Current Date

Search
Close this search box.
Search
Close this search box.

നമുക്ക് അനുസ്മരിക്കാനായി മരണം വരിക്കുന്നവര്‍

വരും വര്‍ഷങ്ങളില്‍ അനുസ്മരിക്കാനും പോസ്റ്ററൊട്ടിക്കാനും ഈ ആഴ്ച്ചയില്‍ തന്നെ രണ്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ തിരുപ്പതിക്കടുത്ത് സേഷാചലം കാടുകളില്‍ ചൊവ്വാഴ്ച്ച രാവിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പോലിസും ചന്ദനക്കൊള്ളക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയുണ്ടായി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 20 ചന്ദനക്കൊള്ളക്കാരും ആദിവാസി ഗോത്രജനതയില്‍പെട്ടവരായിരുന്നു. ചന്ദനകടത്ത് തടയാനെത്തിയ പോലിസിനെ കൊള്ളക്കാര്‍ കല്ലും കത്തിയും മഴുവും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലിസിന്റെ വിശദീകരണം. ഏറ്റുമുട്ടലില്‍ പോലിസുകാരില്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല.

ചിറ്റൂര്‍ സംഭവം നടന്ന അതേ ദിവസം തന്നെയാണ് തെലങ്കാന സംസ്ഥാനത്തെ വാറങ്കലില്‍ ജയിലിലേക്ക് കൊണ്ടു പോവുകയായിരുന്ന വിചാരണത്തടവുകാരായ അഞ്ച് മുസ്‌ലിം ചെറുപ്പക്കാര്‍ പോലിസ് വാഹനത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പോലിസുകാരില്‍ നിന്നും ആയുധം തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അഞ്ചു പേരെയും വെടിവെച്ച് കൊന്നത് എന്നായിരുന്നു പോലിസ് ഭാഷ്യം. പക്ഷെ വെടിയേറ്റ് മരിച്ചവരുടെയെല്ലാം കൈകളില്‍ കൈവിലങ്ങുകള്‍ ഉണ്ടായിരുന്നു. കൈവിലങ്ങുകള്‍ അണിയിക്കപ്പെട്ട അഞ്ചു തടവുകാര്‍ ആദ്യം പോലിസിന്റെ കൈയ്യില്‍ നിന്നും ആയുധങ്ങള്‍ തട്ടിയെടുക്കുമ്പോള്‍ പോലിസ് വാനിലുണ്ടായിരുന്ന പതിനേഴ് പോലിസുകാര്‍ക്ക് വെടിവെക്കുകയല്ലാതെ വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പക്ഷെ ഏറ്റുമുട്ടലില്‍ പോലിസുകാരില്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റിട്ടില്ല.

ചീറ്റൂരില്‍ കൊല്ലപ്പെട്ടവരെല്ലാം തന്നെ തമിഴ്‌നാട്ടുകാരായ തൊഴിലാളികളായിരുന്നു. അവര്‍ക്ക് ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യാന്‍ എത്തിയത് എന്നതിലേക്ക് കൂടി നിയമപാലകരുടെ അന്വേഷണം കടന്നു ചെല്ലേണ്ടതുണ്ട്. ആരുടെ സ്വാര്‍ത്ഥലാഭക്കൊതിക്ക് വേണ്ടിയാണ് ആ പാവങ്ങള്‍ സ്വന്തം ജീവന്‍ നല്‍കിയത് എന്ന അന്വേഷിച്ച് ചെല്ലുമ്പോഴാണ് വന്‍ രാഷ്ട്രീയ മാഫിയകളുടെ പരസ്പര പോരിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുക. ചീറ്റൂര്‍ സംഭവം നടക്കുന്നതിന് മുമ്പ് 2011-ന് ശേഷം 11 മരംവെട്ടുകാരെയാണ് പോലിസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ രണ്ടായിരിത്തിലധികം പേരെ തടവിലിടുകയും ചെയ്തു. താഴ്ന്ന വിഭാഗത്തില്‍പെട്ടവരായി കണക്കാക്കപ്പെടുന്ന വാണിയര്‍മാരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ട മരംവെട്ടുകാരില്‍ ഭൂരിഭാഗവും. ചന്ദനം മുറിക്കാന്‍ ഇവരെ അയച്ചവര്‍ ആരെന്ന് നാം അന്വേഷിക്കാന്‍ തയ്യാറാവാത്ത കാലത്തോളം ചന്ദന കൊള്ളക്കാരെന്ന് പറയപ്പെടുന്നവര്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കും.

