Current Date

Search
Close this search box.
Search
Close this search box.

ദലിത് മുസ്‌ലിം ഐക്യത്തിന്റെ സാധ്യതകള്‍

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ് ഇസ്‌ലാം. ബുദ്ധിസത്തിന്റെ പരാജയത്തിനുശേഷം ഇസ്‌ലാം അതിന്റെ മൂല്യങ്ങള്‍ ഇന്ത്യയില്‍ നൂറ്റാണ്ടുകളോളം നിലനിര്‍ത്തി. മുസ്‌ലിംകളായവര്‍ക്ക് ജാതിവിലക്കുകളില്‍ നിന്നും മോചനം ലഭിച്ചുവെന്നുമാത്രമല്ല, ഭക്തിപ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് സാമൂഹികവും രാഷ്ട്രീയപരവുമായ സാഹചര്യമൊരുക്കാന്‍ മുസ്‌ലിം ഭരണത്തിലൂടെയായി. ഇതിലൂടെ ദലിതുകള്‍ക്കും താഴ്ന്നജാതിക്കാര്‍ക്കും മതപരമായ തുല്യത ആര്‍ജിക്കാനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പോലെ ഒരു ശക്തിയെക്കുറിച്ചുള്ള വിശ്വാസം പുലര്‍ത്താനും സാധിച്ചു. വലുതും ചെറുതുമായ സമ്മിശ്ര ആത്മീയപുരുഷന്മാരുണ്ടാവുകയും വിശ്വാസഭേദങ്ങള്‍ക്കതീതമായി ആളുകള്‍ കൂട്ടത്തോടെ അവര്‍ക്ക് പിന്നാലെ കൂടുകയും ചെയ്തു. സിഖ്, കബീര്‍ പന്ത് മുതലായ ആത്മീയപുരുഷന്മാരുടെ അനുയായികള്‍ സ്വയം ഒരു മതക്കാരായി ഗണിക്കാന്‍ തുടങ്ങിയതും ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ഗണത്തില്‍ ചേര്‍ന്നതും അടുത്തകാലത്താണ്.

കോളനിവത്കരണത്തിനുമുമ്പ് ഇന്ത്യയില്‍ ഇന്നത്തേതുപോലെ അഖിലേന്ത്യാ മുസ്‌ലിം സമൂഹമെന്നോ, ഹിന്ദു സമൂഹമെന്നോ ഉണ്ടായിരുന്നില്ല. സങ്കീര്‍ണവും, സമ്മിശ്രവും, ബഹുസ്വരവുമായിരുന്ന സംസ്‌കാരമായിരുന്നു ഇന്ത്യയുടേത്. ഈ സവിശേഷതക്ക് ബ്രിട്ടീഷ് ഭരണത്തില്‍ മൗലികമായ മാറ്റം സംഭവിച്ചു. ആധുനിക വിദ്യാഭ്യാസമുപയോഗിച്ച് ആര്യവാദവും മുസ്‌ലിംകളും ക്രിസ്ത്യാനികളുമല്ലാത്ത എല്ലാവരെയും ഹിന്ദുക്കളായി ഗണിച്ചിരുന്ന ബ്രിട്ടീഷ് സമ്പ്രദായവും ഉപയോഗിച്ച് ഉന്നത ബ്രാഹ്മണരാണ് ഇന്നത്തെ രീതിയില്‍ ഹിന്ദൂയിസം രൂപപ്പെടുത്തിയത്. അത് ഇന്ത്യയിലെ ജനങ്ങളുടെ ദേശീയമതമെന്ന് പറയുമ്പോഴും വേദങ്ങളെയും സംസ്‌കൃതപാരമ്പര്യത്തെയും അടിസ്ഥാനങ്ങളായി സ്വീകിക്കുകയും ചെയ്തു. മുന്‍കാലങ്ങളില്‍ ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്ന പദമായിരുന്നു ഹിന്ദു എന്നത്. അറബ് ലോകം അതിനെ അല്‍ഹിന്ദ് എന്ന് വിളിച്ചു. ഇന്ന് മതവും ദേശീയതയും ഒന്നായിട്ടുണ്ട്. ഇതേസമയം ബഹുജന ഭൂരിപക്ഷം തങ്ങളെ ഹിന്ദുക്കളായി സ്വയം പരിഗണിക്കുന്ന പ്രക്രിയ ക്രമേണ സംഭവിക്കുന്നുണ്ടായിരുന്നു. മറുഭാഗത്തുള്ളവര്‍ ഇസ്‌ലാമിന്റെ മതപരമായ അടയാളങ്ങള്‍ സ്വീകരിച്ചുകൊണ്ട് സ്വയം മുസ്‌ലിംകളായി മനസിലാക്കി. ഈ പ്രക്രിയകള്‍ക്കിടയില്‍ ഇവിടെയുണ്ടായിരുന്ന ആത്മീയപാരമ്പര്യങ്ങളെല്ലാം ഈ രണ്ട് സമുദായങ്ങളൊന്നിലേക്ക് ചേര്‍ന്നു.

