജീവിത ചിലവും താങ്ങാനാവുന്നതിലും അപ്പുറമായപ്പോള്‍ ഇവരില്‍ പലരും ആത്മഹത്യയില്‍ അഭയം തേടി.

‘Republic’ ലെ ‘Public’ നെ മഷിയിട്ട് തിരഞ്ഞാല്‍ പോലും കണാന്‍ കഴിയാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഭരണഘടനയില്‍ കൊത്തിവെച്ചിരിക്കുന്ന ‘socialist’ എന്ന സംജ്ഞ ഇന്ത്യന്‍ ജനതയെയും അവരുടെ അഭിലാഷങ്ങളെയും നോക്കി പല്ലിളിച്ച് കാട്ടുകയാണ്. ഇന്ത്യ എന്ന രാഷ്ട്രം, അതിലെ രാഷ്ട്രീയക്കാര്‍, ബ്യൂറോക്രാറ്റുകള്‍, സൈന്യം, പോലീസ് സംവിധാനം ഇവയെ മൊത്തത്തില്‍ ‘Feast India Company’ എന്ന് വിളിക്കാം. പാവപ്പെട്ട സാധാരണ പൗരന്‍മാരുടെ ശവകുടീരങ്ങളുടെ മേലാണ് ഈ കമ്പനി തഴച്ചുവളരുന്നത്.

2014-ല്‍ ബി.ജെ.പി അധികാരത്തിലേറിയതോടു കൂടി ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന ‘മതേതര’ നാട്യം പൂര്‍ണ്ണമായും വലിച്ചെറിയപ്പെട്ടു. ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മാക്കി മാറ്റുമെന്ന് ഭരണയന്ത്രം തിരിക്കുന്നവര്‍ തുറന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ആ രാജ്യത്ത് മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ജൈനന്‍മാര്‍, ബുദ്ധമാര്‍ തുടങ്ങിയ എല്ലാ മതന്യൂനക്ഷങ്ങളും ഹിന്ദു മതത്തിലേക്ക് ‘പരാവര്‍ത്തനം’ ചെയ്യേണ്ടി വരും. അല്ലെങ്കില്‍ ശിഷ്ടകാലം രണ്ടാം കിട പൗരന്‍മാരായി ജീവിതം തള്ളിനീക്കേണ്ടി വരും. മൗലികാവകാശങ്ങള്‍, ജനാധിപത്യം, സമത്വം, സഹോദര്യം എന്നിവയെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്ന വാഗ്ദാനങ്ങളൊക്കെ തന്നെയും ദിനേനയെന്നോണം ലംഘിക്കപ്പെടുന്ന കാഴ്ച്ചയാണ് നാം കണ്ടുക്കൊണ്ടിരിക്കുന്നത്.

സമ്പന്നരുടെയും അധികാരവര്‍ഗത്തിന്റെയും കൈയ്യിലെ റബ്ബര്‍ സ്റ്റാമ്പായി വര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റ്. പക്ഷെ ബി.ജെ.പി/എന്‍.ഡി.എ ഭരണം പാര്‍ലമെന്റ് അംഗീകാരം എന്ന പ്രഹസനനാടകത്തിനും അന്ത്യംകുറിച്ചിരിക്കുകയാണ്. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോഗവല്‍ക്കരിക്കാനുള്ള പുതിയ നിയമങ്ങളൊക്കെ തന്നെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കാതെ, മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് നിര്‍മിക്കപ്പെടുന്നത്.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൂലതത്വങ്ങളില്‍ ഒന്നായ ഇന്ത്യയുടെ കേന്ദ്രീകൃതഭരണ വ്യവസ്ഥ, ഒരു ആക്രമണത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്. നികുതിപിരിവ് മുതല്‍ നിയമ നിര്‍മാണം വരെയുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനസര്‍ക്കാറുകള്‍ക്കാണുള്ളത്. ഈ കേന്ദ്രീകൃത ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുകയാണ് മൂലധന ശക്തികള്‍. ആയിരക്കണക്കിന് വംശ, ഭാഷാ, പ്രാദേശിക, മത സ്വത്വങ്ങളാല്‍ നിര്‍മിക്കപ്പെട്ട സാംസ്‌കാരിക വൈവിധ്യപൂര്‍ണ്ണമായ ഇന്ത്യയെ ആര്യവല്‍ക്കരണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. ഗീത ‘ദേശീയ ഗ്രന്ഥ’മാണ്, ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കണം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.

