Current Date

Search
Close this search box.
Search
Close this search box.

ദൂരദര്‍ശനും കാവി നിറമോ?

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് വെച്ച് സംഘ്പരിവാര്‍ തലവന്‍ മോഹന്‍ ഭഹവത് നടത്തിയ വിജയദശമി പ്രസംഗം ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ചാനലായ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളില്‍ ആശങ്കകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഒരുമണിക്കൂറോളം നീണ്ട പ്രസംഗം സംപ്രേഷണം ചെയ്തതിനെതിരെയുള്ള പ്രതികരണങ്ങളെ മുഖവിലക്കെടുക്കാതെ തങ്ങളുടെ ചെയ്തികളെ ചാനല്‍ അധികൃതര്‍ ന്യായീകരിച്ചത് രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ സംഘ്പരിവാര്‍ ശക്തികള്‍ പിടിമുറുക്കുന്നതിന്റെ കൂടുതല്‍ ഭീതിതമായ അവസ്ഥയാണ് വരച്ചുകാണിക്കുന്നത്.

വ്യത്യസ്തങ്ങളായ മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളുമെല്ലാം നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമെന്ന വളരെ സുന്ദരമായ കാഴ്ചപ്പാടിലൂടെ രാജ്യം മുന്നോട്ടു ചലിക്കുന്നു. ഇന്ത്യയുടെ മതേതരത്വ കാഴ്ചപ്പാട് ഇതിനെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മതനിരപേക്ഷതയിലധിഷ്ഠിതമായ ജനാധിപത്യ ഭരണക്രമമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്നത്.  പാശ്ചാത്യന്‍ മതേതര കാഴ്ചപ്പാടില്‍ നിന്നും ഭിന്നമായി മതസഹിഷ്ണുതയിലധിഷ്ഠിതമാണ് ഇന്ത്യ മതേതരത്വം. ഒരു പ്രത്യേകമതത്തിനോ, ദര്‍ശനത്തിനോ രാജ്യത്തിന്റെ ഔദ്യോഗിക ഭരണ കേന്ദ്രങ്ങളില്‍ പ്രത്യേകമായ പരിഗണന നല്‍കരുതെന്ന് അത് നിഷ്‌കര്‍ഷിക്കുന്നു. മുന്‍ രാഷ്ട്രപതിയും സ്വാതന്ത്രാനന്തര ഭാരതത്തിന്റെ മുഖ്യ നിര്‍മ്മാതാക്കളിലൊരാളുമായ ഡോ : എസ്. രാധാകൃഷ്ണന്‍ പറഞ്ഞു : ‘ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അടിസ്ഥാന തത്വം ഈശ്വരവിശ്വാസമാണെങ്കിലും ഇന്ത്യാരാഷ്ട്രം ഏതെങ്കിലുമൊരു മതവുമായി ഇണങ്ങിച്ചേരുകയോ അതിന്റെ നിയന്ത്രണത്തിന് വിധേയമാവുകയോ ചെയ്യില്ല. ഒരു മതത്തിനും മുന്‍ഗണനാപദവിയോ പ്രശസ്തനിലയോ അനുവദിച്ചു കൂടാ. ദേശീയജീവിതത്തിലോ അന്താരാഷ്ട്രീയ ബന്ധങ്ങളിലോ ഒരു മതത്തിനും പ്രത്യേകാവകാങ്ങള്‍ക്കനുമതിയുണ്ടായിക്കൂടാ; അത് ജനാധിപത്യത്തിന്റെ മൗലികതത്ത്വങ്ങളുടെ ലംഘനവും മതത്തിന്റെയും ഗവണ്‍മെന്റിന്റെയും ഉത്തമ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമായിരിക്കും. യാതൊരാളും അയാളുടെ മതം നിമിത്തം ഏതെങ്കിലും വിധത്തിലുള്ള അവശതയോ വിവേചനമോ അനുഭവിച്ചുകൂടാ. എല്ലാവരെയുംപോലെ പൊതുജീവിതത്തില്‍ പൂര്‍ണമായി പങ്കുവഹിക്കുന്നതിന് സ്വതന്ത്രനായിരിക്കണം.’

എന്നാല്‍ രാഷ്ട്രത്തിന്റെ ഇത്തരം അടിസ്ഥാന കാഴ്ചപ്പാടുകളുടെ നഗ്നമായ ലംഘനമാണ് ദൂരദര്‍ശന്‍ ചെയ്തിരിക്കുന്നതും സംഘ്പരിവാര്‍ നേതൃത്വം ചെയ്തു കൊണ്ടിരിക്കുന്നതും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങളിലെ ഏറ്റവും ഉത്തരവാദിപ്പെട്ട സംരംഭമാണ് ദൂരദര്‍ശന്‍. ഇന്ത്യയുടെ മതേതരത്വ മൂല്യങ്ങളും ഐക്യവും കാത്തുസൂക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1959-ല്‍ സ്ഥാപിതമായ ചാനലാണ് ദൂരദര്‍ശന്‍. കേന്ദ്ര വിവരവിനിമയ മന്ത്രാലയത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം. ഇതിന്റെ നിലപാടുകള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക നിലപാടുകളായിട്ടാണ് വിലയിരുത്തപ്പെടാറുള്ളത്. അതുകൊണ്ടു തന്നെ പക്ഷപാത രഹിതമായ നിലപാടുകളാണ് ഈ ചാനല്‍ എന്നും സ്വീകരിച്ചു പോന്നിട്ടുള്ളത്, അല്ലെങ്കില്‍ സ്വീകരിക്കേണ്ടത്.

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതു മുതല്‍ രാജ്യത്തെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ നടത്തികൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമായി ഈ സംഭവത്തെ വിലയിരുത്താവുന്നതാണ്. ചരിത്ര രചനാമേഖലയിലുള്‍പ്പെടെ സര്‍ക്കാറിന്റെ പല ഔദ്യോഗിക കേന്ദ്രങ്ങളിലും സംഘ്പരിവാര്‍ ചായ്‌വുള്ളവരെ ഉള്‍പ്പെടുത്തിയ നടപടി ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പ്രസ്താവനകളും നടപടികളും ഇതിന്റെ ഭാഗമാണ്. ഇത്തരം സംരംഭങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്ന പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ ഇത് തെളിയിക്കുന്നു. ദൂരദര്‍ശന്റെ നടപടിയെ പിന്തുണക്കുകയും ഭഗവതിന്റെ പ്രസംഗത്തെ പ്രകീര്‍ത്തിക്കുകയും ചെയ്ത മോദിയുടെ നടപടി ഇത്തരം വിഷയങ്ങളില്‍ ഭരണകൂടത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്.

ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും വിഘാതമേല്‍പിക്കുന്ന ഇത്തരം നടപടികളെ ചെറുത്തു തോല്‍പിക്കാനും. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി ഒന്നിച്ചു നില്‍ക്കാനും രാസ്‌നേഹികളായ പൗരന്മാര്‍ക്ക് സാധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വിദൂരമല്ലാത്ത ഭാവിയില്‍ അതിന്റെ ദുരന്തഫലങ്ങള്‍ക്ക് നമ്മള്‍ ഇരകളായിത്തീരുന്നതാണ്.

Related Articles