Current Date

Search
Close this search box.
Search
Close this search box.

ദാഇശിന്റെ കഥ അവസാനിക്കുന്നില്ല

isis.jpg

ഇറാഖിന്റെ രണ്ടാമത്തെ വലിയ നഗരമായ മൗസില്‍ ആകെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. യു.എസ് സഖ്യത്തിന്റെ മാസങ്ങള്‍ നീണ്ട്‌നിന്ന ബോംബ് വര്‍ഷത്തിനും കരയുദ്ധത്തിനും ശേഷമാണ് ദാഇശ് (ഐഎസ്) എന്ന കുപ്രസിദ്ധ സംഘത്തില്‍ നിന്നും അമേരിക്കയും സഖ്യകക്ഷികളും നഗരം പിടിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ ഒരിക്കലും ഇതിനെ ‘വിജയം’ എന്ന് വിശേഷിപ്പിക്കാനാകില്ല. ഒരു കാലത്ത് ഇറാഖിന്റെ സാംസ്‌കാരിക രത്‌നവും പരസ്പര സഹവര്‍ത്തിത്വത്തിന്റെ മാതൃകയുമായിരുന്ന മൗസില്‍ ഇപ്പോള്‍ മുറാദ് ഗസ്ദീവ് (Murad Gazdiev) എന്ന ഒരു വിദേശ പത്രപ്രവര്‍ത്തകന്‍ വിശേഷിപ്പിച്ച പോലെ ജഢങ്ങളുടെ നഗരമായിത്തീര്‍ന്നിരിക്കുകയാണ്. അദ്ദേഹം പറയുന്നു: ‘കൊല്ലപ്പെട്ട ആയിരങ്ങളെക്കുറിച്ചും നിരപരാധികളായ മനുഷ്യര്‍ നേരിടുന്ന പീഢനങ്ങളെക്കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നിങ്ങള്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലാത്ത ഒന്ന് ഈ ഗന്ധമാണ്. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങളുടെ ഗന്ധം അസഹനീയം തന്നെയാണ്.’

ദാഇശിനെ തുരത്തിയ എല്ലായിടത്തും ഈ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങളുടെ ഗന്ധമുണ്ട്. 2014 ല്‍ ഇറാഖിലും സിറിയയിലും ഖിലാഫത്ത് പ്രഖ്യാപിക്കുകയും എല്ലാ ദിശകളിലേക്കും വികസിക്കുകയും ചെയ്ത ദാഇശ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുകയാണ്. മറ്റ് കുപ്രസിദ്ധ ഗ്രൂപ്പുകളുടെ സന്തതി മാത്രമായ ഒരു ചെറിയ സംഘത്തിന് എങ്ങനെയാണ് വിദേശ സൈന്യങ്ങളും പൗരസേനകളും ലോകത്തെ തന്നെ ശക്തമായ രഹസ്യാന്വേഷണ വിഭാഗങ്ങളുമുള്ള ഒരു മേഖലയില്‍ വര്‍ഷങ്ങളായി ഭരണം നടത്തിക്കൊണ്ട് പോകാന്‍ കഴിഞ്ഞത് എന്നതാണ് ആശ്ചര്യകരമായ കാര്യം. എന്നാല്‍ ദാഇശ് പൂര്‍ണ്ണമായി തുരത്തപ്പെട്ട ഈ സാഹചര്യത്തില്‍ അത്തരമൊരു ചോദ്യം അപ്രസക്തമല്ലേ? ദാഇശിനെതിരായ സൈനിക നടപടി എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. രാഷ്ട്രീയ-സൈനിക എതിരാളികള്‍ പോലും ഈയൊരു ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഒറ്റക്കെട്ടാണ്.

ഇറാഖിലെ മൗസില്‍ നഗരത്തെ കൂടാതെ സിറിയയുടെ കിഴക്ക് ഭാഗത്ത് ദാഇശിന്റെ ശക്തികേന്ദ്രമായ റഖ നഗരത്തിലും അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. മൗസിലിലെയും റഖയിലെയും യുദ്ധങ്ങളെ അത്ഭുതകരമായി അതിജീവിച്ചവര്‍ ഇപ്പോള്‍ ദെയ്ര്‍ എസ്-സോറിലാണ് (Deir ez-Zor) അഭയം പ്രാപിച്ചിരിക്കുന്നത്. അവിടെ നടക്കാനിരിക്കുന്നത് അവരുടെ അവസാനത്തെ നിര്‍ണ്ണായകമായ യുദ്ധമായിരിക്കും.