ദലിതുകളും ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടു. ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം പോലുമില്ലാതെ പരമ്പരാഗത ഹിന്ദുത്വത്തിനകത്ത് വളരെ ചുരുങ്ങിയ അവകാശങ്ങള്‍ മാത്രം ഉണ്ടായിരിക്കുമ്പോഴും സവര്‍ണഹിന്ദുക്കള്‍ അവരെയും ഹിന്ദുക്കളെന്ന് വിശേഷിപ്പിച്ചു. ഗാന്ധി ഉള്‍പ്പടെ എല്ലാ സവര്‍ണ ദേശീയവാദികളും വാദിച്ചത് ദലിതുകള്‍ ഒരു അപരമതത്തിലേക്ക് കുടിയേറുന്നതിന് പകരം നമ്മുടെ സ്വന്തം മതത്തിലേക്ക് ചേക്കേറണമെന്നാണ്. മതപരമോ സാമൂഹികമോ ആയ യാതൊരു അവകാശങ്ങളും വകവെച്ചുകൊടുക്കാതെ വേദാധിഷ്ഠിതമായ ഹിന്ദുത്വത്തിലേക്ക് ദലിതുകള്‍ ചേക്കേറിയത് ഇപ്പറഞ്ഞ നാമകരണം ഒന്നുകൊണ്ടു മാത്രമാണ്.

കോളനീകൃത നാളുകളില്‍ പോലും ദലിതുകളും മുസ്‌ലിംകളും സുഹൃത്തുക്കളായിരുന്നു. അധീശബ്രാഹ്മണ്യത്തെ കുറിച്ചുള്ള ഭീതിയായിരുന്നു ഇരുസമുദായങ്ങള്‍ക്കും പൊതുവിലായി ഉണ്ടായിരുന്നത്. പാകിസ്ഥാനെ കുറിച്ചുള്ള ചിന്തകള്‍ എന്ന പുസ്തകത്തില്‍ അംബേദ്കര്‍ പറയുന്നതുപോലെ, 1920നും 37നുംമിടയില്‍ ഭരണസ്ഥാപനങ്ങളില്‍ അധികാരത്തിലിരുന്ന മുസ്‌ലിംകളും, ദലിതുകളും, അബ്രാഹ്മണരും ചേര്‍ന്ന് പൊതുജലസംഭരണികള്‍, റോഡുകള്‍, വിദ്യാലയങ്ങള്‍ എന്നിവ അയിത്തജാതിക്കാര്‍ക്ക് തുറന്നു കൊടുത്തു കൊണ്ട് പ്രവര്‍ത്തിച്ചതിലൂടെയാണ് ഈ ദേശീയതയെ സൃഷ്ടിച്ചത്. ബംഗാള്‍ പോലുള്ളയിടങ്ങളില്‍ ദലിതുകളും മുസ്‌ലിംകളും തമ്മില്‍ ശക്തമായ സഖ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. ഭൂരിപക്ഷവും കുടിയാന്മാരായിരുന്ന രണ്ടു സമുദായങ്ങളും ജന്മിത്വത്തിന് വിരുദ്ധരായിരുന്നു.

എന്നാല്‍ ഈ സഖ്യത്തിന് ശക്തമായ സൈദ്ധാന്തിക അടിത്തറ ഉണ്ടായിരുന്നില്ല. ഇന്നും ഭൂരിപക്ഷം ദലിതുകള്‍ക്കും ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വിശേഷിപ്പിക്കടാന്‍ തയാറല്ല. ഇത് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം സ്വീകാര്യമല്ല. അടിച്ചമര്‍ത്തലിനെയും ജാതിസമ്പ്രദായത്തെയും കൃത്യമായി തിരിച്ചറിഞ്ഞ് അതുസംബന്ധിച്ച് ആശയാവലികള്‍ രൂപീകരിക്കാനോ അവര്‍ക്കായില്ല. മുസ്‌ലിംകള്‍ കൂടുതല്‍പേര്‍ മതാഭിമുഖ്യമുള്ളവരും ലിബറലുകളും ആയതോടെ അവരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബന്ധുക്കളായവര്‍ക്ക് കൂടുതല്‍ സ്വീകാര്യമായിരുന്നത് ഗാന്ധിയന്‍ നയങ്ങളായിരുന്നു. (ഈ പ്രക്രിയയിലുടനീളം ഇടതുപക്ഷമെന്നത് അപ്രസക്തമായ ഒരു സംഗതിയാണ്. സംസ്‌കാരം അവരെ സംബന്ധിച്ച് ഒരു വിഷയമായിരുന്നില്ലെന്നതാണ് കാരണം.) ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഐക്യമാണ് ഗാന്ധി തേടിയത്. എന്നാല്‍ ബ്രാഹ്മണിസത്തെ അംഗീകരിച്ചുകൊണ്ടുള്ള ഐക്യമായിരുന്നു അത്. ‘രാം-റഹീം’ എന്ന പ്രയോഗത്തില്‍ റഹീം എന്നതുകൊണ്ട് എന്തുതന്നെ ഉദ്ദേശിച്ചാലും, രാം എന്നത് തപസ്ചര്യ അനുഷ്ഠിക്കാന്‍ തുനിഞ്ഞ ശൂദ്രനായ ശംബൂകനെ കൊന്ന ജാതിവെറി വെച്ചുപുലര്‍ത്തിയ ജന്മിയെയാണ് പ്രതിനിധീകരിക്കുന്നത്. രാമരാജ്യത്തില്‍ ദലിതുകളെ സംബന്ധിച്ചേടത്തോളം ഒന്നും പ്രതീക്ഷിക്കാനില്ല. ദലിതുകളെ ഹിന്ദുക്കളായി ഗണിക്കണമെന്ന കാര്യത്തില്‍ ഗാന്ധിക്ക് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. ദലിതുകള്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍ നിര്‍ണയിക്കുന്നതിനെ അദ്ദേഹം ഒരിക്കലും കാണിച്ചിട്ടില്ലാത്തവിധം ശക്തിയോടെ എതിര്‍ത്തു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ദലിതുകള്‍ക്കും ഇതര താഴ്ന്ന ജാതിക്കാര്‍ക്കും മേല്‍ ജാതിസമ്പ്രദായ അടിച്ചേല്‍പ്പിച്ചിരുന്ന രീതിശാസ്ത്രത്തെ അതേപടി അംഗീകരിച്ചുകൊണ്ടുള്ള ഹിന്ദു-മുസ്‌ലിം ഐക്യം എന്നതായിരുന്നു ഗാന്ധിയുടെ നിബന്ധനകള്‍ ഉള്‍വഹിച്ചിരുന്നത്. മുസ്‌ലിംകള്‍ ‘ഹിന്ദു’ മതത്തില്‍ ഇടപെടേണ്ടതില്ലെന്നര്‍ത്ഥം.

അംബേദ്കറും ഇതര ജാതിവിരുദ്ധ പരിഷ്‌കര്‍ത്താക്കളും ഐക്യത്തിന്റെ മറ്റൊരു രീതിയാണ് മുന്നോട്ടുവെച്ചത്. ബ്രാഹ്മണിസത്തിനും ജാതിക്കുമെതിരായ ഐക്യമായിരുന്നു അവര്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ പുരോഗമന മുസ്‌ലിംകള്‍ ഈ ആഹ്വാനത്തെ അവഗണിച്ചു. മതാഭിമുഖ്യമുള്ള മുസ്‌ലിംകള്‍ അപ്പോഴും മതമാറ്റത്തെയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഇത് പിന്നെയും ദലിതുകളെ ഹിന്ദു എന്ന ചട്ടക്കൂടില്‍ ദലിതുകളെ ഒതുക്കുന്ന സാഹചര്യമുണ്ടാക്കി. എല്ലാറ്റിലുമുപരി, സ്വതന്ത്ര മുസ്‌ലിം രാഷ്ട്രത്തെ പിന്തുണച്ചിരുന്ന ബംഗാളിലെയും ഹൈദരാബാദിലെയും ദലിതുകള്‍ക്ക് ചില അനിഷ്ടകരമായ അനുഭവങ്ങളുണ്ടായി. ഹൈദാബാദില്‍ ദലിതുകള്‍ ഒരേ സമയം രണ്ട് ആക്രമണങ്ങള്‍ക്ക് വിധേയരാവുന്ന സന്ദര്‍ഭമുണ്ടായി. റസാഖാര്‍മാരുടെയും ഹൈദരാബാദിലേക്ക് പുതുതായി വന്ന ഹിന്ദുക്കളുടെയും ആക്രമണമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. പൂര്‍വ്വപാകിസ്ഥാനില്‍ അവര്‍ മുസ്‌ലിംകള്‍ പിന്തുണച്ചെങ്കിലും ഹിന്ദുക്കളെന്ന പേരില്‍ അവര്‍ക്ക് പീഢനങ്ങളേല്‍ക്കുകയും ജോഗേന്ദ്രനാഥ് മണ്ഡലിനെ പോലുള്ളവര്‍ക്ക് അവസാനം ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരികയും ചെയ്തു.

അഭിവൃദ്ധിയും സമത്വവുമുള്ളതും ജാതിമോല്‍കോയ്മയുമില്ലാത്തതുമായ ഒരു രാജ്യം ഭാവിയില്‍ കെട്ടിപ്പടുക്കുന്നതിന് ശക്തമായ ദലിത് മുസ്‌ലിം സഖ്യം പണിതുയര്‍ത്തേണ്ടത് ആവശ്യമാണ്.

അതിലേക്ക് മൂന്ന് വിധത്തില്‍ മുസ്‌ലിംകള്‍ക്ക് ഭാഗമാകാം. ഒന്നാമതായി, ഇസ്‌ലാമിന്റെ സാഹോദര്യവും അതിന്റെ സാംസ്‌കാരികവും കലാപരവുമായ നേട്ടങ്ങളെ ഉദ്‌ഘോഷിക്കുന്നതും, ആധുനികോന്മുഖവുമായ ഒരു മുസ്‌ലിം സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വളരെ ബഹുസ്വരമായ സമൂഹത്തില്‍ തങ്ങളുടെ അസ്തിത്വം നിലനിര്‍ത്താന്‍ സാധിക്കുന്ന ഇസ്‌ലാമിന് ഒരു ഇന്ത്യന്‍ ദേശീയ സമൂഹത്തെ രൂപീകരിക്കാന്‍ സഹായകമാവുന്ന വിധത്തില്‍ അടിത്തറകള്‍ മാറ്റിപ്പണിയാന്‍ കഴിയും.

രണ്ടാമതായി, ജാതീയതയും ജന്മിത്വസമീപനങ്ങളും പരിപാലിക്കുന്ന ഇന്ത്യയിലെ ബ്രാഹ്മണിസത്തെ എതിര്‍ക്കുകയെന്ന പ്രത്യേകദൗത്യം നിര്‍വഹിക്കേണ്ടതാണെന്ന് അംഗീകരിക്കുന്നതിലൂടെയാണ്.

ഇന്ത്യന്‍ സംസ്‌കാരത്തെ ബ്രാഹ്മണിസത്തിന്റെ സംസ്‌കാരത്തില്‍നിന്നും മോചിപ്പിക്കുന്നതിലൂടെ യഥാര്‍ഥ ദേശീയവികസനത്തിനുള്ള അടിത്തറ പണിയാന്‍ കഴിയും. ഹിന്ദു-മുസ്‌ലിം ഐക്യമെന്ന ഗാന്ധിയന്‍ രീതിയിലൂടെ ഇത് സാധ്യമല്ല തന്നെ. അംബേദ്കര്‍, ഫൂലെ, പെരിയാര്‍, അയോത്തി ദാസ്, കാന്‍ഷിറാം, പോലുള്ളവരുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുന്നതിലൂടെ അത് സാധിക്കൂ.

മൂന്നാമതായി, പുതിയൊരു വിശ്വാസം ദലിതുകള്‍ തേടുമ്പോള്‍ ഇസ്‌ലാമിന് അതില്‍ പങ്ക് നിര്‍വഹിക്കാനാവും. ദലിതുകളെ സ്വന്തം അസ്തിത്വമുള്ളവരായി മാനിക്കേണ്ടതുണ്ട്. ബ്രാഹ്മണിസവുമായുള്ള വിഛേദം കൂടുതല്‍ ശക്തമാവുമ്പോള്‍ അവര്‍ പലവഴിയില്‍ പോയേക്കും. അതില്‍ പലരും ഇസ്‌ലാമിലെത്തും.

കടപ്പാട്: കൗണ്ടര്‍ കറന്റ്‌സ്
മൊഴിമാറ്റം: അനീസ്‌

Related Articles