Current Date

Search
Close this search box.
Search
Close this search box.

നട്ടം തിരിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ബൂര്‍ഷ്വ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കിയതില്‍ പാളിച്ച സംഭവിച്ചെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിന്റെ രാഷ്ട്രീയ അടവുനയ അവലോകന രേഖയിലെ വിമര്‍ശം പാര്‍ട്ടി ഇന്ത്യയില്‍ സ്വീകരിച്ച സുപ്രധാന രാഷ്ട്രീയ നിലപാടുകളുടെ പാളിച്ചയായി വിലയിരുപ്പെടേണ്ടതാണ്. 1989-ല്‍ കേന്ദ്രത്തില്‍ വി.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി സര്‍ക്കാറിന് പുറം പിന്തുണ നല്‍കിയതും, 1996-ല്‍ ദേവഗൗഡ സര്‍ക്കാറിന് നല്‍കിയ പിന്തുണയും, തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെ, കാശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവരുമായി ഉണ്ടാക്കിയ സഖ്യവും വേണ്ടായിരുന്നുവെന്ന് അവലോകന രേഖ പറയുന്നു.

 കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാറിന്റെ തലവനും, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതായ നേതാവും, ചിന്തകനും, ചരിത്രകാരനുമെല്ലാമായ ഇ.എം.എസ് നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയായ 1978 ലെ ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇടതുപക്ഷ ഇതര പാര്‍ട്ടികളുമായി സഖ്യമാകാമെന്ന തീരുമാനം എടുത്തത്. അതിനു ശേഷം സ്വീകരിച്ച സുപ്രധാന രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടിക്ക് ക്ഷതമേല്‍പിച്ചുവെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ദോശകരമായി ബാധിച്ചുവെന്നും പറയുമ്പോള്‍ പാര്‍ട്ടി രൂപീകരണകാലം മുതല്‍ പ്രായോഗിക രംഗത്ത് ലോകാടിസ്ഥാനത്തില്‍ തന്നെ സംഭവിച്ച പരാജയങ്ങളുടെയും പാളിച്ചകളുടെയും ഭാഗമായിത്തന്നെ  ഇതിനെയും വിലയിരുത്താവുന്നതാണ്. കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ പ്രായോഗിക തലത്തിലുള്ള പരാജയങ്ങളുടെ ചരിത്രത്തിലേക്ക് ഇത്തരം തിരുത്തലുകള്‍ നമ്മെ കൊണ്ടെത്തിക്കുന്നു.

തികച്ചും സവിശേഷകരമായ ഒരു ലോകസാഹചര്യത്തില്‍ അസമത്വത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ നിലവില്‍ വന്ന പ്രത്യശാസ്ത്രമാണ് കമ്മ്യൂണിസം. മുതലാത്ത ചൂഷണത്തിന് അറുതി വരുത്താന്‍ തൊഴിലാളികളെ സംഘടിപ്പിച്ച് അവരിലൂടെ മുതലാളിത്തത്തെ ഉന്മൂലനം ചെയ്യണമെന്ന് കാള്‍ മാര്‍ക്‌സ്് സിദ്ധാന്തമെഴുതി. സമത്വസുന്ദരമായ ഇത്തരം വിഭാവനമകള്‍ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തിയെന്നത് സ്വാഭാവികം. ചൂഷണാത്മകമായ സാമൂഹിക ക്രമം നില നില്‍ക്കുന്ന ഇന്ത്യയിലും ഇതിന്റെ അനുരണങ്ങളുണ്ടായി. പിന്നോക്കരും അടിച്ചമര്‍ത്തമര്‍ത്തപ്പെട്ടവരും അരിക് വല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ വലിയ പ്രതീക്ഷയോടെ ഈ സിദ്ധാന്തത്തെ എതിരേറ്റു. യൂറോപ്പിലെ വികസിത രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ആദ്യ ഘട്ടങ്ങളില്‍ പക്ഷെ അധികാരം പിടിച്ചെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. എന്നാല്‍ 1917 ല്‍ റഷ്യയില്‍ ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തത് സോവിയറ്റ് യൂണിയന്റെ പിറവിക്കും  മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ലോകത്തെങ്ങും സ്വീകാര്യത നേടാനും കാരണമായി.

