Current Date

Search
Close this search box.
Search
Close this search box.

ദയവ് ചെയ്ത് ഒന്ന് മിണ്ടാതിരിക്കൂ…

വാക്കുകളുടെ പെയ്ത്ത് കാലമാണിത്…
ഏത് നേരവും നമ്മള്‍ എന്തൊക്കെയോ ആരോടൊക്കെയോ പറഞ്ഞ് കൊണ്ടിരിക്കുന്നു… മൊബൈല്‍ ഫോണ്‍ നമ്മുടെ തന്നെ ഒരു സുപ്രധാന അവയവമായി പരിണാമം കൊണ്ട കാലം …
ഫ്രിഡ്ജും വാഷിംഗ് മെഷീനുമല്ലാത്ത സകലതും ഇന്ന് മൊബൈലിലുണ്ട്..

അത്‌കൊണ്ട് തന്നെ ഈ മൊബൈല്‍ കാലത്ത് നമുക്ക് ഒഴിവു നേരങ്ങളില്ല….
ഒന്ന് മിണ്ടിപ്പറഞ്ഞ് പോവ്വാടോ എന്ന് ആരും ആരേയും ക്ഷണിക്കാറില്ല..
അല്ലേല്‍ നമ്മള്‍ മിണ്ടിപ്പറയാത്ത നേരമെപ്പോഴാണ്…
അരികിലുള്ളവര്‍, അയല്‍ക്കാര്‍, ആരും അത്ര പോര എന്ന അക്കരപ്പച്ച നിലപാടില്‍ നിന്നാണ് നമ്മള്‍ അകലങ്ങളിലെ ബെസ്റ്റ് ഫ്രണ്ടിനെ തിരഞ്ഞ് വിയര്‍ക്കുന്നത്…
മുമ്പ് വാക്കുകളുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനെ പറ്റി കുഞ്ഞുകഥകളുടെ തമ്പുരാന്‍ പികെ പാറക്കടവ് എഴുതിയിരുന്നു…

‘കുളിമുറിയില്‍ .. ലിഫ്റ്റില്‍ .. ബസില്‍ .. ട്രെയിനില്‍ … പ്രഭാത നടത്തത്തിന്നിടയില്‍ ഒക്കെയും നാം നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നു..

ഒരു ചെവി എപ്പോഴും നാം മൊബൈല്‍ ഫോണിന് കൊടുക്കുന്നു..
മലയാളികള്‍ ഇപ്പോള്‍ ഒറ്റച്ചെവിയന്‍മാരാണ്..
പക്ഷേ അവര്‍ക്ക് ആയിരം നാവുകളുണ്ട്..

പണ്ട് ഒന്നാം ക്ലാസ്സില്‍ കലപില കൂട്ടുന്ന വിദ്യാര്‍ഥിയോട് അധ്യാപകന്‍ പറയാറുണ്ടായിരുന്നത് സൈലന്‍സ് പ്ലീസ് എന്നായിരുന്നു..

പക്ഷെ ഇന്ന് എവിടെ നോക്കിയാലും സംസാരിച്ച് കൊണ്ടിരിക്കൂ എന്നാണ് നമ്മോട് പറയുന്നത്..

സംസാരിക്കുന്നതിനുള്ള ചെലവ് മൊബൈല്‍ കമ്പനിക്കാര്‍ അനുദിനം കുറച്ച്  കൊണ്ടേയിരിക്കുന്നു… സംസാരം വിലയില്ലാത്ത കാലമായിമാറി.. അവന്റെ വാക്കിന് എന്ത് വില എന്ന് ഇനിയാരും അദ്ഭുതപ്പെടില്ല….. വാക്കുകളുടെ വയറിളക്കം രാവും പകലും നടന്നു കൊണ്ടിരിക്കുന്നു….’

പറഞ്ഞു വന്നത് മനുഷ്യനേയും വാക്കിനേയും കുറിച്ചാണ്…
വാക്കുകളാണ് ശരിക്കും ഒരാളെ വരയുന്നത്….
സച്ചിദാനന്ദന്റെ ഈ വിഷയകമായ ഒരു കവിത അതി സുന്ദരമാണ്..

മനുഷ്യനും മുമ്പ്

മനുഷ്യനും മുമ്പ്
മൃഗം സംസാരിച്ചിരുന്നു..

മൃഗത്തിനും മുമ്പ് വൃക്ഷം..
വൃക്ഷത്തിനും മുമ്പ് പര്‍വ്വതം..
പര്‍വ്വതത്തിനും മുമ്പ് സമുദ്രം ..
സമുദ്രത്തിനും മുമ്പ് ആകാശം..

പിന്നെ മനുഷ്യന്‍ സംസാരിക്കാന്‍ തുടങ്ങി..
അതോടെ മറ്റൊന്നും സംസാരിക്കാതായി..

*************************************************************************
ചുഴിക്ക് പിമ്പേ ചുഴി എന്ന നോവല്‍, ഉറൂബിന്റെ വ്യത്യസ്തമായ ഒരു കഥാ സൃഷ്ടിയാണ്… ആ നോവലില്‍ യാത്രകളെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെയാണ്..

‘ഒരു യാത്രയും ചീത്തയല്ല….
പുതിയ ജീവിത പ്രദേശങ്ങളിലേക്ക് നമ്മള്‍ എത്തുകയാണ് യാത്രയിലൂടെ..
പുതിയ പുണ്യ സ്ഥാനങ്ങള്‍.. പുതിയ പുഷ്പങ്ങള്‍.. പുതിയ നീരുറവകള്‍… പുതിയ ശബ്ദങ്ങള്‍ ……….
ഈ കാഴ്ചകളൊക്കെയും സുന്ദരങ്ങളാണ്….
നമ്മുടെ ഹൃദയം വരണ്ടുപോയിട്ടില്ലെന്ന ബോധമെങ്കിലും അത് ജനിപ്പിക്കുന്നു.’

അന്‍വര്‍ ഷഫീഖിന്റെ ചീരാമുളക് ബ്ലോഗില്‍ (http://cheeramulak.blogspot.ae)മഴവില്‍ ഷെയ്ഖിനെ പറ്റിയും അവിടെയുള്ള വിചിത്രങ്ങളായ കാര്യങ്ങളെ പറ്റിയുമുള്ള വിവരണങ്ങളുണ്ട്
സുന്ദരമായൊരു യാത്രാ വിവരണം….ആദ്യമായി കേള്‍ക്കുന്നവര്‍ക്ക് ശരിക്കും ഇതൊരു അല്‍ഭുത വിവരണമായിരിക്കും..

Related Articles