Current Date

Search
Close this search box.
Search
Close this search box.

ദ്രോണാചാര്യന്മാര്‍ക്കെതിരെ ഏകലവ്യന്‍മാര്‍ ഉയര്‍ന്ന് വരട്ടെ

rohith-vemula.jpg

യുവ ദളിത് പണ്ഡിതന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിക്ക് എളുപ്പം രക്ഷപ്പെടാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് ഈ തലത്തിലെ വിദ്യാര്‍ത്ഥികള്‍ ‘പുറത്താക്കപ്പെടുന്നത്’ എന്ന ചോദ്യമാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. പ്രൈമറി തലത്തിലെ വിദ്യാര്‍ത്ഥികളെ പോലെ വിദ്യാര്‍ത്ഥികള്‍ ‘അച്ചടക്കത്തോടെ’ ഇരിക്കണമെന്ന് വാശിപിടിക്കുന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രശ്‌നം. ഉന്നത പഠന തലത്തില്‍ അവരെ സ്വതന്ത്രമായി ചിന്തിക്കാനും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാനും നിങ്ങള്‍ അനുവദിക്കേണ്ടതുണ്ട്. വിശാലചിന്തയും, സാമൂഹ്യഇടപെടലും കൈമുതലാക്കിയ വിദ്യാര്‍ത്ഥി നേതാക്കളെ സൃഷ്ടിക്കുന്ന ഒരിടമായിരുന്നു ഒരിക്കല്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍. ഇന്ന്, പേരില്‍ മാത്രമേ ‘സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി’ ഉള്ളൂ, പ്രൈമറി സ്‌കൂളില്‍ പോകുന്ന കുട്ടികളെ പോലെയാണ് അവര്‍ ക്ലാസുകളിലേക്ക് വരുന്നത്. സ്വതന്ത്ര ചിന്ത അനുവദിക്കാതെ നാം എന്താണ് ആഗ്രഹിക്കുന്നത്? നാഴികകല്ല് എന്ന് പറയാവുന്ന എത്ര പി.എച്ച.്ഡി പേപ്പറുകള്‍ ഇന്ന് പുറത്ത് വരുന്നുണ്ട്. സുപ്രധാന പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അഭിപ്രായം പറയുന്നത് നമുക്ക് ഇഷ്ടമല്ല. രോഹിത് മരിച്ചപ്പോള്‍ പോലും, അദ്ദേഹം യാകൂബ് മേമനെ ‘പിന്തുണച്ചിരുന്നു’ എന്ന് നമുക്ക് കേള്‍ക്കേണ്ടി വന്നു. ഇതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അതുകൊണ്ടെന്താ? നീതിയെ കുറിച്ച് സംസാരിക്കുന്നവരെല്ലാം തന്നെ യാകൂബ് മേമനെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി ആളുകള്‍ കേസ് വാദിച്ചിരുന്നു. തന്റെ ഭാഗം വിശദീകരിക്കാനും, നിരപരാധിത്വം തെളിയിക്കാനും മതിയായ അവസരം അദ്ദേഹത്തിനും ലഭിക്കണം എന്നായിരുന്നു നമ്മുടെ ആവശ്യം. നമ്മോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു പ്രശ്‌നത്തില്‍ വ്യത്യസ്തമായി സംസാരിക്കരുതെന്ന് പറയുന്നത് എത്രമാത്രം പരിഹസനീയമാണ്.

യു.ജി.സിയും എം.എച്ച്.ആര്‍.ഡി വാതുറന്ന് സംസാരിക്കേണ്ടതുണ്ട്. ‘ശ്രേഷ്ഠത’യുടെ പേരില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ കൊല്ലാന്‍ അവര്‍ക്കെന്തവകാശം. ആദ്യം നമ്മുടെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നിന്നും വൃത്തികെട്ട ദുര്‍ഗന്ധം വമിക്കുന്ന ജാതീയ മനസ്സുകളെ പുറത്താക്കുകയാണ് വേണ്ടത്, അല്ലെങ്കില്‍ അത്യന്തം പ്രശ്‌നകലുഷിതമായ ഒരു വര്‍ഷത്തെയായിരിക്കും നമുക്ക് കാണേണ്ടി വരിക. നോണ്‍-നെറ്റ് ഫെല്ലോഷിപ്പ് വിഷയവും, #occupyUGC കാമ്പയിനും വളരെ ശക്തമായി തന്നെയാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതെല്ലാം തന്നെ തങ്ങളുടെ വിഷലിപ്തമായ അജണ്ടകള്‍ നടപ്പിലാക്കാന്‍ എങ്ങനെയാണ് ജാതീയ മുതലാളിത്ത കാപാലികര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

സവര്‍ണ്ണ ബ്രാഹ്മണ ഭീഷണിക്ക് കീഴിലാണ് ഇന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇന്ത്യയിലെ തദ്ദേശീയ ജനതക്കെതിരെയാണ് ഈ സര്‍ക്കാര്‍ സവര്‍ണ്ണ യുദ്ധം അഴിച്ച് വിട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാരെയും ഒരു പോലെയാണ് ഈ സര്‍ക്കാര്‍ കാണുന്നതെങ്കില്‍, ഹൈദരാബാദ് സര്‍വകലാശാലയില്‍ അരങ്ങേറിയ സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുകയും വേണം. ഈ ഘട്ടത്തില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല.

ഇത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമൊന്നുമല്ല. ഒരു പ്രത്യേക തരത്തില്‍ ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത് നാം മുമ്പും കണ്ടിട്ടുണ്ട്. ദളിത് ആദിവാസി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ധിക്കാരികളായാണ് കണക്കാക്കപ്പെടുന്നത്. കാരണം സവര്‍ണ്ണ മുഖ്യധാരയിലേക്ക് ചേര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുന്നവരാണ് അവര്‍. പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണിത്. ഇവിടെ നമ്മുടെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നിന്നാണ് ആര്‍.എസ്.എസ്സിനും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും സ്റ്റേറ്റ് വക പ്രൊട്ടീന്‍ കിട്ടുന്നത്. കെട്ടുകഥകള്‍ ചരിത്രമായി കൊണ്ടാടപ്പെടുന്നു.

നാം എവിടെയാണ് പരാജയപ്പെട്ടത് എന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. ഈ നിസ്സഹായതയെ ആഘോഷിക്കുന്നവര്‍ മനുഷ്യ മനഃശാസ്ത്രത്തെ കുറിച്ച് മനസ്സിലാക്കണം. നാം മുദ്രാവാക്യം മുഴക്കും, പോരാടും, ചിലപ്പോള്‍ സമ്മര്‍ദ്ദഫലമായി സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തെന്നിരിക്കും. പക്ഷെ ജാതീയ മനസ്സ് പേറുന്ന ദ്രോണാചാര്യന്മാര്‍ അവിടെ തന്നെ കാണും. അവര്‍ക്ക് കഴിയുന്നതെല്ലാം ചെയ്യാന്‍ അവര്‍ ശ്രമിക്കും. പക്ഷെ തീര്‍ച്ചയായും അവിടെ നന്മ നിറഞ്ഞ അധ്യാപകരും ഉണ്ട്. നമ്മുടെ അജണ്ടയെ നാം ഇനിയും വിശാലമാക്കേണ്ടതുണ്ട്. നമ്മോട് സഹകരിക്കാന്‍ കഴിയുന്നവരോടും അല്ലാത്തവരോടും നാം സഹകരിച്ച് പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും ഒരുപാട് മുന്‍ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നില്‍ക്കുകയും അവരെ നയിക്കുകയും ചെയ്യുന്നുള്ളൂ. അതെല്ലാം ഒത്തുവന്ന സമയമാണിത്. രണ്ടാമതായി, കരിയര്‍ തന്നെയാണ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യം. ചിലപ്പോള്‍ ഒരു പരിഹാരവും കണ്ടെത്താന്‍ കഴിയാത്തതിനാലാവാം രോഹിത് ആത്മഹത്യയില്‍ അഭയം തേടിയത്. നമുക്കും, വ്യത്യസ്ത മേഖലകളില്‍ ഉന്നത സ്ഥാനം കൈയ്യാളുന്നവര്‍ക്കും യൂണിവേഴ്‌സിറ്റി അധികൃതരുമായി സംസാരിക്കാനും ഒരു പരിഹാരത്തില്‍ എത്താനും കഴിയും. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരെ നേരായ പാതിയിലേക്ക് കൊണ്ടുവരാന്‍ കഴിയും. പ്രതികാരം ചെയ്യുന്ന തരത്തിലുള്ള യാതൊരു പ്രവര്‍ത്തനത്തിലും കോളേജുകളും, യൂണിവേഴ്‌സിറ്റികളും ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനവും ഒരിക്കലും ഏര്‍പ്പെടാന്‍ പാടില്ല. പഠിക്കാനാണ് വിദ്യാര്‍ത്ഥികള്‍ അവിടങ്ങളില്‍ എത്തുന്നത്. അവരെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാവാന്‍ നാം ഒരിക്കലും അനുവദിക്കരുത്. ഒരു പ്രശ്‌നമായി ഇതിനെ ഉയര്‍ത്തികാട്ടിയാല്‍ മാത്രം പോര, നമ്മുടെ സ്വാധീനവും ബന്ധങ്ങളും ഉപയോഗിച്ച് നമുക്ക് കഴിയാവുന്ന സഹായങ്ങള്‍ നാം ചെയ്യണം. വിദ്യാര്‍ത്ഥികള്‍ ധര്‍ണ്ണ ഇരിക്കുന്നുണ്ട്. വൈസ് ചാന്‍സലറുമായി സംസാരിക്കാനും പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാനും നമ്മില്‍ പലര്‍ക്കും സാധിക്കും. അതുപോലെ കോടതിയെ സമീപിക്കാനും മന്ത്രിമാരെ ചെന്ന് കാണാനും കഴിവുള്ള പലരും നമ്മുടെയിടയില്‍ കാണും. ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു ആത്മഹത്യ തന്നെ വേണോ നമുക്ക്?

ഒരു നിര്‍ജ്ജീവമായ സ്ഥാപനത്തിന് ജീവസുറ്റ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. തങ്ങളുടെ തെറ്റുകള്‍ പരിഹരിക്കാന്‍ ഇന്ത്യയിലെ സവര്‍ണ്ണ മേല്‍ക്കോയ്മക്കുള്ള ഒരു മുന്നറിയിപ്പാണ് രോഹിത് വെമുലയുടെ ആത്മഹത്യ. ഡോ അംബേദ്കറുടെ 125-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ സര്‍ക്കാര്‍ നല്ലരീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്, അല്ലാത്ത പക്ഷം കാര്യങ്ങള്‍ കൈവിട്ട് പോകുക തന്നെ ചെയ്യും.

വിദ്യാഭ്യാസ വ്യവസ്ഥയില്‍ അഴിച്ച് പണിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നമ്മുടെ അക്കാദമിക ലോകത്ത് ഇരുപ്പുറപ്പിച്ചിരിക്കുന്ന ജാതി വെറിയന്മാരായ ദ്രോണാചാര്യന്മാര്‍ക്കെതിരെ ഒരുമിച്ച് പടപൊരുതുക.

(സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ലേഖകന്‍.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles