Current Date

Search
Close this search box.
Search
Close this search box.

തൊഴിലാളികളോടും തൊഴിലുടമകളോടുമുള്ള പ്രവാചക നിര്‍ദ്ദേശങ്ങള്‍

മാലോകര്‍ക്ക് അനുഗ്രഹമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍(സ) നിര്‍മാണ പ്രവര്‍ത്തന രംഗത്ത് പാലിക്കേണ്ട മാനദണ്ഡങ്ങളും മര്യാദകളും പഠിപ്പിച്ചിട്ടുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുകയാണ്.

നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പൂര്‍ണത
സൃഷ്ടികള്‍ക്ക് ഏറ്റവും പ്രയോജനമായ രീതിയില്‍ പൂര്‍ണതയോടെ, കുറ്റമറ്റ വിധത്തില്‍ തന്റെ കഴിവുകള്‍ ഉപയോഗിക്കുകയും പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയെന്നതാണ് ഒരു തൊഴിലാളിയുടെ ബാധ്യത. പ്രവര്‍ത്തനത്തിലെ ആത്മാര്‍ഥതക്കനുസരിച്ചാണ് പാരത്രിക പ്രതിഫലം ലഭിക്കുക. പ്രവാചകന്‍ പഠിപ്പിച്ചു. ‘ഏറ്റവും ഭദ്രമായ രീതിയില്‍ പൂര്‍ണതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അല്ലാഹു ഇഷ്ടപ്പെടുന്നത് ‘.(ത്വബ്‌റാനി)

അവലോകനവും നൈരന്തര്യവും
നിര്‍മാണത്തിന്റെ ഓരോ ഘട്ടങ്ങളും നിരീക്ഷിച്ച് ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നവയാണ് ഏറ്റവും മികച്ച നിര്‍മാണങ്ങള്‍. കാരണം ഏത് പ്രവര്‍ത്തനങ്ങളിലും തകരാറുകളും വീഴ്ചകളും സംഭവിക്കാവുന്നതാണ്. മൂസ നബിയുടെ കഥാവിവരണത്തില്‍ ഖുര്‍ആന്‍ പ്രതിപാദിക്കുന്നു. ‘എന്റെ മേല്‍നോട്ടത്തില്‍ വളര്‍ത്തപ്പെടാന്‍ വേണ്ടി’ (ത്വാഹ 39). നിരന്തരമായ നിരീക്ഷണത്തിലൂടെയുള്ള നിര്‍മാണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കരാറുകള്‍ പാലിക്കുക
ഉടമ്പടികളും കരാറുകളും പാലിക്കുകയെന്നത് വിശ്വാസിയുടെ സവിശേഷതയാണ്. എന്നാല്‍ മിക്കനിര്‍മാതാക്കളും കരാര്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച വരുത്തുന്നവരാണ്. അല്ലാഹു പറയുന്നു: ‘വിശ്വസിച്ചവരേ, കരാറുകള്‍ പാലിക്കുക’ (അല്‍മാഇദ 1). പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കരാറുകള്‍ വിശ്വാസികള്‍ ഏറ്റെടുക്കരുത്.

ന്യൂനതകള്‍ മറച്ചുവെക്കാതിരിക്കുക
വൈവിധ്യമാര്‍ന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നു. ബോധപൂര്‍വം ഒരു ന്യൂനതയും മറച്ചുവെക്കരുത്. ന്യൂനത മറച്ചുവെക്കുന്നവര്‍ ദൈവകോപത്തിനും ശാപത്തിനും വിധേയരാകുമെന്ന് ഇസ്‌ലാം താക്കീത് ചെയ്യുന്നു. ‘ആരെങ്കിലും ന്യൂനത മറച്ചുവെച്ചുകൊണ്ട് കച്ചവടത്തിലേര്‍പ്പെടുകയും അത് വ്യക്തമാക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപവും കോപവും അവന്റെമേല്‍ ഇറങ്ങിക്കൊണ്ടേയിരിക്കും’ (ഇബ്‌നുമാജ)