ഭരണഘടന ഉറപ്പു തരുന്ന ജീവിക്കാനുള്ള അവകാശവും, സ്വാതന്ത്ര്യവും അധികാര വര്‍ഗ്ഗം വളരെ ഗൗരവപ്പൂര്‍വ്വം നോക്കിക്കണ്ടിരുന്ന ഭൂതകാല ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ജനാധിപത്യ പെരുമാറ്റചട്ടങ്ങള്‍, സ്ഥാപനങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പരസ്യമായി തന്നെ ആക്രമിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. ദലിതുകള്‍, ആദിവാസികള്‍, മുസ്‌ലിംകള്‍ എന്നിവരെക്കൊണ്ട് ഇന്ത്യന്‍ ജയിലുകള്‍ നിറഞ്ഞരിക്കുകയാണ്. ഇന്ത്യന്‍ ജൂഡീഷ്യറിയും സുരക്ഷാ സംവിധാനങ്ങളും വെച്ചുപുലര്‍ത്തുന്ന തികച്ചും വംശീയവും, വിവേചനപരവുമായ മനോഗതി, നിയമനിര്‍വഹണത്തിലും പൗരന്‍മാരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നതിലുണ്ടാകുന്ന മെല്ലെപ്പോക്ക് എന്നിവയാണ് ഇത്തരമൊരു അവസ്ഥയില്‍ അവരകപ്പെടാന്‍ കാരണം.

ഇനി പറയുന്ന കാര്യങ്ങളില്‍ നമുക്കൊരിക്കലും തെറ്റുകള്‍ സംഭവിക്കാന്‍ പാടില്ല. മനുഷ്യാവകാശ തത്വങ്ങള്‍, ഫെഡറലിസം, അധികാര വികേന്ദ്രീകരണം തുടങ്ങിയുടെ കൂടെ തന്നെ ഇന്ത്യയുടെ വൈവിധ്യപൂര്‍ണ്ണമായ സാംസ്‌കാരിക ഘടകങ്ങളെ കൂടി ഒരുമിപ്പിച്ച് ഒരേകയാഥാര്‍ഥ്യമാക്കി മാറ്റാന്‍ സഹായിക്കുന്നതാണ് ഇന്ത്യയുടെ ഭരണഘടന. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും എടുത്തുമാറ്റുന്നതും, ജയില്‍മുറികള്‍ പോലെയുള്ള ജാതിവ്യവസ്ഥയും, ദേശീയതകളും, ഭാഷാ-വര്‍ഗ സംഘങ്ങളുമുള്ള ഇന്ത്യ, ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുമെന്ന കാര്യത്തില്‍ സംശയമില്ല.

ഭരണഘടനയുടെ ശത്രുക്കള്‍ അനവധിയും അതിനെ സംരക്ഷിക്കുന്നതവര്‍ എണ്ണത്തില്‍ വളരെ തുച്ഛവുമാണ്.. ഈ എണ്ണത്തില്‍ വളരെ കുറച്ച് മാത്രമുള്ള സംഘമാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടനയെ തങ്ങളുടെ മനസ്സും ശരീരവും ഉപയോഗിച്ച് സംരക്ഷിക്കുന്നതിന് വേണ്ടി മുന്നോട്ട് വരിക. ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിനെതിരെ ഉയിരെടുത്ത ഇന്ത്യന്‍ നാഷണല്‍ പ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യവും ഇതുതന്നെയാണ്, ആ മഹത്തായ പാരമ്പര്യം നമുക്ക് കൈമോശം വരികയാണെങ്കില്‍, കാലത്തിന്റെ അനിവാര്യതയെന്ന നിലക്ക്, വ്യത്യസ്തങ്ങളായ രഹസ്യപദ്ധതികളിലൂടെ പാശ്ചാത്യ സാമ്രാജ്യത്വം ഒരിക്കല്‍ കൂടി ഉപഭൂഖണ്ഡത്തെ വിഴുങ്ങുക തന്നെ ചെയ്യും.

ഈ വര്‍ഷം ജനുവരി 26-ാം തിയ്യതി, ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനും, ശുദ്ധ ആധുനിക, ജനാധിപത്യ, ഫെഡറല്‍, മതേതര റിപ്പബ്ലിക് എന്ന നിലയില്‍ ഇന്ത്യയുടെ ഭാവി ഉറപ്പുവരുത്തുന്നതിനും പ്രതിജ്ഞയെടുക്കാന്‍ ഞങ്ങള്‍ എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും ആഹ്വാനം ചെയ്യുകയാണ്. ഭരണഘടന വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക, അതിന്റെ ഉള്ളടക്കം വിവര്‍ത്തനം ചെയ്ത് പ്രചരിപ്പിക്കുക. ആഭ്യന്തര-വൈദേശിക യജമാനന്‍മാര്‍ക്ക് വേണ്ടി പണിയെടുക്കുന്ന അടിമകളാക്കി നമ്മെ മാറ്റാന്‍ ശ്രമിക്കുന്നവരുടെ നിരന്തരമായ കടന്നാക്രമണങ്ങളില്‍ നിന്നും നമ്മുടെ ഭരണഘടനക്ക് സുരക്ഷയേകുക.

സാമുദായികവാദത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും പ്രതിലോമ ശക്തികള്‍ക്കെതിരെ വീണ്ടുമൊരു ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സമയമായിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ പവിത്രതയും അതിന്റെ ലക്ഷ്യങ്ങളും അത് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ വേണ്ടിയായിരിക്കും ആദ്യ പോരാട്ടം!

Issued by : ‘Forum for the Defence of the Indian Constitution’.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാചാല്‍

Related Articles