Current Date

Search
Close this search box.
Search
Close this search box.

തെല്‍അവീവ് ആക്രമണം; ഇന്‍തിഫാദ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണോ?

nethanyahu.jpg

ഹെബ്രോണിലെ രണ്ട് ഫലസ്തീന്‍ യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രയേലികള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. ഫലസ്തീനികളുടെ പ്രതിരോധം അണഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അതിനെ അറബ് വസന്തത്തിന്റെ ഭാഗമായിട്ടുണ്ടായ താല്‍ക്കാലിക പ്രതിഭാസമായി വിശേഷിപ്പിച്ച് ആശ്വാസം കണ്ടെത്തുകയായിരുന്നു ഇസ്രയേല്‍. കത്തികൊണ്ടുള്ള ഇന്‍തിഫാദ സായുധ പ്രതിരോധത്തിലേക്ക് മാറുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്. പ്രതീക്ഷിച്ചിരുന്ന മാറ്റം തന്നെയാണിത്. കത്തി കൈവശം വെച്ചതിന്റെയോ സംശയത്തിന്റെയോ പേരില്‍ ഇസ്രയേല്‍ സൈന്യം ഫലസ്തീന്‍ യുവതീയുവാക്കളെ പരസ്യമായി കൊലചെയ്യുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. എന്തായാലും ഇസ്രയേല്‍ വെടിയേറ്റ് രക്തസാക്ഷിയാവുകയാണ് തങ്ങളുടെ വിധിയെന്ന് കരുതുന്നവര്‍ ആയുധത്തില്‍ അഭയം കണ്ടെത്തുന്നത് സ്വാഭാവികം.

അഹങ്കാരവും പ്രകോപനവും പൊള്ളയായ ‘ആത്മവിശ്വാസവും’ നിറച്ച സന്ദേശമാണ് പുതിയ ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ ഫലസ്തീനികള്‍ക്ക് നല്‍കിയിരിക്കുന്നത്. ‘ഇസ്രയേലിന്റെ ശക്തിയെ പരീക്ഷിക്കരുത്’ എന്നാണ് താക്കീതിന്റെ സ്വരത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്. അതിനെ വെല്ലുവിളിച്ചു കൊണ്ട് രണ്ട് ദിവസത്തിനകം തന്നെ മറുപടിയും ലഭിച്ചിരിക്കുന്നു. ഫലസ്തീനികളെ മനസ്സിലാക്കാത്തയാളാണ് ലിബര്‍മാനെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തോടൊപ്പം തന്നെ അത് മനസ്സിലാക്കി കൊടുക്കാന്‍ അവര്‍ എത്തിയിരിക്കുന്നു. നേരത്തെ പ്രചരിപ്പിക്കപ്പെട്ടിരുന്നത് പോലെ റബ്ബികളുടെ വേഷത്തിലല്ല ആക്രമണം നടത്തിയവര്‍ എത്തിയത്. അന്താരാഷ്ട്ര ബ്രാന്റുകളുടെ കോട്ടും സ്യൂട്ടും ടൈയും ധരിച്ചാണ് അവരെത്തിയത്. ഇസ്രയേലികള്‍ക്കെതിരെ വെടിയുതിര്‍ക്കും വരെ വളരെ ശാന്തമായിട്ടാണവര്‍ പെരുമാറിയത്.

കത്തിയുടെ സ്ഥാനം തോക്ക് ഏറ്റെടുത്തിരിക്കുന്നു. ആ തോക്ക് ഇറക്കുമതി ചെയ്തതല്ല, ‘അല്‍ഖസ്സാമിന്റെ’ റോക്കറ്റുകള്‍ പോലെ പ്രാദേശികമായി വികസിപ്പിച്ചതാണെന്നത് അതിന്റെ അപകടം ഇരട്ടിയാക്കുകയാണത്. സൈനിക വ്യവസായ സാങ്കേതികവിദ്യ ഗസ്സയില്‍ നിന്ന് വെസ്റ്റ്ബാങ്കിലേക്ക് വ്യാപിക്കുന്നത് ഇസ്രയേല്‍ ഏറ്റവുമധികം ഭയക്കുന്ന കാര്യമാണ്. ഒരുപക്ഷേ ഹെബ്രോണ്‍ നഗരത്തില്‍ വെച്ചു തന്നെ നിര്‍മിക്കപ്പെട്ടതായിരിക്കാം അത്.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ 207 ഫലസ്തീന്‍ യുവതീയുവാക്കളാണ് ഇസ്രേയല്‍ സൈനികരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചത്. പരിക്കേറ്റ് നിലത്ത് വീണതിന് ശേഷം ഇസ്രയേല്‍ സൈനികന്‍ തലക്ക് നേരെ നിറയൊഴിച്ച് കൊലപ്പെടുത്തിയ അബ്ദുല്‍ഫത്താഹ് ശരീഫ് അക്കൂട്ടത്തില്‍ ഒരാളാണ്. ആംബുലന്‍സുകള്‍ അവിടെയുണ്ടായിട്ടും യുവാവിനെ രക്ഷപ്പെടുത്താനല്ല അവര്‍ ശ്രമിച്ചത്. ഇത്ര ക്രൂരമായി ഇസ്രയേലികള്‍ നിരായുധരുടെ രക്തം ചിന്തുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? ഫലസ്തീന്‍ യുവാക്കള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കുമെന്നാണോ? അന്തസ്സിലും ആത്മാഭിമാനത്തിലും പ്രതിരോധത്തിലും സമര്‍പ്പണത്തിലും വളര്‍ത്തപ്പെട്ട ജനതയാണവര്‍. അവരെ പരാജയപ്പെടുത്താനാവില്ല.

വിദ്യാര്‍ഥികളുടെ ബാഗുകളില്‍ കത്തിയുണ്ടോ എന്ന പരിശോധനക്കായി പ്രസിഡന്റ് അബ്ബാസ് തന്റെ കാവല്‍ക്കാരെ വിട്ടിരുന്നു. 90ല്‍ പരം കത്തികള്‍ തങ്ങള്‍ കണ്ടുകെട്ടിയെന്നും അതിലൂടെ നിരവധി ഇസ്രയേലികളുടെ ജീവന്‍ രക്ഷിച്ചുവെന്നും അയാള്‍ ഇസ്രയേലിന് മുമ്പില്‍ വീമ്പു പറയുകയും ചെയ്തു.

ആക്രമണത്തിന് ശേഷം ബുദ്ധിമോശം സംഭവിച്ചവനെ പോലെയാണ് നെതന്യാഹു പെരുമാറുന്നത്. 1948ല്‍ അധിനിവേശം നടത്തിയ ഭൂമിയിലേക്കുള്ള 83,000 ഫലസ്തീനികളുടെ സന്ദര്‍ശനാനുമതി അദ്ദേഹം റദ്ദാക്കിയിരിക്കുകയാണ്. അവിടെയുള്ള തങ്ങളുടെ ബന്ധുക്കളെ കാണാനും വിശുദ്ധ റമദാനില്‍ മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കാനും പോകാനുദ്ദേശിക്കുന്നവരാണവര്‍. വെസ്റ്റ്ബാങ്കില്‍ ആയിരക്കണക്കിന് സൈനികരെ വ്യന്യസിച്ചിരിക്കുന്നു. യാതൊരു വിവേചനവുമില്ലാതെ നിരത്തി ശിക്ഷിക്കുന്ന തന്റെ പതിവ് ശൈലി തന്നെയാണ് അഹങ്കാരിയായ നെതന്യാഹു സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ അതിക്രമങ്ങള്‍ക്കോ പീഢനങ്ങള്‍ക്കോ ഫലസ്തീന്‍ ജനതയെ മുട്ടുകുത്തിക്കാനാവില്ല. അത്യുന്നതനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും മുന്നില്‍ മുട്ടുകുത്താത്ത ജനതയാണവര്‍.

ചെക്ക്‌പോസ്റ്റുകളില്‍ ഫലസ്തീനികള്‍ നിന്ദിക്കപ്പെട്ടു, അവരുടെ ഭൂമിയും വെള്ളവും കവര്‍ന്നെടുക്കപ്പെട്ടു, അവരുടെ ഒലിവ് മരങ്ങള്‍ പിഴുതെറിയപ്പെട്ടു, അവരുടെ പവിത്ര പ്രദേശങ്ങള്‍ ജൂതവല്‍കരിക്കപ്പെടുന്നു. വെസ്റ്റ്ബാങ്കില്‍ മാത്രം എട്ട് ലക്ഷം കുടിയേറ്റക്കാരെ കൊണ്ടുവന്ന് പാര്‍പ്പിച്ചു. സമാധാനത്തെയും സഹവര്‍ത്തിത്വത്തോടെയുള്ള ജീവിതത്തെയും കുറിച്ച പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട സഹനശീലരായ, ആത്മാഭിമാനമുള്ള ഈ ജനതയില്‍ നിന്ന് എന്താണവര്‍ പ്രതീക്ഷിക്കുന്നത്?

ഈ വംശീയ യുദ്ധത്തിന്റെ വിത്തുകള്‍ പാകിയത് ഇസ്രയേലികളും അവരുടെ സഖ്യകക്ഷികളായ അമേരിക്കകാരുമാണ്. പഴയതും പുതിയതുമായ അവരുടെ നേതാക്കള്‍ പ്രദേശത്തെ പിച്ചിചീന്താനും നശിപ്പിക്കാനുമാണ് ശ്രമിച്ചത്. തെല്‍അവീവിലും ഹൈഫയിലും യാഫയിലും ബിഅ്ര്‍ സബ്ഇലും ഖുദ്‌സിലും അത് എത്തുക തന്നെ ചെയ്യും. ഒരു കുടിയേറ്റക്കാരും അതിന്റെ ജ്വാലയില്‍ നിന്ന് സുരക്ഷിതനായിരിക്കുകയില്ല. മറ്റുള്ളവര്‍ക്ക് സമാധാനവും നിര്‍ഭയത്വവും വിലക്കുന്നവര്‍ക്ക് അതനുഭവിക്കണമെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്?

ഇസ്രയേല്‍ സുരക്ഷാ സംവിധാനത്തിന് കനത്ത പ്രഹരമേല്‍പിച്ച ഒരു സംഭവം മാത്രമല്ലിത്. കത്തികളുടെ ഇന്‍തിഫാദയില്‍ നിന്നും പുരോഗതി പ്രാപിച്ച, അതിന്റെ പുതിയ രൂപത്തെയാണത് കുറിക്കുന്നത്. ഫലസ്തീന്‍ പ്രതിരോധ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്‍തിഫാദകളുടെ ഒരു പതിപ്പാണത്.

നെതന്യാഹു ഫ്രഞ്ച് നിര്‍ദേശത്തെ തള്ളിക്കളയുകയും ദ്വിരാഷ്ട്ര പരിഹാരത്തെ കൊലചെയ്യുകയും കുടിയേറ്റ കേന്ദ്രങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യട്ടെ. ധാര്‍ഷ്ട്യം നിറഞ്ഞ ഈ നയങ്ങളുടെ ഫലങ്ങള്‍ അദ്ദേഹം ഒറ്റയടിക്കോ ഘഡുളായോ അനുഭവിക്കേണ്ടത് അനിവാര്യമാണ്. ഫലസ്തീന്‍ ജനത സമാധാന കാംക്ഷികളാണ്. ഇത്രയേറെ അതിക്രമങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഇരയാക്കപ്പെടുകയും അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും ചെയ്തപ്പോഴും അവര്‍ നിരാശരാവുകയോ കീഴടങ്ങുകയോ ചെയ്തിട്ടില്ല. അതൊന്നും മറക്കാത്ത അവര്‍ ഒരുപക്ഷേ അവ പൊറുക്കുകയുമില്ലെന്ന് നെതന്യാഹു മനസ്സിലാക്കണം.

വിവ: നസീഫ്‌

Related Articles