ദാഇശ് അഭയം പ്രാപിച്ച ജനനിബിഢ കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്ക് യുദ്ധം നീങ്ങിയിരിക്കുകയാണ്. അതേസമയം, ദാഇശ് സായുധ സംഘങ്ങള്‍ ഈ മേഖലകളില്‍ നിന്നും തുടച്ച് നീക്കപ്പെട്ടിട്ടുണ്ട്. സിറിയ-ലെബനോന്‍ അതിര്‍ത്തിയിലെ പശ്ചിമ ഖലാമൂന്‍ (Qalamoun) മേഖലയില്‍ നിന്ന് അവര്‍ ഉന്‍മൂലനം ചെയ്യപ്പെട്ട സംഭവം തന്നെ ഇതിനുദാഹരണമാണ്. വിശാലമായിക്കിടക്കുന്ന മരുഭൂമി പോലും സുരക്ഷിതമല്ല. സിറിയയുടെ മധ്യഭാഗത്ത് നിന്നും ഇറാഖിന്റെയും ജോര്‍ദാന്റെയും അതിര്‍ത്തികള്‍ വരെ നീണ്ടുകിടക്കുന്ന ബാദിയ മരുഭൂമിയും ഇപ്പോള്‍ വലിയ തോതിലുള്ള സംഘട്ടനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. സുക്‌ന (Sukhnah) നഗരത്തെ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം നടന്ന് കൊണ്ടിരിക്കുന്നത്.

‘ഐസിസിനെ നേരിടാനുള്ള ആഗോള സഖ്യത്തിന്റെ’ യു.എസ് നയതന്ത്ര പ്രതിനിധിയായ ബ്രെട്ട് മെക്ഗുര്‍ക്ക് ( Brett McGurk) കുറച്ച് ദിവസങ്ങള്‍ സംഘര്‍ഷ മേഖലയില്‍ ചെലവഴിച്ച ശേഷം അേേമരിക്കയിലേക്ക് മടങ്ങിയിട്ടുണ്ട്. നല്ല ആത്മവിശ്വാസത്തോട് കൂടിയാണ് അദ്ദേഹം സി.ബി.എസ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിനോട് സംസാരിച്ചത്. ദാഇശ് സംഘം തങ്ങളുടെ ‘ജീവന് വേണ്ടി പോരാടുകയാണ്’ എന്നദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതേസമയം, 2014 മുതല്‍ ഇറാഖില്‍ അവര്‍ അധീനപ്പെടുത്തിയിരുന്ന പ്രദേശങ്ങളുടെ 78 ശതമാനവും സിറിയയിലെ 58 ശതമാനം പ്രദേശങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പ്രതീക്ഷിച്ച പോലെത്തന്നെ അമേരിക്കന്‍ ഭരണകൂടവും മാധ്യമങ്ങളും യു.എസ് സഖ്യത്തിന്റ സൈനിക നേട്ടങ്ങളെക്കുറിച്ചാണ് വാചാലരാകുന്നത്. യുദ്ധം വരുത്തിവെച്ച കെടുതികളെയും പ്രതിസന്ധികളെയും അവര്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ വിജയങ്ങളുടെ പേരില്‍ നിരപരാധികളായ ഒരുപാട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം യുദ്ധത്തില്‍ പങ്കെടുത്ത ഒരു രാഷ്ട്രവും ദാഇശിന്റെ വളര്‍ച്ചക്ക് ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. അവരത് ചെയ്യേണ്ടതുണ്ട്. എന്നാലതിനെ കാണേണ്ടത് വെറും ധാര്‍മ്മിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുക എന്ന തലത്തില്‍ മാത്രമല്ല. ദാഇശിന്റെ വളര്‍ച്ചക്ക് പിന്നിലുള്ള കാരണങ്ങള്‍ മനസ്സിലാക്കാനും അവയെ ഫലപ്രദമായി നേരിടാനും കഴിഞ്ഞില്ലെങ്കില്‍ അത്‌പോലെ അക്രമികളും ഭീകരരുമായ മറ്റൊരു സംഘം വളര്‍ന്ന് വരുമെന്നത് തീര്‍ച്ചയാണ്.

മുഖ്യധാരാ മാധ്യമങ്ങളാകട്ടെ, ദാഇശിന്റെ വളര്‍ച്ചക്ക് കാരണമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന് ശ്രദ്ധ കൊടുക്കാതെ അതിന്റെ പ്രത്യയശാസ്ത്രപരമായ സ്വാധീനങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ദുര്‍ബലമായ ഭരണകൂടവും വിദേശ അധിനിവേശവും സൈനിക കടന്നുകയറ്റവും ഭരണകൂട ഭീകരതയുമൊക്കെയുള്ള സ്ഥലങ്ങളിലാണ് അല്‍ഖാഇദയെയും ദാഇശിനെയും പോലെയുള്ള സായുധ സംഘങ്ങള്‍ ജന്മമെടുക്കുന്നത്.

മൃഗീയമായ പീഢനങ്ങളുടെയും മാനഹാനിയുടെയും ഉപോല്‍പ്പന്നമാണ് യഥാര്‍ത്ഥത്തില്‍ ഭീകരവാദം. അതിനൊരിക്കലും സവിശേഷമായ ഉത്ഭവസ്ഥാനമൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പറഞ്ഞ ഘടകങ്ങളെയെല്ലാം സത്യസന്ധമായി അഭിമുഖീകരിച്ചില്ലെങ്കില്‍ ഭീകരവാദത്തിന് അറുതിയുണ്ടാവില്ല എന്ന കാര്യം തീര്‍ച്ചയാണ്. ദാഇശ് വളര്‍ന്നത് ഇറാഖ്, സിറിയ, ലിബിയ, സിനായ് മരുഭൂമി പോലെയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് എന്നത് ആശ്ചര്യജനകമായ കാര്യമൊന്നുമല്ല. അറബ് ഭരണകൂടങ്ങളുടെ നിഷ്ഠൂരമായ പീഢനങ്ങള്‍ അനുഭവിച്ചവരും പാശ്ചാത്യ സമൂഹങ്ങളില്‍ നിന്നുള്ള ഒറ്റപ്പെടലും വിദ്വേഷവും നേരിട്ടവരുമാണ് ദാഇശില്‍ അണിചേര്‍ന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഭീകരതയെ നേരിടുന്നവര്‍ തന്നെയാണ് അതിന്റെ വളര്‍ച്ചക്ക് യഥാര്‍ത്ഥ കാരണക്കാര്‍ എന്ന വസ്തുതയാണ് പല ആളുകളും അംഗീകരിക്കാന്‍ മടിക്കുന്ന ഒരു യാഥാര്‍ത്ഥ്യം.

യൂറോപ്യന്‍ സാംസ്‌കാരിക നവോത്ഥാനത്തിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ ഇസ്‌ലാമിനെ ഭീകരതയുടെ പേരില്‍ പഴി ചാരുന്നവര്‍ യഥാര്‍ത്ഥത്തില്‍ അജ്ഞര്‍ മാത്രമല്ല, അവരില്‍ പലര്‍ക്കും പല അജണ്ടകളുണ്ട്. ഭീകരതയുടെ പേരില്‍ മതത്തെ പഴിചാരുന്ന അവരുടെ സമീപനം ജോര്‍ജ് ബുഷിന്റെ ‘ഭീകരതക്കെതിരായ യുദ്ധ’ത്തെപ്പോലെ വിഡ്ഢിത്തരം തന്നെയാണ്. ഭീകരത എന്ന വിഷയത്തെക്കുറിച്ച കൃത്യമായ ധാരണയില്ലാതെ തീര്‍പ്പുകളിലെത്തുന്നത് സംഘര്‍ഷം അധികരിപ്പിക്കുകയാണ് ചെയ്യുക.

കാര്യങ്ങളെ സാമാന്യവല്‍ക്കരിച്ച് കൊണ്ട് മനസ്സിലാക്കാനും അഭിമുഖീകരിക്കാനും ശ്രമിക്കുന്നത് പ്രകടവും സവിശേഷവുമായ ചില യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുന്നതില്‍ നിന്നും നമ്മെ തടയുമെന്നത് തീര്‍ച്ചയാണ്. ഉദാഹരണത്തിന് ഇറാഖിലെ അല്‍ഖാഇദയുടെ വരവും യു.എസ് അധിനിവേശവും തമ്മിലുള്ള ബന്ധം, അബു മുസ്അബ് അല്‍ സര്‍ഖാവിയുടെ കീഴിലുള്ള അല്‍ഖാഇദയുടെ വിഭാഗീയ ഗ്രൂപ്പിന്റെ വളര്‍ച്ചയും ഇറാഖിനെ വിഭാഗീയമായി വിഭജിച്ച യു.എസ് അഡ്മിനിസ്‌ട്രേറ്ററായ പോള്‍ ബ്രെമെറിന്റെ (Paul Bremer)യും അദ്ദേഹത്തിന്റെ സഖ്യകക്ഷികളായ ബഗ്ദാദിലെ ശിയാ ഭരണകൂടത്തിന്റെയും നടപടിയും തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം കൃത്യമായി തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ സാമാന്യവല്‍ക്കരിക്കപ്പെട്ട ധാരണകള്‍ നാം കൈവെടിയേണ്ടതുണ്ട്.

ദാഇശ് എന്ന സായുധ സംഘം വെറുമൊരു രോഗലക്ഷണം മാത്രമാണെന്നും രോഗ കാരണമല്ലെന്നുമുള്ള വസ്തുത തുടക്കത്തില്‍ തന്നെ നാം മനസ്സിലാക്കേണ്ടതായിരുന്നു. ദാഇശിന് വെറും മൂന്ന് വയസ്സ് പ്രായം മാത്രമാണുള്ളത്. അതേസമയം, ഇറാഖിലെയും മറ്റ് പ്രദേശങ്ങളിലേയും വൈദേശിക അധിനിവേശത്തിനും യുദ്ധങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ദാഇശിന് മേലുള്ള വിജയത്തിന് അധികം ആയുസ്സൊന്നുമില്ല. അവര്‍ പുതിയ യുദ്ധതന്ത്രങ്ങളും പുതിയ മാറ്റങ്ങളുമായി വീണ്ടും വരുമെന്നത് തീര്‍ച്ചയാണ്. ചരിത്രം നമ്മെ അതാണ് പഠിപ്പിക്കുന്നത്. അതേസമയം, ദാഇശിനെ വളരെ വ്യവസ്ഥാപിതമായി തങ്ങള്‍ തുരത്തിയോടിച്ചു എന്ന് അഭിമാനപൂര്‍വ്വം അവകാശപ്പെടുന്നവര്‍ ഒരിക്കലും വീണ്ടും ഒരു പുതിയ ദാഇശ് വളര്‍ന്ന് വരുന്നത് തടയുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കുകയൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

യു.എസ് നേതൃത്വം കൊടുക്കുന്ന ഐസിസിനെതിരായ ആഗോള സഖ്യത്തിനാകട്ടെ, നഗരങ്ങളെ നാമാവശേഷമാക്കാന്‍ മാത്രമേ അറിയുകയുള്ളൂ. ഭീകരതയുടെയും അക്രമങ്ങളുടെയും കാരണങ്ങള്‍ അവരൊരിക്കലും അന്വേഷിക്കുകയില്ല. പുതിയ ഭീകരതയെ വിളിച്ച് വരുത്തുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്നവര്‍ മനസ്സിലാക്കുകയും ചെയ്യുന്നില്ല. അഥവാ, സ്റ്റേറ്റ് ഭീകരതയും വിദേശ അധിനിവേശങ്ങളുമൊക്കെയാണ് ഭീകരതയെയും അക്രമങ്ങളെയുമെല്ലാം സൃഷ്ടിക്കുന്നത്. അതിനാല്‍ തന്നെ വീണ്ടുമൊരു യുദ്ധത്തെ അവക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്നത് തീര്‍ച്ചയാണ്.

വിവ: സഅദ് സല്‍മി

Related Articles