വാറങ്കലില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന അഞ്ച് മുസ്‌ലിം ചെറുപ്പക്കാരും നാലു വര്‍ഷമായി ഭീകരവാദ കേസില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. വിചാരണ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. കോടതിയിലേക്ക് കൊണ്ടും പോകുന്ന വഴിയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കോടതിയില്‍ നിന്നും ആ യുവാക്കള്‍ക്ക് അനുകൂലമായ വിധി ഉണ്ടാവുന്ന ഘട്ടത്തിലാണ് വിചാരണ എത്തിനില്‍ക്കുന്നത് എന്നിരിക്കെ ഇത്തരമൊരു സാഹസത്തിന് അവര്‍ മുതിരുമോ എന്ന ചോദ്യം കൂടി ഉയര്‍ന്നുവന്നിട്ടുണ്ട്. അവര്‍ക്കെതിരെയുള്ള കേസ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ പോലിസ് സംവിധാനത്തിന് വന്നേക്കാവുന്ന നാണക്കേട് ഭയന്നിട്ട് തയ്യാറാക്കിയ തിരക്കഥയനുസരിച്ച് അരങ്ങേറിയ ഒരു ഏറ്റുമുട്ടല്‍ നാടകമായിരുന്നോ വാറങ്കലില്‍ അരങ്ങേറിയത് എന്ന ചോദ്യവും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുണ്ട്.

മാവോയിസ്റ്റ് പട്ടം ആദിവാസികള്‍ക്കും, ഭീകരവാദി പട്ടം മുസ്‌ലിംകള്‍ക്കും ഭരണകൂടം ചാര്‍ത്തികൊടുത്തിട്ടുള്ളതിനാല്‍ ഇരകളുടെ പക്ഷം ചേരുന്നത് ദേശദ്രോഹമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുക. അവര്‍ക്ക് വേണ്ടി മുഷ്ടി ഉയര്‍ത്തുന്നവരുടെ കൈവെട്ടപ്പെടാനും, അവര്‍ക്ക് വേണ്ടി ശബ്ദുമുയര്‍ത്തുന്നവരുടെ നാവരിയപ്പെടാനും സാധ്യതയേറെയാണ് താനും. ജനങ്ങളുടെ വോട്ട് വാങ്ങി ഭരണത്തിലേറുന്നവര്‍ ജനവിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ വോട്ടു ചെയ്ത് പകരം വീട്ടാമെന്ന് ധരിക്കുന്നവരാണ് ജനാധിപത്യ സമൂഹത്തിന്റെ ശാപം. സമയാസമയങ്ങളിലുള്ള ജനാധിപത്യ പ്രതികരണങ്ങളിലൂടെയാണ് നമ്മുടെ പ്രതികാരങ്ങള്‍ നടപ്പിലാക്കേണ്ടത്. പൗരന് സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ പൗരനെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും, അത്തരം ജനവിരുദ്ധ നടപടികള്‍ക്ക് രാജ്യസ്‌നേഹത്തിന്റെയും രാജ്യസുരക്ഷയുടെയും മേലങ്കിയണിയിച്ച് കുറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ക്കും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ജനാധിപത്യ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നോട്ട് വരേണ്ടതുണ്ട്. അതിന് നാം തയ്യാറാവുന്നില്ലെങ്കില്‍ ഓരോ വര്‍ഷവും നമുക്ക് അനുസ്മരിക്കാനായി മരണം വരിക്കുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കും.

Related Articles