എന്നാല്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം പ്രയോഗത്തില്‍ വരുത്താനുള്ള സോവിയറ്റ് ഭരണാധികാരികളുടെ ശ്രമങ്ങള്‍ അവരെ ഏകാധിപതികളും ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്നവരുമാക്കി. സ്റ്റാലിന്റെ ഭരണം കൂട്ടക്കൊലകളുടെയും അടിച്ചമര്‍ത്തലുകളുടെയും നരകയാതനകളുടെയും പരമ്പരകളായി പരിണമിച്ചു. സമത്വ-സുന്ദരവും ക്ഷേമത്തിലധിഷ്ഠിതവുമായ രാഷ്ട്രം വിഭാവന ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ നരകതുല്യമായ രാഷ്ടമാണ് കെട്ടിപ്പടുത്തത്. സ്റ്റാലിന്റെ പിന്‍ഗാമിയായി അധികാരത്തില്‍ വന്ന നികിത ക്രൂഷ്‌ചേവ് സ്റ്റാലിന്റെ അത്യാചാരങ്ങളെ അക്കമിട്ട് നിരത്തിയതോടെ അദ്ദേഹം റിവിഷനിസ്റ്റായി മുദ്രകുത്തപ്പെട്ടു. പിന്നീട് വന്ന ബ്രഷ്‌നേവ് സ്റ്റാലിനിസത്തിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത്. അഫ്ഗാന്‍ അധിനിവേശമടക്കമുള്ള സാമ്രാജ്യത്വ നിലപാടുകള്‍ അദ്ദേഹത്തിന്റെ ഭരണകാലത്താട് സ്വീകരിച്ചത്. അവസാനമായി അധികാരത്തിലേറിയ മിഖായാല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ തനിനിറം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിവരിച്ച് അദ്ദേഹം എഴുതി :  ‘പൊതുധാര്‍മിക മൂല്യങ്ങള്‍ ക്ഷയിക്കാന്‍ തുടങ്ങി. മദ്യപാനാസക്തിയും മയക്കുമരുന്നിനോടുള്ള വിധേയത്വവും കുറ്റകൃത്യങ്ങളും വര്‍ധിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കന്യമായ ജനക്കൂട്ട സംസ്‌കാരത്തിന്റെ നുഴഞ്ഞുകയറ്റം ആഭാസത്തരവും അധമമായ അഭിരുചികളും വളര്‍ത്തി. പ്രത്യശാസ്ത്രപരമായ വന്ധ്യത വര്‍ധിച്ചു.'(പെരിസ്‌ട്രോയിക്ക).

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ആഗോളകമ്മ്യൂണിസത്തിന്റെയും തകര്‍ച്ചയായിരുന്നു. പിന്നീട് മുതലാളിത്ത ശൈലി സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെയാണ് ലോകം കണ്ടത്. മാവോയുടെ ചൈന അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കാള്‍ മാക്‌സിന്റെയും ലെനിന്റെയും സിദ്ധാന്തങ്ങള്‍ അപ്രായോഗികമാണെന്ന വാദം വ്യാപകമായി ഉയര്‍ന്നു. റിവിഷനിസ്റ്റുകള്‍ എങ്ങും തല പൊക്കി. സ്വത്വരാഷ്ട്രീയം പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമാവുകയും, വര്‍ഗരാഷ്ട്രീയം വിമര്‍ശിക്കപ്പെടുകയും ചെയ്തു. അബദ്ധങ്ങളുടെയും തിരുത്തലുകളുടെയും പരമ്പരകള്‍ തന്നെ സൃഷ്്ടിക്കപ്പെട്ടു. മുതലാളിത്തത്തെ എതിര്‍ത്തുതോല്‍പിക്കാന്‍ വന്നവര്‍ മുതലാളിമാരായി മാറി. തലതിരിഞ്ഞ പരിഷ്‌കരണം എങ്ങും നടമാടി. അങ്ങനെ മുതലാളിത്തത്തിന് ബദലാവാന്‍ ശ്രമിച്ച സോഷ്യലിസം തകര്‍ന്നു തരിപ്പണമായി.  

കമ്മ്യൂണിസത്തിന്റെ ഇന്ത്യയിലെ പ്രചാരണവും തകര്‍ച്ചയും ഒരുതരം നാടകമായിരുന്നു. തൊഴിലാളി വര്‍ഗ ശാക്തീകരണത്തിലൂടെയുള്ള പരിഷ്‌കരണത്തിന് നേതൃത്വം കൊടുത്തവര്‍ അക്കാലത്തെ സവര്‍ണ ബ്രാഹ്മണരായിരുന്നു. ജാതിയുടെ പേരില്‍ പേരില്‍ കീഴ്ജാതിക്കാരെ അടിച്ചമര്‍ത്തിയവരായിരുന്നു ബ്രാഹ്മണര്‍. എം.എന്‍.റോയി, ഇ.എം.എസ് തുടങ്ങി ജ്യോതിബസു, ഭട്ടാചാര്യ വരെയുള്ള ബ്രാഹ്മണരാണ് പരസ്യമായി മാര്‍ക്‌സിസത്തെ ഏറ്റെടുത്തവര്‍. തങ്ങളുടെതായ സങ്കുചിത ഭൂമികയില്‍ നിന്നു കൊണ്ട് അവര്‍ കമ്മ്യൂണിസത്തെ വ്യാഖ്യാനിക്കുകയും തിരുത്തുകയും ചെയ്തു. അത്തരം തിരുത്തലുകളിലൊന്നായിരുന്നു ഇപ്പോള്‍ വിമര്‍ശന വിധേയമായ 1978 ലെ ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ ഇടതുപക്ഷ ഇതരപാര്‍ട്ടികളുമായി സഖ്യമാകാമെന്ന പാര്‍ട്ടിയുടെ തീരുമാനം. അത് വീണ്ടും പുനരാലോചനക്ക് വിധേയമായിരിക്കുന്നു. അങ്ങനെ തിരുത്തലുകള്‍ പാളിച്ചകളും കമ്മ്യൂണിസത്തിന്റെ മുഖ മുദ്രയായപ്പോഴും വിപ്ലവ സ്വപ്‌നവുമായ് ജയ് വിളിക്കുവരോട് സഹതാപം തോന്നുന്നു. അവര്‍ക്ക് എന്നാണാവോ ഒരു ബോധോദയമുണ്ടാവുക.

Related Articles