കളവും കള്ളസത്യവും വര്‍ജിക്കുക
തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനായി  ആവശ്യമുള്ള സന്ദര്‍ഭത്തിലും ആവശ്യമില്ലാത്തിടത്തും സത്യം ചെയ്യുന്ന ധാരാളം നിര്‍മാതാക്കളെ കാണാം. പ്രവാചകന്‍(സ) ഇതിനെ ശക്തമായി താക്കീത് ചെയ്യുന്നതായി കാണാം. ‘മൂന്ന് വിഭാഗം ആളുകളിലേക്ക് ഖിയാമത്ത് നാളില്‍ അല്ലാഹു പരിഗണിക്കുകയോ സംസ്‌കരിക്കുകയോ ഇല്ല, അവര്‍ക്ക് കഠിനമായ ശിക്ഷയുമുണ്ട്…അതില്‍ ഒരുവിഭാഗം വ്യാജസത്യം ചെയ്തു ചരക്കു വിറ്റഴിക്കുന്നവനാണ്.’ (ബുഖാരി)

ജനങ്ങളുടെ അധ്വാനം മോഷ്ടിക്കാതിരിക്കുക.
നിര്‍മാതാക്കള്‍ ഏര്‍പ്പെടുന്ന പ്രധാന അപരാധങ്ങളിലൊന്നാണ് മറ്റുള്ളവരുടെ അധ്വാനശേഷി മോഷ്ടിക്കല്‍. എല്ലാ നിയമവ്യവസ്ഥകളും നിരുല്‍സാഹപ്പെടുത്തുന്നതാണ് ഇക്കാര്യം. മറ്റുള്ളവരുടെ അധ്വാനശേഷി അനുമതിയില്ലാതെ മോഷ്ടിക്കാന്‍ പാടില്ല. ‘ജനങ്ങള്‍ക്ക് അവരുടെ കാര്യങ്ങളില്‍ കുറവ് വരുത്തരുത് ‘ (അഅ്‌റാഫ് 85).

തൊഴിലാളികളോട് അതിക്രമം പ്രവര്‍ത്തിക്കാതിരിക്കുക
നിര്‍മാതാക്കളുടെ അനീതികളില്‍ പ്രധാനമാണ് മാന്യമായ കൂലി തൊഴിലാളികള്‍ക്ക് നല്‍കാതിരിക്കല്‍. പ്രവാചകന്‍(സ) പഠിപ്പിച്ചു. ‘വിയര്‍പ്പുണങ്ങുന്നതിന് മുമ്പ് നിങ്ങള്‍ തൊഴിലാളികള്‍ക്ക് കൂലിനല്‍കുക’ (ഇബ്‌നുമാജ). തിരുമേനി അരുള്‍ ചെയ്യുന്നു. ‘അന്ത്യനാളില്‍ മൂന്ന് വിഭാഗം ആളുകളുടെ പ്രതിയോഗിയാണ് ഞാന്‍. എന്റെ സന്ദേശം ലഭിച്ചിട്ട് അതുപേക്ഷിച്ചവന്‍, സ്വതന്ത്രനായ മനുഷ്യനെ വിറ്റുകൊണ്ട് അതിന്റെ വില ഭക്ഷിക്കുന്നവന്‍, കൂലിക്ക് വിളിച്ചു പ്രതിഫലം നല്‍കാത്തവന്‍ എന്നിവരാണത്’. (ബുഖാരി)
നൂതനമായ ആശയങ്ങള്‍ കണ്ടെത്തി നിര്‍മാണരംഗത്തെ വളര്‍ത്തുന്നതിനെ ഇസ്‌ലാം പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഈ രംഗത്ത് മുസ്‌ലിങ്ങള്‍ ചരിത്രത്തില്‍ മഹനീയ മാതൃക സൃഷ്ടിക്കുകയും ചെയ്തു. ആധുനിക മുസ്‌ലിം സമൂഹത്തിന്റെ അധോഗതിക്ക് കാരണം ഈ മേഖലയില്‍ നിന്ന് പിന്നോക്കം പോയതാണെന്ന് നാം തിരിച്ചറിയണം.

വിവ. അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles